ശ്രേഷ്ഠഹിന്ദുവും നികൃഷ്ടഹിന്ദുവുമുള്ള ആര്‍ എസ് എസ്
പ്രീജിത്ത് രാജ്
ജാതീയതയും ബ്രാഹ്മണ മേധാവിത്വവും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കണമെന്നും ഹിന്ദുരാഷ്ട്രത്തിന്റെ നിര്‍മിതി ആ മൂശയിലാണ് വാര്‍ത്തെടുക്കേണ്ടതെന്നുമാണ് ആര്‍ എസ് എസ് ഉറപ്പിച്ച് പറയുന്നത്. നാഗ്പൂരിലെ ആര്‍ എസ് എസ് കാര്യാലയത്തില്‍ സര്‍ സംഘ് ചാലക് പദവിയില്‍ ഇരിക്കുന്ന സവര്‍ണഹിന്ദുക്കള്‍ക്ക് ഹിന്ദുരാഷ്ട്രം സ്ഥാപിതമാവുമ്പോള്‍ ജാതീയത അതിന്റെ എല്ലാ പുനരുത്ഥാന സ്വഭാവത്തോടെയും തിരികെ വരേണ്ടതുണ്ട്. ആര്‍ എസ് എസില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുന്ന ദളിതുകള്‍ക്കും മറ്റ് അവര്‍ണജാതിയില്‍പ്പെട്ട പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ കഴുത്തില്‍ ജാത്യാചാരങ്ങളുടെ നുകം വന്നുവീഴുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ ബോധ്യപ്പെടുകയുള്ളു. വെള്ളാപ്പള്ളി നടേശനും അത് ബാധകമാണ്. നാഗ്പൂരില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലക് ആയി ഒരു പുലയനെ നിയോഗിക്കാന്‍ ആര്‍ എസ് എസിന് സാധിക്കുമോ? ഇപ്പോഴത്തെ സര്‍ സംഘ ചാലക് മോഹന്‍ മധുകര്‍ ഭാഗവത് ഒരു പുലയന് അല്ലെങ്കില്‍ ആദിവാസിക്ക് രാജ്യത്തെ ഹിന്ദുക്കളെ ഉണര്‍ത്താനുള്ള ചുമതല വിട്ടുകൊടുക്കാന്‍ തയ്യാറാവുമോ? അത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. ശ്രേഷ്ഠ ഹിന്ദുക്കളുടെ കാല്‍ക്കീഴില്‍ നുരക്കാനുള്ളവര്‍ മാത്രമാണല്ലൊ പുലയരും ആദിവാസികളുമടങ്ങുന്ന ദളിതുകള്‍. മനുസ്മൃതിയില്‍ നിന്നും വിമോചനം നേടാത്ത ആര്‍ എസ് എസില്‍ നിന്നും എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. |
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടക്കുന്നത് നാഗ്പൂരിലേക്കാണ്. കൈയ്യില്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബയോഡാറ്റയുമുണ്ട്. ആര്‍ എസ് എസ് ആസ്ഥാനത്ത് നിന്ന് സര്‍ സംഘ് ചാലക് പറയുന്നതാണ് ബി ജെ പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളില്‍ നടപ്പിലാവുക എന്ന തിരിച്ചറിവൊക്കെ നടേശനുണ്ട്. പക്ഷെ, വേറെ പലതും അദ്ദേഹത്തിനറിയില്ല. ആര്‍ എസ് എസ്, നടേശനെയും അദ്ദേഹം നയിക്കുന്ന സാമുദായിക സംഘടനയേയും എങ്ങിനെയാണ് നോക്കി കാണുന്നത് എന്ന് വെള്ളാപ്പള്ളി നടേശന് അറിയാന്‍ വഴിയില്ല. ചിലപ്പോള്‍ അറിഞ്ഞിട്ടും അതിനൊക്കെ വിധേയനാവാനുള്ള മനസുമായി പോവുന്നതുമായിരിക്കാം.
ഈഴവര്‍ സംഘടിക്കണമെന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന വെള്ളാപ്പള്ളി നടേശന് മാത്രമല്ല അത് അറിയാത്തത്. നരേന്ദ്രമോഡി എന്ന ആര്‍ എസ് എസ് പ്രചാരകന്റെ നാട്യങ്ങളില്‍ മതിമറന്നുപോയ പലര്‍ക്കും അതറിയില്ല. പലരും ധരിച്ചുവെച്ചിരിക്കുന്നത് ആര്‍ എസ് എസ് ഇന്ത്യയിലെ എല്ലാ ഹിന്ദുക്കളെയും അംഗീകരിക്കുന്ന, പ്രതിനിധീകരിക്കുന്ന സംഘമാണ് എന്നാണ്. അങ്ങനെയല്ല. രാഷ്ട്രീയ സ്വയം സേവക് സംഘം ബ്രാഹ്മണരുടെ അധീനതയിലുള്ള, സകല സവര്‍ണഭാവങ്ങളും പ്രകാശിപ്പിക്കുന്ന ഒരു സംഘടനയാണ്. ഹിന്ദു മതത്തിലുള്ളവരെ ജാതി അടിസ്ഥാനപ്പെടുത്തി ശ്രേഷ്ഠ ഹിന്ദുവെന്നും നികൃഷ്ട ഹിന്ദുവെന്നും അവര്‍ തരംതിരിച്ച് നോക്കി കാണുന്നു.
