പെണ്ണോണം
പ്രീജിത്ത് രാജ്
പൊന്നോണം; മഞ്ഞലോഹത്തിന് മനോഹാരിത കല്‍പ്പിച്ച ആളുകള്‍ തന്നെയാണ് നമ്മുടെ സമൂഹത്തില്‍ പൊന്നിന് പ്രാധാന്യം നല്‍കാന്‍ ഏറെ പരിശ്രമിച്ചു കാണുക. അവര്‍ തന്നെയാവും ഓണത്തെ, പൊന്നോണമാക്കി മാറ്റിയത്. പൊന്നോണം എന്നതിനേക്കാള്‍ പെണ്ണോണം എന്നാണ് ഓണത്തെ വിശേഷിപ്പിക്കേണ്ടത്. അതൊരു 'ഫെമിനിസ്റ്റ്' നോക്കിക്കാണല്‍ അല്ല. തീര്‍ച്ചയായും ആ വിശേഷണം ഓണവും അതുപോലുള്ള ഓരോ ഉത്സവകാലവും അര്‍ഹിക്കുന്നുണ്ട്. സ്ത്രീകളുടെ ഒരിക്കലും കണക്കില്‍ പെടുത്താത്ത അടുക്കളപ്പണിയുടെ ബാക്കി പത്രമാണ് എല്ലാ ആഘോഷങ്ങളുടെയും സന്തോഷം. ഓരോ ഉത്സവകാലവും ആ സന്തോഷം ആവശ്യപ്പെടുന്നുണ്ട്. പക്ഷെ, സ്ത്രീകള്‍ ഇപ്പോഴും അടുക്കളയില്‍ തന്നെയാണ്. അരങ്ങിലേക്ക് ഇനിയും അവര്‍ പൂര്‍ണമായി വന്നില്ല. പെണ്ണോണം പൊന്നോണമായി അടയാളപ്പെടുത്തുന്നത് അതുകൊണ്ട് കൂടിയാവാം. ഓണത്തെ പറ്റി, പെണ്ണോണത്തെ പറ്റി പെണ്ണുങ്ങള്‍ സംസാരിക്കുന്നു.
സജിത മഠത്തില്‍ |
ആഘോഷങ്ങള്‍ മനുഷ്യന് എന്നും ആവശ്യമുണ്ട്. ആഘോഷങ്ങളും ആഹ്ലാദവും ഇല്ലാതെ എന്തു ജീവിതം! ആഹ്‌ളാദത്തിമര്‍പ്പിന്റെ ഓര്‍മകളും അവസരവുമാണ് ഓണവും.
ഞാന്‍ കുറെക്കാലം ജീവിച്ചത് കേരളത്തിന് പുറത്തായിരുന്നു. ആ സമയത്ത് ഓണത്തെ കുറിച്ചുള്ള ഓര്‍മകള്‍ നമ്മളെ വല്ലാതെ വേവലാതിപ്പെടുത്തും. വിഷമിപ്പിക്കും. കേരളത്തിന് പുറത്ത് ഓണനാളില്‍ വരെ ചിലപ്പോള്‍ ജോലിക്ക് പോകേണ്ടി വന്നേക്കും ആ സമയത്ത് കേരളത്തിലെ ഏതൊരു സ്ത്രീക്കും അടുക്കളയിലെ അധ്വാനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടല്ലോ എന്നുള്ള ആശ്വാസമല്ല ഉണ്ടാവുക. മറിച്ച്, എനിക്കാ ആഘോഷങ്ങളില്‍ കൂടാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമമാണ്. ഗൃഹാതുരത്വമാണ്. അത് ഏത് ആഘോഷമാണെങ്കിലും ബാധകമാണ്.
ആഘോഷങ്ങള്‍ക്കുള്ള പശ്ചാത്തലം ഒരുക്കുന്നതില്‍, വീടൊരുക്കുന്നതില്‍ ആണിനും പെണ്ണിനും അവരവരുടേതായ സംഭാവനയുണ്ട്. വീടൊരുക്കുന്നത് സ്ത്രീകളുടെ മാത്രം പങ്ക് എന്ന രീതി ഇല്ലാതായിട്ടില്ലെങ്കിലും വന്‍നഗരജീവിതത്തിന്റെ നിര്‍ബന്ധങ്ങള്‍ യാഥാസ്ഥിതിക കുടുംബങ്ങളില്‍ പോലും എല്ലാവരും ചേര്‍ന്ന് ഉത്സവമുണ്ടാക്കുക എന്ന രീതി ഉണ്ടായി വരുന്നുണ്ട്. തീര്‍ച്ചയായും സ്ത്രീകള്‍ തന്നെയാണ് വലിയ പങ്ക് വഹിക്കുന്നത്. അത് ആഹ്ലാദത്തോടെ ചെയ്യുന്ന സ്ത്രീകളും അത്ര രസമില്ലാതെ ചെയ്യുന്ന സ്ത്രീകളും കാണാം. ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണം ഉണ്ടാക്കുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ വിഭവങ്ങള്‍ വേണ്ടിവരും. അപ്പോള്‍ സ്ത്രീകളുടെ അധ്വാനം കൂടുതല്‍ വേണ്ടി വരും. പക്ഷെ, അന്നത്തെ ഭക്ഷണം ഒരുക്കുന്നത് വല്ലാത്തൊരു ഉത്സാഹത്തോടെയാവും. അത് മടുപ്പായി മാറണമെന്നില്ല. മിക്കവാറും ഉത്സവ വേളകളില്‍ അടുക്കള കൂട്ടായ്മയുടെ അന്തരീക്ഷത്തിലാവുമെന്നതാവും അതിനുള്ള കാരണം. ഭക്ഷണം ഉണ്ടാക്കാന്‍ ഏറെ ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഞാന്‍. എന്നോട് എല്ലാ ദിവസവും നാല് തരം കറികളുമായി ഭക്ഷണം ഉണ്ടാക്കണം എന്നൊരു കല്‍പ്പനയുമായി ആരെങ്കിലും വന്നാല്‍, അതൊരു തുടര്‍ച്ചയായി മാറ്റപ്പെട്ടാല്‍, അടുക്കളയില്‍ തളച്ചിടപ്പെടുന്ന പ്രതീതി ഉണ്ടായാല്‍ സ്വാഭാവികമായും കുടഞ്ഞെറിയാന്‍ ഞാന്‍ നിര്‍ബന്ധിതയാവും.
