എം പി വീരേന്ദ്രകുമാര്‍ വായിച്ചറിയാന്‍

ആഗോളവത്കരണത്തെയും ഉദാരവത്കരണത്തെയും സ്വകാര്യവത്കരണത്തെയും പുണരുന്ന ഭരണത്തിന്റെ ഇടനാഴികളിലൂടെ മാത്രമേ സരിതമാര്‍ക്ക് തേര്‍വാഴ്ച നടത്താന്‍ സാധിക്കുകയുള്ളു. ജനപക്ഷത്ത് നില്‍ക്കുന്ന, സാധാരണക്കാരന്റെ വേദനയൊപ്പാന്‍ പരിശ്രമിക്കുന്ന ഭരണസംവിധാനമായിരുന്നുവെങ്കില്‍, മന്ത്രിമാരായിരുന്നു എങ്കില്‍, സരിതയ്ക്ക് ആരെയും തന്റെ സാരിതുമ്പില്‍ കോര്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. ഇടതുപക്ഷത്തുള്ള ഒരാളുടെ പേരുപോലും സരിതയുടെ മിനുട്‌സ്ബുക്കില്‍ നിന്നും കണ്ടെത്താന്‍ സാധിക്കില്ല എന്ന പച്ചപരമാര്‍ത്ഥത്തില്‍ നിന്നുകൊണ്ട്, ക്യാപിറ്റലിസത്തിനെതിരെ ശബ്ദമുയര്‍ത്തിയ എ കെ ജിയുടെ ശിഷ്യന്‍, തന്റെ 'ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര' നടത്തേണ്ടിയിരിക്കുന്നു. ഇറങ്ങിപ്പോയ പടികള്‍ കയറിവരാന്‍ കൂടിയുള്ളതാണ്.

അന്നൊരു തിങ്കളാഴ്ചയായിരുന്നു. 2009 ഏപ്രില്‍ 6ലെ ഉഷ്ണിക്കുന്ന വൈകുന്നേരം. കോട്ടയത്ത് തിരുനക്കരയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു എം പി വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും മീനമാസത്തിന്റെ ചൂടായിരുന്നു. 52 വര്‍ഷം ഇടതുപക്ഷം ചേര്‍ന്ന് നിന്നതിന്റെ പുരാണങ്ങള്‍ വികാരത്തില്‍ ചാലിച്ച് പറഞ്ഞ്, തന്റെ മുന്നില്‍ കൂടിയ ജനാവലിയെ വികാരഭരിതരാക്കാന്‍ വീരേന്ദ്രകുമാറിന് നിഷ്പ്രയാസം സാധിച്ചു. ഇടതുപക്ഷത്ത് നിന്നും പടിയിറങ്ങുന്നതിന്റെ കാഹളമായിരുന്നു വീരേന്ദ്രകുമാറിന്റെ അന്നത്തെ ശബ്ദം.

അന്ന് ദൃശ്യമാധ്യമങ്ങള്‍ രാത്രി ചര്‍ച്ചകളില്‍ വിഷയമാക്കിയത് ഈ വിഷയമായിരുന്നു. ഏപ്രില്‍ ഏഴിന് എല്ലാ മലയാള പത്രങ്ങളും വീരേന്ദ്രകുമാറിന് വലിയ പ്രാമുഖ്യം നല്‍കി. മാതൃഭൂമി ഒന്നാം പേജിലും ഏഴാം പേജിലും വാര്‍ത്ത നല്‍കി. “പുതിയ കൂട്ടുകെട്ടുണ്ടായപ്പോള്‍ പഴയത് സിപിഎം മറന്നു - എം പി വീരേന്ദ്രകുമാര്‍” എന്ന തലക്കെട്ടില്‍ അഞ്ചുകോളം വാര്‍ത്ത. നാലുകോളം ദൈര്‍ഘ്യത്തില്‍ ആള്‍ക്കൂട്ടവും വീരേന്ദ്രകുമാറുമുള്ള നല്ലൊരു ഫോട്ടോ. വാര്‍ത്ത തുടങ്ങുന്നത് വീരേന്ദ്രകുമാറിന്റെ സംസാരത്തിന്റെ കൊട്ടേഷനില്‍ തന്നെയാണ്. “കേവലം ഒരു പാര്‍ലമെന്റ് സീറ്റിനെ ചോല്ലിയുള്ള പ്രശ്‌നമല്ല ഞങ്ങള്‍ ഉന്നയിക്കുന്നത്. പതിറ്റാണ്ടുകള്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ച ഞങ്ങളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇടതുമുന്നണിയും അപമാനിച്ചു. ഉവഗണിച്ചു” അപമാനവും അവഗണനയുമായിരുന്നു അന്ന് വീരേന്ദ്രകുമാറിന്റെ പ്രധാന പോയിന്റ്.

