ബ്രിട്ടീഷുകാരോട് പ്രതിഷേധിച്ച് രബീന്ദ്രനാഥ് ടാഗോര്‍ നൊബേല്‍ സമ്മാനം തിരിച്ചു നല്കി : ബിപ്ലബ് ദേബ്
നെല്ല് അഡ്മിൻ
അഗര്‍ത്തല : പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും ശാസിച്ചിട്ടും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്ദേബ് കുമാര്‍ തന്റെ അബദ്ധ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കുന്നില്ല. ബ്രിട്ടിഷുകാരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നൊബേല്‍ സമ്മാനം രബീന്ദ്രനാഥ് ടാഗോര്‍ തിരിച്ചുനല്‍കിയെന്ന പ്രസ്താവനയുമായി ബിപ്ലബ് രംഗത്തുവന്നിരിക്കയാണ്. ഇതിന്റെ വിഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ടാഗോറിന്റെ ജന്മശതാബ്ദി വാര്ഷികാഘോഷങ്ങള്ക്കു ഉദയ്പുരില്‍ തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1913ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ടാഗോര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ 1919ല്‍ ജാലിയന്‍ വാലബാഗ് കൂട്ടക്കൊലയെത്തുടര്‍ന്ന് തനിക്കു ലഭിച്ച സര് പദവിയാണ് അദ്ദേഹം പ്രതിഷേധ സൂചകമായി നിരസിച്ചത്. മഹാഭാരതകാലത്തും ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്യൂണിക്കേഷനും ഉണ്ടായിരുന്നെന്നതായിരുന്നു കഴിഞ്ഞ മാസത്തെ അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. ഈ പ്രസ്താവനയില്‍നിന്ന് പിന്നാക്കം പോകാന്‍ അദ്ദേഹം തയാറായില്ല. അതിനുപിന്നാലെ 1997ലെ ലോക സുന്ദരിയായിരുന്ന ഡയാന ഹെയ്ഡനെയും ബിപ്ലബ് വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ സുന്ദരിയായ ഐശ്വര്യ റായ്യുടെ അത്രയും സുന്ദരിയല്ല അവരെന്നായിരുന്നു ബിപ്ലബിന്റെ പരാമര്‍ശം. വിവാദമായതിനെത്തുടര്‍ന്ന് ഈ പരാമര്‍ശത്തില്‍നിന്ന് അദ്ദേഹം പിന്മാറി. സിവില്‍ സര്‍വീസിനു മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ പോകരുതെന്നും അതിനു സിവില്‍ എന്‍ജിനീയര്‍മാരാണ് പോകേണ്ടതെന്നുമാണ് ബി ജെ പി മുഖ്യമന്ത്രിയുടെ നിലപാട്. മാത്രമല്ല, ബിരുദമുള്ളവര്‍ സര്‍ക്കാര്‍ ജോലിക്കായി നടക്കരുതെന്നും തട്ടുകടകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതുകൂടാതെ, പശുക്കളെ വളര്‍ത്തിയും മറ്റും ജോലിരംഗത്ത് അഭിവൃദ്ധി പ്രാപിക്കണമെന്ന് യുവാക്കളെ ഉപദേശിക്കാനും ബിപ്ലബ് മടിച്ചില്ല.
ത്രിപുരയിലെ ആദ്യത്തെ ബി ജി പി മുഖ്യമന്ത്രിയായ ബിപ്ലബ്, വായില്‍ തോന്നിയത് കോതയ്ക്കുപാട്ടെന്ന പോലെ പറഞ്ഞു നടന്നപ്പോഴാണ് പ്രധാനമന്ത്രിയും ബി ജെ പി അധ്യക്ഷനും അദ്ദേഹത്തെ വിളിച്ചുവരുത്തി ഉപദേശിച്ചത്. ആ ഉപദേശം വിഡ്ഡിത്തങ്ങള് പറയുന്നത് പൂര്‍വ്വാധികം ശക്തിയോടെ തുടരാനാണോ നരേന്ദ്ര മോഡിയും അമിത ഷായും ഉപദേശിച്ചത് എന്ന സംശയമാണ് ഇപ്പോള്‍ ബി ജെ പി നിരീക്ഷകര്‍ക്കുള്ളത്.