വീട്ടിലെ ഭക്ഷണമുണ്ടാക്കല്‍ നമ്മുടെ മൂഡിന്റെ പുറത്ത് വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ല. കറന്റ് ബില്‍ അടക്കുന്നത്, സാധനങ്ങള്‍ വാങ്ങുന്നത് തുടങ്ങിയ കാര്യങ്ങള്‍ വേണമെങ്കില്‍ നമുക്ക് ഒരു ദിവസത്തേക്ക് മാറ്റി വെക്കാം. ഭക്ഷണമുണ്ടാക്കല്‍ അങ്ങനെയല്ല. അത് നാളെ കഴിക്കാം എന്ന് വീട്ടിലെ എല്ലാ അംഗങ്ങളും തീരുമാനിക്കുകയുമില്ല. അത്തരത്തിലുള്ള ജോലിയായി ആഘോഷ കാലത്തെ അടുക്കള ജോലികളെ കാണാന്‍ കഴിയുകയില്ല. ഉത്സവങ്ങള്‍ ആ ജോലി അടിച്ചേല്‍പ്പിക്കുന്നില്ല. സന്തോഷത്തോടെ നമ്മള്‍ സ്വീകരിക്കപ്പെടുകയാണ്. ഞങ്ങളൊക്കെ കുഞ്ഞായിരിക്കുമ്പോള്‍, കൂട്ടുകുടുംബങ്ങളില്‍ താമസിക്കുമ്പോള്‍ എല്ലാവരും ചേര്‍ന്നാണ് ഓണം പോലുള്ള ഉത്സവകാലങ്ങളില്‍ ഭക്ഷണമുണ്ടാക്കുക. കുട്ടികള്‍ വരെ അതില്‍ പങ്കാളികളാകും. കറിക്ക് അരിയുന്നതും തേങ്ങ ചിരവുന്നതും വാഴയില വെട്ടുന്നതും പായസത്തിന് ഇളക്കുന്നതുമൊക്കെ അമ്മാവന്‍മാരും ചേട്ടന്‍മാരുമൊക്കെയാവും. കുട്ടികളും കൂടും സജീവമായി.
ഓണക്കാലത്ത് കേരളത്തില്‍ സ്ത്രീകളാണ് എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്നത്. ഇന്നയിന്ന കാര്യങ്ങള്‍ വേണമെന്ന് തീരുമാനിക്കുന്നത്. ഓണത്തിന് വീടിന്റെ സിസ്റ്റം എങ്ങിനെയാവണം എന്ന് പ്ലാന്‍ ചെയ്യുന്നത്. എന്തൊക്കെ വിഭവങ്ങള്‍ വേണം. എവിടെയൊക്കെ ഭക്ഷണം കൊടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സ്ത്രീകളാണ്. അന്നതൊക്കെ ചെയ്യുന്നത് ആഘോഷത്തോടുകൂടിയാണ്. വളരെ സന്തോഷത്തോടുകൂടിയാണ്. ഇന്ന് നമുക്ക് പലപ്പോഴും നഷ്ടമാവുന്നത് വീടിനകത്തെ കൂട്ടായ്മകളാണ്. അവ തിരിച്ചുപിടിക്കാന്‍ ഉത്സവങ്ങള്‍ വേദിയായി മാറണം. എല്ലാ ദിവസവും ഉത്സവമായി, ആഘോഷമായി മാറുമ്പോള്‍ തീര്‍ച്ചയായും സന്തോഷം കൂടെയുണ്ടാവും.
ഷൈന ഷാജന്‍ |
കാല്‍പ്പനിക വല്‍ക്കരിക്കപ്പെട്ട, ഗൃഹാതുരത മുറ്റിയ ഓര്‍മ്മകളുടെ ഇടവഴികളിലൂടെ പോയിനോക്കിയാല്‍ അവസാനമെത്തിച്ചേരുക, ചവിട്ടിയവനും ചവിട്ടേറ്റവനും ഒരേപോലെ ഓണത്തെ വാഴ്ത്തിപ്പാടുന്നിടത്താണ്. ഐശ്വര്യം, ഉദാരത, വിശാലത, സമത്വം എന്നീ സന്ദേശങ്ങളൊക്കെ ഓണത്തിനുണ്ട് എന്നതിനാലാകാം അത്.
