കര്‍ണാടകത്തില്‍ വോട്ടെടുപ്പ് മുന്നേറുമ്പോള്‍ ബി ജെ പി അക്രമങ്ങളും പ്രകോപനങ്ങളുമായി വരുന്നു

ബംഗളൂരു : കര്‍ണാടകത്തില്‍ പോളിംഗ് മുന്നേറുമ്പോള്‍ ബി  ജെ പി അക്രമത്തിലേക്ക് തിരിഞ്ഞു. പോളിംഗ് ഓഫീസറെ ബൂത്തിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടകത്തില്‍ ബിജെപി നേതാവ് അറസ്‌റ്റിലായി. ബി ജെ പി എംഎല്‍എ നാരായണസ്വാമി വോട്ടു ചെയ്യാന്‍ വന്നപ്പോഴായിരുന്നു സംഭവം. സ്വാമി വോട്ടു ചെയ്യുന്നതിന് മുമ്പ് ആരും വോട്ടു ചെയ്യരുതെന്ന് പറഞ്ഞ് വോട്ടര്‍മാരെ തടയുകയായിരുന്നു ബിജെപി പ്രവര്‍ത്തകന്‍. ബൂത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രകോപനമെന്ന് കരുതുന്നതായി സ്ഥലത്തെത്തിയ പോലീസ് സംശയം പ്രകടിപ്പിച്ചു.  

ബി ജെ പി നേതാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത പോളിങ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബംഗളൂരുവിലെ ഹബ്ബല്‍ നിയോജക മണ്ഡലത്തിലാണ് ബിജെപി  നേതാവിന്റെ ആക്രോശം. ഇതുമൂലം പത്തുമിനിറ്റ് വോട്ടിംഗ് വൈകി.

224 അംഗ നിയമസഭയില്‍,  222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് 7 മണിക്ക് തന്നെ ആരംഭിച്ചു. സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിനായി 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

പണകൊഴുപ്പേകിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പണമൊഴുക്കിന് പുറമെ ഒരുഭാഗത്ത് ബിജെപിയുടെ മതധ്രുവീകരണ പ്രചാരണത്തിനും കോണ്‍ഗ്രസിന്റെ പ്രാദേശികവാദത്തിനും സംസ്ഥാനം സാക്ഷിയായി. അവസാന ഘട്ടമായപ്പോള്‍ വ്യക്തിഗതമായ അധിക്ഷേപങ്ങളിലേക്ക് പ്രചാരണം അധഃപതിക്കുകയുമുണ്ടായി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലുമാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.അഴിമതിക്കേസില്‍ ജയിലിലായ യെദ്യൂരപ്പയല്ലാതെ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്തത് ബിജെപിക്ക് തിരിച്ചടിയായി. 19 സീറ്റില്‍ സിപിഐ എം മത്സര രംഗത്തുണ്ട്. 

 

 

12-May-2018