തലശ്ശേരി : ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷിന്റെ കുമ്പസാര വീഡിയോയിലൂടെ തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് മലയാളികള്‍ക്ക് മനസിലാക്കാന്‍ സാധിച്ചതാണ്. കുപ്പി സുധീഷിന്റെ മൊഴിയെ അപ്രസ്കതമാക്കാനും ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ പ്രചരണ ആയുധമാക്കാനും വേണ്ടി ആര്‍ എസ് എസ് നേതൃത്വവും ചില മാധ്യമ പ്രവര്‍ത്തകരും നടത്തിയ ഗൂടലോച്ചനയുടെ ഭാഗമായാണ് മാതൃഭൂമി ചാനല്‍ ഫസൽ കേസിനെക്കുറിച്ച് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ മുൻ ഡിവൈഎസ്പി കെ രാധാകൃഷ്ണന്റെ വീഡിയോയുമായി രംഗത്ത് വന്നിട്ടുള്ളത്.
ഡിവൈഎസ്പി കെ രാധാകൃഷ്ണന്റെ വിടുവായത്തത്തിനു പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. അനാശാസ്യത്തിനു പിടിക്കപ്പെട്ട് സസ്പെൻഷനിലായിരുന്ന ഈ ഉദ്യോഗസ്ഥൻ മുഖംരക്ഷിക്കാൻ വേണ്ടിയാണ്സി പിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നീചമായ ആരോപണമുന്നയിക്കുകയാണ്. അന്വേഷണം സിപിഐ എം നേതാക്കളിലേക്ക് നീണ്ടപ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി നേരിട്ട് ഇടപെട്ടുവെന്നാണ് മാതൃഭൂമി ചാനലിനു നൽകിയ അഭിമുഖത്തിൽ രാധാകൃഷ്ണന്റെ ഭാഷ്യം. പച്ചക്കള്ളമാണിതെന്ന് ഫസൽകേസിന്റെ നാൾവഴികൾ പരിശോധിക്കുന്ന ആർക്കും ബോധ്യമാകും. വഴിപിഴച്ച ഒരുദ്യോഗസ്ഥനെ മുന്നിൽ നിർത്തി തങ്ങളുടെ നെറികെട്ട രാഷ്ട്രീയ ദൗത്യം നടപ്പാക്കുകയാണ് ആര്‍ എസ് എസും മാതൃഭൂമി ചാനലും.
ആർഎസ്എസ് ആസൂത്രിതമായി നടത്തിയ ഒരു രാഷ്ട്രീയ കൊലപാതകം സിപിഐ എമ്മിന്റെ തലയിൽ കെട്ടിവയ്ക്കുന്നതിനു നടന്ന ഗൂഢാലോചനയിലെ മുഖ്യകണ്ണിയാണ് രാധാകൃഷ്ണൻ. സിബിഐ കോടതിയിൽ സമർപ്പിച്ച രേഖകളിൽനിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. ഫസൽ സഞ്ചരിച്ചതിനു തൊട്ടു പുറകിൽ ഫസലിന്റെ ഭാര്യാസഹോദരൻ അജിനാസും മറ്റു ചിലരും സഞ്ചരിച്ചുവെന്നും അവർ സംഭവം നേരിൽ കണ്ടിരുന്നുവെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കളവായി രേഖപ്പെടുത്തിയത് രാധാകൃഷ്ണനാണ്. ഈ സാക്ഷികൾ പിന്നീട് പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് മൊഴി നൽകിയതായും രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതിനുശേഷം കേസ് അന്വേഷണം ഏറ്റെടുത്ത എല്ലാ ഉദ്യോഗസ്ഥരും ഈ മൊഴികൾ തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്‐ സിബിഐ ഇൻസ്പെക്ടർ സലിം ഉൾപ്പെടെ.
സംഭവം നേരിൽ കണ്ടതായി പറയുന്ന മുഖ്യസാക്ഷി അജിനാസ് ആ സമയം വീട്ടിലായിരുന്നുവെന്ന് 2006 നവംബർ 21ന് സിബിസിഐഡിക്ക് നൽകിയ മൊഴിയിൽ സമ്മതിച്ചു. നേരത്തെ നൽകിയ മൊഴി കളവായിരുന്നുവെന്നും എൻഡിഎഫ് പ്രവർത്തകരും അഭിഭാഷകനും നിർബന്ധിച്ചതിനാലാണ് അപ്രകാരം മൊഴി നൽകിയതെന്നും അജിനാസ് പറയുന്നുണ്ട്. സിബിഐ ഉൾപ്പെടെയുള്ളവർ മൊഴി രേഖപ്പെടുത്തിയതും ഇതേ രീതിയിലാണ്. സംഭവസമയം വീട്ടിലായിരുന്നുവെന്നും പുലർച്ചെ 4.30ന് സൻസീദ് എന്നയാൾ ഫസലിന് അപകടം പറ്റിയെന്നു വിളിച്ചു പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് അജിനാസിന്റെ മൊഴി. സംഭവമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ തലശേരി സിഐ അവിടെ വീണുകിടന്ന ഫസലിന്റെ ഫോണിൽനിന്നു വിളിച്ചിട്ടാണ് സൻസീദ് അറിയുന്നതെന്നും ഫസലിന്റെ ഭാര്യാ സഹോദരനെ വിവരം അറിയിക്കാൻ സിഐ നിർദേശിക്കുകയായിരുന്നെന്നും അജിനാസ് വെളിപ്പെടുത്തുകയുണ്ടായി.
