കൊലചെയ്യപ്പെടുന്ന പൗരാവകാശം

മൗലികാവകാശങ്ങള്‍ എന്തെന്നുപോലുമറിയാത്ത പൗരന്മാര്‍ ഒരു വശത്ത്. അവരെ നിഷ്ഠൂരമായി വേട്ടയാടുന്ന അധികാര ഗര്‍വ്വ് മറുവശത്ത്. മനുഷ്യാവകാശ സംഘടനകള്‍, മിഴിതുറന്നിരിക്കുന്ന മാധ്യമങ്ങള്‍, ശക്തമായ ജുഡീഷ്യറി എന്നിട്ടും അവര്‍ വേട്ടയാടപ്പെടുന്നു. പോലീസിനെ-ഭരണകൂടത്തെ ഭയന്ന് ജീവിക്കുന്ന ഭാരതീയര്‍. ഭയം-വെറുപ്പ് തുടങ്ങിയ പദങ്ങള്‍ക്ക് അധികം അകലമില്ലെന്ന് ഓര്‍മ്മവേണം. നിരപരാധികളായ തങ്ങളെ ദയാരഹിതമായി വേട്ടയാടുന്നവരെ ഇരകള്‍ വെറുക്കും. അരാജകത്വത്തിന്റെ അപായബോര്‍ഡുകള്‍ ഉയരുന്നത് ഇവിടെയാണ്. 
ചിറ്റൂരിലെ വിലയേറിയ രക്തചന്ദനത്തടികള്‍ക്കൊപ്പം ചത്തുമലച്ച 'വിലയില്ലാത്ത മനുഷ്യര്‍' കുറച്ചു ദിവസങ്ങള്‍കൂടി മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചുവെന്നിരിക്കാം. പിന്നെ, തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് കുതിക്കുന്ന മുഖ്യധാരാസമൂഹത്തിന്റെ ഓര്‍മ്മകളില്‍ നിന്നുപോലും മെല്ലെമെല്ലെ അവര്‍ പടിയിറങ്ങും. അതാണ് പതിവ്. സാക്ഷി മൊഴികളും ശബ്ദിക്കുന്ന തെളിവുകളും ചേതനയറ്റ ആ പാവം മനുഷ്യരെപോലെ ഏതോ കോടതി മുറികളില്‍ പൊടിപിടിച്ചുറങ്ങും. കണ്ണുകെട്ടിയ നീതിദേവത വീണ്ടും വീണ്ടും ഭരണഘടനയെ വ്യാഖ്യാനിച്ച് കാലം കഴിക്കും!

''അവര്‍ ഒളിച്ചിരിക്കുന്ന വനാന്തര്‍ഭാഗങ്ങളില്‍ നിന്നും വയലേലകളില്‍ നിന്നും ആമനുഷ്യരെ പുത്തെത്തിക്കാന്‍ ഏറെ സമയത്തെ അനുനയം വേണ്ടി വന്നു. ഞങ്ങളെ കണ്ടയുടന്‍ തന്നെ സ്ത്രീകളെയും കുട്ടികളെയും ഉപേക്ഷിച്ച് അവര്‍ ഓടിക്കളഞ്ഞു. ഗ്രാമത്തിന്റെ ഏതാനും കിലോമീറ്റര്‍ ഉള്ളിലുള്ള പര്‍ഹയ്യ സെറ്റില്‍മെന്റില്‍ ഞങ്ങളുടെ വാഹനം അപ്പൊഴേക്കും എത്തിച്ചേരേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങളുടെ വാഹനം ഒരു ജീപ്പ് ആയിപ്പോയി. ആ പിന്നോക്കഗ്രാമത്തില്‍ ജീപ്പ് എന്നാലര്‍ത്ഥം പോലീസ് എന്നാണ്. പോലീസ് എന്നാല്‍ മൃഗീയമായ പീഡനം എന്നും അര്‍ത്ഥം. കുറ്റം ചെയ്താലും ഇല്ലെങ്കിലും ഈ മനുഷ്യര്‍ എല്ലായ്‌പ്പോഴും ശിക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. കൃത്യമായ തെളിവുകളോ വ്യക്തതയുള്ള ആരോപണങ്ങളോ ഇല്ലാതെയാണ് സമൂഹം ഇവരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നത്.''
(നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു - പി. സായ്‌നാഥ്)

