യുവതയുടെ സമരകാഹളം
പി എ മുഹമ്മദ് റിയാസ്
കേരളത്തിലെ മഹാഭൂരിപക്ഷത്തിന് ഈ നാടിന്റെ വേരുകളെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. വിപ്ലവഭരിതമായ നിരവധി പോരാട്ടഭൂമികകളിലാണ് കേരളത്തിന്റെ വേരുകള്‍ ആണ്ടിരിക്കുന്നത്. അവിടെ നിന്നുള്ള വെള്ളവും വളവുമാണ് കേരളത്തെ പ്രബുദ്ധം എന്ന തലത്തിലേക്ക് ഉയര്‍ത്തിയത്. സമര പോരാട്ടങ്ങളാണ് കേരളീയനെ ലോകത്തിന്റെ മുന്നില്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ പര്യാപ്തനാക്കിയത്. ആ ചരിത്രത്തെ പുറംകാലുകൊണ്ട് തട്ടിയെറിഞ്ഞ് അവിടെ അരാജകത്വത്തിന്റെ അവനവനിസം തിരുകി കയറ്റാന്‍ നടത്തുന്ന പരിശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് കേരളത്തിലെ യുവതയുടെ കര്‍ത്തവ്യവും കടമയുമാണ്. അത് നിര്‍വഹിക്കേണ്ടത് നാട്ടില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെയും അഴിമതിയുടെ കെടുകാര്യസ്ഥതകള്‍ക്കെതിരെയും ഭരണകൂടത്തിന്റെ വഴിവിട്ട നടപടികള്‍ക്കെതിരെയുമായ ഉശിരന്‍ പ്രക്ഷോഭങ്ങളിലൂടെ തന്നെയാണ്. |
പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരായി സമൂഹമനസാക്ഷിയെ പുനര്‍നിര്‍മിക്കാനുള്ള പരിശ്രമത്തിലാണ് സാമ്രാജ്യത്വ വിധേയമുള്ള മാധ്യമങ്ങളും അരാഷ്ട്രീയ വാദികളും. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ച സോളാര്‍ കുംഭകോണത്തിനെതിരായ സമരം സംസ്ഥാനത്ത് കത്തിപ്പടരുമ്പോള്‍, ആ സമരവും അതിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും ശരിയല്ല എന്നാണ് വലതുപക്ഷവവും കുത്തകമാധ്യമങ്ങളും അരാഷ്ട്രീയതയുടെ പതാകവാഹകരുടെ കൂടെ പറയുന്നത്. അരാഷ്ട്രീയതയുടെ വക്താക്കള്‍ ഡല്‍ഹിയില്‍ അഴിമതിക്കെതിരെ ശബ്ദിക്കുന്ന ആം ആദ്മിയെ മഹത്തരമെന്നും കേരളത്തിലെ അഴിമതിക്കെതിയെ നടക്കുന്ന പ്രക്ഷോഭം ജനങ്ങളുടെ നെഞ്ചത്തേക്കുള്ള കടന്നുകയറ്റമെന്നും വ്യാഖ്യാനിക്കുന്നു.
കേരളത്തിലെ മഹാഭൂരിപക്ഷത്തിന് ഈ നാടിന്റെ വേരുകളെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. വിപ്ലവഭരിതമായ നിരവധി പോരാട്ടഭൂമികകളിലാണ് കേരളത്തിന്റെ വേരുകള്‍ ആണ്ടിരിക്കുന്നത്. അവിടെ നിന്നുള്ള വെള്ളവും വളവുമാണ് കേരളത്തെ പ്രബുദ്ധം എന്ന തലത്തിലേക്ക് ഉയര്‍ത്തിയത്. സമര പോരാട്ടങ്ങളാണ് കേരളീയനെ ലോകത്തിന്റെ മുന്നില്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ പര്യാപ്തനാക്കിയത്. ആ ചരിത്രത്തെ പുറംകാലുകൊണ്ട് തട്ടിയെറിഞ്ഞ് അവിടെ അരാജകത്വത്തിന്റെ അവനവനിസം തിരുകി കയറ്റാന്‍ നടത്തുന്ന പരിശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് കേരളത്തിലെ യുവതയുടെ കര്‍ത്തവ്യവും കടമയുമാണ്. അത് നിര്‍വഹിക്കേണ്ടത് നാട്ടില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെയും അഴിമതിയ്ക്കെതിരെയും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതകള്‍ക്കെതിരെയുമുള്ള ഉശിരന്‍ പ്രക്ഷോഭങ്ങളിലൂടെ തന്നെയാണ്. കേരളത്തിന്റെ ആശയും ആവേശവുമായ യുവജന പ്രസ്ഥാനം, ഡി വൈ എഫ് ഐ അത്തരത്തിലുള്ള പോരാട്ട വഴികളില്‍ സജീവമാണ്.
