ബാല ഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവെന്ന് രാജസ്ഥാനിലെ പാഠപുസ്തകം

ജയ്പുര്‍: രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ സ്വാതന്ത്ര്യ സമരസേനാനി ബാല ഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവ്. രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ പാഠപുസ്തകത്തിലാണ് ബാല ഗംഗാധര തിലകനെ 'ഫാദര്‍ ഓഫ് ടെററിസം' എന്ന വിശേഷിപ്പിച്ചിരിക്കുന്നത്. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനുമായി സഹകരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ഈ പുസ്തകം ഉപയോഗിക്കുന്നത്. ആര്‍ എസ് എസ് നിയന്ത്രിക്കുന്ന സ്‌കൂളുകളില്‍ ഈ പാഠപുസ്തകം മാത്രമേ ഉപയോഗിക്കാവു എന്ന നിര്‍ദേശമുണ്ട്.

ദേശീയ പ്രക്ഷോഭത്തിനായി ജനങ്ങളെ അണിനിരത്തിയ തിലകന്‍ ഭീകരവാദത്തിന്റെ പിതാവാണെന്നാണ് അറിയപ്പെടുന്നതെന്ന് പുസ്‌കത്തില്‍ പറയുന്നു. പുസ്തകത്തില്‍ 22ാം പാഠത്തില്‍ 267ാം പേജിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷാസമയത്ത് കുട്ടികളോട് ചോദ്യങ്ങളുമുണ്ടാവും. മഥുര കേന്ദ്രീകരിച്ചുള്ള ഒരു പബ്ലീഷറാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 18,19 നൂറ്റാണ്ടുകളിലെ ദേശീയ വിപ്ലവ സംഭവങ്ങള്‍ എന്ന ഉപതലക്കെട്ടിന് കീഴിലാണ് തിലകനെ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നത്. പബ്ലിഷിംഗ് കമ്പനിയെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് ആണെന്നുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

ബ്രിട്ടീഷ് ഓഫീസര്‍മാരുടെ വക്കാലത്തില്ലാതെ നമ്മുടെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് തിലകന്‍ വിശ്വസിച്ചിരുന്നു. ശിവജി, ഗണപതി ഉത്സവങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ സവിശേഷമായ അവബോധം സൃഷ്ടിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വാതന്ത്യത്തിന്റെ മന്ത്രം പ്രചോദിപ്പിച്ച് ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി തിലകന്‍ മാറിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. തിലകനെ ഭീകരവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കാനാണ് സാധ്യത. ചരിത്രത്തെ വളച്ചൊടിക്കുന്ന ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പാഠഭാഗങ്ങള്‍ പിറവികൊള്ളുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

 

 

12-May-2018