മുഖ്യധാരാ മാധ്യമങ്ങളുടെ ലെന്‍സുകള്‍ നീണ്ടെത്താത്ത ഇന്ത്യന്‍ ഗ്രാമങ്ങളുടെ വിദൂരതയിലേക്ക്, യാഥാര്‍ത്ഥ്യത്തിന്റെ നഗ്നതയിലേക്ക് സഞ്ചരിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ഒന്നിലെ പരാമര്‍ശമാണിത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ആദിവാസി വിഭാഗങ്ങളില്‍ ഒന്നായ പര്‍ഹയ്യ വിഭാഗക്കാരെ കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണിത്. നിസ്വനായ ഇന്ത്യന്‍ പൗരന്റെ പേടി സ്വപ്നമാണ് ഇന്നും പോലീസ്. 1993-ലാണ് സായ്‌നാഥ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ അരക്ഷിതാവസ്ഥ ഇന്നും തുടരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 7-ന് ആന്ധ്രാ പ്രദേശില്‍ ചിറ്റൂരിലെ ചന്ദ്രഗിരിയില്‍ ശേഷാചലം വനമേഖലയില്‍ രണ്ടിടത്തായി 20 തൊഴിലാളികളെ കൊന്നുതള്ളിയത് ഈ പരമ്പരയിലെ ഒടുവിലത്തെ വാര്‍ത്ത. രണ്ടുകോടിയോളം വിലവരുന്ന ഒരു ടണ്‍ രക്തചന്ദനതടികള്‍ അവിടെ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു റിപ്പോര്‍ട്ട്. ആ മരക്കഷണങ്ങള്‍ക്ക് വിലയിട്ടവര്‍ക്ക് ചത്തുമലച്ച മനുഷ്യരുടെ വില നിശ്ചയിക്കാനാകുമോ? ഇത് വായിച്ചവസാനിപ്പിക്കേണ്ട വാര്‍ത്തയല്ല. കാട്ടുനീതിയുടെ രേഖയല്ല ഇന്ത്യന്‍ ഭരണഘടന. ഐ.പിസി.യും സി.ആര്‍.പി.സിയും പല്ലിനുപകരം പല്ലെന്നും കണ്ണിനുപകരം കണ്ണെന്നുമല്ല അനുശാസിക്കുന്നതും. ഒരു മനുഷ്യനെയും (കുറ്റാരോപിതനാണെങ്കില്‍കൂടി) അരും കൊലചെയ്യാന്‍, ഒന്നുപ്രഹരിക്കാന്‍പോലും ഭരണഘടന അനുവാദം നല്‍കുന്നില്ല. എന്നിട്ടും പൗരാവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്ന ഒരു രാഷ്ട്രമായി എങ്ങനെ നാം അധ:പതിച്ചു?

