നിഷ്പക്ഷ മാധ്യമങ്ങള്‍ വലതുപക്ഷത്തിന്റെ ഘടകകക്ഷികള്‍

രാഷ്ട്രീയ കക്ഷികളെയും അവരുടെ നയങ്ങളെയും നേതാക്കളെയും വിലയിരുത്തുവാനുള്ള ജനങ്ങളുടെ താല്‍പ്പര്യത്തെ മുതലെടുത്ത് തങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഏകമുഖമുള്ള വാര്‍ത്തകളിലൂടെ ജനങ്ങളില്‍ മുന്‍വിധി ഉയര്‍ത്തിക്കൊണ്ടുവരുന്ന “പ്രൈമിംഗ്” എന്ന തന്ത്രം ഈ തെരഞ്ഞെടുപ്പ് കാലയളവില്‍ നിഷ്പക്ഷ മാധ്യമങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. പ്രൈമിംഗിലൂടെ തങ്ങളുടെ താല്‍പ്പര്യത്തിനനുസൃതമായ അജണ്ടകള്‍ ഉണ്ടാക്കിയെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. ചില വിഷയങ്ങള്‍ക്ക് മറ്റ് വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രാധാന്യം നല്‍കുക വഴിയാണ് അജണ്ട സെറ്റ് ചെയ്യുന്നത്. ശബരിമല വിഷയത്തില്‍, സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ശബരിമല വിധിക്ക് കാരണം കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ടിയാണെന്നും ആ പാര്‍ട്ടി ആചാര ലംഘനത്തിന്റെ വക്താക്കളാണെന്നും ക്ഷേത്രങ്ങള്‍ ഇല്ലാതാക്കാനും വിശ്വാസികളെ മുഖവിലക്കെടുക്കാതെ മുന്നോട്ടുപോകാനും പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നുമുള്ള ഒരു പൊതുബോധ നിര്‍മിതിക്കായി നിഷ്പക്ഷ മാധ്യമങ്ങള്‍ വല്ലാതെ വിയര്‍പ്പൊഴുക്കി. അവരുടെ ആ യത്‌നം ബി ജെ പിക്കും യു ഡി എഫിനും വേണ്ടിയുള്ളതായിരുന്നു. കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം പ്രധാനമായും ശബരിമല വിവാദം  കേന്ദ്രീകരിച്ചുള്ളതായിരുന്നു.

പത്രപ്രവര്‍ത്തനമെന്നത് സമൂഹവുമായുള്ള ആരോഗ്യപരമായ ഒരു സംവാദമാണ്. മാധ്യമങ്ങളുടെ മാനേജ്‌മെന്റുകളുടെയും മറ്റും നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് കടക്കാനും ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനം നടത്താനുമുള്ള പത്രപ്രവര്‍ത്തകരുടെ പരിശ്രമം കൂടിയാണ് അത്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ട് ഒരു ഉത്തരവാദിത്തമുള്ള മാധ്യമ പ്രവര്‍ത്തകനായി നില്‍ക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ലാഭത്തിനുവേണ്ടിയല്ല, ജനങ്ങളുടെ ജീവിതത്തിന് വേണ്ടിയാവണം മാധ്യമ പ്രവര്‍ത്തനം. പക്ഷെ, ആ കാഴ്ചപ്പാട് ഇന്ന് പരക്കെ അട്ടിമറിക്കപ്പെടുന്നു.

203 വര്‍ഷം മുമ്പ് ഇന്ത്യയില്‍ മിറാത് അല്‍ അക്ബര്‍ എന്ന പത്രം ആരംഭിച്ചത് രാജാറാം മോഹന്‍ റോയ് ആയിരുന്നു. അന്നത്തെ ഉപരിവര്‍ഗത്തിന്റെ ഭാഷയായിരുന്ന പേര്‍ഷ്യന്‍ ഭാഷയിലായിരുന്നു ആ പത്രം. സതി അനുഷ്ഠാനത്തിനെതിരായും വിധവാ വിവാഹത്തിന് വേണ്ടിയും പെണ്‍കുട്ടികളും വിദ്യാഭ്യാസത്തിന് വേണ്ടിയും പെണ്‍ ശിശുഹത്യയ്‌ക്കെതിരായും ആ പത്രം ശബ്ദമുയര്‍ത്തി. സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ ജനങ്ങള്‍ക്കുള്ള ആഹ്വാനമായി മാറി അന്നത്തെ പത്രപ്രവര്‍ത്തനം. അത്തരത്തിലുള്ള മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ് ഈ രാജ്യത്തെ നന്‍മകളോടെ സൃഷ്ടിച്ചതും നിലനിര്‍ത്തിയതും. മഹാത്മാഗാന്ധിയും അംബേദ്കറും നെഹ്രുവും ബാലഗംഗാധര തിലകനും സരോജിനി നായിഡുവുമൊക്കെ പത്രപ്രവര്‍ത്തനത്തിന്റെ പാരമ്പര്യമുള്ളവര്‍ കൂടിയായിരുന്നു. ശബ്ദിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് അന്ന് മാധ്യമങ്ങള്‍ ശബ്ദിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങളുടെ ആ ചരിത്രപരമായ പാരമ്പര്യത്തെ 1990കളോടെ പൂര്‍ണമായും കൈയ്യൊഴിയുന്ന ദുരവസ്ഥ രാജ്യം കണ്ടു. അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതിനേക്കാള്‍ താല്‍പ്പര്യത്തോടെ മുതലാളിത്ത ശക്തികളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ മാധ്യമ വേല ചെയ്യുന്ന രീതിയിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ വളര്‍ന്നു. രാജ്യത്തെ നിര്‍ണയിച്ച പഴയ പത്രപ്രവര്‍ത്തകരായ സാമൂഹ്യപരിഷ്‌കര്‍ത്താക്കളെ പോലെ ചൂണ്ടിക്കാണിക്കാന്‍ ഈ രാജ്യത്ത് എത്ര പത്രപ്രവര്‍ത്തകരുണ്ട് ? കേരളത്തിലേക്കെത്തുമ്പോള്‍ ഒരാള്‍പോലുമില്ലെന്ന നഗ്നസത്യത്തിന് മുന്നില്‍ പകച്ചിരിക്കേണ്ടിവരികയും ചെയ്യും.

കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട്

കേരളത്തിലെ മാധ്യമങ്ങളുടെയും അവയെ തിളക്കമുള്ളതാക്കി മാറ്റിയ പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്റെയും വഴിത്താരകള്‍ ആവേശം വിതറുന്നവ തന്നെയായിരുന്നു. എന്നാല്‍, അതോടൊപ്പം തന്നെ പ്രതിലോമ പത്രപ്രവര്‍ത്തനത്തിന്റെ സംസ്‌കാരവുമായി ജാതി-ജന്‍മി- നാടുവാഴിത്ത ശക്തികളുടെ കൂടെ മനോരമ പോലുള്ള മാധ്യമങ്ങള്‍ ആദ്യമേ നിലയുറപ്പിച്ചതും കാണാനാവും. മലയാളത്തില്‍ പ്രതിലോമ മാധ്യമ പ്രവര്‍ത്തനത്തിന്റെ ശാഖയാണ് നിഷ്പക്ഷ മാധ്യമങ്ങളെന്നുള്ള രീതിയില്‍ വളര്‍ന്ന് പന്തലിച്ചത്. അവര്‍ നവോത്ഥാനത്തിന്റെ ഒഴുക്കിന് തടസം സൃഷ്ടിച്ചു, ഭൂപരിഷ്‌കരണ പ്രസ്ഥാനത്തെ തകര്‍ക്കാനായി നിരന്തരം പരിശ്രമിച്ചു. ഇടതുപക്ഷമെന്നത് വിഷത്തേക്കാള്‍ വെറുക്കേണ്ട ഒന്നാണെന്ന് പൊതുസമൂഹത്തെ ബോധവല്‍ക്കരിച്ചുകൊണ്ടേയിരുന്നു. മനോരമയുടെ വാര്‍ത്താ ചാനലും ഇപ്പോള്‍ കൂടുതല്‍ വിപുലമായി ഇടതുവിരോധം നിഷ്പക്ഷ നാട്യത്തോടെ പൊതുസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നാല്‍ താന്‍ വിഷം കുടിച്ചുമരിക്കുമെന്നുള്ള മനോരമയുടെ അധിപനായിരുന്ന മാമ്മന്‍ മാപ്പിളയുടെ വെല്ലുവിളി ചരിത്രത്തിലുണ്ട്. ഇപ്പോള്‍ ആ വെല്ലുവിളി മനോരമയിലെ ശിപായിജോലിക്കാര്‍ വരെ മുഴക്കുന്ന രീതിയില്‍ മനോരമ വളര്‍ന്നു. വിമോചന സമരം പോലുള്ള പ്രതിലോമപരമായ എല്ലാ മുന്നേറ്റങ്ങള്‍ക്കും നിഷ്പക്ഷ മുഖമുള്ള മാധ്യമ സഹായം നല്‍കി കേരളത്തെ പിന്നോക്കം നടത്തിയതിന്റെ പാപക്കറയുണങ്ങാതെയാണ് ഇന്നും മനോരമ നില്‍ക്കുന്നത്. പ്രചരണത്തില്‍ ഒന്നാമതായി നില്‍ക്കുന്ന മനോരമ, പ്രബുദ്ധ, സാക്ഷര കേരളത്തിന് വെല്ലുവിളിയാണ് എന്നതാണ് വാസ്തവം.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ജിഹ്വയായി നിന്ന മാതൃഭൂമിയും ആ പാരമ്പര്യത്തെ പൂര്‍ണമായും വിട്ടൊഴിഞ്ഞിരിക്കുന്നു. ഇന്നവര്‍ നിലകൊള്ളുന്നത്, സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നായകനായിരുന്ന മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരോപിക്കപ്പെട്ട സംഘടനയുടെ പ്രചാരകരെന്ന പോലെയാണ്. ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ഹിന്ദുത്വയ്ക്ക് ശക്തിപകരുന്ന നിലപാടുകളോടെ മാതൃഭൂമി പത്രവും അവരുടെ ചാനലും മുന്നോട്ടുപോകുമ്പോള്‍ കെ പി കേശവമേനോന്‍ അടക്കമുള്ള പത്രപ്രവര്‍ത്തകരുടെ ഇടപെടലുകളുടെ രീതിശാസ്ത്രത്തെ അവര്‍ പിറകിലേക്ക് വലിച്ചെറിയുന്നു.

കേരളത്തില്‍ കക്ഷിരാഷ്ട്രീയ ധാരയുടെ ഭാഗമായി നിലകൊള്ളുന്ന മാധ്യമങ്ങള്‍ നിരവധിയുണ്ട്. അവ നിഷ്പക്ഷമല്ല. അവയ്ക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ട്. ദേശാഭിമാനി, ജനയുഗം എന്നീ പത്രങ്ങള്‍ രാഷ്ട്രീയ കക്ഷികളായ സിപിഐ എംന്റെയും സിപിഐയുടെയുമാണ്. വീക്ഷണം കോണ്‍ഗ്രസിന്റെയും ജന്‍മഭൂമി ബിജെപിയുടെയും മാധ്യമം ജമാഅത്തെ ഇസ്ലാമിയുടെയും ചന്ദ്രിക മുസ്ലീം ലീഗിന്റെയും പുണ്യഭൂമി ആര്‍ എസ് എസിന്റെയും പത്രങ്ങളാണ്. കൈരളി പീപ്പിള്‍ ചാനലുകളുടെ മാനേജ്‌മെന്റ് സിപിഐ എം അനുഭാവമുള്ളതാണ്. ജയ്ഹിന്ദ് ചാനലിനെ കോണ്‍ഗ്രസും ജനം ടിവിയെ ആര്‍ എസ് എസും നിയന്ത്രിക്കുന്നു. മീഡിയ വണ്‍ ടി വിയെ ജമാഅത്തെ ഇസ്ലാമിയും അമൃത ടിവിയെ ആര്‍ എസ് എസ് അനുഭാവിയായ ഒരു ആള്‍ദൈവത്തിന്റെ മഠവുമാണ് നിയന്ത്രിക്കുന്നത്. ഈ മാധ്യമങ്ങള്‍ അവരുടെ രാഷ്ട്രീയം പറയുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. പൊതുസമൂഹം അവരുടെ ശബ്ദത്തെ ആ നിലയിലാണ് പരിഗണിക്കുന്നത്. ഇടതുപക്ഷത്തിന് ഐക്യദാര്‍ഡ്യം പകരുന്ന ദൃശ്യ-പത്ര മാധ്യമങ്ങള്‍ മലയാളത്തില്‍ കുറവാണ്. എന്നാല്‍, കോണ്‍ഗ്രസും ബി ജെ പിയും ന്യൂനപക്ഷ വര്‍ഗീയ ശക്തികളും അടങ്ങുന്ന വലതുപക്ഷത്തിന്റെ കൈയ്യില്‍ കൂടുതല്‍ മാധ്യമങ്ങളുണ്ട് താനും.

ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഭാഗത്ത് നില്‍ക്കാതെ നിഷ്പക്ഷ മാധ്യമധര്‍മ്മം നിര്‍വഹിക്കുന്നു എന്ന് പറഞ്ഞുനില്‍ക്കുന്ന ചില മാധ്യമങ്ങള്‍ മലയാളത്തിലുണ്ട്. നിഷ്പക്ഷ മുഖംമൂടിയണിഞ്ഞ ആ മാധ്യമങ്ങളെല്ലാം ഇന്ന് വലതുപക്ഷത്തിന്റെ കൂടെയാണ്. 