കര്‍ക്കിടകത്തിലെ അവസാന മഴയും പെയ്‌തൊഴിഞ്ഞ മുറ്റത്തേക്കാവണം ചിങ്ങത്തിലെ പൊന്‍വെയില്‍ പരക്കേണ്ടത്; തുമ്പികള്‍ പാറിപ്പറക്കേണ്ടത്. പെണ്മനസ്സുകളിലെ കര്‍ക്കിടകം പെയ്‌തൊഴിഞ്ഞിടത്തേക്കു തന്നെയാവണം സുരക്ഷിതത്വത്തിന്റെ പൊന്‍വെയിലില്‍ അതിജീവനത്തിന്റെ പൊന്‍തുമ്പികള്‍ പൊങ്ങിപ്പറക്കേണ്ടതും.
ഓണവെയിലിന്റെ ആ പുതിയ വെളിച്ചത്തേയും പരിശുദ്ധിയേയും ആനയിച്ചെത്തിക്കാനായി സമൂഹം മുഴുവന്‍ കര്‍മ്മനിരതരാവേണ്ടതുണ്ട്. പക്ഷേ, ഓണത്തിന്റെ പെണ്‍കാഴ്ചയില്‍ ഈ സമൂഹമിപ്പോഴും കര്‍ക്കിടകത്തിന്റെ കരിമേഘ നിഴലില്‍ത്തന്നെയാണ്. അവിടെയുമിവിടേയും ചില പൊന്‍വെയില്‍ച്ചീളുകള്‍ പാറി വീഴുന്നുണ്ടെങ്കില്‍ത്തന്നെയും.
എല്ലാത്തിലും വലുത് മാനുഷികമൂല്യമാണെന്ന പ്രഖ്യാപനമാണ് ഓണത്തിലൂടെ നടക്കേണ്ടത്.
വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം ഓണത്തിന്റെ ആണ്‍കാഴ്ച്ചകളിലും പെണ്‍കാഴ്ചകളിലും വരുന്ന വ്യതിയാനം ആ മൂല്യങ്ങളുടെ സ്വരലയമില്ലായ്മ കൊണ്ടു തന്നെയാണെന്ന് വിഷമത്തോടെ പറയേണ്ടി വരുന്നു.
കസവിനെയും, നിലാവിനേയും, പൊന്‍വെയിലിനെയും, പൂക്കളെയും, തുമ്പികളെയും വേര്‍പെടുത്തിക്കൊണ്ട് ഓണത്തെക്കുറിച്ച് ചിന്തിക്കാനാവുന്നുണ്ടോ?
ഓണക്കാലത്തും, പ്രത്യേകിച്ചൊന്നും അരിഞ്ഞുപെറുക്കാതെയും, വെന്തു മണക്കാതെയും തരിശു കിടക്കുന്ന അടുക്കളകളെ കുറിച്ച് ചിന്തിക്കാനാവുന്നുണ്ടോ..?
പാതിയടഞ്ഞ കുഞ്ഞുകണ്ണുകളില്‍ നിന്നോടിയിറങ്ങിപ്പോയ മഴവില്ലുകളെക്കുറിച്ച്..?
ഇറ്റുവീണ ആദ്യത്തെ ചോരത്തുള്ളി കൊണ്ട് മാനം എന്നെഴുതിയവളെക്കുറിച്ച് ..?
ഉണ്ടെങ്കില്‍.., നേരത്തെ പറഞ്ഞ ഓണത്തിന്റെയാ സന്ദേശങ്ങളെല്ലാം നിങ്ങളില്‍ എത്തിക്കഴിഞ്ഞു; പൊന്‍വെയില്‍ത്തിളക്കത്തോടെ.
മായ ലീല |
ഓണക്കാലം എന്നത് ആഘോഷങ്ങളുടെ കാലമാണെന്ന് വയ്പ്പ്. പത്തുമുപ്പത് തരം കറികളും നാലുകൂട്ടം പായസവും ചേര്‍ത്ത് ഓണസദ്യ ഉണ്ണാന്‍ മലയാളി എന്ന ഐഡന്റിറ്റി എന്തും ചെയ്യണമെന്ന് പഴമൊഴി.
ആഗോളവല്‍ക്കരണത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ആഘോഷം എന്നത് കള്ളുകുടിയും ടിവിയിലെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ കാണലുമായി ഒതുങ്ങിയിട്ടുണ്ടെങ്കിലും സദ്യയുടെ കാര്യത്തില്‍ വിട്ടുവീഴ്ചകളും കടന്നു കയറ്റങ്ങളും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ മലയാളി മങ്കമാര്‍ സെറ്റ് സാരിയുടുത്ത്, പൂവും ചൂടി അന്നേ ദിവസം അടുക്കളയില്‍ ആഘോഷം തിമിര്‍ക്കും. പാചകം എന്ന ഉത്തരവാദിത്തം മിക്കവാറും ഗര്‍ഭപാത്രം പേറുന്ന സ്ത്രീയുടേത് മാത്രമാണല്ലൊ. എന്താണ് ഗര്‍ഭപാത്രവും പാചകവും തമ്മിലുള്ള ബന്ധം എന്ന് ചോദിക്കൂ. അത് തന്നെയാണ് തിരിച്ചും ചോദിക്കാനുള്ളത്. ബന്ധമൊന്നുല്ലെങ്കില്‍ എന്തുകൊണ്ടാണ് ആഘോഷമായാലും ഉത്സവമായാലും അതൊന്നുമില്ലാത്ത ദിവസമായാലും പാചകമെന്ന ജോലി സ്ത്രീകളുടേത് മാത്രമായത്! അതിനുത്തരമുണ്ടോ?
