കെഎസ് യു നടത്തുന്നത് കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ്: മന്ത്രി ആർ ബിന്ദു

തൃശൂർ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറച്ചു വെക്കാൻ വേണ്ടി വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തിയ കെ എസ് യു നടപടി അപഹാസ്യമെന്ന് മന്ത്രി ആർ. ബിന്ദു. ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല.

ആരോപണമുന്നയിക്കുന്നവർ തെളിവുനൽകണം. കെ എസ് യു അദ്ധ്യക്ഷൻ നിരാഹാരം നിർത്തിയതെന്തിനെന്ന് പറയണമെന്നും മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു. കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ എസ് യു നടത്തിക്കൊണ്ടിരിക്കുന്നത്.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ചുമതല പൂർണ്ണമായും അതാത് കോളേജുകളിൽ ചുമതലപ്പെടുത്തുന്ന റിട്ടേണിംഗ് ഓഫീസർക്കാണ്. ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല. ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.

08-Nov-2023