പ്രളയവും സെല്‍ഫികളും
ഡോ. ശുഭ സച്ചിതാനന്ദ്
ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയരുത് എന്നാണ് നമ്മളോടൊക്കെ മുതിര്‍ന്നവര്‍ ഉപദേശിക്കാറുള്ളത്. എന്നാല്‍, ഇന്ന് സെല്‍ഫി ഭ്രമം കൊണ്ടും, നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ നാലാളുകളെ അറിയിക്കണമെന്നുള്ളതുകൊണ്ടും സെല്‍ഫികള്‍ വ്യാപകമാവുന്നു. അത്തരം സെല്‍ഫികള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കാവുന്ന മാനസിക പിരിമുറുക്കങ്ങള്‍ പരിഗണിക്കാതെ അവ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ആത്മരതിയുടെ സെല്‍ഫികള്‍ രോഗഗ്രസ്തമായ മാനസിക നിലയുടെ ആവിഷ്കാരങ്ങള്‍ കൂടിയാണ്. ഈ പ്രവണത ആരോഗ്യകരമായ സമൂഹം എന്ന് ഊറ്റം കൊള്ളുന്ന നമുക്ക് ചേര്‍ന്നതാണോ? |
സെല്‍ഫി, പുതു തലമുറയ്ക്കൊരു ഹരമാണ്. പുതുതലമുറയെ പഴിയ്ക്കുന്ന പഴമക്കാരും സെല്‍ഫിയെടുക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഒഴിവാക്കാറില്ല. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരെല്ലാം സെല്‍ഫികളില്‍ അഭിരമിക്കാറുണ്ട് എന്നുപറഞ്ഞാല്‍ തെറ്റാവില്ല. ആരോഗ്യകരമായും ആപല്ക്കരമായും സെല്‍ഫികള്‍ എടുക്കാം. ഇപ്പോള്‍ ആപല്‍ക്കരമായ നലയില്‍ സെല്‍ഫി എടുക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. പലപ്പോഴും സെല്‍ഫിയിലൂടെ മരണത്തിലേക്ക് നടന്നുകയറുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക് മുന്നിലേക്കെത്താറുണ്ട്. സെല്‍ഫി ഇല്ലാതെ എന്താഘോഷം എന്ന പുതുതലമുറയുടെ വാക്കുകള്‍ എല്ലാവരും പിന്താങ്ങുമ്പോള് സെല്‍ഫി പലപ്പോഴും അനാരോഗ്യകരമായി മാറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ദുരന്തകാലത്തെ സെല്‍ഫികള്‍
കഴിഞ്ഞതൊണ്ണൂറു വര്‍ഷത്തെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തെ നടുക്കി കടന്നുപോയത്. ഏതാണ്ട് നാനൂറോളം പേര് മഴക്കെടുതിയില്‍ മരണപ്പെട്ടു. പന്ത്രണ്ടായിരത്തോളം വീടുകള്‍ പൂര്‍ണമായി നശിച്ചു. പൂര്‍ണമായി നശിച്ചില്ലെങ്കിലും പ്രളയ ബാധിതമായി നാശോന്മുഖമായ ലക്ഷങ്ങളോളം വീടുകള്‍ വേറെയുമുണ്ട്. അതോടൊപ്പം നാമാവശേഷമായ ചെറുകിട/ഇടത്തരം കച്ചവടങ്ങളും വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, പണിയായുധങ്ങള്‍ തുടങ്ങി പ്രധാന രേഖകളും മറ്റും നാശനഷ്ടങ്ങളുടെ പട്ടികയിലേക്ക് കയറിക്കൂടി. ദുരന്ത പര്‍വത്തിന്റെ മഹാശേഷിപ്പുകളില് ചിലത് മാത്രമാണ് ഇവ.
ഇതിനിടയില്‍ സംഭവിച്ച സെല്‍ഫി ദുരന്തങ്ങള്‍ കാണാനും നാം നിര്‍ബന്ധിതരായി. മഴയുടെ സംഹാരതാണ്ഡവ ഭാവത്തെ വെല്ലുവിളിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ രക്ഷപ്പെടാനെന്ന ഭാവേന രക്ഷാദൗത്യം നടത്തുന്ന ഹെലികോപ്ടറിനെ താഴേക്ക് വിളിച്ചു വരുത്തുകയും സെല്‍ഫി എടുത്തതിനുശേഷം ഹെലികോപ്ടറിനോട് പോകാന്‍ പറയുന്നതും നാം കണ്ടു. ഡാം തുറന്നുവിടുന്ന സമയത്തുള്ള മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് വെള്ളപാച്ചിലിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫികള്‍ എടുത്തവരുടെ ഫോട്ടോകളും പ്രചരിച്ചു. മറ്റ് ചിലരാവട്ടെ അനാവശ്യ ലൈവുകളിലൂടെ കുറച്ചുകൂടുതല്‍ സമയം തന്നെ വിനിയോഗിച്ചു.
എന്തുകൊണ്ട് സെല്‍ഫി?
