രാഷ്ടപതിയെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ :  കേരളത്തിലെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍സന്ദേശം. സംഭവത്തില്‍ തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ അറസ്റ്റിലായി. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. പുലര്‍ച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോണ്‍ നമ്പര്‍ കണ്ടെത്തി അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടി. കുന്നംകുളം അസി.പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച രണ്ടു പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി തൃശൂരിലെത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ജില്ലയില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് ഇത്തരത്തില്‍ വധഭീഷണിമുഴക്കിയുള്ള സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. മദ്യലഹരിയിലാണു താന്‍ ഫോണ്‍വിളിച്ചതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. എന്നാല്‍ എന്തിനാണ് ഇയാള്‍ ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നു അറിയുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇന്നലെയാണു പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.

06-Aug-2018