ഡീപ്ഫേക്ക് ഉപയോഗത്തിന് തടയിടാൻ വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും നിയമനിർമ്മാണങ്ങളും കൊണ്ടുവരുമെന്ന് കേന്ദ്രം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി നടത്തിയ സുപ്രധാന യോഗത്തിന് ശേഷമാണ് തീരുമാനം. ഡീപ്ഫേക്ക് ദുരുപയോഗത്തിന് എത്രയും വേഗം നിയന്ത്രണം കൊണ്ടുവരാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ കരട് തയ്യാറാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ജനാധിപത്യത്തിന് പുതിയ ഭീഷണിയായി ഡീപ്ഫേക്കുകൾ ഉയർന്നുവന്നിരിക്കുകയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.നാല് പ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ഡീപ് ഫേക്കുകൾ എങ്ങനെ കണ്ടെത്താം എന്നതാണ് അതിൽ പ്രധാനം. ഡീപ്ഫേക്കുകൾ പോസ്റ്റു ചെയ്യുന്നതിൽ നിന്ന് ആളുകളെ എങ്ങനെ തടയാം. അത്തരം ഉള്ളടക്കം വൈറലാകുന്നത് തടയാൻ എന്ത് ചെയ്യാം. ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ടിങ് സംവിധാനം എങ്ങനെ വിപുലീകരിക്കാം. എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമായും ചർച്ചയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഒരു റിപ്പോർട്ടിംഗ് സിസ്റ്റം വിപുലീകരിക്കുന്നത് ഏതെങ്കിലും ആപ്പിന്റെയോ വെബ്സൈറ്റിന്റെയോ ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്കും അധികാരികൾക്കും ഡീപ്ഫേക്കുകൾ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കും. അതിലൂടെ നടപടി ശക്തമാക്കാമെന്നാണ് അധികൃതർ കരുതുന്നത്. പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിന് സർക്കാരും സോഷ്യൽ മീഡിയയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
നേരത്തെ ഡീപ് ഫേക്ക് സംബന്ധിച്ച വിഷയങ്ങൾ ആശങ്കയുണർത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി സെലിബ്രറ്റികളും അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. ഡീപ്ഫേക്കുകൾ ഇന്റർനെറ്റിൽ വളരെക്കാലമായി പ്രചരിക്കുന്നുണ്ടെങ്കിലും തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വിവാദമായതോടെയാണ് വിഷയം ശ്രദ്ധയാകർഷിക്കുന്നത്.