യു ഡി എഫ് ലോകസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് കെ മാണിയുടേതായിരുന്നു, അന്ന് വീരേന്ദ്രകുമാര്‍ അപമാനത്തിന്റെ കഥ പറഞ്ഞ വേദി. വീരേന്ദ്രകുമാര്‍ അതിനെപറ്റി പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. “അവര്‍(യുഡിഎഫ്) നടത്താനിരുന്ന യോഗം മാറ്റി, ഞങ്ങള്‍ക്കായി വേദി വിട്ടുതന്നെങ്കില്‍ 52 വര്‍ഷം ഒപ്പംനിന്ന ഞങ്ങളോട് നിങ്ങള്‍(എല്‍ ഡി എഫ്) കാട്ടാത്ത മര്യാദ മാണി ഞങ്ങളോട് കാണിച്ചതാണ്.” വീരേന്ദ്രകുമാറും കെ എം മാണിയും യു ഡി എഫും തമ്മിലുള്ള ബാന്ധവത്തിന്റെ വേദിയായിരുന്നു അത്. ഇപ്പോഴും എം പി വീരേന്ദ്രകുമാര്‍ ജോസ് കെ മാണിയുടെ വേദിയില്‍ തന്നെയാണ് നില്‍ക്കുന്നത്. യു ഡി എഫിന് വേണ്ടി.

2009ല്‍ വീരേന്ദ്രകുമാറിന് അനുഭവപ്പെട്ട അപമാനം ഇപ്പോഴും അനുഭവപ്പെടാറുണ്ട് എങ്കില്‍, തീര്‍ച്ചയായും അദ്ദേഹം തന്റെ ജനതാദളത്തെ യു ഡി എഫില്‍ നിന്ന് മോചിപ്പിക്കും. യു ഡി എഫിന്റെ മുഖത്ത് കാറിത്തുപ്പി ഇറങ്ങിനടക്കാന്‍ മാത്രമേ പണ്ഡിതനും അഭിമാനിയുമായ എം പി വീരേന്ദ്രകുമാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സാധിക്കുകയുള്ളു. അതിനുമപ്പുറത്ത് എന്തെങ്കിലും സംഭവിക്കണമെങ്കില്‍ യു ഡി എഫില്‍ എം പി വീരേന്ദ്രകുമാറിന് വഴിവിട്ട വല്ല ബന്ധവും വേണം. ഊരിപ്പോകാന്‍ സാധിക്കാത്ത എന്തെങ്കിലും കാണാച്ചരട്.

വീരേന്ദ്രകുമാര്‍ പറയുന്നു, “എ കെ ജിയോടും ഇ എം എസ്സിനോടും അഴീക്കോടന്‍ രാഘവനോടും സി എച്ച് കണാരനോടും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് സോഷ്യലിസ്റ്റുകള്‍. രാഷ്ട്രീയത്തില്‍ എന്റെ ഗുരുനാഥന്‍ എ കെ ജിയാണ്. ഞങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടിയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് 1975 ജൂലായ് 5ന് കോഴിക്കോട്ട് എ കെ ജിയും ഇ എം എസും അരങ്ങില്‍ ശ്രീധരനും കെ ചന്ദ്രശേഖരനും കെ എം മാണിയും ആര്‍ ബാലകൃഷ്ണപിള്ളയും കെ ശങ്കരനാരായണനുമൊക്കെ പങ്കെടുത്ത യോഗത്തിന്റെ മിനുട്‌സ് എഴുതിയത് അന്ന് മുന്നണി കണ്‍വീനറായിരുന്ന ഞാനായിരുന്നു. എ കെ ജിയും ഇ എം എസും ഒന്നിട്ടു പങ്കെടുത്ത അവസാനത്തെ യോഗം കൂടിയായിരുന്നു അത്. ഇതെല്ലാം ചരിത്രമാണ്. വിസ്മരിക്കപ്പെടേണ്ടതല്ല.” വിസ്മരിക്കാന്‍ സാധിക്കാത്ത, പ്രോജ്ജ്വലമായ രാഷ്ട്രീയ പാരമ്പര്യം തന്നെയാണ് വീരേന്ദ്രകുമാറിന് ഉള്ളത് എന്നത് വസ്തുതയാണ്. എ കെ ജിയും ഇ എം എസും ഒന്നിച്ചിരുന്ന മുന്നണിയോഗത്തില്‍ അരങ്ങില്‍ ശ്രീധരനോടൊപ്പം പങ്കാളിയായി മിനുട്‌സ് എഴുതിയ അന്നത്തെ മുന്നണി കണ്‍വീനര്‍, ഇന്ന് സരിത എസ് നായരുടെ മിനുട്‌സ് ബുക്ക് വായിച്ചിരിക്കേണ്ട ഗതികേടിലാണുള്ളത് എന്നതും വസ്തുതയാണ്.

