ചാനല്‍ ചര്‍ച്ചയിലെ സംസാരം പൊതുസംസ്‌കാരത്തിന് ചേരാത്തതാകരുത്

എറണാകുളം : വാര്‍ത്താ ചാനലുകളിലെ ചില അവതാരകര്‍ സ്വീകരിക്കുന്ന രീതി ആപല്‍ക്കരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമമേഖലയിലെ തെറ്റായ രീതികള്‍ തിരുത്താന്‍ പൊതുസംവിധാനവും ചട്ടക്കൂടും മാധ്യമപ്രവര്‍ത്തകര്‍ തന്നെ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി. മനോരമ ന്യൂസ്ചാനലിലെ ന്യൂസ് മേക്കര്‍ പുരസ്‌‌‌‌‌കാരദാന ചടങ്ങില്‍ മനോരമ ന്യൂസ് ന്യൂസ് ഡയറക്‌ടര്‍ ജോണി ലുക്കോസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തെറ്റായ നിലപാട് സ്വീകരിക്കുന്നത് സോഷ്യല്‍ മീഡിയയല്ല. സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തതിന്റെ പ്രശ്‌നമുണ്ട്. എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ആരോഗ്യകരമായ കാര്യങ്ങളും നടക്കുന്നുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

എന്നാല്‍ ഇന്നത്തെ ചില മാധ്യമപ്രവര്‍ത്തകരും അവതാരകരും നാടിന്റെ മതനിരപേക്ഷതാ സ്വഭാവത്തെ തന്നെ തകര്‍ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. അവര്‍ സ്വീകരിക്കുന്ന രീതി ആപത്കരമാണ്. വര്‍ഗീയവികാരം കുത്തിയിളക്കാന്‍ വരെ അവതാരകര്‍ ശ്രമിച്ചു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സാധാരണ വ്യക്തികള്‍ക്കെതിരെ സ്വീകരിക്കുന്ന ചില നിയമനടപടികളുണ്ട്. എന്നാല്‍ അത്തരം കുറ്റകൃത്യങ്ങള്‍ നിര്‍വഹിച്ച് നിയമനടപടികളുടെ മേലെയാണ് തങ്ങളെന്ന് ചിലര്‍ കരുതുന്നു. യഥാര്‍ത്ഥത്തില്‍ ഇത്തരം രീതികളാണ് തിരുത്തേണ്ടത്.

ചാനല്‍ ചര്‍ച്ചകളില്‍ വന്നിരിക്കുന്ന ചിലര്‍ വ്യക്തിപരമായി ആക്ഷേപിച്ച് വരെ സംസാരിക്കുന്നു. അതില്‍ അവതാരകന്റെ ഭാഗം വേറൊന്ന്. സംസാരിക്കുന്നത് പൊതുസംസ്‌കാരത്തിന് ചേരാത്തതാകരുത്. അത്തരം കാര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരു പൊതുനിയന്ത്രണം വരുത്തണം. നിങ്ങളെ മറ്റാരുംകേറി നിയന്ത്രിക്കുന്നതല്ല ശരിയെന്നാണ് പല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോടും എപ്പോഴും താന്‍ പറയാറുള്ളത്.

തനിക്ക് മാധ്യമപ്രവര്‍ത്തകോട് അകലമൊന്നുമില്ല. താന്‍ സംസാരിക്കേണ്ട കാര്യങ്ങള്‍ എന്ത് എന്ന് മാധ്യമപ്രവര്‍ത്തകരല്ല തീരുമാനിക്കു്‌നത്. ഒരു കാര്യം തനിക്ക് സംസാരിക്കണമെന്നുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ച്‌ സംസാരിക്കുന്നതില്‍ അശേഷം മടിയുമില്ല. പക്ഷേ, നിങ്ങള്‍ മനസില്‍ ഒരുകാര്യം കരുതിക്കൊണ്ട് മൈക്കും നീട്ടി സംസാരിക്കണമെന്ന് പറഞ്ഞാല്‍ അതിന് തന്നെ കിട്ടില്ല. അതിന്റെ അര്‍ത്ഥം തനിക്ക് ആരോടെങ്കിലും എന്തെങ്കിലും വിദ്വേഷമുണ്ടെന്നല്ല. തന്റെ നിലപാട് അങ്ങനെയാണ്, അതാണ് സ്വീകരിച്ചുപോരുന്നത്.

തന്നെക്കുറിച്ചോ തനിക്കെതിരെയുള്ള ആക്രണങ്ങളെക്കുറിച്ചോ അല്ല ഈ പറയുന്നതൊക്കെയും. തന്നെക്കുറിച്ച് എത്രയോ കാലമായി മാധ്യമങ്ങള്‍ പറയുന്നതാണ്. അത് നാടിനും നാട്ടുകാര്‍ക്കും വ്യക്തമായി അറിയാം. താന്‍ അതൊന്നും വലിയ. കാര്യമായി എടുക്കാറില്ല.

മാധ്യമങ്ങളാകെ കൊള്ളാത്തവരാണെന്നല്ല തന്റെ അഭിപ്രായം. മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ഒരുപാട് കടമ നിര്‍വഹിക്കാനുണ്ട്. ആ കടമ നിര്‍വഹിക്കുന്നത് ആരോഗ്യകരമായിരിക്കണമെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

03-Aug-2018