യുവജനസമര ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടായി മാറാന്‍ പോകുകയാണ് ഡിസംബര്‍ 23. നിയമന നിരോധനത്തിനും അഴിമതിയ്ക്കും വിലക്കയറ്റത്തിനുമെതിരെയുള്ള യുവജനമുന്നേറ്റത്തിനാണ് ഈ ദിവസം സാക്ഷ്യം വഹിക്കുക. നാട്ടിന്‍പുറങ്ങളില്‍നിന്നും ഭരണകേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുന്ന ചെറുജാഥകള്‍ ചരിത്രം സൃഷ്ടിക്കുന്ന പോരാട്ടമായി മാറും. ഓരോ യൂണിറ്റിന്റേയും ബാനറിനുകീഴിലാണ് ശുഭ്രവസ്ത്രധാരികളായ യുവജനവളണ്ടിയര്‍മാര്‍ കാല്‍നടയായി ജില്ലാകേന്ദ്രത്തിലെത്തുന്നത്. കാല്‍ ലക്ഷത്തോളം ചെറുജാഥകള്‍ ജില്ലാകേന്ദ്രങ്ങളില്‍ സംഗമിച്ച് സെക്രട്ടറിയേറ്റും/കളക്‌ട്രേറ്റുകളും വളയുന്ന സമരത്തില്‍ പ്രധാനമായും മൂന്ന് മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തുന്നത്.
നിയമന നിരോധനം
തൊഴിലെടുക്കാനുള്ള അവകാശം മൗലികാവകാശമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍പോലും നിര്‍ലജ്ജം ലംഘിക്കപ്പെടുമ്പോള്‍ പോരാട്ടമല്ലാതെ പോംവഴിയില്ല. നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന നയങ്ങള്‍ രാജ്യത്തെ യുവാക്കളെയാകെ തൊഴിലില്ലായ്മയുടെ ആഴക്കടലിലേക്ക് തള്ളിയിടുകയാണ്. രാജ്യത്തെ തൊഴില്‍ സംസ്‌കാരത്തില്‍തന്നെ കാതലായമാറ്റമുണ്ടായി. പൊതുമേഖലയും സര്‍ക്കാര്‍ സേവനസംവിധാനങ്ങളും നിര്‍ജ്ജീവമായി, സ്വകാര്യ സംരംഭങ്ങള്‍ സജീവമായി, നിയമന നിരോധനം രാജ്യത്താകെ നയമായി മാറിയത് അങ്ങനെയാണ്. കരാറുജോലിയും ദിവസക്കൂലിജോലിയും വര്‍ദ്ധിച്ചു. സ്ഥിരജോലി എന്നതും, സ്ഥിരജീവനക്കാര്‍ എന്നതും പഴങ്കഥയായി മാറുന്നു. പെന്‍ഷനും തൊഴില്‍സുരക്ഷയും മറ്റാനുകൂല്യങ്ങളും ഇല്ലാത്ത സഹചര്യം സൃഷ്ടിക്കപ്പെടുന്നു. സാമൂഹ്യസുരക്ഷിതത്വത്തിന്റെയും, സാമൂഹിക വളര്‍ച്ചയുടെയും അവശ്യഘടകമായ സംവരണം നവതൊഴില്‍മേഖലയില്‍ തീരെയില്ല.