യു ഡി എഫ് നേതൃയോഗത്തില്‍ എം പി വീരേന്ദ്രകുമാറിന് ആത്മാഭിമാനമുണ്ടെങ്കില്‍ ഇരിക്കാന്‍ സാധിക്കില്ല. അങ്ങനെവന്നാല്‍, അദ്ദേഹത്തിന്റെ ഇരുപുറവും കുഭകോണങ്ങളുടെയും അഴിമതിയുടെയും ലൈംഗീക അരാജകത്വത്തിന്റെയും കറപുരണ്ട വ്യക്തിത്വങ്ങളാവും ഉണ്ടാവുക. അത്തരമൊരവസ്ഥയില്‍ മുന്നണിയില്‍ തുടരുന്നത് ശരിയാണോ എന്ന് ആത്മപരിശോധനയാണ് വീരേന്ദ്രകുമാര്‍ നടത്തേണ്ടത്. 'വീരേന്ദ്രകുമാര്‍ : യു ഡി എഫിന്റെ വേട്ടമൃഗം' എന്ന് ചരിത്രത്തില്‍ കോറിയിടാനുള്ള സാഹചര്യം ഒരിക്കലും ഒരുക്കി കൊടുക്കരുത്.

വീരേന്ദ്രകുമാര്‍ കോട്ടയത്തെ ജനാവലിക്ക് മുന്നില്‍ അന്ന് കുറെ ചോദ്യങ്ങള്‍ ഉയര്‍ത്തി. “ഞങ്ങള്‍ ഉയര്‍ത്തുന്ന ചില രാഷ്ട്രീയ സമസ്യകളുണ്ട്. എന്തുകൊണ്ട് സിപിഎം നേതൃത്വത്തിന് മറുപടി പറയാന്‍ കഴിയുന്നില്ല? എന്താണ് ഇപ്പോള്‍ ഈ മുന്നണി? ഇതിന് ആത്മാവുണ്ടോ? ജീവനുണ്ടോ? എവിടെപ്പോയി ഇതിന്റെ ചൈതന്യം? ഇതൊരു യാന്ത്രിക സംവിധാനമായിരുന്നില്ലല്ലോ. ആര്‍ക്കുവേണ്ടിയാണ് ഈ മുന്നണിയെ തകര്‍ക്കാന്‍ നോക്കുന്നത്? എത്രയോ പോരാട്ടങ്ങളിലൂടെ, തീക്ഷ്ണമായ അനുഭവങ്ങളിലൂടെയല്ലേ നമ്മള്‍ ഇത് കൊണ്ടുപോയത്?” 2009ല്‍ നിന്ന് 2015ലേക്ക് എത്തുമ്പോള്‍ മറ്റൊരാളുടെ സഹായമില്ലാതെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബോധവും വിവരവുമുള്ള എം പി വീരേന്ദ്രകുമാര്‍ തീര്‍ച്ചയായും കണ്ടെത്തിക്കാണും. ഇന്ന് യു ഡി എഫ് സംവിധാനത്തിനകത്ത് സൗരോര്‍ജ്ജ കുംഭകോണമടക്കമുള്ള നിരവധി അഴിമതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കൂടെയാണ് വിരേന്ദ്രകുമാര്‍ നില്‍ക്കുന്നത്. ബജറ്റ് പോലും വില്‍പ്പനയ്ക്ക് വെക്കുന്ന, പാവങ്ങളുടെ കഞ്ഞിയില്‍ നിരന്തരം മണ്ണുവാരിയിട്ടുകൊണ്ടിരിക്കുന്ന കെ എം മാണിയുടെ കൂടെയാണ് അദ്ദേഹം ഭരണം പങ്കിടുന്നത്. സ്വന്തം ഔദ്യോഗികവസതി ബലാല്‍സംഗത്തിന് വേദിയാക്കി മാറ്റുന്ന മന്ത്രിയുടെ കൂടെയാണ് അദ്ദേഹം 'ഗ്ലോബലൈസേഷന്‍' എന്ന് പറയുന്നത്. വീരേന്ദ്രകുമാര്‍ 2009ല്‍ ഉയര്‍ത്തിയ രാഷ്ട്രീയ സമസ്യകള്‍ ഇപ്പോഴും പ്രസക്തമെങ്കില്‍ യു ഡി എഫ് മുന്നണിയുടെ ആത്മാവും ജീവനും തിരിച്ചറിഞ്ഞ് തന്നെയാണോ അവിടെ തുടരുന്നത് എന്നതിന് പൊതുസമൂഹത്തോട് ഉത്തരം പറയേണ്ടിവരും.