ഉത്തരേന്ത്യന്‍ ബ്രാഹ്മണരാണ് ഹിന്ദുക്കളില്‍ ഏറ്റവും ഉത്തമരെന്നും ബാക്കിയുള്ള ഹിന്ദു ജാതികളില്‍ പെടുന്നവര്‍ ബ്രാഹ്മണ്യത്തിന് അടിപ്പെട്ട് കഴിഞ്ഞുകൊള്ളണമെന്നും ആഗ്രഹിക്കുന്ന 'ഗോള്‍വാക്കറിസം' രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ കാഴ്ചപ്പാടാണ്. അപ്പോഴാണ് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മുദ്രാവാക്യവും വലിച്ചെറിഞ്ഞ്, എസ് എന്‍ ഡി പി യോഗത്തെയും തെളിച്ച് വെള്ളാപ്പള്ളി നടേശന്‍ ആര്‍ എസ് എസ് സന്നിധിയിലേക്ക് പോകുന്നത്. ഈഴവരെ ഏത് തരം ഹിന്ദുവായാണ് ആര്‍ എസ് എസ് പരിഗണിക്കുന്നത്? അത് മനസിലാക്കണമെങ്കില്‍ നടേശന്‍ ആര്‍ എസ് എസിന്റെ ചരിത്രം പഠിക്കാന്‍ തയ്യാറാവണം.
ആര്‍ എസ് എസ് ഇന്ത്യയിലെ എല്ലാ ബ്രാഹ്മണന്‍മാരെയും അംഗീകരിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. മഹാരാഷ്ട്രാ ബ്രാഹ്മണര്‍ക്കാണ് രാഷ്ട്രീയ സ്വയം സേവക് സംഘില്‍ മുന്തിയ പരിഗണന. ആര്‍ എസ് എസിന്റെ രണ്ടാമത്തെ സര്‍ സംഘ ചാലക് ആയിരുന്ന ഗോള്‍വാക്കര്‍ക്ക് ഇന്ത്യയെന്നാല്‍ ഉത്തരേന്ത്യ ആയിരുന്നു. 'ഹിന്ദു സുവര്‍ണകാലം' എന്ന് ആര്‍ എസ് എസ് പറയുമ്പോള്‍ അര്‍ത്ഥം 'ഉത്തരേന്ത്യന്‍ സുവര്‍ണ കാലം' എന്നാണെന്ന് മനസിലാക്കാന്‍ ജോഫ്രെ ഹോസ്‌കിങും ജോര്‍ജ്ജ് സ്‌കോപ് പ്ലീനും എഡിറ്റ് ചെയ്ത 'മിത്ത്‌സ് ഓഫ് നാഷണ്‍ഹുഡ്' എന്ന പുസ്തകത്തിലെ ആന്റണി സ്മിത്തിന്റെ 'ദ ഗോള്‍ഡന്‍ ഏജ് ആന്റ് നാഷണല്‍ റിനീവല്‍' എന്ന ലേഖനം വായിച്ചാല്‍ മതി. (ലണ്ടന്‍ ഹസ്റ്റര്‍ കമ്പനി, 2000) ആര്‍ എസ് എസും ഗോള്‍വാക്കറും മുസ്ലീംങ്ങളെയും കൃസ്ത്യന്‍സിനെയും മാത്രമല്ല, ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ ഒഴികെയുള്ള ഹിന്ദുക്കളെയൊന്നും സമഭാവത്തില്‍ കാണാന്‍ തയ്യാറായിരുന്നില്ല എന്നും ആ വിഭാഗങ്ങളെ അവര്‍ക്ക് മനസിലാവാത്ത വിധത്തില്‍ ഒഴിവാക്കി നിര്‍ത്തിയിരുന്നു എന്നും മനസിലാക്കാന്‍ സാധിക്കും.
ഗുജറാത്ത് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് 1960 ഡിസംബര്‍ 17ന് ഗോള്‍വാക്കര്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നത് മറ്റൊന്നല്ല. ജാതി വ്യവസ്ഥയെ കുറിച്ചുള്ള തന്റെ ഉറച്ച ധാരണകള്‍ അദ്ദേഹം അടിവരയിട്ടുറപ്പിക്കുകയാണ്. മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തില്‍ അതിജീവിച്ചിരുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സങ്കരപ്രത്യുത്പാദനം എന്ന വിഷയത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു : “ഇന്ന് മൃഗങ്ങളില്‍ മാത്രമേ സങ്കരപ്രത്യുത്പാദനത്തിനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുള്ളു. ഇന്ന് ആധുനിക ശാസ്ത്രജ്ഞരെന്ന് വിളിക്കപ്പെടുന്നവര്‍ പോലും മനുഷ്യരില്‍ അത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യപ്പെടുന്നവരല്ല. ഇന്ന് മനുഷ്യരുടെ സങ്കര പ്രത്യുത്പാദനം നടക്കുന്നത് ശാസ്ത്രീയ പരീക്ഷണങ്ങള്‍ മൂലമല്ല, മറിച്ച് മാംസനിബദ്ധം മൂലമാണ്. ഇനി ഈ മേഖലയില്‍ നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ പരീക്ഷണങ്ങള്‍ എന്തായിരുന്നുവെന്ന് നോക്കാം. സങ്കര പ്രത്യുത്പാദനത്തിലൂടെ മനുഷ്യരിലെ വംശങ്ങളെ മെച്ചപ്പെടുത്താന്‍ വേണ്ടി വടക്കുനിന്നുള്ള നമ്പൂതിരി ബ്രാഹ്മണര്‍ കേരളത്തില്‍ പാര്‍പ്പുറപ്പിച്ചു. നമ്പൂതിരി കുടുംബത്തിലെ മൂത്തപുത്രന് കേരളത്തിലെ വൈശ്യ- ക്ഷത്രിയ അല്ലെങ്കില്‍ ശൂദ്ര കുടുംബത്തിലെ കന്യകയെ മാത്രമേ കല്യാണം കഴിക്കാവൂ എന്നൊരു നിബന്ധന പ്രാബല്യത്തില്‍ വരുത്തി. വിവാഹിതരായ ഏതു വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെയും ആദ്യ സന്താനം ഒരു നമ്പൂതിരി ബ്രാഹ്മണന്‍ മുഖേനയാവണമെന്നും പിന്നീടവര്‍ക്ക് സ്വന്തം ഭര്‍ത്താവിനെ കൊണ്ട് സന്താനങ്ങളെ സൃഷ്ടിക്കാം എന്നുമുള്ള കൂടുതല്‍ ധീരമായ ഒരു നിബന്ധനയും പ്രാബല്യത്തില്‍ വന്നു. ഇന്ന് ഈ പരീക്ഷണത്തെ വ്യഭിചാരമെന്ന് വിളിക്കപ്പെടും. എന്നാല്‍, അങ്ങനെയല്ല. ഇത് സ്വത്തും മറ്റ് ഉത്തരവാദിത്തങ്ങളും വന്നുചേരുന്ന ആദ്യത്തെ കുട്ടിയെ ഉത്പാദിപ്പിക്കാനുള്ള ബീജത്തില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു” (ഓര്‍ഗനൈസര്‍, 1961 ജനുവരി 2, പേജ് 5)
എത്ര വിഷലിപ്തമായാണ് ആര്‍ എസ് എസിന്റെ സര്‍ സംഘ ചാലക് ചിന്തിച്ചത്? ഹിന്ദുക്കളില്‍ വൈശിഷ്ട്യമേറിയൊരു ജാതിയായി ബ്രാഹ്മണരുണ്ടെന്നും അവരുടെ ബീജമാവുന്ന വിത്ത് വിതക്കാനുള്ള ഗര്‍ഭപാത്രങ്ങളാവണം ഹിന്ദുക്കളിലെ ഇതര ജാതിയിലുള്ളവരെന്നുമാണ് ഗോള്‍വാക്കര്‍ പറയുന്നത്. മെച്ചപ്പെട്ട ഹിന്ദുക്കളും തരംതാണ ഹിന്ദുക്കളുമുണ്ട് എന്ന ഗോള്‍വാക്കറുടെ, ആര്‍ എസ് എസിന്റെ കാഴ്ചപ്പാടിനെ അംഗീകരിച്ചുകൊണ്ടാണോ വെള്ളാപ്പള്ളി നടേശന്‍, ഈഴവ സമുദായത്തിന്റെ അപോസ്തലനെന്ന് സ്വയം പ്രഖ്യാപിച്ച് എസ് എന്‍ ഡി പി യുടെ അന്തപുരത്തില്‍, ആര്‍ എസ് എസിന് പായ വിരിക്കുന്നത്?
" ഇന്ന് മനുഷ്യരുടെ സങ്കര പ്രത്യുത്പാദനം നടക്കുന്നത് ശാസ്ത്രീയ പരീക്ഷണങ്ങള്‍ മൂലമല്ല, മറിച്ച് മാംസനിബദ്ധം മൂലമാണ്. ഇനി ഈ മേഖലയില്‍ നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ പരീക്ഷണങ്ങള്‍ എന്തായിരുന്നുവെന്ന് നോക്കാം. സങ്കര പ്രത്യുത്പാദനത്തിലൂടെ മനുഷ്യരിലെ വംശങ്ങളെ മെച്ചപ്പെടുത്താന്‍ വേണ്ടി വടക്കുനിന്നുള്ള നമ്പൂതിരി ബ്രാഹ്മണര്‍ കേരളത്തില്‍ പാര്‍പ്പുറപ്പിച്ചു. നമ്പൂതിരി കുടുംബത്തിലെ മൂത്തപുത്രന് കേരളത്തിലെ വൈശ്യ- ക്ഷത്രിയ അല്ലെങ്കില്‍ ശൂദ്ര കുടുംബത്തിലെ കന്യകയെ മാത്രമേ കല്യാണം കഴിക്കാവൂ എന്നൊരു നിബന്ധന പ്രാബല്യത്തില്‍ വരുത്തി. വിവാഹിതരായ ഏതു വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെയും ആദ്യ സന്താനം ഒരു നമ്പൂതിരി ബ്രാഹ്മണന്‍ മുഖേനയാവണമെന്നും പിന്നീടവര്‍ക്ക് സ്വന്തം ഭര്‍ത്താവിനെ കൊണ്ട് സന്താനങ്ങളെ സൃഷ്ടിക്കാം എന്നുമുള്ള കൂടുതല്‍ ധീരമായ ഒരു നിബന്ധനയും പ്രാബല്യത്തില്‍ വന്നു. ഇന്ന് ഈ പരീക്ഷണത്തെ വ്യഭിചാരമെന്ന് വിളിക്കപ്പെടും. എന്നാല്‍, അങ്ങനെയല്ല." |
