മാഹി പോലീസ് ആര്‍ എസ് എസിന്‍റെ സഹായികള്‍. ബാബുവിന്‍റെ കൊലപാതകം തീര്‍ത്തും ആസൂത്രിതം

മാഹി : സിപിഎം പ്രവര്‍ത്തകന്‍ കാണിപൊയ്യില്‍ ബാബുവിന്റെ കൊലപാതകത്തില്‍ പോണ്ടിച്ചേരി പോലീസിനെതിരെ ആരോപണങ്ങളുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാബുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

കൂറെ നാളുകളായി ബാബുവിന് വധഭീഷണിയുണ്ടായിരുന്നു. ഇത് പോലീസിന് അറിയാവുന്നതാണ്. എന്നാല്‍, ഈ ഭീഷണികള്‍ പോലീസ് അവഗണിക്കുകയായിരുന്നു. പോണ്ടിച്ചേരി പോലീസിന്റെ ഒത്താശയോടെയാണ് ബാബുവിന്റെ കൊലപാതകം നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ നിലവിലെ മാഹി സര്‍ക്കിളിനെ ഉള്‍പ്പെടെ സ്ഥലംമാറ്റി പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. പോലീസിന്റെ തണലില്‍ മാഹിയില്‍ ആര്‍എസ്എസ് സൗര്യവിഹാരം നടത്തുകയാണ്. സംഘപരിവാരത്തെ സഹായിക്കുന്ന നിരവധി പോലീസുകാര്‍ സേനയിലുണ്ട്. അതുകൊണ്ടാണ് കേസില്‍ പ്രതിയായവര്‍ മാഹിയില്‍ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിയാത്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍ ആര്‍എസ്എസിന് ഇത്തരത്തില്‍ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസ് മൗനസമ്മതം നല്‍കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

മാഹിയിലെ സിപിഐ എമ്മിന്റെ വളര്‍ച്ച ആര്‍ എസ് എസിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. ബാബുവിന്റെ കൊലപാതകം പാര്‍ട്ടിയുടെ വളര്‍ച്ച തടയാനാണ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചന നടന്നിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൂത്തുപറമ്പ് വെച്ച് ആര്‍എസ്എസിന്റെ ഒരു പരിശീലന പരിപാടി നടന്നിരുന്നു. അവിടുത്തെ തീരുമാനം അനുസരിച്ചാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

സമാനതകളില്ലാത്ത പൈശാചകതയാണ് ബാബുവിനെ കൊലപ്പെടുത്തുവാന്‍ ആര്‍ എസ് എസ് സ്വീകരിച്ചത്. കഴുത്ത് വെട്ടിമാറ്റാനാണ് ശ്രമിച്ചത്. ഇത് ആര്‍ എസ് എസിന് മാത്രമേ സാധിക്കുകയുള്ളു. അവര്‍ അവലംബിക്കുന്ന കൊലപാതക രീതിയിലാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10-May-2018