വിസ്മരിക്കാന്‍ സാധിക്കാത്ത, പ്രോജ്ജ്വലമായ രാഷ്ട്രീയ പാരമ്പര്യം തന്നെയാണ് വീരേന്ദ്രകുമാറിന് ഉള്ളത് എന്നത് വസ്തുതയാണ്. എ കെ ജിയും ഇ എം എസും ഒന്നിച്ചിരുന്ന മുന്നണിയോഗത്തില്‍ അരങ്ങില്‍ ശ്രീധരനോടൊപ്പം പങ്കാളിയായി മിനുട്‌സ് എഴുതിയ അന്നത്തെ മുന്നണി കണ്‍വീനര്‍, ഇന്ന് സരിത എസ് നായരുടെ മിനുട്‌സ് ബുക്ക് വായിച്ചിരിക്കേണ്ട ഗതികേടിലാണുള്ളത് എന്നതും വസ്തുതയാണ്. അധപതിക്കാന്‍ ഇനി താഴ്ചകളൊന്നും ബാക്കിയില്ലാത്ത ഒരു മുന്നണിയിലാണ് എം പി വീരേന്ദ്രകുമാര്‍ ഇന്നുള്ളത്. 'ഹൈമവതഭൂവി'ന്റെ രചയിതാവ്, മലീമസമായ യു ഡി എഫ് ഭൂമികയില്‍ നില്‍ക്കേണ്ടവനാണോ എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഇനിയുള്ള രാഷ്ട്രീയജീവിതം അതിനുള്ള ഉത്തരമാക്കി മാറ്റാനാണ് വീരേന്ദ്രകുമാര്‍ ശ്രമിക്കേണ്ടത്.

യു ഡി എഫിന്റെ ആത്മാവ്; അഴിമതിക്കാരിയായ, പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരു സ്ത്രീക്ക് മുന്നില്‍ അടിയറവെച്ചിരിക്കുകയാണെന്ന് കേരളം മനസിലാക്കി കഴിഞ്ഞു. യു ഡി എഫിന്റെ ജീവന്‍; സരിത എസ് നായര്‍ എഴുതിയ 46 പേജുള്ള 'യു ഡി എഫ് ചരിത്രം' പുറത്തായാല്‍ പിടഞ്ഞമരും. ആ പേജുകളില്‍ എം പി വീരേന്ദ്രകുമാറെന്ന മനീഷിയുടെ മഹനീയത ചോര്‍ത്തി കളയുന്ന പേരുകള്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അധപതിക്കാന്‍ ഇനി താഴ്ചകളൊന്നും ബാക്കിയില്ലാത്ത ഒരു മുന്നണിയിലാണ് എം പി വീരേന്ദ്രകുമാര്‍ ഇന്നുള്ളത്. 'ഹൈമവതഭൂവി'ന്റെ രചയിതാവ് മലീമസമായ യു ഡി എഫ് ഭൂമികയില്‍ നില്‍ക്കേണ്ടവനാണോ എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഇനിയുള്ള രാഷ്ട്രീയജീവിതം അതിനുള്ള ഉത്തരമാക്കി മാറ്റാനാണ് വീരേന്ദ്രകുമാര്‍ ശ്രമിക്കേണ്ടത്.

