മറ്റു പലരെക്കാളും മികച്ച ഇന്ത്യക്കാരിയായാണ് തന്റെ അമ്മ : രാഹുല്‍ഗാന്ധി
നെല്ല് അഡ്മിൻ
ബാംഗ്ലൂര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ പൈതൃകത്തെ വിമര്‍ശിച്ചതിന് ബാംഗ്ലൂരില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയുടെ ഉശിരന്‍ മറുപടി. മറ്റു പലരെക്കാളും മികച്ച ഇന്ത്യക്കാരിയായാണ് തന്റെ അമ്മ ഈ രാജ്യത്തു ജീവിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് മോഡിയെ കുത്തിക്കൊണ്ടാണ്. കര്‍ണാടക തിരഞ്ഞെടുപ്പു പ്രചാരണ സമാപനത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനമായിരുന്നു രാഹുലിന്റെ പ്രകടനത്തിന് വേദിയായത്.
അമ്മയെ അധിക്ഷേപിക്കുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ നിലവാരത്തെയും സംസ്കാരത്തെയുമാണ് കാണിക്കുന്നത്. ഒരിക്കല്‍ ബുദ്ധനെക്കാണാന്‍ വന്ന ഒരാള്‍ അദ്ദേഹത്തോട് ആക്രോശിച്ചു. വളരെ മോശമായി പെരുമാറി. ബുദ്ധന് ഒന്നും തിരിച്ചുപറഞ്ഞില്ല. മടങ്ങിപ്പോയപ്പോള്‍ ശിഷ്യന്മാര് അദ്ദേഹത്തോട് എന്താണു പ്രതികരിക്കാഞ്ഞതെന്നു ചോദിച്ചു. അപ്പോള്‍ ബുദ്ധന് പറഞ്ഞു: അയാള്‍ക്കു ദേഷ്യം ഒരു സമ്മാനമായി കിട്ടിയിട്ടുണ്ട്. ഞാനത് ഏറ്റെടുക്കുന്നില്ല. ദേഷ്യവും പകയും ഉള്ളില്‍ സൂക്ഷിച്ചു സംസാരിക്കുന്നയാളാണു പ്രധാനമന്ത്രി. എല്ലാവരിലും അദ്ദേഹം ഒരു ഭീഷണി കാണുന്നുണ്ട്. അദ്ദേഹത്തിന്റെ ദേഷ്യമാണ് അദ്ദേഹത്തിന്റെ പ്രശ്നം. എന്നെയും ഒരു ഭീഷണിയായി അദ്ദേഹം കാണുന്നു രാഹുല്‍ പറഞ്ഞു.
കര്‍ണാടകയുടെ ഭാവിയെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ ഒന്നും പറയാനില്ലാതെ വ്യക്തിപരമായി വിമര്‍ശനങ്ങളുടെ വേദിയായി മോഡി തിരഞ്ഞെടുപ്പിനെ മാറ്റി. 8000 കോടി രൂപയാണു സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു കടാശ്വാസം നല്‍കിയത്. കേന്ദ്രം നയാപൈസ നല്‍കിയില്ല. പുരോഗമനവാദികളായ കര്‍ണാടക ജനതയുടെ ജീവിതം ആര്‍എസ്എസ് നിയന്ത്രിക്കണമോയെന്ന് അവര്‍ക്കു തീരുമാനിക്കാം. ഗുജറാത്തില്‍ കോണ്‍ഗ്രസ് 30 സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. എന്നിട്ട് എന്തു സംഭവിച്ചു? കോണ്‍ഗ്രസ് അനായാസം അധികാരം നിലനിര്‍ത്തും. അതിനാല്‍ തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യസാധ്യതയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. രാഹുല്‍ ഗാന്ധി വ്യക്തമാക്കി.