സിപിഐ എം പ്രവര്‍ത്തകനെ സംഘപരിവാര്‍ കൊലയാളിസംഘം വെട്ടിക്കൊന്നു

മഞ്ചേശ്വരം : കാസര്‍കോട് ഉപ്പളയില്‍ സിപിഐ എം പ്രവര്‍ത്തകനെ ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍  കൊലയാളിസംഘം വെട്ടിക്കൊന്നു. ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ അസീസിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (23) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗസംഘം ബൈക്കിലെത്തി സിദ്ദിഖിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഞായറാഴ്ച്ച രാത്രി 11 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ആര്‍ എസ് എസ് - ബി ജെ പി കൊലയാളിസംഘം വടിവാളുകൊണ്ട് വെട്ടിവീഴ്ത്തിയത്. ബി ജെ പി ജില്ലാ നേതാവ് വത്സരാജിന്റെ മരുമകന്‍ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു  ആക്രമണം.

സിദ്ദീഖിനെ നാട്ടുകാര്‍ ഉടന്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബി ജെ പി സംസ്ഥാന പ്രസിഡന്റായി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള സ്ഥാനാരോഹണം ചെയ്ത് ദിവസങ്ങള്‍ക്കകം നടത്തിയ കൊലപാതകത്തിന് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ട്. ബി ജെ പിയെ അക്രമോത്സുകമാക്കാനായി സംസ്ഥാന തലത്തില്‍ കൈക്കൊണ്ട തീരുമാനമാണ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് നടത്തിയ കൊലപാതകത്തിലൂടെ ബി ജെ പി നടപ്പിലാക്കിയിരിക്കുന്നത്. കൊലപാതകത്തോട് ഇതേവരെയായി ബി ജെ പി നേതൃത്വം പ്രതികരിച്ചിട്ടില്ല.   


06-Aug-2018