ചിറ്റൂരില്‍ കൊല്ലപ്പെട്ടവര്‍ കുപ്രസിദ്ധരായ ചന്ദനകള്ളക്കടത്തു സംഘാംഗങ്ങളാണെന്നും പോലീസിനെ ആക്രമിക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ത്തതാണെന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഒറ്റനോട്ടത്തില്‍ തന്നെ അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍പോലും മണിക്കൂറുകള്‍ക്കകം സംഭവത്തില്‍ പ്രതികരിച്ചതും. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അനേ്വഷണത്തിന് ശുപാര്‍ശ ചെയ്തു. കമ്മീഷനുമുന്‍പാകെ, പോലീസിനെതിരെ മൊഴിനല്‍കിയവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സി.ബി.ഐ അനേ്വഷണം ആവശ്യപ്പെടും കുറ്റക്കാര്‍ക്കെതിരെ കൊലകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച ഹര്‍ജി ഹൈദ്രാബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊല്ലപ്പെട്ട തൊഴിലാളികളില്‍ ഒരാളുടെ ഭാര്യയായ മുനിയമ്മാള്‍ മദ്രാസ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ മൊഴിനല്‍കിയ രണ്ടുപേരും വെളിപ്പെടുത്തിയത്, പോലീസിന്റെ ഔദേ്യാഗിക വിശദീകരണത്തിന്റെ അടിത്തറയിളക്കുന്ന വിവരങ്ങളാണ്. ''തമിഴ്‌നാട്ടിലെ തിരുട്ടുണിയില്‍ നിന്നും ആന്ധ്രയിലെ റെനിഗുണ്ടയിലേക്കുള്ള ബസില്‍ ഞങ്ങള്‍ യാത്ര ചെയ്യുകയായിരുന്നു. ബസിനുള്ളില്‍ കയറിയ പോലീസ് സംഘം എനിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ഗ്രാമീണരെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയി. ഞാന്‍ രക്ഷപ്പെട്ടത്, മറ്റുള്ളവരില്‍ നിന്നും മാറി മറ്റൊരു സീറ്റില്‍ ഇരുന്നതുകൊണ്ടാണ്. എന്റെ സീറ്റില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടത്.'' ചിറ്റൂര്‍ കൂട്ടക്കൊലയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് പോലീസ് തനിക്കൊപ്പം ഉണ്ടായിരുന്നവരെ പിടിച്ചുകൊണ്ട് പോയതെന്ന് ഈ ദൃക്‌സാക്ഷി വിവരിക്കുന്നു. മറ്റൊരാള്‍ വിശദമാക്കിയത്, ''ഞങ്ങള്‍ ഏഴുപേരുണ്ടായിരുന്നു. ഒരിടത്ത് ബസ് നിര്‍ത്തിയപ്പോള്‍ വെള്ളം കുടിക്കാന്‍ ഞാന്‍ പുറത്തിറങ്ങി. തിരിച്ചുവരുമ്പോള്‍ മറ്റ് ആറ് പേരെയും പോലീസ് പിടിച്ചുകൊണ്ട് പോകുന്നതാണ് കണ്ടത്.'' ഈ ദൃക്‌സാക്ഷിമൊഴികളിലൂടെ ആസൂത്രിതമായ കൂട്ടക്കൊലയുടെ ചുരുള്‍ നിവരുന്നു.

മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തുന്ന പലചോദ്യങ്ങള്‍ക്കും സ്വീകാര്യമായ മറുപടി പറയാന്‍ അധികൃതര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഭൂരിഭാഗം പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും മുഖത്തും കഴുത്തിന്റെ പുറകിലുമാണ്. ആസൂത്രിതവും ഏകപക്ഷീയവുമായ വെടിവെയ്പാണ് നടന്നത് എന്ന് മൃതശരീരങ്ങളില്‍ കണ്ട മുറിവുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ചിലരുടെ ശരീരത്തില്‍ പൊള്ളിയ അടയാളങ്ങളും ഉണ്ടായിരുന്നതായി ചിലമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസ് പറഞ്ഞത് സൂര്യതാപമേറ്റ് പൊള്ളിയതായിരിക്കാം എന്നാണ്! മറ്റൊരു പ്രധാനകാര്യം, കര്‍മ്മസേനയിലുണ്ടായിരുന്നതായി പറയപ്പെടുന്ന പോലീസുകാര്‍ക്ക് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ്. ഏകപക്ഷീയമായ ആക്രമണം, അല്ലെങ്കില്‍ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി-പുറത്തുവരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം ഇതു മാത്രമാണ്.
തമിഴ്‌നാട്ടില്‍ നിന്നും തൊഴില്‍ തേടി, വിശപ്പിന് വകതേടിവന്ന പട്ടിണിക്കോലങ്ങളാണ് ആന്ധ്രാപ്രദേശ് പോലീസിന്റെ പ്രതേ്യക കര്‍മ്മസേനയുടെ തോക്കിന്‍കുഴലില്‍ പെട്ടുപോയത്. ഇവര്‍ ചന്ദനതടികള്‍ മുറിക്കാന്‍ വന്ന സംഘാംഗങ്ങള്‍ തന്നെയെന്ന പോലീസ് വാദം ശരിവച്ചാല്‍ തന്നെ ഇവര്‍ക്കു പിന്നിലെ കൊള്ളത്തലവന്‍മാര്‍ എവിടെ? കോടികള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലവരുന്ന രക്തചന്ദന കടത്തിന് നേതൃത്വം നല്‍കുന്ന വന്‍തോക്കുകള്‍ക്കുനേരെ ഒന്നു വിരല്‍ ചൂണ്ടാന്‍ പോലും ഒരു കര്‍മ്മസേനക്കും ധൈര്യം വരുന്നില്ല. ഇതാണ് വര്‍ത്തമാനകാല ഇന്ത്യയുടെ ദുര്യോഗവും!

ശേഷാചലം വനമേഖല രക്തചന്ദന മരങ്ങളാല്‍ സമ്പന്നമാണ്. വര്‍ഷങ്ങളായി വന്‍ ചന്ദന കള്ളക്കടത്ത് ഈ മേഖലയില്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി ഈ രക്തചന്ദനക്കാടുകളില്‍ ഒരുപാട് മനുഷ്യരുടെ രക്തം ചിതറുന്നുണ്ട്. 2011-ല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വാരാഡി എന്ന ഒരു തൊഴിലാളി 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടതായി വാര്‍ത്തപുറത്തുവന്നു. 2012 ഡിസംബറില്‍ തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള മുരുഗന്‍ കൊലചെയ്യപ്പെട്ടു, 2014-ല്‍ സംബാരിയാന്‍ മണി എന്ന ഒരു തമിഴ് തൊഴിലാളിയും കൊല്ലപ്പെട്ടു. 2013 ഡിസംബറില്‍ ചന്ദനക്കടത്ത് തടയാന്‍ ശ്രമിച്ച രണ്ട് ഫോറസ്റ്റ് ഉദേ്യാഗസ്ഥരും കൊലചെയ്യപ്പെട്ടു. 2011 മുതലുള്ള കണക്കുകള്‍ പ്രകാരം 11 തൊളിലാളികള്‍ 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെപ്പേര്‍ തടവിലാവുകയും ചെയ്തു. ഇവരെല്ലാം ഗോത്രവര്‍ഗ്ഗക്കാരോ തികച്ചും സാധാരണക്കാരായ ഗ്രാമീണരോ ആണ്. പട്ടിണിയും ജീവിത പിന്നോക്കാവസ്ഥയുമാണ് ഈ മനുഷ്യരെ രക്തചന്ദനമാഫിയയുടെ കെണിയില്‍ പെടുത്തുന്നത്. National  Campign for Denotified Tribes Human Rights (NCDNTHR) എന്ന സംഘടന 2014-ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, ചന്ദനക്കടത്തു സംഘത്തില്‍പ്പെട്ട പ്രാദേശിക ധനാഢ്യരാരെങ്കിലും പോലീസ് പിടിയിലായാല്‍ വളരെവേഗം അവര്‍ക്ക് ജാമ്യം തരപ്പെടും. എന്നാല്‍ ഭൂരിപക്ഷം വരുന്ന ഗോത്രവിഭാഗക്കാരായ തൊഴിലാളികള്‍ കൊലക്കുറ്റത്തിനോ കൊലപാതക ശ്രമത്തിനോ ശിക്ഷിക്കപ്പെടുകയുമാണ് പതിവ് NCDNTHR-ന്റെ പഠനസംഘത്തിന് നെല്ലൂര്‍ ജില്ലാ ജയിലില്‍ മാത്രം ഇത്തരത്തില്‍ 440 തൊഴിലാളികള്‍ തടവില്‍ കഴിയുന്നത് കാണാന്‍ കഴിഞ്ഞു. ഇവരില്‍ 236 പേര്‍ കൊലക്കുറ്റത്തിനും മറ്റുള്ളവര്‍ വധശ്രമക്കേസിനും വിചാരണ നേരിടുന്നവരായിരുന്നു. ചന്ദനക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങളുടെ ഇരയായി തീരുന്നതും ഇത്തരം തൊഴിലാളികള്‍ തന്നെയാണ്. ബസില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി കുറ്റം ചുമത്തി ജയിലിടയ്ക്കുന്നത് പതിവാണ് എന്ന് ചഇഉചഠഒഞ അന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ചിറ്റൂരില്‍ കൊല്ലപ്പെട്ടവരും ഇതുപോലെ ബസുകളില്‍ നിന്നും പോലീസ് പിടിച്ചുകൊണ്ടു പോയവര്‍ തന്നെയാണെന്ന തെളിവുകള്‍ കൂടി ചേര്‍ത്തു വയ്ക്കുമ്പോള്‍ കര്‍മ്മസേന നടത്തിയ''ഗ്രേറ്റ് എന്‍കൗണ്ടറിന്റെ'' രഹസ്യം ഏതൊരാള്‍ക്കും മനസ്സിലാകും.

