അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, പി കെ കുഞ്ഞാലിക്കുട്ടിയുമായി രഹസ്യചര്‍ച്ച നടത്തി.

കോഴിക്കോട് : ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയും മുസ്ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും രഹസ്യചര്‍ച്ച നടത്തിയതായി സൂചനകള്‍. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം മുസ്ലീംലീഗുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നതിനായുള്ള തന്ത്രപരമായ ഇടപെടലായാണ് ശ്രീധരന്‍ പിള്ളയുടെ രഹസ്യചര്‍ച്ചയെ ബി ജെ പി നേതൃത്വം വിലയിരുത്തുന്നത്. മുസ്ലീം ലീഗുമായുള്ള രണ്ടാംഘട്ട ചര്‍ച്ച പാണക്കാട് സാദിഖലി തങ്ങളുമായി ഈ മാസം തന്നെ നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിശ്വനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

നേരത്തെ മാറാട് കലാപത്തിന് ശേഷം മുസ്ലീം ലീഗിന്റെ അന്നത്തെ പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങള്‍ക്ക്് വേണ്ടി സാദിഖ് അലി ശിഹാബ് തങ്ങളും അന്നത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ പി എസ് ശ്രീധരന്‍പിള്ളയും രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. അന്ന് സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ ലീഗിലെ ഉന്നതരും ആര്‍ എസ് എസ് - ബി ജെ പി  നേതാക്കളും തമ്മില്‍ നടത്തിയ ഗൂഡാലോചനകള്‍ പിന്നീട് പരസ്യമായി. മാറാട് കലാപകാലത്തെ മുസ്ലീംലീഗ് ബന്ധവും ബി ജെ പി അധ്യക്ഷനാവുന്നതിന് ശ്രീധരന്‍പിള്ളയ്ക്ക് തുണയായെന്നാണ് വിലയിരുത്തുന്നത്.  

2002 ജനുവരി മൂന്നിനായിരുന്നു ഒന്നാം മാറാട് കലാപം. വര്‍ഗീയമായി ചേരിതിരിഞ്ഞുള്ള ആ ഏറ്റുമുട്ടലില്‍ ഹിന്ദുവിഭാഗത്തിലുള്ള മൂന്നുപേരും മുസ്ലീം വിഭാഗത്തിലുള്ള രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2003 മെയ് രണ്ടിന് ആയുധധാരികളായ അക്രമികള്‍ മാറാട് കടപ്പുറത്തെ ഹിന്ദു വിഭാഗത്തിലുള്ള മീന്‍പിടുത്തക്കാരെ ആക്രമിക്കുകയുണ്ടായി. ഹിന്ദുവിഭാഗത്തിലുള്ള എട്ടുപേരും മുസ്ലീം വിഭാഗത്തിലുള്ള ഒരാളുമാണ് രണ്ടാം മാറാട് കലാപത്തില്‍ കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് അവിടെനിന്നും നിരവധി ആയുധങ്ങളും ബോംബുകളും പോലീസ് കണ്ടെത്തുകയുണ്ടായി. കലാപത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ജസ്റ്റിസ് തോമസ് പി ജോസഫിന് അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെയ്തു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്, ബി ജെ പി എന്നീ രാഷ്ട്രീയ പാര്‍ടികളുടെയും ആര്‍ എസ് എസിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായാണ് 14 പേരുടെ കൊലപാതകത്തില്‍ കലാശിച്ച രണ്ട് മാറാട് കലാപങ്ങള്‍ സംഭവിച്ചതെന്ന് കമ്മിഷന്റെ മുന്‍പാകെ ഹാജരാക്കപ്പെട്ട തെളിവുകളിലൂടെ വ്യക്തമായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെയും എന്‍ ഡി എഫിന്റെയും നേതൃത്വങ്ങള്‍ ഗൂഡാലോചന നടത്തി തീരുമാനിച്ചപ്രകാരമാണ് രണ്ടാം മാറാട് കലാപം സംഘടിപ്പിച്ചതെന്നും വ്യക്തമായി. 

ആ സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. എന്നാല്‍, സി ബി ഐ അന്വേഷണം അട്ടിമറിക്കാനാണ് മുസ്ലീം ലീഗിന്റെയും ബി ജെ പിയുടെയും നേതൃത്വം ശ്രമിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് മുസ്ലീംലീഗ് സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുവും സന്തത സഹചാരിയുമായിരുന്ന കെ എ റൗഫ് പിന്നീട് വെളിപ്പെടുത്തി. അന്വഷണം അട്ടിമറിക്കുന്നതിനായി പി എസ് ശ്രീധരന്‍പിള്ളയുടെ അടുത്തേക്ക് കുഞ്ഞാലിക്കുട്ടി തന്നെ അയച്ചുവെന്നും അവിടെവച്ച് തന്റെ ഫോണിലൂടെ കുഞ്ഞാലിക്കുട്ടി ശ്രീധരന്‍പിള്ളയുമായി സംസാരിച്ചു എന്നുമാണ് റൗഫിന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ ഇതുവരെയും ശ്രീധരന്‍പിള്ള നിഷേധിച്ചിട്ടില്ല. 

