ഫാസിസത്തിനെതിരെ
റീന ഫിലിപ്പ്
വെറുതെ കൊല്ലുകയല്ല അവര്‍ ചെയ്തത്. കഴിയാവുന്നത്ര പീഡിപ്പിച്ചാണ് ഓരോ ഇരയെയും ഇല്ലാതാക്കിയത്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പ്രത്യേകിച്ച്. ബലാല്‍സംഗം ചെയ്ത ശേഷം ഓരോ സ്ത്രീകളെയും ചുട്ടുകരിച്ചു. കുഞ്ഞുങ്ങളെ കൈയ്യിലെടുത്ത് മാതാ-പിതാക്കളുടെ മുന്നില്‍ വെച്ച് ജീവനോടെ കരിച്ചു. ഇത്രയും ആസൂത്രണം ചെയ്ത, ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു നടത്തിയ വംശഹത്യ ഇന്ത്യയില്‍ ആദ്യമായാണ് അരങ്ങേറിയത്. അതു മാത്രമല്ല, മോഡിയെ അധകൃതരുടെ വക്താവായി അവതരിപ്പിക്കുക എന്നതായിരുന്നു മറ്റൊരു ഹിഡന്‍അജണ്ട. ആ മതഭ്രാന്തന്‍ ഗുജറാത്തില്‍ കലാപസമയത്ത് ദളിത്- ആദിവാസികളെ കൂടി വംശഹത്യ ചെയ്യാന്‍ ഇളക്കിവിട്ടത് അവരുടെ സ്വത്വത്തെയും അപകര്‍ഷതാ ബോധത്തെയും ചൂഷണം ചെയ്തിട്ടാണ്. ഹിന്ദു എന്ന വാക്ക്, സവര്‍ണത എന്നതിന് സമവാക്യം ആകുമ്പോള്‍ അവര്‍ ഹിന്ദുഐക്യത്തിന്റെ പട്ടുറുമാല്‍ പുറത്തെടുത്ത് വീശുന്നു. മറ്റുള്ളവരെ കൂടി ഐക്യപ്പെടുത്തി ഒരു കുടകീഴില്‍ കൂട്ടുമ്പോള്‍ അത് സവര്‍ണരല്ലാത്തവര്‍ക്ക് ഒരു അംഗീകാരമായി തോന്നുന്നു. അവര്‍ തെറ്റിദ്ധരിക്കപ്പെടുന്നു. പക്ഷെ, അവര്‍ വെറും ഉപകരണങ്ങള്‍ മാത്രമായിരുന്നു.ആവശ്യം കഴിഞ്ഞപ്പോള്‍ അവരെ വീണ്ടും പുറമ്പോക്കിലേക്ക് തള്ളിയിടാന്‍ മോഡി എന്ന നരാധമന്‍ മടിച്ചില്ല. |
ഗുജറാത്തില്‍ ആണോ ആദ്യമായി വര്‍ഗീയ കലാപം നടക്കുന്നത്? അല്ല. സംഘപരിവാരം പല സന്ദര്‍ഭങ്ങളിലും വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിച്ച് ക്രൂരമായ വംശഹത്യ നടന്നിരുന്നു. ബാബറിമസ്ജിദ് വിഷയത്തില്‍ അദ്വാനി രഥം ഉരുട്ടി കയറ്റിയത് രാജ്യത്തിന്റെ നെഞ്ചത്ത് കൂടിയായിരുന്നു. ആയിരക്കണക്കിന് നിരപരാധികളുടെ ചോര തെരുവിലൂടെ ഒഴുകി. ഭരിക്കുന്ന പാര്‍ട്ടിയുടെ മൗനസമ്മതത്തോടെ, പോലീസിന്റെയും പട്ടാളത്തിന്റെയും കാവലോടെ മസ്ജിദ് പൊളിച്ചു. അതില്‍ പ്രതിഷേധിച്ച് മുസ്ലീങ്ങള്‍ തടിച്ചു കൂടി. അവര്‍ ആയുധധാരികള്‍ ആയിരുന്നില്ല. എന്നാല്‍, ഹിന്ദു തീവ്രവാദികള്‍ അവരെ നേരിട്ടത് ത്രിശൂലവും വടി വാളും കത്തിയും തോക്കും കൊണ്ടായിരുന്നു. മറ്റൊരു കൂട്ടകുരുതി. അതിന്റെ അനുരണങ്ങള്‍ കേരളത്തില്‍ പോലും എത്തി. അതിന്റെ രക്തസാക്ഷി ആയിരുന്നു സിറാജുന്നീസ.
പിന്നെയെന്താണ് ഗുജറാത്ത് കലാപത്തെ വ്യത്യസ്തം ആക്കുന്നത്? ഗോദ്രയില്‍ ആരാണ് ട്രെയിന്‍ കത്തിച്ചത്? നരേന്ദ്ര മോഡി പറയുന്നത്, ആഗോള തീവ്രവാദത്തിന്റെ ഭാഗമായി ഐ എസ് ഐയും പ്രാദേശിക മുസ്ലീങ്ങളും ചേര്‍ന്ന് കൃത്യമായി പദ്ധതിയിട്ട ഒരു സംഭവമാണ് അത് എന്നാണ്.
അന്ന് ഗോദ്രയില്‍ തീവണ്ടിയില്‍ 57 കര്‍സേവകരാണ് ജീവനോടെ കത്തിയെരിഞ്ഞത്. പല റിപ്പോര്‍ട്ടുകളും കര്‍സേവകരുടെ പ്രകോപനം സൃഷ്ടിക്കുന്ന പെരുമാറ്റത്തെ കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമില്‍ ചായവില്‍ക്കുന്ന ഒരു മുസ്ലീമിനെ അവഹേളിക്കുന്നതുമുതല്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ വലിച്ചിഴച്ച് ട്രെയിനില്‍ കയറ്റാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ പല കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗോദ്രയിലെ തീവണ്ടിയില്‍ നടന്ന കൂട്ടക്കുരുതിയുടെ തിരക്കഥ നേരത്തെ തയ്യാറാക്കപെട്ടതായിരുന്നു. ആ തീവണ്ടിയില്‍ സാധാരണ കര്‍സേവകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ പ്രവര്‍ത്തകുടെ കൂടെ നാട്ടില്‍ നിന്ന് ഒരുമിച്ചു പോയ നേതാക്കള്‍ തിരികെ വന്നതു മറ്റൊരു വണ്ടിയിലായിരുന്നു. എന്തുകൊണ്ട്? കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ മൊഴി അന്വേഷണകമ്മീഷന്‍ രേഖപ്പെടുത്തി. ട്രെയിന്‍ കത്തിക്കപെട്ടത് ഉള്ളില്‍ നിന്നാണ്. ലബോറട്ടറി റിപ്പോര്‍ട്ട് പ്രകാരം സ്‌ഫോടനാത്മകമായ ദ്രാവകം പുറത്തുനിന്ന് തളിച്ചാല്‍ തീ പിടിക്കില്ല. അത് ഉള്ളില്‍ നിന്നും മാത്രമേ കത്തൂ. അത് കര്‍സേവകര്‍ യാത്ര ചെയ്ത കോച്ചില്‍ നിന്നായിരുന്നു താനും. മോഡി കമ്മീഷന് മുന്നില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചു. അതില്‍ നിന്ന് വെളിവാകുന്നത് ഫാസിസം തന്നെയാണ് അവരുടെ കുഞ്ഞുങ്ങളെ ആദ്യം കൊന്നത് എന്നതാണ്.
അപ്പോള്‍ തന്നെ പോട്ടാ പ്രകാരം ആ സ്ഥലത്തുള്ള 7 കുട്ടികളെ അടക്കം 62 ആളുകളെ അറസ്റ്റ് ചെയ്തു. കത്തികരിഞ്ഞ ശവശരീരങ്ങള്‍ അഹമ്മദാബാദില്‍ പ്രദര്‍ശനത്തിന് വെച്ചു. വര്‍ഗീയ വികാരം ആളികത്തി. അല്ല, ആളികത്തിച്ചു. ഇവിടെയാണ് സംഘപരിവാരം എന്നും പ്രയോഗിക്കുന്ന ഗീബല്‍സിയന്‍ മനശാസ്ത്രം പ്രയോഗത്തില്‍ വരുന്നത്. കരിഞ്ഞുകിടക്കുന്ന മൃതശരീരങ്ങള്‍. അതും 57 കര്‍സേവകരുടെ. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ എന്നത് പോലെ, കൊന്നത് മുസ്ലീങ്ങള്‍ തന്നെയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. വി എച്ച് പി പ്രവര്‍ത്തകര്‍ ഉന്മാദം പിടിച്ചവരെ പോലെ പ്രതികാരം ചെയ്യും എന്ന് അലറി വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ വര്‍ഗീയ കലാപം അല്ല, വംശഹത്യ പൊട്ടിപുറപെട്ടു. അഹമ്മദാബാദ് ആയിരുന്നു അതിന്റെ പ്രഭവകേന്ദ്രം. 24 ജില്ലകളില്‍ 18എണ്ണത്തിലും കലാപം പടര്‍ന്നു പിടിച്ചു.
അഹമ്മദാബാദിനെയാണ് കലാപം ഏറ്റവും കൂടുതല്‍ ബാധിച്ചത്. തീവെയ്പ്പ്, കൊള്ളയടി, കൊലപാതകം ഹിറ്റ്്‌ലറുടെ നാസി പട്ടാളം ചെയ്ത അതെ പാറ്റേണില്‍ സംഘപരിവാരം അജണ്ടകള്‍ നടപ്പിലാക്കി. പരിശീലനം ലഭിച്ച ഒരു കൂട്ടം കാഡറുകള്‍ക്ക് മാത്രം പ്രയോഗത്തില്‍ കൊണ്ട് വരാന്‍ കഴിയുന്ന കാര്യങ്ങള്‍. മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് കലാപം ആസൂത്രണം ചെയ്തത് എന്ന് മനസിലാക്കാന്‍ അതുമാത്രം മതി. മുസ്ലീങ്ങളുടെ കടകള്‍, വീടുകള്‍, എല്ലാം തകര്‍ക്കപെട്ടു. എവിടെയാണ് ആക്രമിക്കാന്‍ പോകുന്നത് എന്ന വിവരം മൊബൈല്‍ ഫോണുകള്‍ വഴിയാണ് കൈ മാറിയിരുന്നത്. മിത്സുബുഷി, ബെന്‍സ് കാറുകളില്‍ വന്ന ഉപരിതല വര്‍ഗങ്ങള്‍ പോലും കൊള്ളമുതല്‍ പങ്കിട്ടെടുക്കാന്‍ മത്സരിച്ചു. അവരുടെ കൊലപാതകങ്ങള്‍ക്ക് അവരുടെതായ രീതി ഉണ്ടായിരുന്നു.
വെറുതെ കൊല്ലുകയല്ല അവര്‍ ചെയ്തത്. കഴിയാവുന്നത്ര പീഡിപ്പിച്ചാണ് ഓരോ ഇരയെയും ഇല്ലാതാക്കിയത്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പ്രത്യേകിച്ച്. ബലാല്‍സംഗം ചെയ്ത ശേഷം ഓരോ സ്ത്രീകളെയും ചുട്ടുകരിച്ചു. കുഞ്ഞുങ്ങളെ കൈയ്യിലെടുത്ത് മാതാ-പിതാക്കളുടെ മുന്നില്‍ വെച്ച് ജീവനോടെ കരിച്ചു. ഇത്രയും ആസൂത്രണം ചെയ്ത, ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു നടത്തിയ വംശഹത്യ ഇന്ത്യയില്‍ ആദ്യമായാണ് അരങ്ങേറിയത്. അതു മാത്രമല്ല, മോഡിയെ അധകൃതരുടെ വക്താവായി അവതരിപ്പിക്കുക എന്നതായിരുന്നു മറ്റൊരു ഹിഡന്‍അജണ്ട. ആ മതഭ്രാന്തന്‍ ഗുജറാത്തില്‍ കലാപസമയത്ത് ദളിത്- ആദിവാസികളെ കൂടി വംശഹത്യ ചെയ്യാന്‍ ഇളക്കിവിട്ടത് അവരുടെ സ്വത്വത്തെയും അപകര്‍ഷതാ ബോധത്തെയും ചൂഷണം ചെയ്തിട്ടാണ്. ഹിന്ദു എന്ന വാക്ക്, സവര്‍ണത എന്നതിന് സമവാക്യം ആകുമ്പോള്‍ അവര്‍ ഹിന്ദുഐക്യത്തിന്റെ പട്ടുറുമാല്‍ പുറത്തെടുത്ത് വീശുന്നു. മറ്റുള്ളവരെ കൂടി ഐക്യപ്പെടുത്തി ഒരു കുടകീഴില്‍ കൂട്ടുമ്പോള്‍ അത് സവര്‍ണരല്ലാത്തവര്‍ക്ക് ഒരു അംഗീകാരമായി തോന്നുന്നു. അവര്‍ തെറ്റിദ്ധരിക്കപ്പെടുന്നു. പക്ഷെ, അവര്‍ വെറും ഉപകരണങ്ങള്‍ മാത്രമായിരുന്നു.ആവശ്യം കഴിഞ്ഞപ്പോള്‍ അവരെ വീണ്ടും പുറമ്പോക്കിലേക്ക് തള്ളിയിടാന്‍ മോഡി എന്ന നരാധമന്‍ മടിച്ചില്ല.
ഇതിന് മുന്‍പുണ്ടായിരുന്ന വര്‍ഗീയകലാപങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടവയാണ്. ഇത്രയും ആസൂത്രണം ചെയ്ത്, പണ്ടത്തേതില്‍ നിന്നും വിഭിന്നമായി, ആദിവാസികളെയും ദളിതരെയും പങ്കാളികള്‍ ആക്കി നടത്തുന്ന വംശഹത്യയ്ക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ സമാനതകളില്ല. ഗുജറാത്ത് വംശഹത്യയില്‍ ഇല്ലാതായത് 2000ത്തിലധികം മനുഷ്യജീവനുകളാണ്.