അപ്പൊ, ഓണാഘോഷം...
ശരിക്കും ആഘോഷങ്ങളും ഉത്സവ ലഹരിയും സ്ത്രീകള്‍ക്കുണ്ടോ? പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന അവധി സമയങ്ങള്‍ എങ്കിലും വീട്ടിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോ? ചിന്തിക്കാറുണ്ടോ, അവധിക്കാലം എന്നത് അമ്മ, ഭാര്യ തുടങ്ങിയ സ്ത്രീകള്‍ക്ക് ശരിക്കും എന്താണ് നല്‍കുന്നത് എന്ന്? ഉത്സവ- ആഘോഷ സീസണുകള്‍ സ്ത്രീകളെ പലവിധത്തില്‍ കെട്ടിയെഴുന്നള്ളിക്കാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും അവരില്‍ കൂടുതല്‍ ജോലിഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുകയാണെന്നത് അറിയാമോ? ഇല്ലെങ്കില്‍ ചിന്തിക്കണം. ഓണം എന്ന ആഘോഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിഹ്നമാണ് സദ്യ. അതുണ്ടാക്കുന്നത് മിക്കവാറും സ്ത്രീകളാണ്. സ്ഥിരമായി എല്ലാ ദിവസവും പാചകം ചെയ്യുന്ന സ്ത്രീകള്‍ തന്നെ ഉത്സവകാലത്ത് കുറച്ച് കൂടുതല്‍ പാചകം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. ഓണം എന്ന പേരിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഫ്യൂഡല്‍ പുരുഷാധിപത്യ നിലപാടുകളെ സ്ത്രീത്വമായി ആവാഹിച്ച് വാഴുന്ന സ്ത്രീകള്‍ അത് സസന്തോഷം കൊണ്ടാടുകയും ചെയ്യും. അലിഖിതമായി അടിച്ചേല്‍പ്പിക്കപ്പെട്ട ലിംഗ ഭാവങ്ങള്‍ സമൂഹത്തെ ഭയന്ന്, പുരുഷനെ ഭയന്ന് അസാമാന്യമായ പാടവത്തോടെ തലമുറ തലമുറയായി സ്ത്രീകള്‍ കൊണ്ടാടുന്നു. ചിങ്ങമാസത്തില്‍ അതിന് ഓണമെന്നാണ് പേര്.
ഓണം എന്ന ആഘോഷത്തിനുള്ള ചിഹ്നങ്ങളില്‍ പ്രധാനമായും സ്ത്രീ വഹിക്കുന്ന മറ്റൊരു റോളാണ് ഫ്യൂഡല്‍ തിരുശേഷിപ്പിന്റെ രൂപം. കെട്ടുകഥകള്‍ മാറ്റി നിര്‍ത്തിയാല്‍, ശ്രാവണ മാസത്തിലെ കൃഷിസംബന്ധമായ ഉത്സവമാണ് എന്നുതന്നെ ധരിച്ചാലും പാടത്തും ചേറിലും പണി ചെയ്യുന്ന എത്ര സ്ത്രീകളാണ് സ്വര്‍ണ്ണവും പതക്കങ്ങളും അണിഞ്ഞ് കസവുമുടുത്ത് സദ്യ ഉണ്ണുകയും ഊഞ്ഞാല്‍ ആടുകയും മറ്റും ചെയ്തിരുന്നത്? ഗോത്രവിഭാഗങ്ങളെ പാടേ ഒഴിവാക്കാം, കാരണം അവര്‍ മലയാളികളല്ലല്ലോ! ഭാഷയിലും വേഷത്തിലും മലയാളി ആയിരിക്കുന്ന ഭൂരിപക്ഷത്തില്‍ ഒരു നൂറ്റാണ്ട് പിന്നിലേയ്ക്ക് നോക്കിയാല്‍ മേല്‍പ്പറഞ്ഞ സ്ത്രീ രൂപം ഉണ്ടായിരുന്നോ? കഴിഞ്ഞു പോയെന്ന് വാദിക്കുന്ന ഫ്യൂഡല്‍ ആചാരങ്ങള്‍ എങ്ങനെയാണ് ഒരിക്കല്‍ ഇതേ ഫ്യൂഡല്‍ വ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന കേരളത്തിന്റെ തനത് രൂപമായത്? മലയാളി സ്ത്രീയെന്നാല്‍ ഈ കോലമാണ് എന്ന നിയമം എങ്ങനെയാണ് നവോത്ഥാനത്തിന്റെ ഫലമായി ഉണ്ടായിവന്ന നമ്മുടെ മദ്ധ്യവര്‍ഗ്ഗത്തില്‍ കയറിക്കൂടിയത്? ചോദ്യങ്ങള്‍ അവശേഷിക്കും. ഓണത്തിന്റെ രുചിയും രൂപവും സ്ത്രീയുടെ ഉത്തരവാദിത്തമാണ്. ഓണത്തിന്റെ രുചിയുടേയും രൂപത്തിന്റെയും ഫ്യൂഡല്‍ ചായ്‌വുകള്‍ നിലനിര്‍ത്തേണ്ടതും സ്ത്രീയുടെ ഉത്തരവാദിത്തമാണ്. അത് സസന്തോഷം ഏറ്റെടുക്കുന്ന സ്ത്രീയ്ക്ക് മറ്റെന്തെങ്കിലും തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം തന്നെ ഉണ്ടാകുന്നില്ല. അല്ലെങ്കില്‍ മറ്റെന്തെങ്കിലും തിരഞ്ഞെടുക്കണം എന്നൊരു നിരൂപണാത്മകമായ ചിന്ത തന്നെ ഉണ്ടാവുകയില്ല.
