പെണ്ണകങ്ങളുടെ ചരിത്രഗാഥ

ലോകത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ തുടര്‍ച്ചയില്ലാതെ കിതച്ചുനിന്ന ദേശങ്ങളില്‍ കേരളത്തില്‍ പടുത്തുയര്‍ത്തിയ പെണ്ണുശിരിന്റെ പ്രകമ്പനങ്ങള്‍ അലയടിക്കുന്നുണ്ട്. കേരളം വീണ്ടും മാതൃകയാവുകയാണ്. കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ മിനുക്കിയെടുത്ത് മുന്നോട്ടുപോകാനുള്ള ആര്‍ജ്ജവം കേരളം ലോകത്തിന് മുന്നില്‍ മുന്നോട്ടുവെക്കുന്നു. ഭൂപരിഷ്‌കരണ പ്രസ്ഥാനം പോലെ, സാക്ഷരത പോലെ, ജനകീയാസൂത്രണ പ്രസ്ഥാനം പോലെ, സ്ത്രീശാക്തീകരണ മുന്നേറ്റങ്ങള്‍ പോലെ ഇതാ കേരളത്തിന്റെ മണ്ണില്‍ നിന്നും വീണ്ടും ഒരു ചരിത്രഗാഥ പിറന്നിരിക്കുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നുള്ള നിലയില്‍കൂടി മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ചരിത്രത്തില്‍ കോറിയിടപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ പെണ്ണകങ്ങള്‍ ചുരത്തിയ വിപ്ലവത്തിന്റെ മഹാഗാഥ ലോകത്തിന് മുന്നില്‍ മഹാത്ഭുതമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 

കേരളത്തിന്റെ പെണ്ണകങ്ങളുടെ അഭിമാനം വാനോളമുയര്‍ന്ന ചരിത്രമുഹൂര്‍ത്തമായി മാറിയ പുതുവര്‍ഷം. അതാണ് 2019. പുനരുത്ഥാനത്തിന്റെ അപ്പോസ്തലന്‍മാര്‍ സ്ത്രീകള്‍ക്ക് തുല്യനീതി എന്ന കാഴ്ച്ചപ്പാടിനെ വലിച്ചെറിയാന്‍ ശ്രമിച്ച ചരിത്ര സന്ദര്‍ഭത്തിലാണ് മലയാളി വനിതകള്‍ മഹാപ്രതിരോധത്തിന്റെ പെണ്‍കോട്ടയായി ഉയര്‍ന്നുനിന്നത്. ജനുവരി ഒന്ന്, ചരിത്രത്തിന്റെ ഏടുകളിലെ നവോത്ഥാന സ്ത്രീത്വത്തിന്റെ ഉശിരന്‍ ഗാഥയായി മാറി. ലോകത്തിലാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത പുരോഗമന നിലപാടുകളുടെ, ജനാധിപത്യത്തിന്റെ, മതനിരപേക്ഷതയുടെ, സ്ത്രീ പുരുഷ സമത്വത്തിന്റെ, നവോത്ഥാന തുടര്‍ച്ചയുടെ ഈ പെണ്‍മതില്‍ മലയാളി സ്ത്രീകള്‍ സ്വന്തമാക്കി. 

