ഇനി ദളിതര്‍ ഇല്ല, പട്ടികജാതി മാത്രം, നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി : ഇനി ദളിതര്‍ ഇല്ല, പട്ടികജാതി മാത്രം, നിര്‍ദേശം നല്‍കി കേന്ദ്രം. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ 'ദളിത്' എന്ന പദം ഉപയോഗിക്കരുതെന്നു സ്വകാര്യ ചാനലുകള്‍ക്കു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മുംബൈ ഹൈക്കോടതിയുടെ ഇതുസംബന്ധിച്ച നേരത്തെയുള്ള ഒരു ഉത്തരവു ചൂണ്ടിക്കാട്ടിയാണു നിര്‍ദേശം വന്നിട്ടുള്ളത്. 

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ 'ദളിത്' എന്ന് ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നു മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പങ്കജ് മെശ്രാം എന്ന വ്യക്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്‍മേലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

'ദളിത്' എന്നതിനു പകരം പട്ടികജാതി എന്നുതന്നെ ഉപയോഗിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സാമൂഹിക നീതി വകുപ്പ് 2018 മാര്‍ച്ചില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്ന കാര്യവും സ്വകാര്യ ചാനലുകള്‍ക്കയച്ച കത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഭരണഘടനാപദമായ 'ഷെഡ്യൂള്‍ഡ് കാസ്റ്റ്' എന്നതിനുപകരം ദളിത് എന്ന വാക്ക് ഉപയോഗിക്കരുത്. ഷെഡ്യൂള്‍ഡ് കാസ്റ്റിനു വിവിധ ഭാഷകളിലുള്ള പരിഭാഷകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കോടതി ഉത്തരവുകള്‍ കണക്കിലെടുത്താണ് നടപടിയെങ്കിലും ഇത് ഇതിനോടകം വിവാദമായിട്ടുണ്ട്. 'ദളിത്' എന്ന പദം ഉപയോഗിക്കാതിരിക്കുന്നതു കൊണ്ടുമാത്രം പട്ടികജാതി വിഭാഗം നേരിടുന്ന അവഗണനകള്‍ അവസാനിക്കുന്നില്ലെന്നാണു രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്. പട്ടികജാതിക്കാര്‍ നേരിടുന്ന ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ഇത് സാരമായി ബാധിക്കാനിടയുണ്ടെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു.

'കാലങ്ങളായി ഉപയോഗിച്ചുവരുന്ന വാക്കാണു 'ദളിത്' എന്നത്. മാധ്യമങ്ങള്‍ മാത്രമല്ല, രാഷ്ട്രീയനേതാക്കളും അക്കാദമിക് വിദഗ്ധരുമെല്ലാം ഈ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു വിലക്കെന്നു മനസ്സിലാകുന്നില്ല. ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തുന്ന അതിഥികളോടു ദളിത് എന്നുപയോഗിക്കരുത് എന്നൊക്കെ പറയാനാകുമോ?' എന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്‍ പ്രതികരിച്ചു. ജനുവരി 15ലെ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഔദ്യോഗികരേഖകളിലും മറ്റും ദളിത് എന്ന വാക്കുപയോഗിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
 

 

04-Sep-2018