സ്വന്തം പ്രതിരൂപം കാണുവാനുള്ള അദമ്യമായ ത്വര ആണ് സെല്‍ഫികള്‍ ഇത്രമേല്‍ പ്രചാരം നേടുവാന്‍ കാരണം. സ്വന്തം രൂപത്തില്‍ അത്യധികം ആകൃഷ്ടനാവുകയും അതില്‍ അഭിരമിക്കുകയും ചെയ്യുന്ന സ്വഭാവത്തെ നാര്‍സിസിസ്റ്റിക് പേഴ്സണാലിറ്റി എന്ന് പറയുന്നു. ഈ അവസ്ഥയാണ് അമിതമായ സെല്‍ഫി പ്രണയത്തിന്റെ കാരണങ്ങളില്‍ ഒന്ന്. സ്വന്തം രൂപത്തില്‍ അമിതമായി ആകൃഷ്ടരാകുന്നവര്‍ വ്യത്യസ്തര്‍ ആകുവാനും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റുവാനും എത്ര അപകടം പിടിച്ച കാര്യങ്ങളും ചെയ്യും. നാം കണ്ട പല സെല്‍ഫികളും അത്തരത്തിലുള്ളവയാണെന്ന് മനസിലായിരിക്കുമല്ലൊ.
കേരളം ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. എങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മേല്‍ക്കൂര വരെ ചെളി അടിഞ്ഞ വീടുകള്‍ വരെ ഉണ്ട്. ചില വീടുകളില്‍ മണല്‍ നിറഞ്ഞു കിടക്കുന്നു. ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും ഉപയോഗ ശൂന്യമായിരിക്കുന്നു. പാമ്പുകളടക്കമുള്ള ജീവികള്‍ വീടുകളുടെ ഉള്ളില്‍ വാസമുറപ്പിക്കാന്‍ പറ്റുമോ എന്നന്വേഷിക്കുന്നു. വീട്ടുപകരണങ്ങള്‍ പലര്‍ക്കും നഷ്ടപ്പെട്ടുപോയിരിക്കുന്നു. അവിടെ ശുചീകരണത്തിനായി എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ വലിയ മനസുള്ളവരാണ്. അവര്‍ വലിയ കാര്യമാണ് ചെയ്യുന്നത്.
ഈ ശുചീകരണ യജ്ഞത്തിനെത്തിയവരില് ചുരുക്കം ചിലര്‍ തങ്ങളുടെ ചിത്രങ്ങള്‍ എടുക്കുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് എത്ര നിഷ്കളങ്കമായി ചെയ്യുന്നതാണെങ്കിലും ആ ഫോട്ടോകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ സ്വകാര്യത പോലും പരിഗണിക്കാതെയാണ് ഇത് ചെയ്യുന്നത്. തങ്ങളുടെ താറുമാറായ വീടുകള്‍ വൃത്തിയാക്കിയവരോട് ആ കുടുംബാംഗങ്ങള്‍ക്ക് കടപ്പാടുണ്ടാവും. വൃത്തിയാക്കുന്ന സമയത്ത് പ്രത്യേകിച്ചും. അപ്പോള്‍ സ്വാഭാവികമായും സെല്ഫികളെടുക്കുമ്പോള് അവര്‍ എതിര്‍ക്കുകയില്ല. മനസില്‍ നാളെ എങ്ങിനെ എന്ന ചിന്തയാണെങ്കിലും മുഖത്ത് ചിരി വരുത്തി അവര്‍ സെല്‍ഫികളില്‍ നില്ക്കും. തങ്ങളുടെ വീട് വൃത്തിയാക്കാന്‍ വന്നവരെ പിണക്കാന്‍ പാടില്ലല്ലോ. ഇത്തരം സന്ദര്‍ഭങ്ങളില്‍ സെല്‍ഫി വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വിവേചന ബുദ്ധിയാണ് ആരോഗ്യപരമായ മനസുകളുള്ളവര്‍ പ്രകടിപ്പിക്കുക.
ആത്മരതി
ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയരുത് എന്നാണ് നമ്മളോടൊക്കെ മുതിര്‍ന്നവര്‍ ഉപദേശിക്കാറുള്ളത്. എന്നാല്‍, ഇന്ന് സെല്‍ഫി ഭ്രമം കൊണ്ടും, നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ നാലാളുകളെ അറിയിക്കണമെന്നുള്ളതുകൊണ്ടും സെല്‍ഫികള്‍ വ്യാപകമാവുന്നു. അത്തരം സെല്‍ഫികള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കാവുന്ന മാനസിക പിരിമുറുക്കങ്ങള്‍ പരിഗണിക്കാതെ അവ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ആത്മരതിയുടെ സെല്‍ഫികള്‍ രോഗഗ്രസ്തമായ മാനസിക നിലയുടെ ആവിഷ്കാരങ്ങള്‍ കൂടിയാണ്. ഈ പ്രവണത ആരോഗ്യകരമായ സമൂഹം എന്ന് ഊറ്റം കൊള്ളുന്ന നമുക്ക് ചേര്‍ന്നതാണോ?
26-Sep-2018
Guest Author
ഡോ. ശുഭ സച്ചിതാനന്ദ്
ഡോ. സുനിൽ പി കെ
ഡോ. ഷീന ജി സോമന്
ഡോ. ഷീന ജി സോമന്