രക്തചന്ദനവേട്ടയുടെ മറവില്‍ എല്ലായ്‌പ്പോഴും വേട്ടയാടപ്പെടുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തന്നെയാണ്. ഭക്ഷണവും ജീവിതവും തേടിയുള്ള അവരുടെ യാത്ര ജയിലിലോ തോക്കിന്‍ മുന്നിലോ അസ്തമിക്കുന്നു.
ഇതേ ദിവസം തന്നെയാണ് തെലുങ്കാനയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ടായിരുന്ന 5 പേരെ പോലീസ് വെടിവെച്ചു കൊന്നത്. സംഭവത്തെ സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചുകഴിഞ്ഞു. ജയിലില്‍ നിന്നും കോടതിയിലേക്കുള്ള യാത്രാ മദ്ധ്യേ പ്രതികളില്‍ ഒരാള്‍ സുരക്ഷാ ഉദേ്യാഗസ്ഥന്റെ കയ്യില്‍ നിന്നും തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ സായുധരായ പോലീസുകാര്‍ ആത്മരക്ഷാര്‍ത്ഥം വെടിയുതിര്‍ത്തതാണെന്നാണ് പോലീസ് ഭാഷ്യം. തീവ്രവാദ സ്വഭാവമുള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരായിരുന്നു കൊല്ലപ്പെട്ടത്. ഏതു കൊടുംകുറ്റവാളിയായാലും നിയമവ്യവസ്ഥക്ക് പുറത്തുള്ള വിധി നടപ്പാക്കലിന് (extrajudicial executions) ആര്‍ക്കും അധികാരമില്ല. മാപ്പര്‍ഹിക്കാത്ത നരമേധമാണത്. ഭരണകൂടം (State) ആണ് ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. വെടിയുതിര്‍ത്ത, അതിന് ഉത്തരവിട്ട ഉദ്യോഗസ്ഥരല്ല.

