ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിയ്ക്ക് ഭീഷണിയുയര്‍ത്തി കത്തിയുമായി മലയാളി യുവാവ്
അഡ്മിൻ
ന്യൂഡല്‍ഹി : മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് കത്തിയുമായി ബഹളംവെച്ച യുവാവിനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് താമസിക്കുന്ന ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നിലായിരുന്നു കത്തിയുമായി യുവാവിന്റെ വിക്രിയകള്‍.
ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് കേരള ഹൗസിന് മുന്നില്‍ കത്തിയുമായി എത്തി ഭീഷണിമുഴക്കിയത്. സുരക്ഷ സേനയുടെ സമയോചിത ഇടപെടല്‍ മൂലം ഇയാളെ പിടികൂടി കത്തിപിടിച്ചുവാങ്ങി. തുടര്‍ന്ന് അറസ്റ്റ് ചെയ്തു. രാവിലെ ഒമ്പതോടെ എത്തിയ ഇയാളുടെ കൈയ്യില്‍ ഒരു ബാഗും ദേശീയപതാകയും ഉണ്ടായിരുന്നു. ജോലി ചെയ്യാന്‍ സമ്മതിക്കണം എന്നും മുഖ്യമന്ത്രിയെ കാണണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയതെന്ന് പറയുന്നു. ഇതിനിടെ ബാഗ് തുറന്ന് കത്തി പുറെത്തെടുക്കുകയും ഭീഷണിമുഴക്കുകയുമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ഇന്ന് രാവിലെ കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടപ്പളളിയില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെ കണ്ടത്. ഈ കൂടിക്കാഴ്ച കഴിഞ്ഞ് ഉമ്മന്‍ചാണ്ടി മടങ്ങിയതിന് പിന്നാലെയായിരുന്നു യുവാവിന്റെ കത്തിയുമായുള്ള രംഗപ്രവേശം.