നിഷ്പക്ഷ മാധ്യമങ്ങളെന്ന മേലങ്കിയും അണിഞ്ഞ് പൊതുസമൂഹത്തിന് പക്ഷഭേദമില്ലാതെ വാര്‍ത്ത നല്‍കുന്നവര്‍ എന്ന നാട്യത്തില്‍ നില്‍ക്കുന്ന പത്രമാധ്യമങ്ങളും വാര്‍ത്താചാനലുകളും പ്രധാനമായും ഇവയാണ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മംഗളം തുടങ്ങിയ പത്രങ്ങള്‍ നിഷ്പക്ഷത അവകാശപ്പെടുന്നവരാണ്. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനല്‍, ന്യൂസ് 18, ട്വന്റിഫോര്‍ ന്യൂസ്, മംഗളം ടിവി എന്നിവയാണ് നിഷ്പക്ഷ ഗണത്തിലെ പ്രമുഖമായ വാര്‍ത്താ ചാനലുകള്‍. ഇവരുടെ നിഷ്പക്ഷതാ മുഖംമൂടി അഴിഞ്ഞുവീണ തെരഞ്ഞെടുപ്പുകാലമായിരുന്നു കഴിഞ്ഞത്. തീര്‍ത്തും വലതുപക്ഷവല്‍ക്കരിക്കപ്പെട്ട്, യു ഡി എഫിന്റെയും ബി ജെ പിയുടെയും അപ്രഖ്യാപിത ഘടകകക്ഷികളെ പോലെയാണ് ഈ ചാനലുകള്‍ വാര്‍ത്താ വിന്യാസം നടത്തിയത്.

നിഷ്പക്ഷവേഷമിട്ട ഈ വാര്‍ത്താ ചാനലുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറത്തെടുക്കുന്ന ഒരു രാഷ്ട്രീയ നിലപാടല്ല ഇത്. ഇവര്‍ എക്കാലത്തും മുന്നോട്ടുവെച്ച നിലപാട് ഇടതുവിരുദ്ധവും വിശിഷ്യാ സിപിഐ എം വിരുദ്ധവുമാണ്. അത് ഈ ലോകസഭാ തെരഞ്ഞെടുപ്പിന്റെ വേളയില്‍ ഉണ്ടായ ഒന്നാണെന്ന് പറയാന്‍ പറ്റില്ല. നിഷ്പക്ഷ വേഷമിട്ട് അവര്‍ നടത്തുന്ന രാത്രികാല ചര്‍ച്ചകളില്‍ ഭൂരിഭാഗവും വലതുപക്ഷത്തിന് രാഷ്ട്രീയലാഭമുണ്ടാക്കി നല്‍കാനുള്ളതായിരുന്നു. അതിനുതകുന്ന രീതിയിലാണ് അവര്‍ വിഷയങ്ങള്‍ തീരുമാനിച്ച് ചര്‍ച്ചകള്‍ നടത്തിയത്.

എന്തുകൊണ്ട് ഇടതുപക്ഷത്തിനെതിരെ തിരിയുന്നു ?

നിഷ്പക്ഷ മാധ്യമങ്ങളിലെ ചില തൊഴിലാളികളെ വിമര്‍ശിക്കുമ്പോള്‍, അവര്‍ വാര്‍ത്തകളിലൂടെ വിന്യസിക്കുന്ന തൊഴിലാളി വിരുദ്ധതയെ ചൂണ്ടിക്കാണിക്കുമ്പോള്‍ തങ്ങള്‍ പഴയ എസ് എഫ് ഐക്കാരാണ് എന്ന് പറഞ്ഞ് പ്രതിരോധിക്കുന്ന ഒരു വലിയ നിരയുണ്ട്. തങ്ങളുടെ മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി തങ്ങളുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച ശേഷം സോഷ്യല്‍മീഡിയ പോലുള്ള ഫ്‌ളാറ്റ്‌ഫോറങ്ങളില്‍ വന്ന് താന്‍ വിളിച്ച ഇന്‍ക്വിലാബിന്റെ മഹത്വം പറയുന്നതില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ട ഒരു കാര്യമാണ്. വലതുപക്ഷത്തിന്റെ അപ്രഖ്യാപിത ഘടകകക്ഷികളും എന്നാല്‍, നിഷ്പക്ഷരെന്ന് അവകാശപ്പെടുകയും ചെയ്യുന്ന വാര്‍ത്താ ചാനലുകളിലെ പഴയ എസ് എഫ് ഐക്കാര്‍ കഴിഞ്ഞ ദിവസം ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു കണ്ണൂരില്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കള്ളവോട്ട് ചെയ്തു എന്നത്. മാതൃഭൂമി ന്യൂസ് എന്ന വാര്‍ത്താ ചാനലിലാണ് സിപിഐ എം നേതൃത്വത്തില്‍ കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്യുന്നു എന്ന് സ്ഥാപിച്ചുകൊണ്ട് ചില വീഡിയോ ദൃശ്യങ്ങള്‍ ആദ്യം പ്രക്ഷേപണം ചെയ്തത്. പഴയ എസ് എഫ് ഐക്കാരിയായ ഒരു പെണ്‍കുട്ടിയാണ് ആ വാര്‍ത്ത മാതൃഭൂമിയില്‍ അവതരിപ്പിച്ചത്. നേരത്തെ, കണ്ണൂരിലെ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ ''പാര്‍ട്ടിയ്‌ക്കെതിരെ അണികളുടെ പോസ്റ്റര്‍'' എന്ന വാര്‍ത്ത സൃഷ്ടിക്കാനായി സ്വയം പോസ്റ്ററെഴുതി ചുവരില്‍ പതിച്ച് അത് ഷൂട്ട് ചെയ്ത് വാര്‍ത്തയാക്കിയ പഴയ എസ് എഫ് ഐ പ്രവര്‍ത്തകനാണ് കള്ളവോട്ട് വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റ് നിഷ്പക്ഷ മാധ്യമങ്ങളും ആ വാര്‍ത്ത ഏറ്റെടുത്തു. ഏകമുഖമുള്ളതും തീര്‍ത്തും സ്ത്രീവിരുദ്ധവുമായ ഒരു വാര്‍ത്തയായിരുന്നു അത്.