2004 ജൂണില്‍ ഇസ്രത്ജഹാനെ കൊലപ്പെടുത്തുമ്പോള്‍ പ്രായം 19 മാത്രമായിരുന്നു. മലയാളിയായ പ്രണേഷ്‌കുമാര്‍ പിള്ള, സൊറാഹുബുദ്ദീന്‍ ഷേയ്ഖ്, തുളസീറാം പ്രജാപതി... ഗുജറാത്തില്‍ ഒരു ഘട്ടത്തില്‍ വ്യാജ ഏറ്റുമുട്ടലുകളുടെ പരമ്പരതന്നെ അരങ്ങേറി. 2013 ജൂലൈ 5ന് ഹിന്ദുദിനപ്പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം ഒടുവിലത്തെ 4 വര്‍ഷത്തിനിടിയില്‍ രാജ്യത്ത് 555 വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഔദേ്യാഗിക രേഖകള്‍ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തത്, 2009-2010 - 103, 2010-2011 - 129, 2011-2012-197 എന്നിങ്ങനെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും കോടതികളുടെയും ഇടപെടലിന്റെ ഫലമായാണ് ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന പോലീസ് ഇക്കാര്യത്തില്‍ കുറ്റകരമായ മൗനമാണ് പാലിക്കുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യയെ സംബന്ധിച്ച 2014-2015-ലെ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ തന്നെ ഇന്ത്യയില്‍ നിയമവ്യവസ്ഥയ്ക്കു പുറത്തുള്ള വിധി നടപ്പാക്കല്‍ (extrajudicial executions) വ്യാപകമാകുന്നതില്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. നിയമവിധേയമല്ലാത്ത അറസ്റ്റും, നിയമവിരുദ്ധമായി തടവില്‍ വയ്ക്കുന്നതും രാജ്യത്ത് വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

ഭരണഘടനയുടെ 21, 22 അനുച്ഛേദങ്ങളുടെ നഗ്നമായ ലംഘനമാണ് രാജ്യത്ത് നടക്കുന്ന ഈ 'ഏറ്റുമുട്ടല്‍' പരമ്പര. ജീവിക്കാനുള്ള പൗരന്റെ അവകാശത്തിന് അടിവരയിടുന്നതാണ് അനുച്ഛേദം 21, നിയമപരമല്ലാത്ത അറസ്റ്റില്‍ നിന്നും തടവില്‍ നിന്നും പൗരന് സംരക്ഷണം നല്‍കുന്നത് 22-ാം അനുച്ഛേദവും. ഭരണഘടന പൗരന് നല്‍കുന്ന ഈ മൗലികാവകാശങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതപകര്‍ന്ന നിരവധി വിധിന്യായങ്ങളുമുണ്ടായിട്ടുണ്ട്. അറസ്റ്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കി ഡി.കെ. ബസുകേസില്‍ (1996) സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിഖ്യാതമാണ്. ഭരണഘടനയുടെ 21, 22 അനുച്ഛേദങ്ങളുടെ അന്തസത്തയ്ക്ക് ചെറു പോറല്‍പോലും ഏല്‍പ്പിക്കരുതെന്ന് കോടതി ഈ കേസില്‍ വ്യക്തമാക്കി. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും നിയമപുസ്തകങ്ങളില്‍ പൊടിപിടിച്ചുറങ്ങുന്നു. പൗരന്മാരെ ദയാരഹിതമായി ഭരണകൂടം വേട്ട തുടരുകയും ചെയ്യുന്നു. എന്ത് വിരോധാഭാസമാണിത്!

നിയമങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും അപര്യാപ്തയല്ല ഇവിടുത്തെ പ്രശ്‌നം. 'വെല്‍ഫെയര്‍ സ്റ്റേറ്റ്' എന്ന സങ്കല്‍പത്തില്‍ പണിതുയര്‍ത്തിയതാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥ. കുറ്റവാളികളെ മാനസികപരിവര്‍ത്തനത്തിന് വിധേയമാക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്ന 'റിഫമേഷന്‍ സിദ്ധാന്ത'ത്തിനായിരുന്നു ഇന്ത്യ പ്രാമുഖ്യം നല്‍കിയത്. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ സന്ദര്‍ഭങ്ങളില്‍ മാത്രമെ പ്രതിക്ക് വധശിക്ഷ നല്‍കാവു എന്ന് സുപ്രീംകോടതി വിധിച്ചത് (ബച്ചന്‍സിങ് Vsസ്റ്റേറ്റ് ഓഫ് പഞ്ചാബ്) ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. രാജ്യത്തെ ശിക്ഷാനിയമങ്ങളും ജയില്‍ നിയമങ്ങളും നിര്‍മ്മിച്ചതും റിഫമേഷന്‍ സിദ്ധാന്തത്തിന്റെ പിന്‍ബലത്തിലാണ്. എന്നാല്‍ ഈ ആശയങ്ങളുടെ പരിശുദ്ധി പലപ്പോഴായി സ്റ്റേറ്റ് തന്നെ മലിനമാക്കി. വിചാരണക്കൊടുവില്‍ വധശിക്ഷവിധിക്കാന്‍ കഴിയുന്ന കേസുകളില്‍പ്പോലും പ്രതിയെ പരമാവധി വധശിക്ഷയില്‍നിന്നും ഒഴിവാക്കണമെന്ന് നീതിന്യായ വ്യവസ്ഥ ആവശ്യപ്പെടുന്ന രാജ്യത്താണ് വിചാരണയില്ലാതെ പൗരനെ കൊന്നുതള്ളുന്നതെന്ന് ഓര്‍ക്കണം!

മൗലികാവകാശങ്ങള്‍ എന്തെന്നുപോലുമറിയാത്ത പൗരന്മാര്‍ ഒരു വശത്ത്. അവരെ നിഷ്ഠൂരമായി വേട്ടയാടുന്ന അധികാര ഗര്‍വ്വ് മറുവശത്ത്. മനുഷ്യാവകാശ സംഘടനകള്‍, മിഴിതുറന്നിരിക്കുന്ന മാധ്യമങ്ങള്‍, ശക്തമായ ജുഡീഷ്യറി എന്നിട്ടും അവര്‍ വേട്ടയാടപ്പെടുന്നു. പോലീസിനെ-ഭരണകൂടത്തെ ഭയന്ന് ജീവിക്കുന്ന ഭാരതീയര്‍. ഭയം-വെറുപ്പ് തുടങ്ങിയ പദങ്ങള്‍ക്ക് അധികം അകലമില്ലെന്ന് ഓര്‍മ്മവേണം. നിരപരാധികളായ തങ്ങളെ ദയാരഹിതമായി വേട്ടയാടുന്നവരെ ഇരകള്‍ വെറുക്കും. അരാജകത്വത്തിന്റെ അപായബോര്‍ഡുകള്‍ ഉയരുന്നത് ഇവിടെയാണ്.
ചിറ്റൂരിലെ വിലയേറിയ രക്തചന്ദനത്തടികള്‍ക്കൊപ്പം ചത്തുമലച്ച 'വിലയില്ലാത്ത മനുഷ്യര്‍' കുറച്ചു ദിവസങ്ങള്‍കൂടി മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചുവെന്നിരിക്കാം. പിന്നെ, തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് കുതിക്കുന്ന മുഖ്യധാരാസമൂഹത്തിന്റെ ഓര്‍മ്മകളില്‍ നിന്നുപോലും മെല്ലെമെല്ലെ അവര്‍ പടിയിറങ്ങും. അതാണ് പതിവ്. സാക്ഷി മൊഴികളും ശബ്ദിക്കുന്ന തെളിവുകളും ചേതനയറ്റ ആ പാവം മനുഷ്യരെപോലെ ഏതോ കോടതി മുറികളില്‍ പൊടിപിടിച്ചുറങ്ങും. കണ്ണുകെട്ടിയ നീതിദേവത വീണ്ടും വീണ്ടും ഭരണഘടനയെ വ്യാഖ്യാനിച്ച് കാലം കഴിക്കും!

23-Apr-2015

ഭാരതീയം മുന്‍ലക്കങ്ങളില്‍

More