കേരളത്തിലെ വികസനം അട്ടിമറിക്കാന്‍ ആര് എസ് എസ് ശ്രമം : മുഖ്യമന്ത്രി
അഡ്മിൻ
ന്യൂഡല്‍ഹി : കേരളത്തിലെ വികസനം അട്ടിമറിക്കാനാണ് ആര് എസ് എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര് എസ് എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നത്. കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന കാണിക്കുന്നുണ്ട്. കീഴാറ്റൂര്‍ ബൈപാസ് പ്രശ്നത്തില്‍ കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി കേന്ദ്രം ചര്‍ച്ച നടത്തിയത് തെറ്റായ നടപടിയാണ്. നടക്കില്ല എന്ന് കരുതിയ ദേശീയ പാത വികസനം നടക്കുമെന്നുള്ള ഘട്ടമായിരുന്നു ഇപ്പോള്‍. ദേശീയപാതാ വികസനകാര്യത്തില്‍ നിതിന്‍ ഗഡ്കരി നേരത്തെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്തിരുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അലൈന്മെന്റ് പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുകയും ബദല്‍ സംവിധാനം സാധ്യമല്ലെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണ്.
എന്നാല്‍, വികസനം പൂര്‍ത്തിയാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് പാരവെപ്പുണ്ടായിരിക്കുന്നത്. കേരളക്കാരനായ ഒരു മന്ത്രിയും അതിന് കൂടെയുണ്ടായി എന്നതാണ് വിരോധാഭാസം. എത്രയും പെട്ടെന്ന് കേന്ദ്രം ഈ നിലപാട് തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.