ഇടതുപക്ഷത്തിനും വിശിഷ്യാ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുമെതിരായ ആക്രമണം ഇന്ന് പതിന്‍മടങ്ങ് വര്‍ധിപ്പിക്കുവാന്‍ നിഷ്പക്ഷ വേഷമണിഞ്ഞ ഈ മാധ്യമങ്ങള്‍ ശ്രമിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമായ കാരണം തന്നെയാണുള്ളത്. ഇടതുപക്ഷത്തിന്റെ നയവും നിലപാടുകളും അവര്‍ക്ക് രുചിക്കുന്നില്ല. ഭരണവര്‍ഗത്തോടും മുതലാളിത്ത ശക്തികളോടും വിദേശ സ്വദേശ കോര്‍പ്പറേറ്റുകളോടും അടുപ്പം കാണിച്ച് നിന്നാല്‍ മാത്രമേ ഈ മാധ്യമങ്ങളുടെ മാനേജ്‌മെന്റിന് ലാഭം കുന്നുകൂട്ടാന്‍ സാധിക്കുകയുള്ളു. ഇടതുപക്ഷം സാധാരണക്കാരായ ബഹുഭൂരിപക്ഷത്തിന്റെ കൂടെയാണ്. അത് ഈ മാധ്യമകൂട്ടത്തിന് പഥ്യമുള്ള കൂട്ടുകൂടലല്ല.

കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ മറ്റ് വലതുപക്ഷ രാഷ്ട്രീയ കക്ഷികളില്‍ നിന്നും വ്യത്യസ്തമായി ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള നിലപാടുകളാണ് മുന്നോട്ടുവെക്കുക. ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്ക് ബദലാകുന്ന നയങ്ങള്‍ ഉണ്ടാക്കാനും അവ നടപ്പിലാക്കാനും ഈ സര്‍ക്കാരുകള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. കേന്ദ്രസര്‍ക്കാരുണ്ടാക്കാന്‍ വലതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് ഇടതുപക്ഷം പിന്തുണ നല്‍കിയ ഘട്ടങ്ങളിലെല്ലാം ജനവിരുദ്ധമായ നയങ്ങളും നിലപാടുകളുമായി മുന്നോട്ടുപോകാനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്തുള്ള പൊതുമിനിമം പരിപാടിയൊക്കെ ഇത്തരത്തിലുള്ള നിലപാടിന്റെ ഭാഗമായി ഉണ്ടായതാണ്. വിദേശ-സ്വദേശ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യത്തിനെതിരായും അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികളുമായുള്ള സഖ്യങ്ങളെ എതിര്‍ത്തും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശാസ്ത്രബോധം വളര്‍ത്തിയും ഇടതുപക്ഷം കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിശ്രമങ്ങള്‍ വലതുപക്ഷ വിരുദ്ധമായുള്ളതാണ്.

സാമ്പത്തികവും സാമൂഹ്യവുമായുള്ള എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ അരികുവല്‍ക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടി നിലകൊള്ളുമ്പോള്‍, ചൂഷക വര്‍ഗത്തിന്റെ മൂടുതാങ്ങികളായി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും മാനേജ്‌മെന്റുകള്‍ക്കും അത് രസിക്കുന്നതേയില്ല.
സാമ്പത്തിക ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ചങ്ങാത്ത മുതലാളിത്തവുമൊക്കെ അഭംഗുരം നടമാടുന്ന ഒരു സമൂഹത്തിലാണ് നിഷ്പക്ഷ മുഖംമൂടിയണിഞ്ഞുനില്‍ക്കുന്ന, വലതുപക്ഷത്തിന്റെ ഏജന്റുമാരായ ഈ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാനാവുക. ലാഭം കുന്നുകൂട്ടാനും അധികാര ശക്തികളായി വളരാനും സാധിക്കുക. അരാജകത്വവും അരാഷ്ട്രീയതയും നുരക്കുന്ന ഒരു പൊതുസമൂഹമാണ് അവര്‍ക്ക് കൂടുതല്‍ മികച്ച 'ബാര്‍ക്കിംഗ് റേറ്റു'കള്‍ സമ്മാനിക്കുക. അതിനാല്‍ ഇടതുപക്ഷം അവരെ സംബന്ധിച്ചിടത്തോളം ശത്രുപക്ഷമാണ്.

തങ്ങളുടെ നയങ്ങളും നിലപാടുകളും അംഗീകരിക്കാത്ത ഇടതുപക്ഷത്തെ ഇല്ലാതാക്കാനായി സാമ്രാജ്യത്വ ഭീമന്‍മാരും വിദേശ-സ്വദേശ കുത്തകകളും പല തലങ്ങളിലുള്ള അടവുകള്‍ പ്രയോഗിക്കുന്നുണ്ട്. വര്‍ഗീയ രാഷ്ട്രീയ കക്ഷികളെ വളര്‍ത്തിയും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് സഹായം നല്‍കിയും ജാതി-മത സാമുദായിക ശക്തികളെ പ്രബലരാക്കിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ചും അവരില്‍ അസംതൃപ്തി കുത്തിനിറക്കാനായി അതിവിപ്ലവ സംഘടനകളെ ഒരുക്കിനിര്‍ത്തിയുമൊക്കെ കോര്‍പ്പറേറ്റുകള്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനൊക്കെ ഉപരിയായാണ് നിഷ്പക്ഷ മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണം.

ടെലിവിഷനുകള്‍ക്ക് പുറമെ അച്ചടി മാധ്യമങ്ങളെയും റേഡിയോ, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളെയും ഇടതുപക്ഷത്തിനെതിരായ ആയുധങ്ങളാക്കി കോര്‍പ്പറേറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. നേരിട്ട് ഇടതുപക്ഷത്തെ എതിര്‍ക്കുന്നതിന് പകരം ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി എന്ന് സ്ഥാപിക്കാനുള്ള പ്രചരണങ്ങളാണ് ഇവര്‍ നടപ്പിലാക്കുന്നത്. ബി ജെ പി പോലെ, കോണ്‍ഗ്രസ് പോലെ ആശയപരമായി ദൗര്‍ബല്യമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന വരുത്തി തീര്‍ക്കാനുള്ള അടവുകളാണ് പ്രധാനമായും ഈ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്നത്. പൊതുസമൂഹത്തില്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ചോര്‍ന്നുപോയതും, മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മുതലാളിത്ത താല്‍പ്പര്യത്തോടെ നില്‍ക്കുന്നതുമായ ഒരു ജീര്‍ണ്ണമായ പാര്‍ടിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും വരുത്തിതീര്‍ക്കാന്‍ മുതലാളിത്ത ശക്തികള്‍ പ്രധാനമായും ആശ്രയിക്കുന്നത് നിഷ്പക്ഷ വേഷം കെട്ടിയ മാധ്യമങ്ങളെയാണ്. 

ബഹുജനാഭിപ്രായം രൂപപ്പെടുത്തുന്ന കാര്യത്തില്‍ നിഷ്പക്ഷവേഷമിട്ട മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആ കഴിവ് വളര്‍ത്തിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ ജാഗരൂകരുമാണ്. വിദേശ രാജ്യങ്ങളില്‍, അമേരിക്കയിലടക്കം പരീക്ഷിച്ച് വിജയിച്ച അജണ്ട നിര്‍ണയിക്കലും പ്രൈമിംഗും ഫ്രെയിമിംഗുമൊക്കെ മലയാളക്കരയിലേക്കും എത്തിയിട്ട് കാലമേറെയായി.

കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധയുണ്ടായ ഘട്ടത്തില്‍, ജപ്പാനിലേതുപോലെ വിവരണാതീതമായ ഒരു ദുരന്തമായി ആ വൈറസ് വ്യാപിക്കുവാനുള്ള സാധ്യത നിലനിന്നിരുന്ന സമയത്ത് കേരളത്തിലെ നിഷ്പക്ഷ വാര്‍ത്താ ചാനലുകള്‍ നടത്തിയ ചര്‍ച്ച, ഉത്തര്‍പ്രദേശിലെ ഖഫീല്‍ ഖാന്‍ എന്ന ഡോക്ടര്‍ക്ക് നിപ്പാ ബാധിതരെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് വരാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിലെ ശരികേട് സംബന്ധിച്ചായിരുന്നു. നിപ്പ, കോഴിക്കോട് ജില്ലയെ ആകമാനം ഭയചകിതരാക്കിയപ്പോള്‍ ആ ഭയത്തെ ഊട്ടി വളര്‍ത്തുന്ന വികലമായ മാധ്യമ പ്രവര്‍ത്തനമാണ് ദൃശ്യ മാധ്യമങ്ങള്‍ പ്രയോഗിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന വേളയില്‍ പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ കൈക്കൊണ്ട് ആ പ്രദേശത്തേക്ക് പോകാനോ, വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ ഉള്ള ധൈര്യം കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലായിരുന്നു. അവര്‍ ചാനല്‍ സ്റ്റുഡിയോകളിലെ എ സി റൂമിലിരുന്ന് ജനങ്ങളില്‍ ഭയം വിതയ്ക്കുവാനുള്ള വാര്‍ത്തകള്‍ മെനയുകയായിരുന്നു. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാനാവും.

ഓഖി ദുരന്ത സമയത്തും കേരളത്തെ പ്രളയം വിഴുങ്ങിയ. സന്ദര്‍ഭത്തിലുമൊക്കെ നിഷ്പക്ഷ വേഷമിട്ട മാധ്യമങ്ങള്‍ക്ക് പക്ഷമുണ്ടായിരുന്നു. അവര്‍ വലതുപക്ഷത്തിന്റെ തൊഴുത്തിലെ അരുമകളായാണ് വാര്‍ത്തകള്‍ ചമച്ചത്.

വലതുപക്ഷത്തെ സഹായിച്ചുകൊണ്ട് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനും ഇകഴ്ത്തിക്കാട്ടാനുമുള്ള നിരന്തരമായുള്ള ഇക്കൂട്ടരുടെ വാര്‍ത്താ നിര്‍മിതി, കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് വേണ്ടിയുള്ള വിടുപണിയാണ്. ജനങ്ങളെ ഇടതുവിരുദ്ധരാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്‌നം വിശ്രമമില്ലാതെ ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ഈ മാധ്യമ രീതി തിരിച്ചറിയുവാനുള്ള ശേഷിയുണ്ട് എന്ന കാര്യം ഈ മാധ്യമ തൊഴിലാളികള്‍ മറന്നുപോകുന്നു.

ലോകസഭാ തെരഞ്ഞെടുപ്പും നിഷ്പക്ഷ മാധ്യമങ്ങളും

പതിനേഴാമത് ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ അപ്രഖ്യാപിത ഘടക കക്ഷിയായിരുന്നു നിഷ്പക്ഷ മാധ്യമങ്ങള്‍. യു ഡി എഫിന്റെയും ബി ജെ പിയുടെയും നേതാക്കള്‍ കേരളത്തിലെ ജനങ്ങളോട് മൈക്ക് കെട്ടി സംസാരിച്ചാല്‍ ജനങ്ങള്‍ വിശ്വസിക്കില്ല എന്നതുകൊണ്ട് നിഷ്പക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച് അന്തി ചര്‍ച്ചകള്‍ കൊഴുപ്പിച്ചാണ് യു ഡി എഫും ബി ജെ പിയും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്.

രാഷ്ട്രീയ കക്ഷികളെയും അവരുടെ നയങ്ങളെയും നേതാക്കളെയും വിലയിരുത്തുവാനുള്ള ജനങ്ങളുടെ താല്‍പ്പര്യത്തെ മുതലെടുത്ത് തങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഏകമുഖമുള്ള വാര്‍ത്തകളിലൂടെ ജനങ്ങളില്‍ മുന്‍വിധി ഉയര്‍ത്തിക്കൊണ്ടുവരുന്ന “പ്രൈമിംഗ്” എന്ന തന്ത്രം ഈ തെരഞ്ഞെടുപ്പ് കാലയളവില്‍ നിഷ്പക്ഷ മാധ്യമങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. പ്രൈമിംഗിലൂടെ തങ്ങളുടെ താല്‍പ്പര്യത്തിനനുസൃതമായ അജണ്ടകള്‍ ഉണ്ടാക്കിയെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. ചില വിഷയങ്ങള്‍ക്ക് മറ്റ് വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രാധാന്യം നല്‍കുക വഴിയാണ് അജണ്ട സെറ്റ് ചെയ്യുന്നത്.

ശബരിമല വിഷയത്തില്‍, സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ശബരിമല വിധിക്ക് കാരണം കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ടിയാണെന്നും ആ പാര്‍ട്ടി ആചാര ലംഘനത്തിന്റെ വക്താക്കളാണെന്നും ക്ഷേത്രങ്ങള്‍ ഇല്ലാതാക്കാനും വിശ്വാസികളെ മുഖവിലക്കെടുക്കാതെ മുന്നോട്ടുപോകാനും പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നുമുള്ള ഒരു പൊതുബോധ നിര്‍മിതിക്കായി നിഷ്പക്ഷ മാധ്യമങ്ങള്‍ വല്ലാതെ വിയര്‍പ്പൊഴുക്കി. അവരുടെ ആ യത്‌നം ബി ജെ പിക്കും യു ഡി എഫിനും വേണ്ടിയുള്ളതായിരുന്നു. കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം പ്രധാനമായും ശബരിമല വിവാദം  കേന്ദ്രീകരിച്ചുള്ളതായിരുന്നു.