ജോലികള്‍ ആഘോഷ സീസണില്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുമെങ്കിലും, സമൂഹത്തിന്റെ നോക്കിക്കാണലിനെ തൃപ്തിപ്പെടുത്താന്‍ വേഷം കെട്ടല്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുമെങ്കിലും അതൊക്കെ പെണ്ണുങ്ങളുടെ കൂട്ടുകൂടലിനും കുമ്മിയടി താളത്തില്‍ കറിക്കരിയാനുമുള്ള വേദിയായി മാറുന്നെന്നും അവര്‍ ആഹ്ലാദിക്കുകയാണ്, ആഹ്ലാദിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് നമുക്ക് ഓമനിക്കാം. ഈയുള്ളവള്‍ ഉള്‍പ്പടെ ഓണത്തിന്റെ രുചിയും രൂപവും നിലനിര്‍ത്താന്‍ സ്ത്രീയ്ക്ക് കിട്ടിയ ലിംഗ ഭാവം കൃത്യമായി ഉപയോഗിച്ച് പോരുന്നു. നവഫ്യൂഡല്‍ മലയാളി മദ്ധ്യവര്‍ഗ്ഗത്തിന് കോട്ടമൊന്നും തട്ടാന്‍ പാടില്ലല്ലോ. അല്ലെങ്കില്‍ തന്നെ എന്തിനൊരു വൈവിധ്യം, എന്തിനൊരു മാറ്റം, ആര്‍ക്കുവേണ്ടി മാറണം? നൊസ്റ്റാള്‍ജിയയുടെ പേരില്‍ കഥകളും കവിതകളും ഇറങ്ങുന്ന അവസ്ഥ പിന്നെങ്ങനെ സാധ്യമാവും? കോടികളുടെ പരസ്യ വരുമാനം പിന്നെങ്ങനെ ലഭ്യമാവും. കോടി കോടികളുടെ കമ്പോളക്കുതിപ്പ് ഇതില്ലാതെ എങ്ങനെ ഉണ്ടാക്കാന്‍ സാധിക്കും.
നമുക്ക് സംസ്‌കാരം എന്നത് സംസ്‌കരിക്കാന്‍ പാടില്ലാത്ത ഒരു ശിലയാണ്. ബ്രാഹ്മണിസം കൊണ്ടുതന്ന ശില. ജാതി ഏതായാലും മതം ഏതായാലും മലയാളി എന്ന ഐഡന്റിറ്റി ആ ശിലയില്‍ തറയ്ക്കപ്പെട്ടിരിക്കുന്നു. അത് തലമുറകള്‍ കൈമാറികൊടുക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കിയും വച്ചിരിക്കുന്നു. അമ്മയും ഭാര്യയും പെങ്ങളും വെളുപ്പാന്‍ കാലം എണീറ്റ് ഓണത്തിന്റെ ചിഹ്നമായി വേഷം കെട്ടി, നടുവൊടിച്ച് നിന്ന് തരമാക്കുന്ന സദ്യയും തിന്ന് ഉമ്മറത്ത് ഓണം ആഘോഷിക്കുന്നവര്‍ക്ക് ഓണാശംസകള്‍.
ചിന്ത ടി കെ |
ഓണം മാത്രമല്ല എല്ലാ ആഘോഷങ്ങളും ആണിന്റെ തന്നെയാണ്. പുരുഷകേന്ദ്രീകൃതമായ കേരളീയസമൂഹത്തില്‍ പ്രത്യേകിച്ചും. പുറത്തിറങ്ങി ജോലി ചെയ്യുന്ന ആണുങ്ങള്‍ക്ക് ആഘോഷിക്കാനും വിശ്രമിക്കാനുമുള്ള ഒത്താശ ചെയ്ത് കൊടുക്കുക എന്നത് മാത്രമാണ് പെണ്ണ് ചെയ്യേണ്ടത് എന്ന പഴയകാലചിന്തയില്‍ നിന്നും അധികമൊന്നും മുന്നോട്ട് പോയിട്ടില്ല ഇന്നും മലയാളികള്‍. ആകെ ഉണ്ടായ മാറ്റം ആണിനൊപ്പം പുറത്തിറങ്ങി സമ്പാദിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുന്നു എന്നത് മാത്രം. പക്ഷേ അതവളുടെ അധ്വാനഭാരം കൂട്ടിയിട്ടേ ഉള്ളൂ. ജോലിക്കൊപ്പം വീട്ടുജോലിയും സ്ത്രീയുടെ മാത്രം ചുമതലയാണ് ഇവിടെ. അപൂര്‍വം പുരുഷന്മാരൊഴിച്ചാല്‍ ബഹുഭൂരിപക്ഷം ആണുങ്ങളും സ്ത്രീയുടെ ഈ അധ്വാനം കണ്ടില്ല എന്ന് നടിക്കുന്നവര്‍ തന്നെ.