തരംതാണ ഹിന്ദുക്കള്‍ക്ക് നല്ല ബീജം നല്‍കാന്‍, അവരില്‍ വൈശിഷ്ട്യമേറിയ ഹിന്ദുവിന്റെ വിത്തുവിതയ്ക്കാന്‍ വടക്കേ ഇന്ത്യന്‍ ബ്രാഹ്മണന്‍ അഥവാ നമ്പൂതിരി ബ്രാഹ്മണന്‍ ഉതകുമെന്നും അവന്‍ പരമാധികാര ജാതിയില്‍പ്പെട്ടവനാണെന്നും ഗോള്‍വാക്കര്‍ സിദ്ധാന്തിക്കുന്നു. ഇന്നുവരെ ആര്‍ എസ് എസ് ഗോള്‍വാക്കറുടെ ഈ നിരീക്ഷണം ശരിയല്ല എന്ന പറഞ്ഞിട്ടില്ല. ഇപ്പോഴും അവര്‍ ബ്രാഹ്ണണ മേധാവിത്വത്തില്‍ തന്നെയാണ് നിലകൊള്ളുന്നത്. നവോത്ഥാനപൂര്‍വ കേരളത്തില്‍ ഈഴവരടക്കമുള്ള ജാതിയിലുള്ളവര്‍ കല്യാണം കഴിക്കുമ്പോള്‍ നമ്പൂതിരിമാരും മറ്റ് സവര്‍ണ ജന്‍മികളും കല്യാണപ്പെണ്ണിനെ ആദ്യം പ്രാപിക്കേണ്ടത് തങ്ങളാണെന്നും അതിനുശേഷമുള്ള എച്ചിലാണ് അവര്‍ണന് ഉള്ളതെന്നും കരുതി പോന്നിരുന്നു. ശ്രീ നാരായണ ഗുരുവിനെ പോലുള്ളവരാണ് അത് പാടില്ല എന്ന് പറഞ്ഞ്, ആ വ്യവസ്ഥയെ സാമുദായിക പരിഷ്‌കരണ-നവോത്ഥാന പ്രസ്ഥാനത്തിലൂടെ പറിച്ചെറിഞ്ഞത്. പഴയ ആ രീതി, വൈശിഷ്ട്യമേറിയ ഹിന്ദുക്കളെ ഉത്പാദിപ്പിക്കാനുള്ള വ്യവസ്ഥയാണെന്ന് കരുതുന്ന ഗോള്‍വാക്കറിന്റെ ആര്‍ എസ് എസിലേക്ക്, ബി ജെ പി അടങ്ങുന്ന സംഘപരിവാരങ്ങളിലേക്ക് തന്റെ സമുദായ സംഘടനയെ ചേര്‍ത്ത് നിര്‍ത്തുന്ന വെള്ളാപ്പള്ളി നടേശന്‍ ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ കുഴിച്ചുമൂടുകയും പകരം ഒരു മനുസ്മൃതി പൊക്കിപിടിക്കുകയും ചെയ്യുന്നു. അത് മനസിലാക്കാനുള്ള ത്രാണി ശ്രീനാരായണീയര്‍ക്ക് ഉണ്ടാവണം.
പരമാധികാരിയായ ബ്രാഹ്മണിലൂടെ മാത്രമേ കേരളത്തിലെ തരംതാണ ഹിന്ദുക്കളുടെ, ബ്രാഹ്മണ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രജനനം മെച്ചപ്പെടുത്താന്‍ കഴിയൂ എന്ന് പുരുഷാഭിമാനിയായ എം എസ് ഗോള്‍വാക്കര്‍, ആര്‍ എസ് എസ് വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ക്ക് വേണ്ടി, ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ആര്‍ എസ് എസിന്, ഗോള്‍വാക്കറിന് കേരളത്തിലെ ഹൈന്ദവ സ്ത്രീകളുടെ ഗര്‍ഭപാത്രം അങ്ങേയറ്റം നിന്ദ്യമാണ്. കേരളത്തിലെ ഹൈന്ദവ പുരുഷന്‍മാരുടെ ബീജവും ഗോള്‍വാക്കറിന് നികൃഷ്ടമായതാണ്. എസ് എന്‍ ഡി പി ഗോള്‍വാക്കറിന്റെ ഈ നിലപാട് അംഗീകരിക്കുന്നുണ്ടോ എന്ന് നടേശന്‍ വ്യക്തമാക്കണം.
കേരളത്തിലെ ഹൈന്ദവ സ്ത്രീകള്‍ അവരുമായി ഒരു തരത്തിലും ബന്ധമില്ലാത്ത നമ്പൂതിരി ബ്രാഹ്മണരുമായുള്ള ലൈംഗീക വേഴ്ചയിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ഹിന്ദുകുട്ടികളെ സൃഷ്ടിക്കുന്നു എന്ന തരത്തില്‍ ഒരു ജാത്യാചാരജന്യമായ സാഹചര്യത്തെ നോക്കി കണ്ട ഗോള്‍വാക്കറിന്റെ കാഴ്ചപ്പാടുകള്‍ ഇപ്പോഴും നിലവിലുണ്ട്. ആര്‍ എസ് എസ് ഇന്നും പിന്തുടരുന്നത് ആ ഗോള്‍വാക്കറെയാണ്. എന്തുകൊണ്ട് ആര്‍ എസ് എസും അവര്‍ നിയന്ത്രിക്കുന്ന ബി ജെ പി അടക്കമുള്ള സംഘപരിവാരങ്ങളും ഗോള്‍വാക്കറെ തള്ളിപ്പറയാന്‍ തയ്യാറാവുന്നില്ല?
തീര്‍ത്തും സ്ത്രീ വിരുദ്ധവും ജാതീയവും മനുഷ്യത്വമില്ലാത്തതുമായ ഈ പ്രസ്താവന, ഗോള്‍വാക്കര്‍ നടത്തിയത് വിവരമില്ലാത്ത, അക്ഷരാഭ്യാസമില്ലാത്ത ഒരാള്‍ക്കൂട്ടത്തിന് മുന്നിലായിരുന്നില്ല. ഗുജറാത്തിലെ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റിയും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 'പ്രൗഢ'മായ ഒരു സദസില്‍ വെച്ചായിരുന്നു എന്നാണ് ആര്‍ എസ് എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഓര്‍ഗനൈസറില്‍ കൂടി മനസിലാക്കാന്‍ സാധിക്കുന്നത്, യൂണിവേഴ്‌സിറ്റിയിലെത്തിയ ഗോള്‍വാക്കറെ സ്വീകരിച്ചത് ആ വിദ്യാലയത്തിന്റെ ഡയറക്ടറും 'വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞ'നുമായ ഡോ. ബി ആര്‍ ഷേണായി ആയിരുന്നു. തീര്‍ത്തും ഫാഷിസ്റ്റ് സ്വഭാവമുള്ള ഈ പ്രസ്താവനയ്‌ക്കെതിരെ ആ സദസില്‍ നിന്ന് ഒരു മുറുമുറുപ്പും ഉയര്‍ന്നില്ല എന്ന് വാര്‍ത്തയില്‍ നിന്ന് മനസിലാക്കാം. ഗുജറാത്തില്‍ മേല്‍ജാതിക്കാരനും ആര്‍ എസ് എസ് സര്‍ സംഘ് ചാലകുമായിരുന്ന പ്രഭാഷകന്റെ തിരുവായ്ക്ക് എതിര്‍വായുണ്ടായില്ല. 'ഹിന്ദുത്വ'യ്ക്ക് അവിടെ ആഴത്തില്‍ വേരോട്ടമുണ്ടായത് എങ്ങിനെയാണെന്ന് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും.
കേരളത്തിലെ സ്ത്രീ സമൂഹത്തെ അങ്ങേയറ്റം അപമാനിക്കുന്നതായിരുന്നിട്ട് പോലും ആര്‍ എസ് എസ്, സര്‍ സംഘ ചാലക് എം എസ് ഗോള്‍വാക്കറുടെ ചിന്തകള്‍ 'ഹിന്ദു എക്‌സ്പിരിമെന്‍സ് ഇന്‍ ക്രോസ് ബ്രീഡിംഗ്' എന്ന തലക്കെട്ടില്‍ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചു. പക്ഷെ, അധികം വൈകാതെ ഈ തുറന്നുപറച്ചില്‍ ആര്‍ എസ് എസിന് ദോഷം ചെയ്യും എന്ന് മനസിലാക്കിയ ആര്‍ എസ് എസ് നേതൃത്വം ഗോള്‍വാക്കറുടെ ഈ കാഴ്ചപ്പാടിനെ പൂഴ്ത്തിവെക്കാന്‍ തീരുമാനിച്ചു. 2004ല്‍ ഗോള്‍വാക്കറുടെ രചനകള്‍ 'ശ്രീ ഗുരുജി സംഗദ്' എന്ന പേരില്‍ പന്ത്രണ്ട് വോള്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിയില്‍. ആ കൃതിയില്‍ മുകളില്‍ പറഞ്ഞ ഖണ്ഡിക ഒഴിവാക്കിയിരിക്കുന്നത് ആര്‍ എസ് എസ് നേതൃത്വം തീരുമാനിച്ചിട്ടാണ്. ഇത്തരത്തിലുള്ള കാഴ്ചപ്പാടുകള്‍ സമൂഹത്തോട് തുറന്ന് പറയേണ്ടതില്ലെന്നും അത് സംഘത്തിനകത്ത് പ്രാവര്‍ത്തികമാക്കിയാല്‍ മാത്രം മതിയെന്നുമാണ് ആര്‍ എസ് എസ് തീരുമാനിച്ചിരിക്കുന്നത്. ബ്രാഹ്മണരല്ലാത്ത ഹിന്ദുക്കളും ദളിതുകളും ആര്‍ എസ് എസിലും സംഘപരിവാരങ്ങളിലും പ്രവര്‍ത്തനത്തിനായി വരേണ്ടതുണ്ട്. ഗോള്‍വാക്കറുടെ ഈ കാഴ്ച്ചപ്പാട് പുറത്തുവിട്ടാല്‍ അത് വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുമെന്നതുകൊണ്ടാണ് കൃതിയില്‍ നിന്ന് ഒഴിവാക്കിയത്.
ഗോള്‍വാക്കറുടെ രചനകളുടെ വോള്യം അഞ്ചില്‍ ഐറ്റം നമ്പര്‍ പത്തില്‍ 28 മുതല്‍ 32 വരെ പേജുകളിലായി മുകളില്‍ പരാമര്‍ശിച്ച ഖണ്ഡിക ഒഴിവാക്കി ഗുജറാത്ത് സര്‍വകലാശാലയിലെ പ്രസംഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ, ലൈബ്രറികളില്‍ നിന്ന് ഓര്‍ഗനൈസറിന്റെ പഴയ ലക്കങ്ങള്‍ നീക്കം ചെയ്യാന്‍ ആര്‍ എസ് എസിന് സാധിച്ചിട്ടില്ല. അതിനാല്‍, ഗോള്‍വാക്കറുടെയും രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെയും യഥാര്‍ത്ഥ ചിന്തകള്‍ ഇന്നും ലോകത്തിന് മനസിലാക്കാന്‍ സാധിക്കുന്നു.
