lതിരുവനന്തപുരം : ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി താമസിക്കുന്ന മുറിയുടെ മുന്നിലേക്ക് ആയുധധാരിയായ അക്രമി കടന്നു കയറിയത് അത്യന്തം ഗൗരവമുള്ള സംഭവമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുരക്ഷാ ക്രമീകരണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി താമസിക്കുന്ന മുറിയുടെ മുന്നിലേക്ക് ആയുധധാരിയായ അക്രമി കടന്നു കയറിയത് അത്യന്തം ഗൗരവമുള്ള സംഭവമാണ്.
കേരള ഹൗസിന്റെ ചുമതല കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദില്ലി പോലീസിനാണ്. ദില്ലി പോലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തില്‍ വന്ന ഗുരുതരമായ വീഴ്ചമൂലമാണ് ആയുധവുമായി വന്ന ഒരാള്‍ക്ക് മുഖ്യമന്ത്രി താമസിച്ച മുറിയുടെ മുന്നില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്.
അക്രമി കത്തികാട്ടി ഭീഷണിമുഴക്കി കൊണ്ടിരിക്കുമ്പോള്‍ അയാളെ കീഴ്‌പ്പെടുത്താനോ കസ്റ്റഡിയിലെടുക്കാനോ ഒരിടപെടലും ഡല്‍ഹി പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന കേരള പോലീസിന്റെ കമാന്റോകളാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്.
സുരക്ഷാ ക്രമീകരണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണം.