പാമ്പുകടിയേറ്റാൽ എന്തു ചെയ്യണം?
Guest Author
പാമ്പുകടിയേറ്റാൽ കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നത് സാധാരണമാണ്. പാമ്പുകടിയേറ്റാൽ കൃത്യമായ അറിവില്ലാതെ പലപ്പോഴും നമ്മൾ ചെയ്യാറുള്ള കാര്യങ്ങൾ വിപരീതഫലമുളവാക്കുന്നതാണ്.
ചോദ്യം : പാമ്പുകടിയേറ്റാൽ മുറിവേറ്റഭാഗത്തിനു മുകളിൽ ചരടുപയോഗിച്ച് കെട്ടുക, മുറിവായിൽ നിന്ന് രക്തമൂറ്റിക്കളയുക എന്നതൊക്കെയാണ് ആളുകൾ സാധാരണയായി ചെയ്യാറ്. ഇതിൽ ഏതാണ് വിഷം ശരീരത്തിൽ പടരാതിരിക്കാൻ സഹായകമാകുന്നത്?
ഉത്തരം: ഇതു രണ്ടും ശരിയായ പ്രവൃത്തികളല്ല. മുറിവേറ്റഭാഗത്തിനു മുകളിൽ ചരടുപയോഗിച്ച് കെട്ടുന്നത് പലപ്പോഴും ഉപകാരത്തെക്കാളേറെ ഉപദ്രവമാണ് ചെയ്യുന്നത്. ചരടിന്റെ മുറുക്കം കൂടിപ്പോയാല്‍ ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും പിന്നീട് അത് മുറിച്ചുകളയേണ്ടതായും വരാറുണ്ട്.
വിഷം ശരീരത്തിൽ പടരുന്നത് കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ലിംഫ് സിസ്റ്റവും (lymphatic system) ചെറിയ രക്തക്കുഴലുകളും (capillaries) വഴി പതുക്കെയാണ് വിഷം ശരീരത്തിൽ പടരുക. കടിയേറ്റ ഭാഗം ഹൃദയത്തിനു താഴെവരുന്ന രീതിയിൽ പിടിക്കുക. ഇതിന് കാലോ കയ്യോ താഴ്ത്തിയിട്ടാൽ മതിയാകും. ഇത് വിഷം പടരുന്നത് കുറയ്ക്കും.
രോഗി പരിഭ്രാന്തനാകാനും പാടില്ല: കാരണം രക്തചംക്രമണം വർദ്ധിക്കുന്നത് ശരീരത്തിൽ മുഴുവൻ വിഷം വ്യാപിക്കാനിടയാക്കും. രോഗിയെ ശാന്തതയോടെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
ചോദ്യം: വിഷം വ്യാപിക്കാതിരിക്കാൻ മറ്റെന്താണ് ചെയ്യാൻ പറ്റുക?
ഉത്തരം: നാല് ഇഞ്ച് വീതിയുള്ള പരുപരുത്ത തുണി (പട്ടീസ്) ഉപയോഗിച്ച് മുറിവു കെട്ടാം. ലിംഫിന്റെ ഒഴുക്കിനെ തടയുകയും രക്തയോട്ടം നിലനിർത്തുകയുമാണ് നമ്മുടെ ലക്ഷ്യം. പതിയെ കടിയേറ്റ ഭാഗത്തുനിന്നു തുടങ്ങി, മുഴുവൻ കാലോ കയ്യോ പൊതിയാം. മുറിവ് പൊതിയുമ്പോൾ പെരുവിരൽ കയറാൻതക്ക വിധം അയവിൽ വേണം പൊതിയാൻ.
മുറിവിൽ ഐസ്, "വിഷക്കല്ല്", പൊട്ടാസിയം പെർമാംഗനേറ്റ്, എന്നിവ പുരട്ടുന്നതും, ഇലക്ട്രിക്ക് ഷോക്കോ പൊള്ളലോ ഏൽപ്പിക്കുന്നതുകൊണ്ടും ഒരു പ്രയോജനവുമില്ല. മുറിവായിൽ നിന്ന് രക്തമൂറ്റി കളഞ്ഞതുകൊണ്ടും കാര്യമില്ല. വിഷം അത്തരത്തിൽ ശരീരത്തിൽ നിന്ന് പോകില്ല എന്നത് നമ്മൾ മനസ്സിലാക്കണം.
മുറിവേറ്റഭാഗം നീരുവന്ന് തടിക്കാന്‍ സാധ്യതയുള്ളതിനാൽ ആഭരണങ്ങളും ഇറുകിയ വസ്ത്രവും അവിടെ നിന്ന് അഴിച്ചുമാറ്റണം.
ചോദ്യം: പാമ്പുകടിയേറ്റ ആളെ നടത്തുന്നത് ശരിയാണോ ?
ഉത്തരം: തീർച്ചയായും അല്ല. നടക്കുകയോ ഓടുകയോ ചെയ്യുന്നത് വിഷം ശരീരം മുഴുവൻ വ്യാപിക്കാൻ കാരണമാകും. കടിയേറ്റ ആൾ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതാണ് നല്ലത്.
ഇടതു വശം ചരിഞ്ഞു കിടക്കുന്നതാണ് ഏറ്റവും ഉചിതം: ഇതിനെ റിക്കവറി പൊസിഷൻ (recovery position) എന്നാണ് പറയുന്നത്. കാരണം, ഛർദിച്ചാൽ ശ്വാസകോശത്തിനുള്ളിൽ പോകാതെ രോഗി സുരക്ഷിതനായിരിക്കും.
ചോദ്യം: പാമ്പുകടിയേറ്റയാളെ തദ്ദേശീയരായ പരമ്പരാഗത വിഷഹാരികളുടെ അടുക്കൽ കൊണ്ടുപോകുന്നത് സാധാരണയായി കണ്ടുവരുന്ന പ്രവണതയാണ്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം?
ഉത്തരം: പാമ്പുകടിയേറ്റ ആൾക്ക് ഏറ്റവും ആദ്യം വേണ്ടത് അടിയന്തിര പരിശോധനയും, ശുശ്രൂഷയും ആന്റിവെനം ASV കുത്തിവെയ്പുമാണ്. മറ്റെന്തും ഒരു ഭാഗ്യപരീക്ഷണമാണ്.
ചോദ്യം: പക്ഷെ ഇത്തരത്തിൽ പേരെടുത്ത പല വിഷഹാരികൾക്കും വളരെ നാളത്തെ പ്രാക്ടീസും വിജയകഥകളും ഉണ്ടല്ലോ, എന്തുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്?
ഉത്തരം: പ്രധാനമായും രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, കടിക്കുന്ന എല്ലാ പാമ്പുകളും വിഷമുള്ളവയാവണമെന്നില്ല. വിഷമുള്ള പാമ്പുകൾതന്നെ, കടിക്കുമ്പോൾ എല്ലായ്പോഴും വിഷം ശരീരത്തിലേക്ക് ഏൽക്കണം എന്നില്ല. ഇതിനെ "ഡ്രൈ ബൈറ്റ്സ്" എന്നാണ് പറയുന്നത്. അണലി, മൂർഖൻ ഇനത്തിൽപെട്ട പാമ്പുകളുടെ കടിയേറ്റുണ്ടാകുന്ന പകുതിക്കേസുകളും ഇത്തരത്തിൽ ഡ്രൈ ബൈറ്റ്സ് ആണ്. ഇത്തരം കേസുകളിൽ ചികിത്സയുടെ ആവശ്യമില്ലാതെ തന്നെ രോഗി സുഖം പ്രാപിക്കും. നാട്ടു ചികിത്സയുടെ ഫലമാണിതെന്ന് പൊതുവെ ധാരണ പരക്കുന്നത് സ്വാഭാവികം.
ഈയടുത്ത് കാലിക്കറ്റ് മെഡിക്കൽ കോളേജിൽ നടത്തിയ പഠനത്തിൽ നിന്നു മനസ്സിലായത്, പാമ്പുകടി കേസുകളിൽ നാലിൽ ഒന്ന് വിഷമില്ലാത്ത പാമ്പുകളിൽ നിന്നാണ് എന്നാണ്.
പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം (എ.എസ്.വി.) ചികിത്സയാണ് ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ളത്. എ.എസ്.വി ASV ചികിത്സയുടെ ആവിർഭാവം പാമ്പുകടിയേറ്റുള്ള മരണനിരക്ക് 50% നിന്ന് 5% വരെയായി കുറച്ചു.
ലോകത്തെല്ലായിടത്തും പാമ്പു വിഷബാധയ്ക്ക് പല തരം പച്ചമരുന്നുകൾ പ്രയോഗിച്ചു വരുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഒന്നും ഇന്നേ വരെ തെളിയിക്കപ്പെട്ടിട്ടില്ല.
അതുകൊണ്ടുതന്നെ പാമ്പുകടിയേറ്റാൽ ഒരു പരീക്ഷണത്തിന് നിൽക്കാതെ അടുത്തുള്ള ആശുപത്രിയെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്.
ചോദ്യം: കടിച്ച പാമ്പിനെ തിരിച്ചറിയുന്നത് ചികിത്സയ്ക്ക് നല്ലതാണോ? ആർക്കെങ്കിലും കടിയേറ്റാല്‍ ഉടനെ മറ്റുള്ള ആളുകൾ പാമ്പിനെ തിരക്കി പോകാറുണ്ടല്ലോ.
ഉത്തരം: പാമ്പിനെ തിരിച്ചറിയുന്നത് ചികിത്സയ്ക്ക് എന്തുകൊണ്ടും നല്ലതാണ്. എന്നാൽ പാമ്പിനെ അന്വേഷിച്ചു നടന്നു സമയം നഷ്ടപ്പെടുത്തുന്നതും, കടിയേറ്റ ആളോട് അതേപ്പറ്റി തിരക്കി പരിഭ്രാന്തി കൂട്ടുന്നതും നല്ലതല്ല. കടിച്ച പാമ്പ് അവിടെ തന്നെ നിൽക്കണമെന്നില്ല. മാത്രമല്ല, അന്വേഷിക്കുന്ന ആൾക്കും പാമ്പു കടിയേൽക്കാൻ ഇതു കരണമാകാറുണ്ട്. ഇതിനു പകരം ഒരു ഫോട്ടോ
എടുത്താൽ മിക്കവാറും
പാമ്പിനെ തിരിച്ചറിയാൻ വിദഗ്ദ്ധർക്കാവും.
ഇന്ത്യയിലെ ഭൂരിഭാഗം പാമ്പുകളുടെയും വിഷത്തെ നിർവീര്യമാക്കാൻ കഴിയുന്ന കുത്തിവയ്പ്പാണ് പോളീവാലെന്റ് ആന്റീവൈൻ (Polyvalent antivenin). ഈ കുത്തിവെയ്പ്പ് മിക്കവാറും വിഷബാധയേറ്റ എല്ലാവര്‍ക്കും നൽകാറുണ്ട്. ഇത് അണലി, മൂർഖൻ, വെള്ളികെട്ടൻ അഥവാ krait, റസ്സൽ അണലി, സോ- സ്കേൽഡ് അണലി എന്നീ പ്രധാനപ്പെട്ട നാലിനം പാമ്പുകളുടെയും വിഷത്തെ നിർവീര്യമാക്കും.
ചോദ്യം: കേരളത്തിൽ കണ്ടുവരുന്ന hump-nosed pit viper ന്റെ കടിയേറ്റാൽ എങ്ങിനെയാണ് ചികില്‍സിക്കുന്നത് ?
ഉത്തരം: ഇത്തരം കേസുകളിലാണ് ഏതിനം പാമ്പാണ് കടിച്ചതെന്നത് തിരിച്ചറിയുന്നത് സഹായകമാവുന്നത്. Hump-nosed pit viper ന്റെ ചികിത്സയ്ക്ക് ഇന്ത്യയിൽ ലഭ്യമായ polyvalent എ.എസ്.വി. ഉപയോഗിക്കാൻ പറ്റില്ല. ഇതിന് ഇന്ത്യയിൽ ഇപ്പോൾ supportive Treatment മാത്രമാണ് ഉള്ളത്. വളരെ ചെറിയ ഈയിനം അണലി കേരളത്തിലെ മലയോരഭാഗങ്ങളിലും, റബ്ബർ തോട്ടങ്ങളിലും സാധാരണ കണ്ടുവരുന്ന ഒന്നാണ്.
ചോദ്യം: കടിയേറ്റ ആളെ ആദ്യം എവിടേക്കാണ് കൊണ്ടുപോകേണ്ടത് ?
ഉത്തരം: കടിയേറ്റ ആളെ ഏറ്റവും പെട്ടെന്ന് അടുത്തുള്ള ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിൽ എത്തിക്കണം. അവിടെയെത്തുന്നതിനു മുൻപ് ആന്റിവെനം (ASV) അവിടെ ലഭ്യമാണോയെന്ന് വിളിച്ച് അന്വേഷിക്കണം.