ഇപ്പോള്‍, ചോരക്കറ കഴുകി വികസനം എന്ന നുണ പറഞ്ഞ്, സ്വസ്തിക കൊണ്ട് ഓരോ മനുഷ്യന്റെയും നെറ്റിയില്‍ കുത്തി ഉറപ്പിക്കുകയാണ് ആ 'മരണത്തിന്റെ വ്യാപാരി'. ലോകത്ത് എല്ലാ സ്ഥലത്തും ഇത് തന്നെയാണ് ഫാസിസം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. അതോടൊപ്പം വികസന പ്രലോഭനങ്ങളുമുണ്ടാവും. അതിന്റെ പ്രചാരണരീതികള്‍ ആരെയും ആകര്‍ഷിക്കുന്ന സമ്മാനപൊതികള്‍ ആയാണ് വരുന്നത്. തുറന്ന്, തുറന്ന് അവസാനം നിങ്ങള്‍ തളര്‍ന്നു വീണാലും ഉള്ളില്‍ എന്താണ് എന്ന് വ്യക്തമാവില്ല.
ഫാസിസം ദേശീയതയെ പുനര്‍നിര്‍വചിക്കുകയും അത് വഴി ദേശസ്‌നേഹികളായി സ്വയം അവരോധിക്കുകയും ചെയ്യുന്നു. അത് എല്ലായ്‌പ്പോഴും ഒരു അപരനെ സൃഷ്ടിക്കുകയും അതിനെ എല്ലാ തിന്മകളുടെയും വിളനിലമായി ചിത്രീകരിക്കുകയും ചെയ്യുന്നു. അവരില്‍ നിന്നും സ്ഥിരമായി ആക്രമണം നേടുന്ന രക്തസാക്ഷി പ്രതിച്ഛായ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ദേശീയത ഉല്‍പാദിപ്പിക്കുന്ന ഫാസിസ്റ്റുകള്‍ സംഘപരിവാര്‍ ആണ്. ദേശസ്‌നേഹത്തിന്റെ കുത്തക സ്വയം ഏറ്റെടുത്ത ഇവര്‍ അപരന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് പ്രധാനമായും മുസ്ലിങ്ങളെ ആണ്.
ഇന്നത്തെ ലോകസാഹചര്യത്തില്‍ സാമ്രാജ്യത്വം ലോകത്താകമാനം ഇസ്ലാമിക മൗലിക വാദം ഉണ്ട് എന്ന് വരുത്തി തീര്‍ത്തത് കൊണ്ട് മുസ്ലിങ്ങളെ എല്ലാ അവസരത്തിലും ഫാസിസ്റ്റുകളുമായി തുലനം ചെയ്യുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇവിടെ ഇസ്ലാമിക തീവ്രവാദം ശക്തമാവുന്നതിന് പ്രധാന കാരണക്കാര്‍ സംഘപരിവാരമാണ്.
ദേശീയത എന്ന വികാരം സംഘപരിവാരങ്ങള്‍ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് ഭംഗിയായി ഉപയോഗിക്കുന്നുണ്ട്. ഫാസിസം തീവ്രദേശീയ വികാരത്തിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. അവിടെ വംശശുദ്ധി, അതായത് സവര്‍ണ്ണ മൂല്യങ്ങള്‍ ഭരിക്കുകയും മറ്റു ജാതിമതക്കാര്‍ അനുസരിക്കേണ്ടവരും പീഡിപ്പിക്കേണ്ടവരും രണ്ടാംകിട പൗരന്മാരും ഭൂരിപക്ഷത്തിന്റെ കീഴില്‍ യാതൊരു അവകാശവും ചോദിക്കാതെ ജീവിക്കേണ്ടവരും ആകുന്നു. ഹിറ്റ്‌ലറിന്റെ കാര്യത്തില്‍ അത് ജൂതന്മാര്‍ ആയിരുന്നു എങ്കില്‍ ഇന്ത്യയുടെ കാര്യത്തില്‍ മുസ്ലീങ്ങളാണ് ശത്രു. ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കുവാന്‍ ചരിത്രബോധമുള്ള, ജനാധിപത്യബോധമുള്ള പൗരന് ഉത്തരവാദിത്തമുണ്ട്. ഇന്ത്യയില്‍ വംശഹത്യയുടെ ഫാസിസത്തിന്റെ വക്താവിനെയാണ് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി മുന്നോട്ട് നിര്‍ത്തുന്നത്. ഫാസിസത്തിനെതിരായ മുന്നേറ്റം മോഡിക്കെതിരായ സമരം കൂടിയാണ്.
17-Jan-2014
ഷറഫുദ്ദീന് വി ഹൈദര്‍
ബി പി മുരളി
സ്വാതി റസ്സല്‍
ഷിഫാസ്
ജ്യോതി കെ ജി