മലപ്പുറത്ത് സിപിഐ എമ്മിനെതിരായ ആക്രമണം തുടരുന്നു

മലപ്പുറം : മലപ്പുറം ജില്ലയില്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചൊതുക്കാനുള്ള മുസ്ലീംലീഗിന്റെ ഉന്നതാധികാരസമിതിയുടെ തീരുമാനം തിരൂര്‍-താനൂര്‍ മേഖലയില്‍ കടുത്ത സംഘര്‍ഷത്തിന് വഴിയൊരുക്കുന്നു. ഒരു സിപിഐ എം പ്രവര്‍ത്തകന് കൂടി താനൂരില്‍ വെട്ടേറ്റു.

ഇന്നലെ രാത്രി പറവണ്ണയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു വെട്ടേറ്റിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആക്രമണവും കൊലപാതക ശ്രമവും നടത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു തീരദേശത്തുണ്ടായ അസ്വസ്ഥത ആളിക്കത്തിക്കാന്‍ മുസ്ലീംലീഗ് നേതൃത്വം ശ്രമിച്ചത് വിവാദമായിരുന്നു. പല തവണ സമാധാനയോഗങ്ങള്‍ ചേരുകയും സംഘര്‍ഷമേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടും അക്രമണത്തിന് കുറവില്ല.

പാണക്കാട്ടെ നേതൃത്വത്തില്‍ നിന്നും മുസ്ലീംലീഗിന്റെ നിയന്ത്രണം കൈവിട്ടുപോകുന്നതാണ് സമാധാനത്തിന് വിഘാതമാകുന്നതെന്ന് മുസ്ലീംലീഗിന്റെ വിശ്വസ്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.

 

 

10-May-2018