ഫസലിന്റെ ഭാര്യ മറിയുവിന്റെ മൊഴി സിബിഐ ഇൻസ‌്പെക്ടറും മറ്റുമായി അഞ്ചു വ്യത്യസ്ത ഘട്ടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചു മൊഴിയിലും അവർ ആവർത്തിച്ചു വ്യക്തമാക്കിയത് പുലർച്ചെ 4.30ന് സൻസീദ് വിളിച്ചുപറഞ്ഞാണ് സഹോദരൻ അജിനാസ് കാര്യം മനസ്സിലാക്കിയതെന്നാണ്. ഇത്തരത്തിൽ വീട്ടിലുണ്ടായിരുന്നതായി ഉറപ്പിച്ചു പറയാവുന്ന അജിനാസിനെയാണ് അഞ്ചു കിലോമീറ്റർ അപ്പുറത്തു നടന്ന സംഭവം നേരിട്ടു കണ്ടുവെന്നു പറഞ്ഞ് ഡിവൈഎസ്പി രാധാകൃഷ്ണൻ കളവായി മൊഴി രേഖപ്പെടുത്തിയത്.
അജിനാസിന്റെ കൂടെ ഉണ്ടായിരുന്നതായി പറയുന്ന അനുസും ഇതേ രീതിയിൽ സംഭവം നേരിട്ടു കണ്ടിരുന്നില്ലെന്ന് സിബിഐ മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. സാക്ഷികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും സത്യം ഇതാണെന്ന് തെളിയിക്കുന്നു. തുടക്കത്തിൽ തന്നെ അന്വേഷണം വഴിതെറ്റിച്ചതിനാൽ പിന്നീടു വന്ന അന്വേഷണ ഉദ്യോഗസ്ഥരെല്ലാം അതു പിന്തുടർന്ന് സിപിഐ എമ്മുകാരെ പ്രതികളാക്കുകയായിരുന്നു. എന്നാൽ സിപിഐ എം നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്ത ശേഷവും ഔദ്യോഗിക സാക്ഷികൾ ഉൾപ്പെടെ പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. സമാനതകളില്ലാത്ത കേസ് അനുഭവമാണിത്.
കണ്ണൂര്‍ ഡിസിആര്‍ബി ഡിവൈഎസ്പിയായിരുന്ന വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ കെ. രാധാകൃഷ്ണനെതിരെയും അദ്ദേഹത്തിന്റെ ഡ്രൈവറായ എആര്‍ പൊലീസിലെ കെ.പി സന്തോഷ് കുമാറിനെതിരായും കോട്ടയം തിരുനക്കര കുളങ്ങര രാജേഷ്, കാരാപ്പുഴ സ്വദേശി ടി.വി വിജയന്‍, കോട്ടയം തുമ്പശേരിയില്‍ അമ്മിണി എന്നിവര്‍ക്കുമെതിരായ കേസില്‍ കണ്ണൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി പി. രഘുവരന്‍ നായര്‍ തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതലയുണ്ടായിരുന്ന രാധാകൃഷ്ണനെയും മറ്റുള്ളവരെയും 2006 ഡിസംബര്‍ 14ന് രാത്രിയിലാണ് കൂവോടുള്ള വാടക വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എസ്പി മാത്യു പോളികാര്‍പ്, കണ്ണൂര്‍ ഡിവൈഎസ്പി ഹബീബ് റഹ്മാന്‍ എന്നിവര്‍ എത്തിയാണ് രാധാകൃഷ്ണനെ കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ടു നാട്ടുകാര്‍ വീടു വളഞ്ഞപ്പോഴാണ് അകത്തുള്ളത് ഡിവൈഎസ്പിയാണെന്ന് മനസ്സിലായത്. അങ്ങനെയാണ് രാധാകൃഷ്ണന്‍ സസ്‌പെന്‍ഷനിലായത്. ഇതിന് ആഭ്യന്ത വകുപ്പ് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ പഴിച്ചു സംസാരിക്കാനാണ് ആര്‍ എസ് എസ് നേതൃത്വവും ചില മാധ്യമ പ്രവര്‍ത്തകരും മുന്‍ പോലീസ് ഡിവൈഎസ്പി ആയിരുന്ന രാധാകൃഷ്ണനോട് പറഞ്ഞത്. മാതൃഭൂമി ന്യൂസ് ആ വാര്‍ത്ത പ്രാധാന്യത്തോടെ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.