റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ തലമറയ്ക്കുന്ന തുണികള്‍ പാടില്ല; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ തലമറയ്ക്കുന്ന തുണികള്‍ ധരിക്കാന്‍ പാടില്ലെന്ന് കര്‍ണാടക. കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി (കെഇഎ)യുടേതാണ് ഉത്തരവ്. കോപ്പിയടി പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് വിലക്കെന്നാണ് വിശദീകരണം.

ഉത്തരവില്‍ ഹിജാബ് എന്ന് പ്രത്യേകമായി പറയുന്നില്ല. എന്നാല്‍ തലമറയ്ക്കുന്ന വസ്ത്രങ്ങളില്‍ ഇതും ഉള്‍പ്പെടും. അതേസമയം വലതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളുടെ ഫലമായി താലിമാല, കാല്‍വിരലില്‍ മോതിരം എന്നിവ ധരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. നവംബര്‍ 18,19 തിയതികളിലായി വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പരീക്ഷകള്‍ നടക്കാനിരിക്കെയാണ് ഉത്തരവ്.

തല, വായ, ചെവി എന്നിവ മറയ്ക്കുന്ന തുണികള്‍, തൊപ്പി എന്നിവ ധരിച്ചവരെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ല എന്നാണ് കെഇഎയുടെ ഉത്തരവില്‍ പറയുന്നത്. ബ്‌ളൂടൂത്ത് ഉപയോഗിച്ചുള്ള കോപ്പിയടി തടയാനാണ് വിലക്കെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

14-Nov-2023