തരംതാണ ഹിന്ദുക്കള്‍ക്ക് നല്ല ബീജം നല്‍കാന്‍, അവരില്‍ വൈശിഷ്ട്യമേറിയ ഹിന്ദുവിന്റെ വിത്തുവിതയ്ക്കാന്‍ വടക്കേ ഇന്ത്യന്‍ ബ്രാഹ്മണന്‍ അഥവാ നമ്പൂതിരി ബ്രാഹ്മണന്‍ ഉതകുമെന്നും അവന്‍ പരമാധികാര ജാതിയില്‍പ്പെട്ടവനാണെന്നും ഗോള്‍വാക്കര്‍ സിദ്ധാന്തിക്കുന്നു. ഇന്നുവരെ ആര്‍ എസ് എസ് ഗോള്‍വാക്കറുടെ ഈ നിരീക്ഷണം ശരിയല്ല എന്ന പറഞ്ഞിട്ടില്ല. ഇപ്പോഴും അവര്‍ ബ്രാഹ്ണണ മേധാവിത്വത്തില്‍ തന്നെയാണ് നിലകൊള്ളുന്നത്. നവോത്ഥാനപൂര്‍വ കേരളത്തില്‍ ഈഴവരടക്കമുള്ള ജാതിയിലുള്ളവര്‍ കല്യാണം കഴിക്കുമ്പോള്‍ നമ്പൂതിരിമാരും മറ്റ് സവര്‍ണ ജന്‍മികളും കല്യാണപ്പെണ്ണിനെ ആദ്യം പ്രാപിക്കേണ്ടത് തങ്ങളാണെന്നും അതിനുശേഷമുള്ള എച്ചിലാണ് അവര്‍ണന് ഉള്ളതെന്നും കരുതി പോന്നിരുന്നു. ശ്രീ നാരായണ ഗുരുവിനെ പോലുള്ളവരാണ് അത് പാടില്ല എന്ന് പറഞ്ഞ്, ആ വ്യവസ്ഥയെ സാമുദായിക പരിഷ്‌കരണ-നവോത്ഥാന പ്രസ്ഥാനത്തിലൂടെ പറിച്ചെറിഞ്ഞത്. പഴയ ആ രീതി, വൈശിഷ്ട്യമേറിയ ഹിന്ദുക്കളെ ഉത്പാദിപ്പിക്കാനുള്ള വ്യവസ്ഥയാണെന്ന് കരുതുന്ന ഗോള്‍വാക്കറിന്റെ ആര്‍ എസ് എസിലേക്ക്, ബി ജെ പി അടങ്ങുന്ന സംഘപരിവാരങ്ങളിലേക്ക് തന്റെ സമുദായ സംഘടനയെ ചേര്‍ത്ത് നിര്‍ത്തുന്ന വെള്ളാപ്പള്ളി നടേശന്‍ ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ കുഴിച്ചുമൂടുകയും പകരം ഒരു മനുസ്മൃതി പൊക്കിപിടിക്കുകയും ചെയ്യുന്നു. അത് മനസിലാക്കാനുള്ള ത്രാണി ശ്രീനാരായണീയര്‍ക്ക് ഉണ്ടാവണം. |
ഗോള്‍വാക്കര്‍ പറയുന്നതെല്ലാം ആര്‍ എസ് എസിന് വേദവാക്യമാണ്. തീര്‍ച്ചയായും ആര്‍ എസ് എസിനൊപ്പം കൈകോര്‍ക്കാന്‍ നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശനും ചില ദളിത് സംഘടനകള്‍ക്കും മുകളില്‍ പറഞ്ഞ 'ഗോള്‍വാക്കറിസ'ത്തോട് പ്രതികരിക്കാനുള്ള ബാധ്യതയുണ്ട്.
ആര്‍ എസ് എസുകാരുടെ വേദപുസ്തകമായ, ഗോള്‍വാക്കര്‍ രചന നിര്‍വഹിച്ച 'നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വ്വചിക്കപ്പെടുന്നു' (We or Our Nationhood Defined) എന്ന പുസ്തകത്തിലൂടെ പങ്കുവെക്കുന്ന ആശയങ്ങള്‍ ന്യൂനപക്ഷത്തിനെതിരായുള്ളത് മാത്രമല്ല. അതിലൂടെ മുസ്ലീംങ്ങളെയും കൃസ്ത്യാനികളെയും ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട് എന്നത് ശരിയാണ്. അതോടൊപ്പം ഹിന്ദു സമൂഹത്തിലെ താഴ്ന്നജാതിക്കാരെ, അയിത്തം ആചരിക്കാന്‍ നിര്‍ബന്ധിതരായ ദളിത് വിഭാഗത്തെ വളരെ മ്ലേച്ഛമായ രീതിയിലാണ് നോക്കി കാണുന്നത്. ആര്‍ എസ് എസ് സ്ഥാപകനായ സവര്‍ക്കറും പിന്നീട് സര്‍ സംഘ് ചാലക് ആയ ഗോള്‍വാക്കറും ജാതീയത, ഹിന്ദുത്വയുടെ അവിഭാജ്യഘടകമാണെന്ന് വിശ്വസിക്കുകയും അത് പ്രചാരകന്‍മാരിലേക്ക് പകരുകയും ചെയ്തു. വിചാരധാരയുടെ (Bunch of Thoughts) 36-ാം പേജില്‍ എം എസ് ഗോള്‍വാക്കര്‍ എഴുതുന്നു : “ഹിന്ദു ജനതതി.... വിരാട് പുരുഷന്‍, സര്‍വ്വശക്തന്‍ അവനെതന്നെ പ്രത്യക്ഷപ്പെടുത്തുന്നതാണ്. അവര്‍ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നില്ലെങ്കിലും പുരുഷ സൂക്തത്തില്‍ സര്‍വ്വശക്തനെ കുറിച്ചുള്ള വിവരണം വ്യക്തമാക്കുന്നുണ്ട്. സൂര്യനെയും ചന്ദ്രനെയും അവന്റെ നാഭിയില്‍ നിന്ന് സൃഷ്ടിച്ചു. ബ്രാഹ്മണര്‍ അവന്റെ ശിരസും ക്ഷത്രിയന്‍ കരങ്ങളും വൈശ്യന്‍ തുടകളും ശൂദ്രന്‍ പാദങ്ങളുമാണ്. നാല് തലങ്ങളുള്ള ഒരു ചിട്ടപ്പെടുത്തല്‍. അതായത് ഹിന്ദു ജനതതി നമ്മുടെ ദൈവത്തിന്റെ മെനഞ്ഞെടുക്കലാണ് എന്നാണ് ഇതിനര്‍ത്ഥം. ദൈവത്തിന്റെ ഈ പരമോന്നത വെളിപ്പെടുത്തലാണ് രാഷ്ട്രത്തെ കുറിച്ചുള്ള നമ്മുടെ ആശയത്തിന്റെ കാതല്‍. അത് നമ്മുടെ ചിന്തയെ അന്തര്‍വ്യാപനം ചെയ്യുകയും നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അതുല്യമായ വ്യത്യസ്ത ആശയങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു.” ഗോള്‍വാക്കറുടെ ഇത്തരം ചിന്തകള്‍ അദ്ദേഹത്തിന്റെ മറ്റ് രചനകളിലും കാണാന്‍ സാധിക്കും.