നവോത്ഥാനത്തിന്റെ വിപരീതമാണ് പുനരുത്ഥാനം. പുനരുജ്ജീവനമെന്നും അതിനെ വിശേഷിപ്പിക്കാം. സമൂഹത്തെയും സംസ്‌കാരത്തെയും സാഹിത്യത്തെയും രാഷ്ട്രീയത്തെയുമൊക്കെ ജനങ്ങളിലേക്ക് നയിച്ച്, കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തി നവീകരിക്കുന്നതിന് നവോത്ഥാനം പശ്ചാത്തലമൊരുക്കുമ്പോള്‍; പുനരുത്ഥാനം കാലഹരണപ്പെട്ട പ്രാചീന മൂല്യങ്ങളെ കുഴിച്ചെടുത്ത് ജീവന്‍ വെപ്പിക്കാനാണ് ശ്രമിക്കുന്നത്. പുനരുത്ഥാനമെന്നുള്ള അര്‍ത്ഥത്തില്‍ ഇംഗ്ലീഷില്‍ ഉപയോഗിക്കാനാവുന്നത് റിവൈവലിസം എന്ന പദമാണ്. നവോത്ഥാന മൂല്യങ്ങള്‍ക്ക് സമൂഹത്തില്‍ മേല്‍ക്കോയ്മ ഇല്ലാതാവുന്ന ഘട്ടങ്ങളില്‍ വര്‍ഗീയത, മതമൗലിക വാദം, സങ്കുചിത ദേശീയവാദം അശാസ്ത്രീയത, പലവിധ അനാചാരങ്ങള്‍ തുടങ്ങിയവ സജീവമാവും. അതാണ് പുനരുത്ഥാന ഘട്ടം. 

രാജ്യത്തെ പുനരുത്ഥാനത്തിന്റെ വഴികളിലേക്ക് തിരികെ നടത്താനാണ് ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയാണ് വേണ്ടതെന്ന വാദവുമായി നടക്കുന്ന ആര്‍ എസ് എസ് സംഘപരിവാരം ശ്രമിക്കുന്നത്. ആര്‍ എസ് എസിനും ബി ജെ പി അടക്കമുള്ള പരിവാര്‍ സംഘടനകള്‍ക്കും കേരളം ഒരു മരീചികയാണ്. കേരളത്തിന്റെ പ്രബുദ്ധത അവരെ തിരിച്ചറിയുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്നതില്‍ തീരെ മടിച്ചുനില്‍ക്കുന്നില്ല. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ബി ജെ പിക്ക് കേരള നിയമസഭയിലേക്ക് കാലുകുത്താന്‍ സാധിച്ചെങ്കിലും ഇന്ന് ആ നിയോജക മണ്ഡലം ഒന്നാകെ ആ തെറ്റായ തീരുമാനത്തിന്റെ പേരില്‍ ഖേദിക്കുക തന്നെയാണ്.

കേരളത്തിന്റെ പൊതുസമൂഹത്തെ പാട്ടിലാക്കാന്‍ പലവിധത്തിലുള്ള തന്ത്രങ്ങള്‍ പയറ്റി പരാജയപ്പെട്ടുനില്‍ക്കുന്ന വേളയിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ശബരിമല യുവതീ പ്രവേശന വിധി സംഘികള്‍ക്ക്  മുന്നിലേക്ക് വന്നത്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം അനുവദിച്ച മുംബൈ ഹൈക്കോടതി വിധിയെ തുടര്‍ന്ന് അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാനായി മുന്നില്‍ നിന്ന ബി ജെ പിയും ആര്‍ എസ് എസും ശബരിമലയിലെ യുവതീ പ്രവേശന വിധിയെ ആദ്യം സ്വാഗതം ചെയ്തു. ഈ വിധി പ്രസ്താവനത്തിന് ഹേതുവായ 12 വര്‍ഷം നീണ്ടുനിന്ന നിയമ വ്യവഹാര നാളുകളില്‍ സംഘികള്‍ യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയെ സമീപിച്ച യങ്‌ലോയേഴ്‌സ് അസോസിയേഷനിലെ വനിതാഅഭിഭാഷകര്‍ ആര്‍ എസ് എസിന്റെ ദുര്‍ഗാവാഹിനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന കാര്യവും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍, കേരളത്തിന്റെ പ്രബുദ്ധതയ്ക്ക്, സാഹോദര്യത്തിന്, മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കാമെന്ന വ്യാമോഹത്താല്‍ ശബരിമല യുവതീ പ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന നിലപാട് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം കൈക്കൊണ്ടു. അവര്‍ ശബരിമല കേന്ദ്രീകരിച്ച് കലാപത്തിന് തിരി കൊളുത്തി.

സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ കൈകളിലുള്ള കടിഞ്ഞാണിനനുസരിച്ചാണ് ആര്‍ എസ് എസ് സംഘപരിവാരം നിലപാടുകളുമായി മുന്നോട്ടുപോകുന്നത്. സവര്‍ണ വിഭാഗത്തിലുള്ള സമുദായങ്ങളെ ഏകോപിപ്പിച്ച് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് മുകളിലേക്ക് കറുപ്പ് പടര്‍ത്താന്‍ അവര്‍ ശ്രമിച്ചു. ശബരിമല യുവതീ പ്രവേശനത്തിനെതിരായ സംഘി-സവര്‍ണ ലോബിയുടെ നിലപാട് ഒരു രോഗ ലക്ഷണം മാത്രമാണ്. സ്ത്രീ-പുരുഷ സമത്വമെന്ന മൗലീകാവകാശത്തെ നിരാകരിക്കല്‍ മാത്രമല്ല ഇവിടെ പ്രശ്‌നം. ഇത് നാം ആര്‍ജ്ജിച്ച നവോത്ഥാന നേട്ടങ്ങളെയാകെ മായ്ച്ചുകളയാനുള്ള പുനരുത്ഥാന ശക്തികളുടെ വെല്ലുവിളിയാണ്. സമൂഹത്തില്‍ നിന്നും നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി നാം മായ്ച്ചുകളഞ്ഞ ജാതി ജീര്‍ണതകളെ തിരികെ എഴുന്നള്ളിക്കാനുള്ള പരിശ്രമമാണ്. കേരളത്തെ വീണ്ടും 'ഭ്രാന്താലയ'മാക്കി മാറ്റാനുള്ള സംഘി അജണ്ടാ നിര്‍വഹണമാണ്. അതിനെയാണ് മലയാളത്തിന്റെ പെണ്ണകങ്ങള്‍ മതിലുകെട്ടി പ്രതിരോധിച്ചത്.

കേരളത്തെ സംബന്ധിച്ച് എന്നും നവോത്ഥാനത്തിന്റെയും പുനരുത്ഥാനത്തിന്റെയും രണ്ട് ധാരകള്‍ നിലനിന്നിരുന്നു. ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് സജീവമായിരുന്ന കാലത്ത് 1930കളില്‍ ഗുരുവായൂര്‍ സത്യാഗ്രഹമടക്കമുള്ള നവോത്ഥാന മുന്നേറ്റങ്ങളില്‍ അന്നത്തെ കെ പി സി സി നേരിട്ടിടപെട്ടു. ആ കാലഘട്ടത്തില്‍ പി കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസുമൊക്കെ കെ പി സി സി അംഗങ്ങളായിരുന്നു. അവര്‍ അത്തരം സമരങ്ങളുടെ മുന്നിലുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പുനരുത്ഥാന വാദത്തിന്റെ വക്താക്കളായി നിലകൊണ്ടു. അവര്‍ സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളെ വിമര്‍ശിച്ചു. പിന്നോട്ടടിപ്പിക്കാന്‍ ശ്രമിച്ചു. അതിനാല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘാടനത്തിലേക്കും നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസുകാര്‍ മുന്നേറി. സമൂഹത്തില്‍ പുരോഗമനപരമായ മാറ്റത്തിന് വേണ്ടിയുള്ള അവരുടെ ആന്തലായിരുന്നു ആ മാറിനടത്തം. തുടര്‍ന്ന് അവരുടെ ഇച്ഛാശക്തിയോടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ നവോത്ഥാന ധാരയുടെ ഏറ്റവും തിളക്കമുള്ള ഏടെന്ന് വിശേഷിപ്പിക്കാവുന്ന ഭൂപരിഷകരണ പ്രസ്ഥാനത്തിലേക്ക് മലയാളികള്‍ മുന്നേറി. 

നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ച കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തത് കൊണ്ടുമാത്രമാണ് ഭൂപരിഷ്‌കരണം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായത്. അതിലൂടെ ജന്‍മിത്വ ഭൂപ്രഭുത്വം കേരളത്തില്‍ ഇല്ലാതായി. അതേ സമയം ജന്‍മിത്വ ഭൂപ്രഭുത്വത്തിന്റെ കൈയ്യിലെ ആയുധങ്ങളായി പുനരുത്ഥാന ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അവശിഷ്ട കോണ്‍ഗ്രസുകാരും വലതുപക്ഷവും നിലകൊണ്ടു. അവര്‍ പാവപ്പെട്ട കര്‍ഷക തൊഴിലാളികളെയും ദരിദ്രകര്‍ഷകരെയും വേട്ടയാടാന്‍ കൂട്ടുനിന്നു. കുടികിടപ്പവകാശത്തിന് വേണ്ടി പൊതുതുന്നവരെ കൊല്ലാന്‍ കൂട്ടുനിന്നു. മിച്ചഭൂമി സമരത്തെ അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങി. ജന്‍മിത്വ ഭൂപ്രഭുത്വത്തിന്റെ എച്ചില്‍പ്പട്ടികളുടെ റോളില്‍ നിറഞ്ഞാടിയ വലതുപക്ഷത്തിന് നവോത്ഥാനത്തിന്റെ പിന്‍മുറക്കാര്‍ എന്ന വിശേഷണം ഒരിക്കലും ചേരില്ല. അവര്‍ പുനരുത്ഥാന ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അവസ്ഥയില്‍ നിന്നും മുഴു പുനരുത്ഥാന വാദക്കാരായി മാറുന്ന സാഹചര്യത്തിലേക്ക് ജീര്‍ണ്ണപൂര്‍ണ്ണമായി.

നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ച കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തത് കൊണ്ടുമാത്രമാണ് ഭൂപരിഷ്‌കരണം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായത്. അതിലൂടെ ജന്‍മിത്വ ഭൂപ്രഭുത്വം കേരളത്തില്‍ ഇല്ലാതായി. അതേ സമയം ജന്‍മിത്വ ഭൂപ്രഭുത്വത്തിന്റെ കൈയ്യിലെ ആയുധങ്ങളായി പുനരുത്ഥാന ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അവശിഷ്ട കോണ്‍ഗ്രസുകാരും വലതുപക്ഷവും നിലകൊണ്ടു. അവര്‍ പാവപ്പെട്ട കര്‍ഷക തൊഴിലാളികളെയും ദരിദ്രകര്‍ഷകരെയും വേട്ടയാടാന്‍ കൂട്ടുനിന്നു. കുടികിടപ്പവകാശത്തിന് വേണ്ടി പൊതുതുന്നവരെ കൊല്ലാന്‍ കൂട്ടുനിന്നു. മിച്ചഭൂമി സമരത്തെ അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങി. ജന്‍മിത്വ ഭൂപ്രഭുത്വത്തിന്റെ എച്ചില്‍പ്പട്ടികളുടെ റോളില്‍ നിറഞ്ഞാടിയ വലതുപക്ഷത്തിന് നവോത്ഥാനത്തിന്റെ പിന്‍മുറക്കാര്‍ എന്ന വിശേഷണം ഒരിക്കലും ചേരില്ല. അവര്‍ പുനരുത്ഥാന ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അവസ്ഥയില്‍ നിന്നും മുഴു പുനരുത്ഥാന വാദക്കാരായി മാറുന്ന സാഹചര്യത്തിലേക്ക് ജീര്‍ണ്ണപൂര്‍ണ്ണമായി.

നേരത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് നവോത്ഥാന വാദികള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും പുരോഗമനേച്ഛയോടെ പോയെങ്കില്‍, ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മുഴു പുനരുത്ഥാന വാദികള്‍ ആര്‍ എസ് എസ് സംഘപരിവാരത്തിലേക്ക് ഊളിയിടുകയാണ്. രാഷ്ട്രീയ ജീര്‍ണതകളുടെ ഭ്രാന്താലയമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാറിയിരിക്കുന്നു. അതിനാലാണ് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റാനുള്ള ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ ശ്രമങ്ങളുടെ പിറകില്‍ ത്രിവര്‍ണ പതാകയുമേന്തി കോണ്‍ഗ്രസ് നിലകൊള്ളുന്നത്. 

ഈയൊരു വര്‍ത്തമാനത്തില്‍ കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ സര്‍ക്കാരിന് വെറും കാഴ്ചക്കാരായി നോക്കിയിരിക്കാന്‍ സാധിക്കില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാമൂഹ്യപരിഷ്‌കരണ - നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളെ കുറിച്ചും അതിലൂടെ ഉണ്ടായ സാമൂഹ്യ മാറ്റങ്ങളെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനങ്ങളോട് സംവദിച്ചു. ജനങ്ങളില്‍ നിന്നുമുണ്ടായ പ്രതികരണം ആശാവഹമായിരുന്നു. അവര്‍ പുനരുത്ഥാനത്തിന്റെ വക്താക്കളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള മാര്‍ഗമായി കേരള നവോത്ഥാനത്തിന്റെ ഓരോ സ്പന്ദനങ്ങളെയും സമൂഹത്തെ ഓര്‍മ്മിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. അങ്ങിനെയാണ് നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന സംഘടനകളുടെ യോഗം വിളിച്ചുകൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായത്.

നേരത്തെ സാമൂഹ്യപരിഷ്‌കരണ- നവോത്ഥാന മുന്നേറ്റങ്ങളുടെ കുന്തമുനയെന്നപോല്‍ നിന്ന സംഘടനകള്‍ വഴിമാറി നടന്ന ഘട്ടങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷം അവരുടെ നിലപാടുകളെ മുഖം നോക്കാതെ വിമര്‍ശിച്ചിട്ടുണ്ട്. അവര്‍ നവോത്ഥാന ധാരയുടെ തുടര്‍ച്ചകള്‍ സൃഷ്ടിക്കേണ്ടവരായി സമൂഹത്തില്‍ നിലനില്‍ക്കാനാണ് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനം ആഗ്രഹിക്കുന്നത്. നവോത്ഥാന പാരമ്പര്യത്തിന്റെ വക്താക്കളായി നിന്നുകൊണ്ട് പുനരുത്ഥാന ശക്തികള്‍ക്കെതിരെ ശബ്ദിക്കാനുള്ള വേദിയൊരുക്കുവാനുള്ള നീക്കമെന്നത് നവോത്ഥാനത്തിന്റെ വഴികളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. തുടര്‍ച്ചകള്‍ക്ക് വേണ്ടിയുള്ളതാണ്.
ഈ മുന്നേറ്റത്തെ മനസിലാക്കാനുള്ള പ്രാപ്തി കേരളത്തിന്റെ പ്രതിപക്ഷത്തിന് ഇല്ലാത്തതുകൊണ്ടല്ല, അവര്‍ പുനരുത്ഥാന ശക്തികളായി നില്‍ക്കുന്നിടത്തോളം അവര്‍ക്ക് നവോത്ഥാന വിരുദ്ധ നിലപാട് മാത്രമേ മുന്നോട്ടുവെക്കാന്‍ സാധിക്കുകയുള്ളു എന്നതുകൊണ്ടാണ് “എടുക്കാ ചരക്കുകള്‍” എന്ന തീര്‍ത്തും പ്രതിലോമകരമായ വിശേഷണത്തോടെ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെയും അവര്‍ പണ്ട് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം വിലകുറച്ചുകണ്ടത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെ ജാതി സംഘടനകളായും വോട്ടുബാങ്കുകളായും നിലനിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ലക്ഷ്യം. നവോത്ഥാന ധാരയുടെ ഭാഗമായി നില്‍ക്കുന്ന പക്ഷമാണ് പ്രതിപക്ഷമെങ്കില്‍ അവര്‍ക്ക് ഈ നവോത്ഥാന തുടര്‍ച്ചയുടെ ഭാഗമായി മാറാന്‍ സാധിക്കുമായിരുന്നു. അതിന് പിണറായി സര്‍ക്കാര്‍ അവരെ ക്ഷണിച്ചതുമാണ്. എന്നാല്‍, നവോത്ഥാന തുടര്‍ച്ചാ പരിപാടിയുടെ സംഘാടക സമിതിയുടെ ഭാരവാഹിത്വ സ്ഥാനത്തുനിന്നും തന്നെ മാറ്റണമെന്ന ആവശ്യമുയര്‍ത്തിപ്പിടിച്ചതിലൂടെ പുനരുത്ഥാന വാദത്തിന്റെ വക്താവായി പ്രതിപക്ഷനേതാവും പ്രതിപക്ഷവും സ്വയം ഉടുപ്പണിയുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയമാണ് വനിതാമതില്‍. സ്ത്രീ-പുരുഷ സമത്വമെന്ന മൗലീകാവകാശത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിന് വേണ്ടി, കേരളത്തെ വീണ്ടും ജാതി ജീര്‍ണതകള്‍ നുരക്കുന്ന ഭ്രാന്താലയമാക്കി മാറ്റാതിരിക്കാനുള്ള ചരിത്രപരമായ ഇടപെടല്‍ എന്നുള്ള നിലയില്‍ അടയാളപ്പെടുത്താനുള്ള സമാനതളില്ലാത്ത മുന്നേറ്റം. വനിതാമതില്‍ വര്‍ഗീയ വിധ്വംസക ശക്തികളെ പ്രതിരോധിക്കാനുള്ള ശക്തിദുര്‍ഗമായി മാറി. പുരോഗമന ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുവാനുള്ള പെണ്‍കരുത്തായി മാറി. മതനിരപേക്ഷതയെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റാനുള്ള മാതൃത്വത്തിന്റെ ആഹ്വാനമായി മാറി. സ്ത്രീ-പുരുഷ സമത്വമടക്കം ഭരണഘടന മുന്നോട്ടുവെക്കുന്ന മൗലീകാവകാശങ്ങളെ കാത്തുസൂക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയോടുള്ള പെണ്ണാഹ്വാനമായി കേരളത്തിന്റെ വനിതാ മതില്‍ മാറി.

ലോകത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ തുടര്‍ച്ചയില്ലാതെ കിതച്ചുനിന്ന ദേശങ്ങളില്‍ കേരളത്തില്‍ പടുത്തുയര്‍ത്തിയ പെണ്ണുശിരിന്റെ പ്രകമ്പനങ്ങള്‍ അലയടിക്കുന്നുണ്ട്. കേരളം വീണ്ടും മാതൃകയാവുകയാണ്. കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ മിനുക്കിയെടുത്ത് മുന്നോട്ടുപോകാനുള്ള ആര്‍ജ്ജവം കേരളം ലോകത്തിന് മുന്നില്‍ മുന്നോട്ടുവെക്കുന്നു. ഭൂപരിഷ്‌കരണ പ്രസ്ഥാനം പോലെ, സാക്ഷരത പോലെ, ജനകീയാസൂത്രണ പ്രസ്ഥാനം പോലെ, സ്ത്രീശാക്തീകരണ മുന്നേറ്റങ്ങള്‍ പോലെ ഇതാ കേരളത്തിന്റെ മണ്ണില്‍ നിന്നും വീണ്ടും ഒരു ചരിത്രഗാഥ പിറന്നിരിക്കുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നുള്ള നിലയില്‍കൂടി മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ചരിത്രത്തില്‍ കോറിയിടപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ പെണ്ണകങ്ങള്‍ ചുരത്തിയ വിപ്ലവത്തിന്റെ മഹാഗാഥ ലോകത്തിന് മുന്നില്‍ മഹാത്ഭുതമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.       


01-Jan-2019

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More