ഒരു കാരണവശാലും ആദിവാസി ജനത ഷോക്കേസില്‍ വയ്‌ക്കേണ്ട ജനതയാണെന്ന് ചിന്തിച്ചിട്ടില്ല: മന്ത്രി കെ രാധാകൃഷ്ണൻ

കേരളീയത്തിന്റെ ഭാഗമായി വിവിധ ആദിവാസി വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രദര്‍ശനവസ്തുവാക്കിയെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍. ആദിവാസി ജനത ഷോക്കേസ് ചെയ്യേണ്ടവരല്ലെന്നും പാളിച്ച പറ്റിയോയെന്ന് അന്വേഷിക്കാന്‍ ഫോക്‌ലോര്‍ അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ സാംസ്‌കാരിക വകുപ്പുമായും ഫോക്‌ലോര്‍ അക്കാദമിയുമായും ബന്ധപ്പെട്ടു. നിരുപദ്രവമായിട്ടാണ് അവര്‍ ചെയ്തത്. അല്ലാതെ അവഹേളിക്കാനോ അപഹസിക്കാനോ ചെയ്തതല്ല. തദ്ദേശവാസികളെ ഒരിക്കലും ഷോക്കേസ് ചെയ്യാന്‍ പാടില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. ആ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലും ആദിവാസി ജനത ഷോക്കേസില്‍ വയ്‌ക്കേണ്ട ജനതയാണെന്ന് ചിന്തിച്ചിട്ടില്ല. അത് ചെയ്യുന്നത് ശരിയല്ല. അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ നമുക്ക് കഴിയണം,'' മന്ത്രി പറഞ്ഞു.

അവരുടെ കലയും സംസകാരത്തെയും ഭക്ഷണത്തെയും ജീവിതരീതികളെയും കാണിച്ചുകൊണ്ടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരുപക്ഷേ അവരുടെ ജീവിത രീതികള്‍ അപരിഷ്കൃതമാണെന്ന് ചിലര്‍ക്കെങ്കിലും തോന്നുമെങ്കിലും നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിന് അത് അത്യന്താപേക്ഷിതമാണ്. ഷോക്കേസില്‍ വയ്‌ക്കേണ്ട ജീവിതമാണ് തദ്ദേശവാസികളുടേതെന്ന് അഭിപ്രായമില്ല. അതുകൊണ്ടാണ് അന്തര്‍ദേശീയ തദ്ദേശവാസികളുടെ ദിനം ആചരിക്കുന്നതിന് തീരുമാനിച്ചത്.

സംഭവിച്ചത് എന്താണെന്ന് പരിശോധിച്ച് കൃത്യമായ നടപടിയുണ്ടാകും. ഫോക്‌ലോര്‍ അക്കാദമിയാണ് ഇത് പ്രധാനമായും ചെയ്തിരിക്കുന്നത്. പാളിച്ചകള്‍ പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശവാസികളെ അവഹേളിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

07-Nov-2023