ഇത്തരമൊരു സമൂഹത്തില്‍ ഓണം എന്നതും ഒരിക്കലും പെണ്ണിന്റേതാവുന്നില്ല. പെണ്ണോണം എന്നത് അച്ഛനും ഭര്‍ത്താവിനും സഹോദരനും മക്കള്‍ക്കും വേണ്ടതെല്ലാം പാകം ചെയ്ത് സദ്യ ഊട്ടി സംതൃപ്തയാവുക എന്നത് തന്നെ. അങ്ങനെ സംതൃപ്തയാകാത്ത പെണ്ണ് നല്ല പെണ്ണല്ല എന്നാണ് പൊതുബോധം. അതുകൊണ്ട് തന്നെ ഒരു പെണ്ണും അതിനെതിരായി ഉണ്ടാകുന്ന ചിന്തകളെ പുറത്ത് പറയാന്‍ തയ്യാറാവില്ല. ഓണം എന്നത് അതുകൊണ്ട് ബഹുഭൂരിപക്ഷം വരുന്ന മലയാളിസ്ത്രീകള്‍ക്കും അടുക്കളയില്‍ തുടങ്ങി അടുക്കളയില്‍ അവസാനിക്കുന്ന ഒന്ന് തന്നെയാണ്.
സോണി ഡിത്ത് |
ഓണം എന്നത് വിത്തെറിഞ്ഞവന്റെയും വിളവുകാത്തവന്റെയും മാത്രമല്ല, അവനു പിന്നില്‍ നിഴലുപോലെ കൂടെനിന്നവളുടെയും കൂടി ആഘോഷമാണ്.
എക്കാലവും വയറു നിറച്ചുണ്ണുന്നവന് വിശപ്പ് എന്നതിനെ എങ്ങിനെ വ്യാഖ്യാനിക്കണം എന്ന് അറിയാതെ ഈ ഓണക്കാലവും ഉണ്ടുനിറഞ്ഞ വിമ്മിഷ്ടത്തില്‍ കടന്നു പോകും. ഇന്നത്തെ റെഡിമെയ്ഡ് കാലത്തില്‍ വിരുന്നിന്റെ തിരശ്ശീലക്ക് പുറകിലെ ഒന്നിനോടും തീരെ പരിഗണനയോ പ്രസക്തിയോ ഇല്ലെന്ന് മാത്രമല്ല, പുച്ഛഭാവം വേണ്ടുവോളം കാണാനുമാകും.
മറ്റ് ഏതൊരു ആഘോഷത്തെയും പോലെതന്നെയാണ് നല്ലൊരു ശതമാനം പെണ്ണുങ്ങള്‍ക്കും അടുക്കളയില്‍ നിന്ന് മോചനമില്ലാത്ത ഈ ഓണക്കാലവും.
ഗൃഹാതുരതയുടെ നാളുകളിലൂടെ മലയാളി സഞ്ചരിക്കുകയാണെങ്കില്‍ തൂശനിലയില്‍ വിരിയുന്ന സ്വാദിന്റെ കളത്തിന് പുറകില്‍ ഓണത്തെ ഓണമാക്കുവാന്‍ പാടുപെട്ട് ക്ഷീണിച്ചൊതുങ്ങി മാറി നില്‍ക്കുന്നവളുടെ ശ്വാസഗന്ധം കൂടി മറഞ്ഞിരിപ്പുണ്ട്. വയലില്‍ അവനൊപ്പം അവള്‍ ചേറുപങ്കിടുമ്പോള്‍ വീട്ടില്‍ അവന്‍, അവളുടെ ജന്മിയാകുന്ന ചിത്രമാണ് നമ്മുടെ പാരമ്പര്യം.
പ്രവാസികളുടെ ഓണക്കാഴ്ച്ചകളിലും ഇന്നത്തെ ഓഡര്‍ ചെയ്ത് കഴിക്കുന്ന ഓണത്തിലും ഇപ്പോള്‍ ഇക്കാര്യത്തിന് കുറച്ച് അപവാദം കാണാനാകും എങ്കിലും ഇന്നും നല്ലൊരു ശതമാനത്തിനും സ്ത്രീകളുടെ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. ഏതൊരു ആഘോഷത്തെയും ഇന്നത്തെ തലമുറ ഏറ്റെടുക്കുന്നത് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആണെന്നത് കുറച്ചെങ്കിലും ആശ്വാസം പകരുന്നുണ്ട്. അവിടെയും എല്ലാം സ്വാദ് അറിഞ്ഞും ആസ്വദിച്ചും മുന്നേറുന്നത് ആണ്‍പട തന്നെയെന്നതിലും പലപ്പോഴും തര്‍ക്കത്തിന് ഇടമില്ലല്ലോ.
