കര്‍ണാടകം വോട്ടുചെയ്യാന്‍ തുടങ്ങി

ബാംഗ്ലൂര്‍ : കന്നഡ രാഷ്ട്രീയ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ കര്‍ണാടക ജനത വിധിയെഴുത്തു തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി നേതാക്കളും രംഗത്തിറങ്ങി കൊഴുപ്പിച്ച രാഷ്ട്രീയ മാമാങ്കങ്ങള്‍ക്കാണ് ഇന്ന് പോളിങ് ബൂത്തുകളില്‍ വിധിയെഴുതുന്നത്. കര്‍ണാടകത്തില്‍ ആകെ 2641 സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് 220, ബിജെപി 222, ദള്‍ 200 എന്നിങ്ങനെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ജനങ്ങള്‍ക്കു മുന്നില്‍ കന്നഡനാടിനെ അടുത്ത അഞ്ചു വര്‍ഷം സേവിക്കാന്‍ അവസരം തേടുന്നു.

2013 നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 70.23 ശതമാനമായിരുന്നു. ജനതാദളിന്റെ രാമകൃഷ്ണ ഹെഗ്‌ഡെയ്ക്കു ശേഷം (1985) സംസ്ഥാനത്ത് ഒരു കക്ഷിയും അധികാരം നിലനിര്‍ത്തിയിട്ടില്ല. ഈ കീഴ്!വഴക്കം. ഇക്കുറി മുഖ്യമന്ത്രി സിദ്ധരാമയ്യ തിരുത്തുമോ എന്നതാണ് പ്രധാന ചര്‍ച്ച. ചരിത്രത്തെ അനുസരിക്കാനല്ല, ഇക്കുറി തിരുത്തി കുറിക്കാനാണ് തനിക്കു നിയോഗമെന്ന് സിദ്ധരാമയ്യ ഇന്നലെ ട്വിറ്ററില്‍ എഴുതി. 1978ല്‍ ദേവരാജ് അര്‍സിനു ശേഷം അഞ്ചു വര്‍ഷത്തെ കാലാവധി തികയ്ക്കുന്ന മുഖ്യമന്ത്രി എന്ന ഖ്യാതി സിദ്ധരാമയ്യക്ക് സ്വന്തമാണ്.

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം കര്‍ണാടകയാണെന്ന് പ്രഖ്യാപനം പ്രചാരണ വേദികളില്‍ പങ്കിട്ടിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യദൂര്യപ്പ അധികാരത്തിലേറുമെന്ന ആത്മവിശ്വാസം മോദിയും അമിത്ഷായും പറഞ്ഞുകൊണ്ടിരുന്നു. 2008-13 കാലഘട്ടത്തിലെ ബിജെപി ഭരണകാലത്ത് യെഡിയൂരപ്പ ഉള്‍പ്പെടെ മൂന്നു മുഖ്യമന്ത്രിമാരാണ് മാറി മാറി അധികാര കസേരയിലിരുന്നത്. 150 സീറ്റാണ് തുടക്കത്തില്‍ ബിജെപി ലക്ഷ്യമിട്ടതെങ്കിലും, പ്രചാരണം കൊടിയിറങ്ങിയപ്പോള്‍ 130 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു അമിത്ഷായുടെ അവകാശവാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടക ജനത പക്ഷ, ബിഎസ്ആര്‍ കോണ്‍ഗ്രസ് എന്നിങ്ങനെ ബിജെപിയില്‍ നിന്നു വിഘടിച്ചു നിന്ന യദൂര്യപ്പയും ബി ശ്രീരാമുലുവുമാണ് ഇക്കുറി പാര്‍ട്ടിയുടെ പടനായകര്‍.

ജനതാദള്‍ –എസിനെ സംബന്ധിച്ച് കര്‍ണാടകത്തില്‍ അതിജീവനത്തിന്റെ പേരാട്ടമായാണ്. സംസ്ഥാന പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമി തിരഞ്ഞെടുപ്പിനെ അങ്ങിനെയാണ് വിശേഷിപ്പിച്ചത്. പതിറ്റാണ്ടിനുശേഷം അധികാരത്തില്‍ തിരിച്ചേറുമെന്ന് പാര്‍ട്ടി പ്രത്യാശിക്കുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും ദളിനും പുറമെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി18), ആംആദ്മി പാര്‍ട്ടി (28), സിപിഎം (19), സിപിഐ (2) തുടങ്ങിയവരും 1106 സ്വതന്ത്രരും മത്സരത്തിനുണ്ട്. നാല് മുന്‍ മുഖ്യമന്ത്രിമാരും ജനവിധി തേടുന്നുണ്ട്. സിദ്ധരാമയ്യ (ചാമുണ്ഡേശ്വരി, ബാദാമി), ബി.എസ്.യെഡിയൂരപ്പ (ശിക്കാരിപുര), എച്ച്.ഡി.കുമാരസ്വാമി (ചന്നപട്ടണ, രാമനഗര), ജഗദീഷ് ഷെട്ടര്‍ (ഹുബ്ബള്ളി). കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് പതിനായിരത്തോളം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ച രാജരാജേശ്വരി നഗറിലും ബി ജെ പി സ്ഥാനാര്‍ഥി ബി എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് ജയനഗറിലും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കയാണ്.

 

 

12-May-2018