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ സംവിധാനമായ ഇന്ത്യന്‍ റെയില്‍വെയില്‍ 1990-91 കാലഘട്ടത്തില്‍ 16.51 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. എന്നാല്‍ 2013-ല്‍ 11.82 ലക്ഷമായി കുറഞ്ഞിരിക്കുന്നു. 20 വര്‍ഷംകൊണ്ട് പുതിയ റെയില്‍വെസ്റ്റേഷനുകള്‍, നിരവധി കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാളങ്ങള്‍, നിരവധി പുതിയ വണ്ടികള്‍ തുടങ്ങി അനുദിനം വികസിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍ പുതിയ തസ്തികകളും, കൂടുതല്‍ ജീവനക്കാരെയും നിയമിക്കുന്നതിനുപകരം 5 ലക്ഷം തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സമാനസ്ഥിതിയാണ് ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകളിലും മറ്റ് പൊതുമേഖലാ വ്യവസായങ്ങളിലും. പൊതുമേഖലാ ബാങ്കുകളില്‍ ഒന്നരലക്ഷത്തിലധികം ഒഴിവുകളാണ് നികത്തപ്പെടാതെയിരിക്കുന്നത്. കേരളത്തിലെ ആകെ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ എണ്ണം 71,134 ആണ്. എന്നാല്‍ ആകെവേണ്ടത് 1,07,000 പേരും. 36,000 ത്തില്‍പരം ഒഴിവുകളാണ് കേരളത്തില്‍മാത്രം നിയമനം കാത്തുകിടക്കുന്നത്. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ തുച്ഛമായവേതനം നല്‍കിയാണ് ദിവസവേതനക്കാരെ നിയമിക്കുന്നത്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ എണ്ണം അനുദിനം പെരുകുകയാണ്. അവിടെയാകട്ടെ തൊഴില്‍സുരക്ഷ, മിനിമം കൂലി, മറ്റാനുകൂല്യങ്ങള്‍ ഒന്നുംതന്നെയില്ല.
സംസ്ഥാനത്ത് 37.09 ലക്ഷം അഭ്യസ്തവിദ്യരാണ് എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്. ഇത് ഒരു ലോകറെക്കോര്‍ഡാണ്. ലോകത്തിലേറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുടെ സാന്ദ്രതയുള്ളത് കേരളത്തിലാണ്. പി.എസ്.സിയില്‍ ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഇപ്പോള്‍ പി.എസ്.സി കണക്കുപ്രകാരം 19,541 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ ഒഴിവുകളില്‍ നിയമനം നടത്താനുള്ള യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. വിവിധ റാങ്ക് ലിസ്റ്റുകളില്‍ പേരുള്ളവരായി നിയമനം കാത്തിരിക്കുന്നവര്‍ 32,877 പേരുണ്ട്. ജോലിക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധിയും, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടുന്ന സര്‍ക്കാര്‍ യുവാക്കളെ വ്യോമോഹങ്ങളില്‍ തളച്ചിടുകയാണ്. നിയമനങ്ങള്‍ നടത്താതെ ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് വഞ്ചനയാണ്. പി.എസ്.സി വഴി നിയമനങ്ങളൊന്നും നടത്താത്ത സര്‍ക്കാരായി യു.ഡി.എഫ് സര്‍ക്കാര്‍ മാറിയിരിക്കുന്നു.
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏകദേശം 50,000 പേര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം കൊടുത്തു. കഴിഞ്ഞ ദിവസം എറണാകുളം മരടിലെ കേരാഫെഡിന്റെ ഓഫീസില്‍വച്ച് പിന്‍വാതില്‍നിയമനം നടത്താനുള്ള ശ്രമം ഡി.വൈ.എഫ്.ഐ ഇടപെട്ട് തടഞ്ഞിരുന്നു. കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് പെന്‍ഷന്‍പറ്റിയ അധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും പുനര്‍നിയമനം നടത്താനുള്ള ഉത്തരവിട്ടിരിക്കുകയാണ്. അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ജോലിക്കായി അലയുമ്പോഴാണ് യൂണിവേഴ്‌സിറ്റി ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. സിന്‍ഡിക്കേറ്റ് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലാണ്.