ഒരു വിഭവം പാകപ്പെടുത്തി മുഴുവനാക്കുമ്പോഴേയ്ക്കും അതിന്റെ ഗന്ധങ്ങള്‍ പലപ്പോഴും അവളുടെ സ്വാദിനെ അപഹരിക്കാറാണ് പതിവ്. ഓണവും അതിന്റെ ബഹളങ്ങളും പതിവുപോലെ അരപ്പുകള്‍ക്കും പാത്രക്കലമ്പലുകള്‍ക്കും ഇടയിലും തൂത്തുവാരി കഴുകി മിനുക്കി പുഴുങ്ങി ഉണക്കി പൂര്‍ത്തിയാക്കുന്നതിനിടയിലും കളിയ്ക്കുന്ന നീണ്ട തിരുവാതിരക്കളിയായിത്തീരുന്നു പല പെണ്ണോണങ്ങളും എന്ന് പറയുന്നതിലും കാര്യമില്ലാതില്ല. പച്ചക്കറികള്‍ക്കും ചോറുകലത്തിനൊപ്പം അവര്‍ പിന്നെയും വെന്തും വിയര്‍ത്തും ആഘോഷങ്ങളെ വിരുന്നു മേശയില്‍ എത്തിക്കുന്നു. റെഡിമെയ്ഡ് ഫ്‌ളവര്‍ കാര്‍പെറ്റും പാര്‍സല്‍ ഓണസദ്യയും സെല്‍ഫി വിത്ത് കേരളസാരിയുമായി ഘോഷിക്കുന്നവര്‍ ഇതില്‍ പെടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഡോ. യമുന കീനേരി |
ഓണത്തെക്കുറിച്ച് എല്ലാവര്‍ക്കും ഒരുപിടി നല്ല ഓര്‍മ്മകളുണ്ടാകും. ഓണത്തിന്റെ ഓര്‍മ്മകളെ മൂന്നു രീതിയില്‍ ഓര്‍ത്തെടുക്കാം. കുട്ടികളുടെ ഓണം, പുരുഷന്മാരുടെ ഓണം, സ്ത്രീകളുടെ ഓണം എന്നിങ്ങനെ.
ആദ്യം കുട്ടികളുടെ ഓണമാവട്ടെ. അതാണ് എറ്റവും മനോഹരം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, കുടുംബത്തിന്റെ ഉത്തരവാദിത്തമില്ലാത്ത കുട്ടിക്കാലമാണ് ഏറ്റവും മനോഹരം. പുത്തനുടുപ്പ്, ഓണസദ്യ ഇതെല്ലാം മധുരിക്കുന്ന ഓര്‍മ്മകളാണ്. എന്നാല്‍, ഏറ്റവും മധുരമുള്ളത് പൂക്കളമുണ്ടാക്കുന്ന ഓര്‍മ്മകളാണ്. ഇന്നത്തെ പല കുട്ടികള്‍ക്കും പരിചയമില്ലാത്തതാണ് അത്. മാര്‍ക്കറ്റില്‍ നിന്നും പൂ വാങ്ങി തിരുവോണത്തിന് മാത്രം പൂക്കളമൊരുക്കലാണല്ലോ ഇന്നത്തെ രീതി. അന്നങ്ങിനെയല്ല. അത്തം തൊട്ട് പത്തുദിവസം മനോഹരമായ പൂക്കളമുണ്ടാക്കും. ഓരോ ദിവസവും മുമ്പത്തേക്കാള്‍ മികച്ചത്. പൂക്കള്‍ ശേഖരിക്കുന്നതാണ് ഏറ്റവും രസകരമായ ഓര്‍മ്മ. പൂവ് പറിക്കാന്‍ പ്ലാവില കൊണ്ടും ഓല കൊണ്ടും കോട്ടാളയുണ്ടാക്കും. എന്തൊക്കെ പൂക്കള്‍! തുമ്പപ്പൂ, കാക്കപ്പൂ, കൃഷ്ണപ്പൂ, കോളാമ്പി, ഹനുമാന്‍കിരീടം അങ്ങിനെയങ്ങനെ. എല്ലാ നിറങ്ങളുമുണ്ടാകും. തുമ്പപ്പൂവിറുക്കുന്നതിന് കുട്ടികളുടെയിടയില്‍ മത്സരമാണ്. ഏറ്റവും കൂടുതല്‍ തുമ്പപ്പൂ ഉണ്ടായിരുന്നത് പള്ളിപ്പറമ്പിലാണ്. ഒരുപാട് പൂവിറുത്താല്‍ അതില്‍ നിന്ന് കുറച്ച് ഇഷ്ടമുള്ളവര്‍ക്ക് കൊടുത്തുള്ള സ്‌നേഹപ്രകടനവുമുണ്ടാകും. കാക്കപ്പൂവിറുക്കാന്‍ വയലിലിറങ്ങും. നെല്ല് വിളയുന്ന സമയം. ഉടമസ്ഥര്‍ കണ്ടാല്‍ ചീത്ത പറഞ്ഞോടിക്കും. തോടിന്റെ കരയിലും പൂവിറുക്കാന്‍ പോകാറുണ്ട്. രാവിലെ പൂക്കളമൊരുക്കല്‍ ഒരു പ്രധാന ജോലിയാണ്. ചേച്ചി നന്നായി വരക്കുന്നത് കൊണ്ട് പൂക്കളത്തിന് വേണ്ടി വരക്കുന്നത് എന്നും അവളാകും. സമാധാനത്തിന്റെ മാടപ്രാവും പ്രകൃതി ദൃശ്യങ്ങളും മാവേലിയുമൊക്കെ പുക്കളുടെ വര്‍ണ്ണങ്ങളില്‍ ജീവന്‍ വെക്കും.