ചോദ്യം: ആന്റിവെനം ചികിത്സയ്ക്ക് പാർശ്വഫലങ്ങളുണ്ടെന്ന് പൊതുവെ കേൾക്കാറുണ്ട്, ഇതു സത്യമാണോ ?
ഉത്തരം: ചിലയാളുകൾക്ക് അലർജി ഉണ്ടാകാറുണ്ട്. പക്ഷെ ഇതു നമുക്ക് ചികിൽസിച്ചു മാറ്റാവുന്നതേയുള്ളൂ. എ.എസ്.വി യാണ് നമുക്കിപ്പോൾ ലാഭ്യമായിമായിട്ടുള്ള ഏറ്റവും ഉത്തമമായ ചികിത്സ എന്നതു മറക്കരുത്.
ചോദ്യം: എ.എസ്.വി ((അസ്വ്) കുത്തിവെയ്പ്പ് എല്ലാപ്രായക്കാർക്കും ഒരുപോലെയാണോ?
ഉത്തരം: 8-10 യൂണിറ്റ് വരെയാണ് ആദ്യം സാധാരണയായി നൽകുക. ഇത് പ്രായമോ, ഭാരമോ അനുസരിച്ചല്ല, അകത്തുചെന്ന വിഷത്തിന്റെ അളവനുസരിച്ചാണ് നൽകുന്നത്. വിഷം അകത്തുചെന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ആദ്യം ഡോക്ടർമാർ പരിശോധിക്കും, എന്നിട്ടേ ASV കൊടുക്കൂ.
ചോദ്യം: വിഷമേറ്റാൽ എന്തൊക്കെയാണ് ലക്ഷണങ്ങൾ?
ഉത്തരം: കടിച്ച ഇടത്ത് കാര്യമായ മുറിവുണ്ടായെന്നു വരില്ല. ഛർദിയാണ് പൊതുവെ വിഷബാധയേൽക്കുന്നതിന്റെ ആദ്യലക്ഷണം.
മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവയുടെ neurotoxic വിഷമേറ്റാൽ മങ്ങിയ കാഴ്ച, കൺപോളകൾ തൂങ്ങുക, പേശികളും കഴുത്തും ക്ഷീണിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായ കേസുകളിൽ ഈ ലക്ഷണങ്ങൾ വേഗം പ്രത്യക്ഷപ്പെടാം. അതായത് കടിയേറ്റ് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ. ചികിത്സ നൽകിയില്ലെങ്കിൽ രോഗിയുടെ സ്ഥിതി വഷളാവുകയും, പേശികൾ പൂർണമായും തളർന്നു പോവുകയും ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്യും. ശ്വാസം നേരെയാവുന്നതു വരെ വെന്റിലേറ്റർ വേണ്ടിവരാറുണ്ട്.
അണലിയുടേത് പോലുള്ള ഹീമോടോക്സിക്ക് Hemotoxic വിഷപ്പാമ്പുകളുടെ കേസിൽ, മൂത്രത്തിലും, മോണയിലും, മൂക്കിലും നിന്ന് രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. ചികിത്സ വൈകിയാൽ ഹൃദയത്തിലും തലച്ചോറിലും ശ്വാസകോശത്തിലും ഇതുപോലെ രക്തസ്രാവം ഉണ്ടായേക്കാം. കിഡ്നി തകരാറിലായാൽ ഡയാലിസിസ് വേണ്ടി വരാം. അണലി വിഷബാധയാണ് ഇന്ത്യയിൽ പാമ്പു കടി മൂലമുള്ള ഏറ്റവുമധികം മരണങ്ങൾ ഉണ്ടാക്കുന്നത്.
ലേഖകൻ: Dr Rajeev Jayadevan, Senior Consultant Gastroenterologist, Deputy Medical Director, Sunrise Group of Hospitals, കൊച്ചി
കടപ്പാട്: www.imalive.in
02-May-2019
ഡോ. ശുഭ സച്ചിതാനന്ദ്
ഡോ. ശുഭ സച്ചിതാനന്ദ്
ഡോ. സുനിൽ പി കെ
ഡോ. ഷീന ജി സോമന്
ഡോ. ഷീന ജി സോമന്