ജാതി വ്യവസ്ഥ ഹിന്ദുക്കള്‍ക്കിടയിലെ ഐക്യത്തിന് തടസം നില്‍ക്കുന്നു എന്ന പരമാര്‍ത്ഥത്തെ അംഗീകരിക്കാന്‍ ഒരിക്കലും ഗോള്‍വാക്കര്‍ തയ്യാറായിട്ടില്ല. : “ഹിന്ദുക്കള്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവര്‍ ജാതി സമ്പ്രദായം, അന്ധവിശ്വാസങ്ങള്‍, സാക്ഷരതയുടെ കുറവ്, സാമൂഹ്യഘടനയില്‍ സ്ത്രീകളുടെ സ്ഥാനം തുടങ്ങിയ ഹിന്ദുവിന് അത്ര പ്രധാനമല്ലാത്ത കുറവുകള്‍ ഉയര്‍ത്തിക്കാട്ടുകയും ഇതിലൊക്കെയാണ് ഹിന്ദുക്കളുടെ ദൗര്‍ബല്യം നിലകൊള്ളുന്നത് എന്ന് ആരോപിക്കുകയും ചെയ്യുന്നു.” (Bunch of Thoughts, page 61) ഇതൊന്നുമല്ല ന്യൂനപക്ഷ ധ്വംസനമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നാണ് ആര്‍ എസ് എസ് എന്നും പറഞ്ഞിട്ടുള്ളത്. ഹിന്ദുമതം ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ നിലനില്‍ക്കണം എന്നാണ് ഗോള്‍വാക്കര്‍ ആഗ്രഹിച്ചിരുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ രാജ്യത്ത് പുനസ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് സംഘപരിവാരങ്ങളിലൂടെ ഇന്ന് ആര്‍ എസ് എസ് നടപ്പില്‍ വരുത്തുന്നത്.
ജാതീയത ഹിന്ദുമതത്തിന്റെ അടിസ്ഥാനമെന്നാണ് ഗോള്‍വാക്കര്‍ എന്നും സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. : “വര്‍ണങ്ങളിലൂടെയും ഓരോരുത്തരുടെ ആവാസ വ്യവസ്ഥയിലൂടെയും ഹിന്ദുചട്ടക്കൂടില്‍ ഒതുങ്ങി കഴിയുക തന്നെ വേണം. ഹിന്ദു നിയമങ്ങള്‍ അനുസരിക്കുക, ഹിന്ദു മതത്തെയും സംസ്‌കാരത്തെയും ആദരിക്കുക. ഇത്തരത്തില്‍ ആളുകള്‍ക്ക് സ്വയം പുഷ്ടിപ്പെടുത്താനുള്ള ഇടമാണ് ഹിന്ദു രാഷ്ട്രം” (Bunch of Thoughts, page 54)ഇത്തരത്തില്‍ ഒതുങ്ങി കഴിയേണ്ടത് അവര്‍ണരും സവര്‍ണരിലെ ബ്രാഹ്മണേതര വിഭാഗങ്ങളുമാണെന്നതില്‍ സംശയം വേണ്ട. ഹിന്ദു നിയമങ്ങള്‍ അനുസരിക്കുക എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും മനുസ്മൃതിയാണ് ഗോള്‍വാക്കര്‍ ലക്ഷ്യം വെക്കുന്നത്.
ജാതീയതയെ അരക്കിട്ടുറപ്പിക്കുന്നതിന് വേണ്ടി ആരും സഞ്ചരിക്കാത്ത വഴികളിലൂടെ, ആരും ഉപയോഗിക്കാത്ത ഉദാഹരണങ്ങളുമായി പോയ വ്യക്തിയാണ് ഗോള്‍വാക്കര്‍. : “മഹാഭാരതത്തിന്റെയും ഹര്‍ഷവര്‍ധനന്റെയും പുലികേശിയുടെയും ജാതീയമായ എല്ലാ തിന്‍മകളുടേതുമെന്ന് വിളിക്കപ്പെടുന്ന കാലഘട്ടത്തിലേക്ക് നിങ്ങള്‍ നോക്കുക. ഇന്നത്തേക്കാള്‍ ഒട്ടും കുറവല്ലാത്ത തിന്‍മകള്‍ അന്നുണ്ടായിരുന്നു. എന്നിട്ടും അന്ന് നാം വിജയശ്രീലാളിതരായി മഹത്വപൂര്‍ണമായ ഒരു രാഷ്ട്രമായി നിന്നു. ജാതീയമായ കെട്ടുപാടുകള്‍, നിരക്ഷരത തുടങ്ങിയവ ഇന്നത്തെ പോലെ ശിവജിക്ക് കീഴിലെ ഹിന്ദുരാഷ്ട്രത്തിലും ഉണ്ടായിരുന്നു. അത് വലിയ കുഴപ്പങ്ങള്‍ക്ക് കാരണമായില്ല. ഇതൊന്നും തന്നെ നമ്മുടെ നാശത്തിനുള്ള കാരണമല്ല.” (Bunch of Thoughts, page 62)ആര്‍ എസ് എസ് ഇന്നും പിന്‍പറ്റുന്നത് ഗോള്‍വാക്കറുടെ ഈ ന്യായവാദങ്ങളാണ്.