നിഷ്പക്ഷ മാധ്യമങ്ങളുടെ മറ്റൊരു അജണ്ടയായിരുന്നു രാഷ്ട്രീയ കൊലപാതകം. അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഇടതുപക്ഷമാണെന്ന് വരുത്തി തീര്‍ക്കാനായി ഏകമുഖമുള്ള വാര്‍ത്താവതരണങ്ങള്‍ നിരന്തരം അവര്‍ പ്രക്ഷേപണം ചെയ്തു. ചര്‍ച്ചകള്‍ നടത്തി. രാജ്യത്ത് ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകത്തിലൂടെ 17000 സിക്കുകാരെ കൊലചെയ്ത കോണ്‍ഗ്രസിനും ഗുജറാത്തില്‍ വംശഹത്യയടക്കം നിരവധി കൊലപാതക പരമ്പരകളും കലാപങ്ങളും അഴിച്ചുവിടുന്ന ബി ജെ പിക്കും വേണ്ടിയായിരുന്നു നിഷ്പക്ഷ മാധ്യമങ്ങളുടെ ഈ വിടുപണി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സമം കൊലപാതക പാര്‍ട്ടി എന്ന സമവാക്യം പൊതുസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനും അതിലൂടെ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ ചോര്‍ത്തിക്കളയാനുമാണ് അവര്‍ പരിശ്രമിച്ചത്.

സ്വന്തം നിലനില്‍പ്പിന് വേണ്ടി ഒരു മികച്ച മാധ്യമ തൊഴിലാളി എന്ന നിലയില്‍ തങ്ങളുടെ ഐഡിന്റിറ്റിക്ക് തിളക്കം കൂട്ടാന്‍ മാധ്യമ മാനേജ്‌മെന്റുകള്‍ക്കും മറ്റ് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും കര്‍സേവ ചെയ്ത് നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ മാളങ്ങളാണ് മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍. ഈ അവസരത്തില്‍ തൊഴിലാളി വര്‍ഗം കോര്‍പ്പറേറ്റ് ബാന്ധവമുള്ള, വലതുപക്ഷത്തിന്റെ അപ്രഖ്യാപിത ഘടകകക്ഷികളെപ്പോലെ പെരുമാറുന്ന നിഷ്പക്ഷ വേഷമിട്ട മാധ്യമങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നും എന്തെല്ലാം സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നുവെന്നും മനസിലാക്കേണ്ടതുണ്ട്. ഈ മാധ്യമങ്ങളുടെ ആശയപരമായ കടന്നാക്രമങ്ങളെ ഫലപ്രദമായി നേരിടാന്‍ ഇതാവശ്യമാണ്. പൊതുസമൂഹത്തിന്റെ മുമ്പാകെ ഇത്തരം മാധ്യമങ്ങളെ തുറന്നുകാട്ടുവാനുള്ള ഒരു വലിയ മുന്നേറ്റം ഇന്ന് കേരളം ആവശ്യപ്പെടുന്നുണ്ട്. അതിന് തൊഴിലാളി വര്‍ഗം തയ്യാറായേ മതിയാകു. ഈ മാധ്യമങ്ങള്‍ നമ്മുടെ ശത്രുപക്ഷത്ത് നിന്ന് നമുക്കെതിരെ പടനയിക്കുകയാണ്.

ഏത് വിഷയം വേണമെങ്കിലും മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാം. പക്ഷെ, വസ്തുതകള്‍ പൂര്‍ണരൂപത്തില്‍ വിശകലനം ചെയ്യാതെ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കിയെടുക്കാന്‍ പാകത്തില്‍ വസ്തുതകളുടെ നിര്‍വ്വചനം, വ്യാഖ്യാനം, ധാര്‍മിക വിലയിരുത്തല്‍, പരിഹാരനിര്‍ണയം തുടങ്ങിയവയെ സ്വാധീനിക്കാനാണ് “ഫ്രെയിമിംഗി” ലൂടെ നിഷ്പക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചത്. നിഷ്പക്ഷഭാവമുള്ള മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്ത്, ഒരേ വിഷയം ചര്‍ച്ച ചെയ്തും സമര്‍ത്ഥമായ ഇടപെടലുകളിലൂടെ വിലയിരുത്തപ്പെടേണ്ട വിഷയങ്ങള്‍ തോന്നിയതുപോലെ നിര്‍വചിച്ചും പ്രശ്‌നങ്ങള്‍ ഏതെന്ന് സ്വയം നിശ്ചയിച്ചും ബഹുജനങ്ങളെ സ്വാധീനിക്കാന്‍ പറ്റുന്ന രീതിയില്‍ അവയില്‍ വ്യതിയാനങ്ങള്‍ വരുത്തിയും വാര്‍ത്തകള്‍ സൃഷ്ടിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു.

സിപിഐ എം പ്രവര്‍ത്തകനെ കോണ്‍ഗ്രസുകാരോ, ബി ജെ പിക്കാരോ കൊലചെയ്യുമ്പോള്‍ അത് അതിര്‍ത്തി തര്‍ക്കവും കുടുംബവഴക്കും വഴക്കിനിടയിലുള്ള ആകസ്മിക മരണവുമാക്കി പിറകിലെ പേജിലേക്ക് ഒതുക്കുകയും വാര്‍ത്താ ചാനലുകളിലെ ക്രൈംവാര്‍ത്തകളില്‍ പരിഗണിക്കുകയും ചെയ്യുന്ന നിഷ്പക്ഷ മാധ്യമങ്ങള്‍, കോണ്‍ഗ്രസുകാരോ, ബി ജെ പിക്കാരോ കൊല്ലപ്പെടുമ്പോള്‍ മുന്‍പിന്‍ നോക്കാതെ അതിനെ രാഷ്ട്രീയകൊലപാതകമായി മുദ്രകുത്തുകയും സിപിഐ എംനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യും. സോവിയറ്റ് യൂണിയന്‍ ഒരു യാത്രാ വിമാനത്തെ വെടിവെച്ചിട്ടപ്പോള്‍ ആക്രമണം ആയി വാര്‍ത്ത നല്‍കിയ അന്തര്‍ദേശീയ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍, അമേരിക്ക ഇറാന്റെ യാത്രാ വിമാനത്തെ വെടിവെച്ചിട്ടപ്പോള്‍ ദുരന്തം മാത്രമായി ലഘൂകരിച്ചത് ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. മലയാളത്തിലെ നിഷ്പക്ഷ മാധ്യമങ്ങള്‍ പിന്തുടരുന്നത് ആ കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമ ശൈലി തന്നെയാണ്.