“രണ്ടുവോട്ടുകിട്ടാന്‍ വേണ്ടി എന്തും പറയുകയും പിന്നീടത് മാറ്റിപ്പറയുകയും ചെയ്യുന്നത് ഇപ്പോഴത്തെ ഗ്ലോബലൈസേഷന്റെ ഭാഗമാകാം. എന്തായാലും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല” 2009ലാവും എം പി വീരേന്ദ്രകുമാര്‍ ഗ്ലോബലൈസേഷനെ അവസാനമായി വിമര്‍ശിച്ചിട്ടുണ്ടാവുക. അതിന് ശേഷം അദ്ദേഹം മന്‍മോഹന്‍സിംഗിന്റെ ഗ്ലോബലൈസേഷന്‍ നയങ്ങളുടെ വക്താവായി യു ഡി എഫിലേക്ക് ചേക്കേറി. എം പി വീരേന്ദ്രകുമാറിന്റെ ആഗോളവത്കരണവിരുദ്ധ രാഷ്ട്രീയം നിരവധി പുസ്തകങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ലോക വ്യാപാര സംഘടനയും ഊരാക്കുടുക്കുകളും, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ഗാട്ടും കാണാച്ചരടുകളും തുടങ്ങിയ പുസ്തകങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ട അവസ്ഥയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്, തീര്‍ച്ചയായും യു ഡി എഫ് ബാന്ധവം നിമിത്തമാവും. രണ്ടുവോട്ട് മാത്രമാകരുത് വീരേന്ദ്രകുമാറിനെ പോലുള്ളവരുടെ രാഷ്ട്രീയം. അദ്ദേഹം എ കെ ജിയില്‍ നിന്നും പഠിച്ച പാഠം ഇന്ന് മാറ്റിപ്പറയാന്‍ നിര്‍ബന്ധിതനാവുന്നത് യു ഡി എഫ് ലാവണത്തിലായതുകൊണ്ടാണ്. ആഗോളവത്കരണത്തെ, സ്വകാര്യ-ഉദാരവത്കരണത്തെ യു ഡി എഫ് സംവിധാനത്തില്‍ നിന്നുകൊണ്ട് ഒരിക്കലും വീരേന്ദ്രകുമാറിന് എതിര്‍ക്കാന്‍ സാധിക്കില്ല.

സ്വന്തം മുന്നണിയിലെ മന്ത്രിമാരും നേതാക്കളും സരിത എസ് നായരും തമ്മിലുള്ള അവിഹിതങ്ങളുടെ ലൈംഗിക അരാജകത്വങ്ങളുടെ നാണംകെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ എം പി വീരേന്ദ്രകുമാറിന്റെയുള്ളില്‍ 'ക്രോണി ക്യാപിറ്റലിസം' എന്ന പദം തന്നെയാവും തികട്ടിവന്നിട്ടുണ്ടാവുക. കുത്തകമുതലാളിമാരും ഭരണകൂടവും ബ്യൂറോക്രസിയും കൈകോര്‍ക്കുമ്പോള്‍, ലാഭം വീണ്ടും കുന്നുകൂട്ടാനായി പരിശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും സരിത എസ് നായര്‍മാര്‍ തീര്‍ച്ചയായും ഉണ്ടാവും. ആഗോളവത്കരണത്തെയും ഉദാരവത്കരണത്തെയും സ്വകാര്യവത്കരണത്തെയും പുണരുന്ന ഭരണത്തിന്റെ ഇടനാഴികളിലൂടെ മാത്രമേ സരിതമാര്‍ക്ക് തേര്‍വാഴ്ച നടത്താന്‍ സാധിക്കുകയുള്ളു. ജനപക്ഷത്ത് നില്‍ക്കുന്ന, സാധാരണക്കാരന്റെ വേദനയൊപ്പാന്‍ പരിശ്രമിക്കുന്ന ഭരണസംവിധാനമായിരുന്നുവെങ്കില്‍, മന്ത്രിമാരായിരുന്നു എങ്കില്‍, സരിതയ്ക്ക് ആരെയും തന്റെ സാരിതുമ്പില്‍ കോര്‍ക്കാന്‍ സാധിക്കുമായിരുന്നില്ല.

ഇടതുപക്ഷത്തുള്ള ഒരാളുടെ പേരുപോലും സരിതയുടെ മിനുട്‌സ്ബുക്കില്‍ നിന്നും കണ്ടെത്താന്‍ സാധിക്കില്ല എന്ന പച്ചപരമാര്‍ത്ഥത്തില്‍ നിന്നുകൊണ്ട്, ക്യാപിറ്റലിസത്തിനെതിരെ ശബ്ദമുയര്‍ത്തിയ എ കെ ജിയുടെ ശിഷ്യന്‍, തന്റെ 'ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര' നടത്തേണ്ടിയിരിക്കുന്നു. ഇറങ്ങിപ്പോയ പടികള്‍ കയറിവരാന്‍ കൂടിയുള്ളതാണ്.

11-Apr-2015

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More