കെപിസിസി നിര്‍ദേശം മറികടന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്
അഡ്മിൻ
കെപിസിസി നിര്‍ദേശം മറികടന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് നവകേരള സദസിന് പണം കൈമാറി. 50,000 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് തരൂര്‍ എം എല്‍ എ സുമോദിന് കൈമാറി. നവകേരള സദസില്‍ പങ്കെടുക്കുമെന്നും മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് പറഞ്ഞു.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി തെറ്റിനില്ക്കുന്ന വിഭാഗമാണ് പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്ത് ഭരിക്കുന്നത്. മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പണം നല്കാന് പഞ്ചായത്ത് തീരുമാനമെടുത്തത്. ഇതേക്കുറിച്ച് കെപിസിസി നേതൃത്വത്തെ അറിയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് പറഞ്ഞു.
പണം കൈമാറുന്നതിനൊപ്പം ഒരു പടി കൂടി കടന്ന് നവകേരള സദസില്‍ പങ്കെടുക്കാനാണ് ഗോപിനാഥിന്റെ തീരുമാനം. അതേസമയം കെപിസിസി തീരുമാനം മറികടന്ന് നവകേരള സദസ്സിന് പണം കൈമാറിയതില്‍ ജില്ല നേതൃത്വം കടുത്ത അതൃപ്തിയിലാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റി നില്ക്കുന്ന ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി.
നവകേരള സദസ്സില്‍ പങ്കെടുക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഗോപിനാഥുമായി ഫോണില്‍ സംസാരിച്ചു. പാലക്കാട്ടെ ഉമ്മന്‍ ചാണ്ടി എന്നറിയപ്പെടുന്ന എ.വി ഗോപിനാഥിന്റെ നേതൃത്വ മികവാണ് പതിറ്റാണ്ടുകളോളം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിനെ കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയായി നിലനിര്‍ത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോപിനാഥ് സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.