മാധ്യമ തൊഴിലാളികള്‍ പ്രവര്‍ത്തകരായി മാറുന്നതെങ്ങനെ

മാധ്യമങ്ങളില്‍ വാര്‍ത്താസംബന്ധിയായ ജോലി ചെയ്യുന്നവരെ മാധ്യമ തൊഴിലാളികള്‍/പത്ര തൊഴിലാളികള്‍ എന്ന് വിളിക്കുന്നതിന് പകരം മാധ്യമപ്രവര്‍ത്തകന്‍/പത്രപ്രവര്‍ത്തകന്‍ എന്ന് വിളിക്കുന്നത് ആ തൊഴിലാളികളുടെ ജോലി, സമൂഹത്തിനും ജനങ്ങള്‍ക്കും വേണ്ടി ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കപ്പെട്ടതുകൊണ്ടാണ്. തീര്‍ത്തും നിഷ്പക്ഷമായി അതിലുപരി ജനങ്ങളുടെ പക്ഷത്തുനിന്ന് നിലവിലുള്ള വ്യവസ്ഥയെ പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരുടെ നാവായി അവര്‍ മാറി. ജീവിതത്തില്‍ ഒരു ജോലിയിലൂടെ ലഭിക്കുന്ന സമ്പത്തും മോടിയും അവര്‍ക്ക് അന്യമായിരുന്നു. അവര്‍ പോരാളികളായിരുന്നു. ജനങ്ങള്‍ അവരെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്നു. ഇന്ന് പത്ര/മാധ്യമ പ്രവര്‍ത്തകരില്‍ മിക്കവാറും പേര്‍ ആ വിശേഷണത്തിന് അര്‍ഹരല്ലാത്തവരായി മാറിയിരിക്കുന്നു. കുത്തകമാധ്യമങ്ങളിലെ തൊഴിലാളികളാണവര്‍. നിഷ്പക്ഷമാവാന്‍ അവര്‍ക്ക് സാധിക്കില്ല. മുതലാളിത്തത്തിന്റെ, സാമ്രാജ്യത്വത്തിന്റെ പക്ഷമാണ് അവരുടേത്. അവിടെ കൂലിപ്പണിയെക്കുന്ന ഒരു അടിമയുടെ ഒരിക്കലും നിവരാത്ത നട്ടെല്ലാണ് അവര്‍ക്കുള്ളത്. പക്ഷെ, തങ്ങളുടെ മുന്‍ഗാമികളുടെ മാധ്യമപ്രവര്‍ത്തന മികവിന്റെയും ധാര്‍മികതയുടെയും പിന്‍ബലത്തില്‍ ഇന്നും തങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണ് എന്നുപറഞ്ഞുകൊണ്ട് അവര്‍ സമൂഹത്തില്‍ വിരാജിക്കുന്നു.

ഇത്തരം മാധ്യമമാഫിയകളുടെ ഭാഗമല്ലാത്ത നിരവധി പത്രപ്രവര്‍ത്തകരുണ്ട്. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നവര്‍. വസ്തുതകളെ അവലംബിക്കുന്നവര്‍, സമൂഹത്തിന്റെ കറുത്ത വശങ്ങളെ വെളിപ്പെടുത്തുന്നവര്‍. അവര്‍ എയര്‍കണ്ടീഷന്‍ മാധ്യമ സ്ഥാപനങ്ങളില്‍ ഇരുന്ന് മൊബൈലുകളിലൂടെയും, പത്രസമ്മേളനങ്ങളും വാര്‍ത്തകളും കൂട്ടത്തോടെ ചെന്ന് റിപ്പോര്‍ട്ട് ചെയ്തുമല്ല വാര്‍ത്തകളുണ്ടാക്കുന്നത്. അവര്‍ തെരുവിടങ്ങളിലാണ്. ജനങ്ങളുടെ ഇടയിലാണ്. വിയര്‍ത്ത് നടക്കുകയാണ്. വെയിലില്‍ പൊള്ളുകയാണ്. അവരുടെ തൂലികയില്‍ നിന്നും പിറവികൊള്ളുന്നതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം. അവരാണ് ലോംഗ് മാര്‍ച്ച് പോലുള്ള വിപ്ലവങ്ങളെ കുറിച്ച് ജനങ്ങളോട് പറഞ്ഞത്. ലോകമാകെ ശ്രദ്ധിച്ച രാജ്യമാകെ സല്യൂട്ട് ചെയ്ത ആ കര്‍ഷക തൊഴിലാളി - കര്‍ഷക മുന്നേറ്റത്തെ കേരളത്തിലെ നിഷ്പക്ഷ മാധ്യമങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമിച്ചത് നാം കണ്ടതാണ്. അവസാനം നിവൃത്തികേടുകൊണ്ട് ആ വാര്‍ത്ത നല്‍കാന്‍ നിര്‍ബന്ധിതരായതായിരുന്നു നിഷ്പക്ഷ മാധ്യമങ്ങള്‍.

നിഷ്പക്ഷ മാധ്യമങ്ങളിലെ ചില തൊഴിലാളികളെ വിമര്‍ശിക്കുമ്പോള്‍, അവര്‍ വാര്‍ത്തകളിലൂടെ വിന്യസിക്കുന്ന തൊഴിലാളി വിരുദ്ധതയെ ചൂണ്ടിക്കാണിക്കുമ്പോള്‍ തങ്ങള്‍ പഴയ എസ് എഫ് ഐക്കാരാണ് എന്ന് പറഞ്ഞ് പ്രതിരോധിക്കുന്ന ഒരു വലിയ നിരയുണ്ട്. തങ്ങളുടെ മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി തങ്ങളുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച ശേഷം സോഷ്യല്‍മീഡിയ പോലുള്ള ഫ്‌ളാറ്റ്‌ഫോറങ്ങളില്‍ വന്ന് താന്‍ വിളിച്ച ഇന്‍ക്വിലാബിന്റെ മഹത്വം പറയുന്നതില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ട ഒരു കാര്യമാണ്. വലതുപക്ഷത്തിന്റെ അപ്രഖ്യാപിത ഘടകകക്ഷികളും എന്നാല്‍, നിഷ്പക്ഷരെന്ന് അവകാശപ്പെടുകയും ചെയ്യുന്ന വാര്‍ത്താ ചാനലുകളിലെ പഴയ എസ് എഫ് ഐക്കാര്‍ കഴിഞ്ഞ ദിവസം ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു കണ്ണൂരില്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കള്ളവോട്ട് ചെയ്തു എന്നത്.

മാതൃഭൂമി ന്യൂസ് എന്ന വാര്‍ത്താ ചാനലിലാണ് സിപിഐ എം നേതൃത്വത്തില്‍ കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്യുന്നു എന്ന് സ്ഥാപിച്ചുകൊണ്ട് ചില വീഡിയോ ദൃശ്യങ്ങള്‍ ആദ്യം പ്രക്ഷേപണം ചെയ്തത്. പഴയ എസ് എഫ് ഐക്കാരിയായ ഒരു പെണ്‍കുട്ടിയാണ് ആ വാര്‍ത്ത മാതൃഭൂമിയില്‍ അവതരിപ്പിച്ചത്. നേരത്തെ, കണ്ണൂരിലെ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ ''പാര്‍ട്ടിയ്‌ക്കെതിരെ അണികളുടെ പോസ്റ്റര്‍'' എന്ന വാര്‍ത്ത സൃഷ്ടിക്കാനായി സ്വയം പോസ്റ്ററെഴുതി ചുവരില്‍ പതിച്ച് അത് ഷൂട്ട് ചെയ്ത് വാര്‍ത്തയാക്കിയ പഴയ എസ് എഫ് ഐ പ്രവര്‍ത്തകനാണ് കള്ളവോട്ട് വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റ് നിഷ്പക്ഷ മാധ്യമങ്ങളും ആ വാര്‍ത്ത ഏറ്റെടുത്തു. ഏകമുഖമുള്ളതും തീര്‍ത്തും സ്ത്രീവിരുദ്ധവുമായ ഒരു വാര്‍ത്തയായിരുന്നു അത്. രണ്ട് സ്ത്രീകളെ കള്ളവോട്ട് ചെയ്യുന്നവരായി ചിത്രീകരിച്ച് അവരുടെ മുഖമടക്കം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച് പൊതുസമൂഹത്തില്‍ അവരെ കുറ്റവാളികളായി മുദ്രകുത്തുകയായിരുന്നു നിഷ്പക്ഷ മാധ്യമങ്ങള്‍.

