എടപ്പാള്‍ തിയറ്റര്‍ പീഡനം മൊയ്തീന്‍കുട്ടിയും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍

തൃത്താല : അമ്മയുടെ സഹായത്തോടെ സിനിമാ തിയറ്ററില്‍ വെച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) ഗള്‍ഫില്‍ വന്‍ വ്യവസായി. അബുദാബിയില്‍ ആണ് ഇയാളുടെ പ്രധാന വ്യവസായം ഉള്ളത്. വെള്ളി ആഭരണങ്ങളുടെ ജ്വല്ലറിയാണവിടെയുള്ളത്.  ദുബായ് ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും ബിസിനസ് പങ്കാളിത്തമുണ്ട്. ഗള്‍ഫില്‍ വിവിധ സ്ഥലങ്ങളില്‍ ജ്വല്ലറി ഉടമയായ ഇയാള്‍, കേരളത്തില്‍ നിന്നും  വിദേശത്തേക്ക് കടക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗള്‍ഫില്‍ മുസ്ലീംലീഗ് നിയന്ത്രണത്തിലുള്ള പ്രവാസി മലയാളികളുടെ സംഘടനയായ കെഎംസിസിയുടെ നേതാവാണ് അറസ്റ്റിലായ മൊയ്തീന്‍കുട്ടി. ഏറെക്കാലമായി കുടുംബത്തോടൊപ്പം അബുദാബിയില്‍ ആയിരുന്നു. അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറ്റിയത്. ഇയാളുടെ മക്കളില്‍ ഒരാള്‍ അബുദാബിയില്‍ ഉന്നതജോലിയിലാണുള്ളത്. മൊയ്തീന്‍കുട്ടിക്ക് നാട്ടിലും ധാരാളം ബിസിനസ് സ്ഥാപനങ്ങള്‍ ഉണ്ട്. ഇലക്ട്രോണിക് കടയും വാടകയ്ക്ക് നല്‍കുന്ന കടമുറികളുമാണ് ഏറെയും.

ബാലികയെ പീഡിപ്പിച്ച പ്രതിയും കുട്ടിയുടെ മാതാവും ഏറെനാളത്തെ അടുപ്പക്കാരെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി മൊയ്തീന്‍കുട്ടി സമ്മതിച്ചു. ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയുടെ മാതാവ്. കഴിഞ്ഞമാസം 18ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. യാത്രയ്ക്കിടെയാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കാണാമെന്ന് ഇരുവരും തീരുമാനിച്ചത്. മൊയ്തീന്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്ത്രീയുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കുട്ടിയുടെ മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്നാണ് മൊയ്തീന്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതി മൗനമവലംബിച്ചു. മകളെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നും മാതാവ് മൊഴികൊടുത്തതായി സൂചനയുണ്ട്. രണ്ടുപേരും അവസാനം കുറ്റം സമ്മതിച്ചതായി ഡി വൈ എസ് പി ഷാജി വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

തിയറ്ററിലേക്കു കുട്ടിയെ എത്തിച്ച അമ്മയും അറസ്റ്റിലായി. സിനിമ കണ്ടിരുന്നതിനാല്‍ പീഡനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. കുട്ടിയുടെ അമ്മയ്ക്കു ദീര്‍ഘനാളായി മുഖ്യപ്രതി മൊയ്തീനുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സ്ത്രീയ്ക്ക് മൂന്നു പെണ്‍കുട്ടികളാണുള്ളത്. ഇതില്‍ ഏറ്റവും ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മറ്റു രണ്ടു പെണ്‍കുട്ടികള്‍ യുപി, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നു. സ്ത്രീയുടെ ഭര്‍ത്താവ് അടുത്തിടെയാണ് ഗള്‍ഫിലേക്ക് പോയത്. കുട്ടിയെ പീഡിപ്പിച്ച മൊയ്തീന്‍കുട്ടിയുടെ കോട്ടേഴ്‌സിലാണ് സ്ത്രീയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്നത്. ഇയാള്‍ക്ക് ഇത്തരത്തില്‍ വേറെയും കോട്ടേഴ്‌സുകള്‍ ഉണ്ട്. പീഡനത്തിന് ഇരയായ കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. 26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഇന്നലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്. മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി അറസ്റ്റിലായത്.

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെയും പോക്‌സോ പ്രകാരം കേസെടുക്കാന്‍ നിര്‍ദേശം. ബാലപീഡനത്തിനു തെളിവു സഹിതം പരാതി നല്‍കിയിട്ടും എസ്‌ഐ കെ.ജി. ബേബി നടപടിയെടുക്കാതിരുന്നതിനെത്തുടര്‍ന്നാണു തീരുമാനം. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ബേബിയെ നേരത്തേ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

14-May-2018