കാനത്തിന്റെ അപ്രതീക്ഷിത വിയോഗം ഇടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടം: സീതാറാം യെച്ചൂരി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോ​ഗത്തിൽ അനുശോചിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാനത്തിന്റെ അപ്രതീക്ഷിത വിയോഗം ഇടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ജീവിതകാലം മുഴുവൻ കമ്മ്യൂണിസ്റ്റായി ജീവിച്ചു.

കാനം രാജേന്ദ്രന്റെ വിയോ​ഗത്തിൽ സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും പ്രതികരിച്ചു. കേരളത്തിന് മാത്രമല്ല ദേശീയ തലത്തിലും കാനം രാജേന്ദ്രന്റെ വിയോഗം വലിയ നഷ്ടമാണ്. ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ നേതാവായിരുന്നു കാനം. വർഷങ്ങളായുള്ള സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്നും ഡി രാജ പറഞ്ഞു.

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ (73) അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം രാജേന്ദ്രൻ. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

08-Dec-2023