കള്ളവോട്ട് ചെയ്തു എന്ന് ഈ മാധ്യമങ്ങള്‍ ആരോപിക്കുന്ന സ്ത്രീകള്‍ പൊതു പ്രവര്‍ത്തകരാണ്. കള്ളവോട്ട് വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തും മുമ്പ് ആ സ്ത്രീകളുടെ പ്രതികരണം നിഷ്പക്ഷ മാധ്യമങ്ങള്‍ക്ക് തേടാമായിരുന്നു. എന്താണ് സംഭവത്തിലെ വസ്തുത എന്ന് തിരക്കാമായിരുന്നു. അതിനുള്ള അവസരമുണ്ടായിട്ടും അത് ചെയ്യാതെ ആ സ്ത്രീകളെ കള്ളികളായി മുദ്രകുത്തുകയും അതുവഴി ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുകയും കാസര്‍ഗോഡ് മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ മുന്നേറ്റം കള്ളവോട്ട് കൊണ്ടുണ്ടാക്കിയതാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്യുക എന്ന അജണ്ടയായിരുന്നു നിഷ്പക്ഷ മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നത്.

ഓപ്പണ്‍വോട്ട് എന്നറിയപ്പെടുന്ന കംപാനിയന്‍ വോട്ടിംഗിനെ കള്ളവോട്ട് ചെയ്യുന്നു എന്നുള്ള രീതിയില്‍ വ്യാഖ്യാനിച്ച് ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഇടതുപക്ഷത്തെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതും കള്ളവോട്ട് ചെയ്യുന്നു എന്നാരോപിച്ച് പുറത്തുവിട്ട വീഡിയോയില്‍ ആ സ്ത്രീകളുടെ മുഖം മാസ്‌ക് ചെയ്യാനുള്ള മര്യാദ പോലും നിഷ്പക്ഷ മാധ്യമങ്ങള്‍ കാണിക്കാത്തതും അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധത മാത്രമാണ്.
ഈ നിഷ്പക്ഷ മാധ്യമങ്ങള്‍ കെ സുധാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവ്, കണ്ണൂരിലെ യു ഡി എഫിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം വാര്‍ത്തയാക്കിയില്ല. കാസര്‍ഗോഡ് മണ്ഡലത്തിലെ ഉദുമ മണ്ഡലത്തില്‍ 126-ാം നമ്പര്‍ ബൂത്തില്‍ എല്‍ ഡി എഫ് ഏജന്റുമാരെയും വോട്ടര്‍മാരെയും പോളിംഗ് ഓഫീസര്‍മാരെയും മര്‍ദ്ദിച്ച് ബൂത്ത് പിടിച്ചെടുക്കുന്ന കോണ്‍ഗ്രസ്, മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ കൈയ്യിലുണ്ടായിട്ടും അത് വാര്‍ത്തയാക്കിയില്ല. കണ്ണൂരിലെ പാമ്പുരുത്തിയില്‍ വിദേശത്ത് ജോലി ചെയ്യുന്ന 28 വ്യക്തികളുടെ വോട്ട് യു ഡി എഫുകാര്‍ കള്ളവോട്ട് ചെയ്തതിന്റെ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടും വാര്‍ത്തയാക്കിയില്ല. കാരണം ഈ നിഷ്പക്ഷ മാധ്യമങ്ങള്‍ക്ക് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ഇടതുപക്ഷത്തെയായിരുന്നു. കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയായിരുന്നു.

നൈതികത വിട്ടൊഴിഞ്ഞ എഡിറ്റോറിയല്‍ ഡസ്‌കുകളില്‍ നിന്നും നിര്‍മിക്കുന്ന കെട്ടിച്ചമച്ചതും മുന്‍വിധികളോട് കൂടിയുള്ളതും ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ളതുമായ വാര്‍ത്തകളുടെ ഫാക്ടറികളാണ് മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍. ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ പാതയില്‍ നിന്നും മാറി, സ്വന്തം നിലനില്‍പ്പിന് വേണ്ടി ഒരു മികച്ച മാധ്യമ തൊഴിലാളി എന്ന നിലയില്‍ തങ്ങളുടെ ഐഡിന്റിറ്റിക്ക് തിളക്കം കൂട്ടാന്‍ മാധ്യമ മാനേജ്‌മെന്റുകള്‍ക്കും മറ്റ് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും കര്‍സേവ ചെയ്ത് നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ മാളങ്ങളാണ് മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍.

ഈ അവസരത്തില്‍ തൊഴിലാളി വര്‍ഗം കോര്‍പ്പറേറ്റ് ബാന്ധവമുള്ള, വലതുപക്ഷത്തിന്റെ അപ്രഖ്യാപിത ഘടകകക്ഷികളെപ്പോലെ പെരുമാറുന്ന നിഷ്പക്ഷ വേഷമിട്ട മാധ്യമങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നും എന്തെല്ലാം സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നുവെന്നും മനസിലാക്കേണ്ടതുണ്ട്. ഈ മാധ്യമങ്ങളുടെ ആശയപരമായ കടന്നാക്രമങ്ങളെ ഫലപ്രദമായി നേരിടാന്‍ ഇതാവശ്യമാണ്. പൊതുസമൂഹത്തിന്റെ മുമ്പാകെ ഇത്തരം മാധ്യമങ്ങളെ തുറന്നുകാട്ടുവാനുള്ള ഒരു വലിയ മുന്നേറ്റം ഇന്ന് കേരളം ആവശ്യപ്പെടുന്നുണ്ട്. അതിന് തൊഴിലാളി വര്‍ഗം തയ്യാറായേ മതിയാകു. ഈ മാധ്യമങ്ങള്‍ നമ്മുടെ ശത്രുപക്ഷത്ത് നിന്ന് നമുക്കെതിരെ പടനയിക്കുകയാണ്.

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More