ചരിത്രം വഴിമാറി, സൂര്യയുടെയും ഇഷാന്റെയും വിവാഹത്തിന്
നെല്ല് അഡ്മിൻ
തിരുവനന്തപുരം : സൂര്യയും ഇഷാനും ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ ദമ്പതികളായി കേരള ചരിത്രത്തിന്റെ ഭാഗമായി. തിരുവനന്തപുരം മന്നം ക്ലബില്‍ വെച്ചാണ് ഇരുവരും വിവാഹിതരായി. സമൂഹത്തിന്റെ പിന്തുണയോടെ നടന്ന വിവാഹത്തിന് ഒരുപാട് പേര് അനുഗ്രാഹിശിസ്സുകള് ചൊരിഞ്ഞു. സൂര്യയും ഇഷാന് കെ.ഷാനുമാണ് പ്രതിസന്ധികളെ മറികടന്ന് ജീവിതം പങ്കിടാന്‍ തീരുമാനിച്ചത്.
ഇരുവരുടേയും കുടംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളര്‍ത്തുപുത്രിയായിരുന്നു സൂര്യ. ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയകുമാരന്‍ നായരുടേയും ഉഷാ വിജയന്റേയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റേയും ഷാനിഫാ കബീറിന്റേയും മകനാണ് ഇഷാന്.
ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ പ്രശസ്തയാണ് സൂര്യ. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍, ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന് പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താന്‍ തടസ്സങ്ങള്‍ ഉണ്ടായില്ല.