വിവിധ വകുപ്പുകളില്‍ ദീര്‍ഘകാലമായി ജോലിചെയ്യുന്ന താല്‍കാലിക ജീവനക്കാരെ അന്യാമായി പിരിച്ചുവിടുന്നത് പതിവായിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഓപ്പണ്‍ സ്‌കൂളില്‍ നിയമാനുസൃതം പൊതുനിയമന മാനദണ്ഡങ്ങളനുസരിച്ച് നിയമനം ലഭിച്ചവരും 5 മുതല്‍ 13 വര്‍ഷം വരെ സര്‍വ്വീസുള്ളവരുമായ 65 ജീവനക്കാരെ 2013 നവംബര്‍ 19 മുതല്‍ കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുന്നു. ഹൈക്കോടതി അംഗീകരിച്ച നിയമന പ്രക്രിയയിലൂടെ നിയമിച്ചവരെ പിരിച്ചുവിട്ടതിനുശേഷം പിന്‍വാതില്‍വഴി കോഴനിയമനത്തിനാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെയും ഉന്നത മുസ്ലീംലീഗ് നേതാക്കളുടെയും അനുമതിയുടെയും അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് തികച്ചും തൊഴിലാളിവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമായ അന്യായ പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദീര്‍ഘകാലമായി താല്‍കാലികമായി ജോലിചെയ്യുന്നവരെയും, കെ.എസ്.ആര്‍.ടി.സി എം.പാനല്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണം.
അഴിമതി, വിലക്കയറ്റം
ഇന്ത്യ അഴിമതിയുടെ റിപ്പബ്ലിക്കായി മാറിയിരിക്കുന്നു. രാഷ്ട്രം അപഹരിക്കപ്പെടുകയാണ്. 2ജി സ്‌പെക്ട്രം, കല്‍ക്കരി ഖനനം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ഐ.പി.എല്‍ കോഴ, ആദര്‍ശ് ഫ്‌ളാറ്റ്, ടട്ര ട്രക്ക് ഇടപാട് തുടങ്ങി അഴിമതിയുടെ പട്ടികയില്‍ ലോകത്തിനുമുന്നില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കാന്‍ കോണ്‍ഗ്രസിനായി. രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 9 ലക്ഷം കോടി രൂപ വിവിധ അഴിതികളിലൂടെ അപഹരിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ലോകത്തിലെ അതിസമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരിയാണ്. സൗദിയിലെ രാജാവ് ബ്രൂണോയിലെ സുല്‍ത്താന്‍ ന്യൂയോര്‍ക്ക് മേയറും കഴിഞ്ഞാല്‍ അടുത്തസ്ഥാനം സോണിയാഗാന്ധിക്കാണ്. അത്ഭുതകരമായ ഈ വളര്‍ച്ചക്കുപിന്നിലുള്ളത് അഴിമതിമാത്രമാണ്. മുന്‍ കേന്ദ്രമന്ത്രിമാരും, കോണ്‍ഗ്രസ് എം.പിമാരും അഴിമതിക്കേസില്‍ ജയിലിലടക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസുപോലും അഴിമതിയുടെ നിഴലിലാണ്.
കേരളത്തിലെ അവസ്ഥയും മറിച്ചല്ല. അഴിമതിയുടെ കാര്യത്തില്‍ തങ്ങളും ഒട്ടും പിറകിലല്ലായെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും തെളിയിച്ചിരിക്കുന്നു. സോളാര്‍, ഭൂമികുംഭകോണം, സ്വര്‍ണകടത്ത് തുടങ്ങിയ എല്ലാ അഴിമതികളുടേയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ അഴിമതികേസില്‍ ജയിലിലടക്കപ്പെട്ടു. തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുത്തിരിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സിവില്‍സപ്ലൈസ് വഴി സ്വീകരിച്ച നടപടികള്‍ രാജ്യത്തെയാകെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പൊതുവിതരണമേഖലതന്നെ അഴിമതിയുടെ കൂത്തരങ്ങായി. എഫ്.സി.ഐ ഗോടൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടികിടന്ന് നശിച്ചു. അഴിമതി ആരോപണത്തില്‍ മുങ്ങിയ സിവില്‍സപ്ലൈസ് എം.ഡി രാജിവയ്‌ക്കേണ്ടിവന്നു. ഓണം, റംസാന്‍, ക്രിസ്തുമസ് തുടങ്ങി ഉത്സവകാലങ്ങളില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സ്ഥാപിച്ചിരുന്ന പ്രത്യേക വിപണകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. കരിഞ്ചനയും, പൂഴ്ത്തിവയ്പ്പും തടയാന്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ ഗവണ്‍മെന്റിനാകുന്നില്ല. മുഖ്യമന്ത്രി മുതല്‍ മന്ത്രിസഭയിലെ എല്ലാവരും അഴിമതി ആരോപണത്തിന് വിധേയരായിരിക്കുന്നു. ഏറ്റവുമൊടുവില്‍ കയറുവികസനത്തിന്റെ പേരില്‍ മന്ത്രി അടൂര്‍ പ്രകാശും കയറുവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജും പരിവാരങ്ങളും കോടികള്‍ പൊടിച്ചുനടത്തിയ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷണത്തിലാണ്. സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ് മന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശത്തുള്ള ചുറ്റിക്കറങ്ങല്‍. മന്ത്രി 72 ദിവസം വിദേശത്തായിരുന്നു.
കോര്‍പ്പറേറ്റുകള്‍ക്ക് വര്‍ഷാവര്‍ഷം ലക്ഷകണക്കിന് കോടി രൂപ നികുതിയിളവ് നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുള്ള എല്ലാവിധ സബ്‌സിഡികളും എടുത്തുകളയുന്നു. സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായവും, രാസവള സബ്‌സിഡിയും അട്ടിമറിക്കപ്പെടുന്നു. രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകുന്നു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് തുച്ഛമായ വില ലഭിക്കുമ്പോള്‍ മാര്‍ക്കറ്റില്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് കുത്തകകള്‍ വന്‍തോതില്‍ വിലക്കയറ്റം സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ വിപണിയുടെ നിയന്ത്രണം സ്വകാര്യ മേഖലക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാരിന് വിലക്കയറ്റം തടയാന്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയുന്നില്ല. അടുത്തകാലത്തുണ്ടായ സവാള വിലക്കയറ്റം ഇതിന് ഉദാഹരണമാണ്. കര്‍ഷകര്‍ക്ക് മൂന്നും നാലും രൂപ മാത്രം ഒരുകിലോ സവാളക്ക് ലഭിക്കുമ്പോള്‍ മാര്‍ക്കറ്റില്‍ അത് കിലോയ്ക്ക് നൂറുരൂപയോളമെത്തി. ഇതിനുകാരണം കരിഞ്ചന്തയും, പൂഴ്ത്തിവയ്പ്പുമാണ്. കോണ്‍ഗ്രസിനും, ബി.ജെ.പിക്കും കോര്‍പ്പറേറ്റുകള്‍ വന്‍തോതില്‍ ഫണ്ട് നല്‍കുന്നുണ്ട്. 2008 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസിന് 1492.36 കോടി രൂപയും ബി.ജെ.പിക്ക് 769.82 കോടി രൂപയും കോര്‍പ്പറേറ്റുകളില്‍ നിന്ന് ഫണ്ട് ലഭിച്ചു. അതുകൊണ്ടുതന്നെ ഈ രണ്ട് കക്ഷികളുടെയും ഭരണത്തില്‍നിന്ന് പാവപ്പെട്ടവര്‍ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലായെന്ന് വെളിവാകുന്നു.
