എറണാകുളം : മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളും ചെറുകിടവാഹന ഉടമകളും സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ദേശീയാടിസ്ഥാനത്തില്‍ മികച്ച പ്രതികരണമാണ് പണിമുടക്കിന് ലഭിക്കുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് പലയിടങ്ങളിലും പുറത്തിറക്കിയിട്ടുള്ളത്.
ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് വാഹനങ്ങള്‍, ചരക്കുകടത്ത് വാഹനങ്ങള്‍ എന്നിവയെല്ലാം പണിമുടക്കില്‍ പങ്കാളികളാണ്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കുന്നുണ്ട്. വര്‍ക്‌ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് വിപണനകേന്ദ്രങ്ങള്‍, യൂസ്ഡ് വെഹിക്കിള്‍ ഷോറൂമുകള്‍, െ്രെഡവിങ് സ്‌കൂളുകള്‍ തുടങ്ങിയ മേഖലകളിലെ തൊഴിലുടമകളും പണിമുടക്കിലാണ്.
നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്കില്‍ രാജ്യത്ത് അഞ്ചരക്കോടിയിലധികം മോട്ടോര്‍ തൊഴിലാളികളും ചെറുകിട തൊഴിലുടമകളും പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെയും പാക്കേജ് ടൂര്‍ വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്കുന്ന തൊഴിലാളികള്‍ താലൂക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. പണിമുടക്കിന് തുടക്കംകുറിച്ച് തിങ്കളാഴ്ച അര്‍ധരാത്രി പല ജില്ലകളിലും മോട്ടോര്‍ തൊഴിലാളികള്‍ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.