വര്‍ഗീയ കലാപത്തില്‍ രണ്ട് മക്കളെ നഷ്ടപ്പെട്ട മാറാട്‌തെക്കേതൊടിയില്‍ ശ്യാമള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ രണ്ടുവട്ടം ഹര്‍ജി നല്‍കി. രണ്ടാം വട്ടം ബി ജെ പി പ്രസിഡന്റായിരുന്ന  അഡ്വ. പി എസ് ശ്രീധരന്‍പിള്ളയാണ് വക്കാലത്ത് ഒപ്പിട്ടത്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിനെ കേസില്‍ നിന്ന് ഒഴിവാക്കുന്ന നിലപാടാണ് ശ്രീധരന്‍പിള്ളയും ബി ജെ പിയും സ്വീകരിച്ചത്. എന്നാല്‍, പിന്നീട് യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ശ്രീധരന്‍പിള്ള തന്നെ, കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ശ്യാമളയ്ക്ക് മുന്‍പ് പാലക്കാട് സ്വദേശി ഗോകുല്‍ പ്രസാദും എറണാകുളം ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ശിവന്‍ മഠത്തിലും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ജവഹര്‍ലാല്‍ ഗുപ്ത എം കെ ബഷീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ വന്ന കേസില്‍ ഒന്നാം എതിര്‍കക്ഷിയായി കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസയച്ചു. അന്ന് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിംഗ് കോണ്‍സലായിരുന്നു പി എസ് ശ്രീധരന്‍ പിള്ള. കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഹാജരാകാത്ത ശ്രീധരന്‍ പിള്ള തന്റെ ജൂനിയറായ മറ്റൊരു സ്റ്റാന്റിംഗ് കോണ്‍സലിനെ കോടതിയില്‍ അയച്ചത് വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു.

കെ വാസുദേവന്‍ എന്ന വ്യക്തി ശ്രീധരന്‍ പിള്ള കേന്ദ്ര സര്‍ക്കാരിനെ കേസിലെ ഒന്നാംപ്രതിയാക്കി ഹര്‍ജി സമര്‍പ്പിച്ചതിനിടയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയപ്പോള്‍ ശ്രീധരന്‍പിള്ളയ്ക്കായിരുന്നു ആ വക്കാലത്ത്. വിവിധ പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതികള്‍ പരിഗണിക്കുന്നതിനിടയിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത്, മാറാട് കലാപത്തില്‍ പരിക്കേറ്റ ചോയിച്ചന്റകത്ത് സി എസ് ബാബു കേസില്‍ കക്ഷിചേര്‍ന്നത്. ബി ജെ പി - മുസ്ലീംലീഗ് തീരുമാനത്തിന്റെ ഭാഗമായുള്ള ഇടപെടലായിരുന്നു അത്. മുസ്ലീം ലീഗ് കോടതിക്ക് വെളിയില്‍ നടത്തിയ നീക്കങ്ങളിലൂടെയാണ് മാറാട് കേസ് അന്വേഷണം സി ബി ഐക്ക് വിടാതിരിക്കാന്‍ അന്ന് പ്രതിരോധം തീര്‍ത്തത്. അതിനവര്‍ക്ക് സഹായമായി മുന്നില്‍ നിന് വ്യക്തിയായിരുന്നു പി എസ് ശ്രീധരന്‍പിള്ള. ബി ജെ പി നേതൃത്വമാവട്ടെ കോടതി നടപടികളില്‍ കൗശലപൂര്‍വ്വം നിലപാടുകള്‍ എടുത്തുകൊണ്ടാണ് പി എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ അന്വേഷണത്തെ അട്ടിമറിച്ചത്.

പഴയ സഹകരണത്തിന്റെ പാത വീണ്ടും തുറക്കുന്നതിനുള്ള നാന്ദിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ പുതിയ ബി ജെ പി അധ്യക്ഷനായി സ്ഥാനാരോഹിതനായ അഡ്വ പി എസ് ശ്രീധരന്‍ പിള്ളയുടെയും കുഞ്ഞാലിക്കുട്ടിയുടെയും രഹസ്യ ചര്‍ച്ചയെ നോക്കി കാണുന്നത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോ ലീ ബി സഖ്യത്തിനുള്ള ധാരണയും ഈ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

06-Aug-2018