ദേശീയ പണിമുടക്കിന് രാജ്യം ഒരുങ്ങി

ന്യൂഡല്‍ഹി : ചൊവ്വാഴ്ചത്തെ ദേശീയ പണിമുടക്കിന് രാജ്യം സജ്ജമായി. അഞ്ചരക്കോടിയിലധികം മോട്ടോര്‍തൊഴിലാളികളും ചെറുകിട തൊഴില്‍ ഉടമകളും ചൊവ്വാഴ്ച ദേശീയ പണിമുടക്ക് നടത്തും. റോഡുഗതാഗത മേഖല കുത്തകവല്‍ക്കരിക്കാനും തൊഴിലാളികളെയും ചെറുകിട തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇതേയാവശ്യത്തില്‍ രണ്ടാംതവണയാണ് ദേശീയ പണിമുടക്ക്.

മോട്ടോര്‍ വാഹന നിയമഭേദഗതിക്കുസമാനമായ റോഡുഗതാഗത സുരക്ഷാനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2015 ഏപ്രില്‍ 30നാണ് പണിമുടക്കിയത്. ഗതാഗതമേഖല പൂര്‍ണമായി സ്തംഭിച്ചതോടെ ബില്‍ പിന്‍വലിക്കാന്‍ മോഡി സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും നിയമഭേദഗതിയിലൂടെ കൂടുതല്‍ തീവ്രമായ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ വ്യവസ്ഥകള്‍ നടപ്പാക്കാനാണ് ഒരുങ്ങുന്നത്.

റോഡുഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. അനുദിനമുണ്ടാകുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ധന, വര്‍ഷംതോറും വര്‍ധിക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക്, വര്‍ധിച്ച ടോള്‍ നിരക്ക്, ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്ന വിവിധ സര്‍വീസ് ചാര്‍ജ്, സ്‌പെയര്‍ പാര്‍ട്‌സിന്റെ താങ്ങാനാകാത്ത വിലവര്‍ധന എന്നിങ്ങനെ ഈ രംഗത്തെ ചെലവുകള്‍ സര്‍വസീമകളും ലംഘിച്ച് ഉയരുകയാണ്. അസംഘടിത മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ, പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ തുടങ്ങിയ ഒരു സാമൂഹ്യസുരക്ഷാ സംവിധാനവും ബാധകമല്ലതാനും. ഇങ്ങനെ പ്രതിസന്ധിയിലായ ഗതാഗതമേഖലയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് തൊഴിലാളികളെ നിഷ്‌കാസിതരാക്കുന്നതിനും കുത്തകകളെ പകരംവയ്ക്കുന്നതിനുമുള്ള നിയമനിര്‍മാണം നടത്തുന്നത്.മോട്ടോര്‍ തൊഴിലാളികളില്‍ 80 ശതമാനവും സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ എന്ന നിലയില്‍ ഈ രംഗത്തേക്കു കടന്നുവന്നവരാണ്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ പിടിമുറുക്കിയതോടെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി.

റോഡുഗതാഗത സുരക്ഷാനിയമം പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍വാഹന നിയമഭേദഗതി കൊണ്ടുവന്നത്. ലോക്‌സഭയില്‍ അവതരിപ്പിച്ച നിയമഭേദഗതി പ്രതിപക്ഷാംഗങ്ങളുടെ സമ്മര്‍ദത്തെതുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശകള്‍ സര്‍ക്കാര്‍ പാടെ അവഗണിക്കുകയും ലോക്‌സഭയില്‍ എന്‍ഡിഎ സഖ്യത്തിനുള്ള മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി നിയമഭേദഗതി ശബ്ദവോട്ടോടെ അംഗീകരിപ്പിക്കുകയും ചെയ്തു. രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ട ഭേദഗതിബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ടു. സെലക്ട് കമ്മിറ്റി ബിജെപിയിതര കക്ഷികളുടെ വിയോജനാഭിപ്രായങ്ങള്‍ പരിഗണിച്ചതേയില്ല. വീണ്ടും സഭയിലെത്തിയ നിയമഭേദഗതിയെ സിപിഐ എം അംഗങ്ങളായ എളമരം കരീം, ടി കെ രംഗരാജന്‍ എന്നിവരും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇതര പ്രതിപക്ഷാംഗങ്ങളും അതിശക്തമായി എതിര്‍ത്തു. എന്നാല്‍, ഭേദഗതി തടസ്സപ്പെടുത്തുന്നവര്‍ 'ആര്‍ടിഒ ലോബിയുടെ പിണിയാളുകളാണെ'ന്നാണ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടത്.

ഗതാഗതരംഗമാകെ കുത്തകവല്‍ക്കരിക്കാനും കോടിക്കണക്കായ തൊഴിലാളികളെയും ചെറുകിട ഉടമകളെയും തൊഴില്‍രഹിതരാക്കാനും ഇടയാക്കുന്ന നിയമഭേദഗതിക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണ് പണിമുടക്കെന്ന് സി ഐ ടി യു നേതൃത്വം അഭിപ്രായപ്പെട്ടു. ഇക്കുറി അഞ്ചുകോടിയിലധികംപേര്‍ പണിമുടക്കുമെന്നാണ് സൂചന.

05-Aug-2018