രാജ്യം പൊടിക്കാറ്റില്‍ ശ്വാസം മുട്ടി. 41മരണം

ന്യൂഡല്‍ഹി : അതിശക്തമായ പൊടിക്കാറ്റിലും മഴയിലും രാജ്യത്ത് മരണം നാല്‍പ്പത്തിയൊന്നായി. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണു കാറ്റ് നാശം വിതച്ചത്. നാശനഷ്ടവും മരണസംഖ്യയും ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ബംഗാളില്‍ നാലു കുട്ടികളടക്കം 12, ഉത്തര്‍പ്രദേശില്‍ 18, ആന്ധ്രയില്‍ 9, ഡല്‍ഹിയില്‍ രണ്ടു പേര്‍ എന്നിങ്ങനെയാണു മരണസംഖ്യ.

മരങ്ങളും വൈദ്യതിതൂണുകളും മറിഞ്ഞുവീണാണു അപകടങ്ങള്‍ കൂടുതലും. മിക്കയിടത്തും റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. 10 ദിവസം മുന്‍പു യുപി, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലായി 134 പേരുടെ ജീവനുകളാണു പൊടിക്കാറ്റ് കവര്‍ന്നത്. ഡല്‍ഹിയില്‍ കാറ്റില്‍ രണ്ടുപേര്‍ മരിക്കുകയും പതിനെട്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. എഴുപതോളം വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും 24ല്‍ അധികം വിമാനസര്‍വീസുകള്‍ വൈകുകയും ചെയ്തു. മെട്രോ സര്‍വീസുകളും റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

രണ്ടു മൂന്നു ദിവസം കൂടി കാറ്റും മഴയും തുടരുമെന്ന സൂചനയാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള മലയോര മേഖലകളിലും ഒഡീഷയിലും അതിശക്തമായ കാറ്റുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ജനജീവിതത്തെ കാര്യമായി ബാധിക്കുന്ന ഓറഞ്ച് വിഭാഗത്തില്‍പെടുത്തിയിട്ടുള്ള കാറ്റിനാണു സാധ്യതയുള്ളത്. കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലും കാറ്റും മഴയുമുണ്ടാകും.

ഞായറാഴ്ച ഉച്ചതിരിഞ്ഞു പൊടുന്നനെ മാറിയ കാലാവസ്ഥയില്‍ രാജ്യതലസ്ഥാനം പതറി. ഉച്ചവരെ ചൂടേറിയ അവസ്ഥയിലായിരുന്ന ഡല്‍ഹി നഗരം വൈകിട്ട് നാലരയോടെ 'ഇരുണ്ടു'. ആകാശത്തു മഴമേഘങ്ങള്‍ നിരന്നതിനു തൊട്ടുപിന്നാലെ കനത്ത പൊടിക്കാറ്റും മഴയുമെത്തി. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 10 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. മഴ കാര്യമായില്ലെങ്കിലും അതിശക്തമായാണു പൊടിക്കാറ്റ് വീശുകയാണ്.

നോയിഡയില്‍ മെട്രോ സര്‍വീസ് അരമണിക്കൂറോളം നിര്‍ത്തി. ഡല്‍ഹിയിലും ഗുരുഗ്രാമിലും നോയിഡയിലുമാണു പൊടിക്കാറ്റ് ആഞ്ഞടിച്ചത്. പലയിടത്തും റോഡിലേക്കു മരങ്ങള്‍ വീണതു ഗതാഗത തടസ്സമുണ്ടാക്കി. രാവിലെ എട്ടരയ്ക്ക് 30.6 ഡിഗ്രിയായിരുന്നു താപനില. ഇതാണു വൈകിട്ടോടെ മാറിമറിഞ്ഞത്. പൊടിക്കാറ്റും മഴയും സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും യാത്ര പുറപ്പെടും മുന്‍പു ജനങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പ് നോക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. കാലാവസ്ഥയ്ക്കനുസരിച്ചു ഡല്‍ഹി മെട്രോ സര്‍വീസുകളിലും നിയന്ത്രണമുണ്ടാകും. ഇലക്ട്രിക് ലൈനുകള്‍ക്കു താഴെയും തകര മേല്‍ക്കൂരയ്ക്കും മരങ്ങള്‍ക്കും ചുവടെയും കൊടുങ്കാറ്റ് സമയത്തു നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ഇടിയോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 50-70 കിലോമീറ്റര്‍ വേഗതയിലായിരിക്കും കൊടുങ്കാറ്റ് വീശുക.

14-May-2018