പ്രമുഖ ആര്‍ എസ് എസ് പ്രചാരകും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡി, എം എസ് ഗോള്‍വാക്കറെയാണ് എന്നും പിന്തുടരാന്‍ ശ്രമിച്ചിട്ടുള്ളത്. മോഡി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്തില്‍ വംശഹത്യ സംഘടിപ്പിക്കപ്പെട്ടത്. മുസ്ലീംങ്ങളെ രാജ്യത്തുനിന്നും ഇല്ലാതാക്കാനുള്ള സമാനതകളില്ലാത്ത ഫാസിസ്റ്റ് പരീക്ഷണമായി അത് ഇന്നും ലോകത്തിന് മുന്നിലുണ്ട്. നരേന്ദ്രമോഡി ഗോള്‍വാക്കറുടെ ആശയങ്ങളില്‍ ആകൃഷ്ടനായി അദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. 'ജ്യോതിപുഞ്ച്' എന്ന പുസ്തകത്തില്‍ നരേന്ദ്രമോഡി അഭിമാനത്തോടെ പറയുന്നത് ആര്‍ എസ് എസ് സര്‍ സംഘചാലക് ആയിരുന്ന എം എസ് ഗോള്‍വാക്കര്‍ തനിക്ക് പ്രേരണയായും മാതൃകയായും മാറി എന്നാണ്. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സംഘപരിവാര്‍ പ്രസ്ഥാനമായ ബി ജെ പിയിലൂടെയാണ് നരേന്ദ്രമോഡി എന്ന ആര്‍ എസ് എസ് പ്രചാരകന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയത്. അദ്ദേഹം ആര്‍ എസ് എസിനെ ഇന്നുവരെയും തള്ളി പറഞ്ഞിട്ടില്ല. അതിനാല്‍ ഇന്ത്യന്‍ ഭരണ ഘടനയേക്കാള്‍ മനുസ്മൃതിയാണ് രാജ്യത്ത് നടപ്പിലാക്കാനായി നരേന്ദ്രമോഡി ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞാല്‍ അത് വസ്തുതാ വിരുദ്ധമാവില്ല. ഇന്ത്യന്‍ ഭരണഘടന ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല.
ജാതീയതയും ബ്രാഹ്മണ മേധാവിത്വവും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കണമെന്നും ഹിന്ദുരാഷ്ട്രത്തിന്റെ നിര്‍മിതി ആ മൂശയിലാണ് വാര്‍ത്തെടുക്കേണ്ടതെന്നുമാണ് ആര്‍ എസ് എസ് ഉറപ്പിച്ച് പറയുന്നത്. നാഗ്പൂരിലെ ആര്‍ എസ് എസ് കാര്യാലയത്തില്‍ സര്‍ സംഘ് ചാലക് പദവിയില്‍ ഇരിക്കുന്ന സവര്‍ണഹിന്ദുക്കള്‍ക്ക് ഹിന്ദുരാഷ്ട്രം സ്ഥാപിതമാവുമ്പോള്‍ ജാതീയത അതിന്റെ എല്ലാ പുനരുത്ഥാന സ്വഭാവത്തോടെയും തിരികെ വരേണ്ടതുണ്ട്. ആര്‍ എസ് എസില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുന്ന ദളിതുകള്‍ക്കും മറ്റ് അവര്‍ണജാതിയില്‍പ്പെട്ട പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ കഴുത്തില്‍ ജാത്യാചാരങ്ങളുടെ നുകം വന്നുവീഴുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ ബോധ്യപ്പെടുകയുള്ളു. വെള്ളാപ്പള്ളി നടേശനും അത് ബാധകമാണ്. നാഗ്പൂരില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലക് ആയി ഒരു പുലയനെ നിയോഗിക്കാന്‍ ആര്‍ എസ് എസിന് സാധിക്കുമോ? ഇപ്പോഴത്തെ സര്‍ സംഘ ചാലക് മോഹന്‍ മധുകര്‍ ഭാഗവത് ഒരു പുലയന് അല്ലെങ്കില്‍ ആദിവാസിക്ക് രാജ്യത്തെ ഹിന്ദുക്കളെ ഉണര്‍ത്താനുള്ള ചുമതല വിട്ടുകൊടുക്കാന്‍ തയ്യാറാവുമോ? അത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. ശ്രേഷ്ഠ ഹിന്ദുക്കളുടെ കാല്‍ക്കീഴില്‍ നുരക്കാനുള്ളവര്‍ മാത്രമാണല്ലൊ പുലയരും ആദിവാസികളുമടങ്ങുന്ന ദളിതുകള്‍. മനുസ്മൃതിയില്‍ നിന്നും വിമോചനം നേടാത്ത ആര്‍ എസ് എസില്‍ നിന്നും എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്.
19-Jul-2015
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്