പാചകവാതകത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ചതിനുശേഷം വിറകു കത്തിച്ച് പാചകം ചെയ്യാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. ധനകമ്മി ചുരുക്കാനെന്ന പേരില്‍ വിദ്യാഭ്യാസ മേഖലയുടെ പദ്ധതിവിഹിതത്തില്‍ നിന്ന് 4000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് പഠിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണ്. വിലക്കയറ്റത്തിന് പ്രധാന കാരണമാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു. പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ ഇന്ത്യയുടെ അയല്‍ രാഷ്ട്രങ്ങളില്‍ ഇന്ത്യയിലേതിനെക്കാള്‍ വളരെ കുറഞ്ഞനിരക്കാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്. എണ്ണകമ്പനികളുടെ നഷ്ടത്തിന്റെ കണക്കും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും കാരണമായി പറഞ്ഞാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ലാഭം നാല്‍പതിനായിരം കോടിയിലധികമാണ്.
രാജ്യം | പെട്രോള്‍ വില |
ഇന്ത്യ | 74.29 |
പാക്കിസ്ഥാന്‍ | 48.64 |
ശ്രീലങ്ക | 61.38 |
ബംഗ്ലാദേശ് | 52.42 |
നേപ്പാള്‍ | 65.26 |
പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണാവകാശം കമ്പനികള്‍ക്ക് പതിച്ചുനല്‍കിയതുവഴി അടിക്കടിയുണ്ടാകുന്ന വിലവര്‍ദ്ധനവ് ജനങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. റിലയന്‍സ് ഉള്‍പ്പെടെയുള്ള പെട്രോളിയം ഖനനമേഖലയിലുള്ള സ്വകാര്യകുത്തകകളുടെ ലാഭം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഇത്തരം ജനവിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുന്നത്.
ജനവിരുദ്ധതയുടെ ആഘോഷമായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധ:പതിക്കുമ്പോള്‍ ക്ഷുഭിതയൗവ്വനം തെരുവിലിറങ്ങുകയാണിവിടെ. സമരമല്ലാതെ, ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ മറ്റുവഴികളില്ലെന്ന തിരിച്ചറിവില്‍ പ്രക്ഷോഭത്തിന്റെ പതാകയേന്തുകയാണ് ഡി.വൈ.എഫ്.ഐ. ഡിസംബര്‍ 23ന് നടത്താന്‍ പോകുന്ന സെക്രട്ടറിയേറ്റ്, കളക്‌ട്രേറ്റ് വളയല്‍ സമരം കേരളത്തിന്റെ രാഷ്ട്രീയ ഗതിയില്‍ വഴിത്തിരിവാകും. ഡിസംബര്‍ 22ന് തന്നെ അതത് യൂണിറ്റുകളില്‍ നിന്നും കാല്‍നടയായി പുറപ്പെടുന്ന സമര വളണ്ടിയര്‍മാര്‍ ജില്ലാകേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്യും. 23ന് അതിരാവിലെ തന്നെ കളക്‌ട്രേറ്റുകളും സെക്രട്ടറിയേറ്റും ഉപരോധിക്കും. ഇത്തരം ഒരു സമരമാതൃക സാക്ഷാത്കരിക്കാന്‍ കേരളത്തില്‍ ഡി.വൈ.എഫ്.ഐക്കല്ലാതെ മറ്റൊരു സംഘടനയ്ക്കും സാധിക്കില്ല.
കേരളത്തിന്റെ സമരോത്സുകയൗവനത്തിന്റെ പ്രക്ഷോഭവഴിയിലെ ചരിത്രപരമായ ഈ അടയാളപ്പെടുത്തല്‍, യുവജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോവുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ മുന്നേറ്റമാവും. ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ ഈ മുന്നേറ്റത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കേണ്ടതുണ്ട്. നാളെ നമുക്കുള്ളതാണ്.
https://www.facebook.com/Mohmed.Riyas2Joint Secretary,kerala state cmmtty of DYFIC E C Member of DYFI9446373370
21-Dec-2013
ഷറഫുദ്ദീന് വി ഹൈദര്‍
ബി പി മുരളി
സ്വാതി റസ്സല്‍
ഷിഫാസ്
ജ്യോതി കെ ജി