പ്രമുഖ സിനിമാ നടന്‍ കലാശാല ബാബു അന്തരിച്ചു.

കൊച്ചി : പ്രമുഖ സിനിമാ നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു. പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.

ലളിതയാണ് ഭാര്യ. ശ്രീദേവി(അമേരിക്ക), വിശ്വനാഥന്‍(അയര്‍ലണ്ട്)എന്നിവര്‍ മക്കളാണ്. മരുമകന്‍ ദീപു(കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍അമേരിക്ക). സഹോദരങ്ങള്‍ ശ്രീദേവി രാജന്‍(നൃത്തക്ഷേത്ര,എറണാകുളം), കലാ വിജയന്‍(കേരള കലാലയം,തൃപ്പൂണിത്തുറ), അശോക് കുമാര്‍, ശ്രീകുമാര്‍, ശശികുമാര്‍.

തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനടുത്ത് റോയല്‍ ഗാര്‍ഡന്‍സിലായിരുന്നു താമസം. നാടകാഭിനയത്തില്‍ തുടങ്ങി സീരിയല്‍ രംഗത്ത് എത്തിയ ബാബു സിനിമയിലേക്ക് തിരിയുകയായിരുന്നു. ടു കണ്‍ട്രീസ് , റണ്‍വേ, ബാലേട്ടന്‍, കസ്തൂരിമാന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളില്‍ അഭിനയിച്ചു.

 

 

14-May-2018