ഇനി പുരുഷന്മാരുടെ ഓണത്തെ പറ്റി സ്ത്രീക്ക് പറയാനുണ്ട്. ഇതെന്റെ മാത്രം അനുഭവമായിരിക്കില്ല. പല വീടുകളില്‍ കാണുന്നത് ചേര്‍ത്തുവെച്ചതാണ്. സാധാരണ നാലോ അഞ്ചോ മക്കളുള്ള ഒരു കുടുംബത്തില്‍ മക്കളും കുടുംബവും അച്ചനമ്മമാരോടൊപ്പം ഓണമാഘോഷിക്കാന്‍ ഒത്തുകൂടും. ഏറ്റവും വിനോദം പുരുഷന്മാര്‍ക്കുതന്നെ. എല്ലാവരും ഒത്തുകൂടുന്ന സന്തോഷം അടുത്ത വീട്ടിലെ അഷ്‌റഫും തോമസുമൊക്കെയുണ്ടാകും പ്രത്യേക ക്ഷണിതാക്കളായി. പിന്നെ ഒത്തു ചേര്‍ന്ന് ചിട്ടുകളിയായി. ടി വി കാണല്‍, പരദൂഷണം പറയല്‍ അങ്ങനെ അവരുടെ വിനോദങ്ങള്‍ ഒരു ഭാഗത്ത് നടക്കും. ഇടക്ക് അടുക്കളയിലേക്ക് നീട്ടി വിളിക്കും. 'ചായയും കടിയും പോരട്ടെ'. അപ്പൊ അതു മുമ്പിലെത്തും. ഒരു മണിയാകുമ്പോഴേക്കും സദ്യ തയ്യാറായില്ലെങ്കില്‍ ഒരു ചോദ്യമുണ്ട്. നിങ്ങളിത്രയും നേരം എന്തെടുക്കുകയായിരുന്നു? അങ്ങിനെ ആഘോഷങ്ങള്‍ അവരുടേത് മാത്രമാകുന്നു.
ഇനി പെണ്ണോണം. വീട്ടില്‍ പതിവിലധികം അംഗ സംഖ്യയുണ്ടാകും ഓണത്തിന്. ജോലിഭാരം രണ്ടോ മൂന്നോ ഇരട്ടിയാകും. എല്ലാ ആഘോഷങ്ങളിലേതുമെന്ന പോലെ വിഭവസമൃദ്ധമായ സദ്യയൊരുക്കല്‍ സ്ത്രീകളുടെ ഉത്തരവാദിത്തമാണല്ലോ. രാവിലെ എഴുന്നേറ്റ് പ്രാതല്‍ തയ്യാറാക്കുന്നത് മുതല്‍ തുടങ്ങുന്നു ജോലി. സദ്യക്ക് എന്തൊക്കെ വിഭവങ്ങള്‍. സാമ്പാറ്, അവിയല്‍, പച്ചടി, തോരന്‍, മോരു കറി, മീന്‍ പൊരിച്ചത്, മീന്‍ കറി, ചിക്കന്‍, മട്ടന്‍, പപ്പടം, പായസം എന്നിങ്ങനെ ഒരുപാട്. കാറ്റും മഴയും വരുമ്പോള്‍ കറണ്ടു പോകുന്ന ഒരു കുഗ്രാമത്തിലെ ഓണത്തിന്റെ ഓര്‍മ്മയുണ്ട്. അന്നവിടത്തെ സ്ത്രീകളുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന ഇന്ന് കറണ്ട് പോകല്ലേ എന്നായിരിക്കും. പോയാല്‍ എട്ടുപത്ത് തേങ്ങ അമ്മിയില്‍ അരക്കേണ്ടിവരും. ഭാണസദ്യയൊരുക്കി. എല്ലാവരുടെയും ഭക്ഷണം കഴിഞ്ഞു. ഇനി വിശ്രമമുണ്ടോ? ഇല്ല. അപ്പോഴേക്കും വൈകിട്ടത്തെ ചായക്കുള്ള തിരക്കായി. അതും കഴിഞ്ഞ് രാത്രി ഭക്ഷണവും കഴിഞ്ഞാലോ; കഴുകാനുള്ള പാത്രങ്ങള്‍ കുന്നുകൂടിയിട്ടുണ്ടാകും. എല്ലാം കഴുകി അടുക്കള ഒതുക്കി കിടക്കുമ്പോള്‍ സമയം 12 മണിയെങ്കിലും ആവും. പെണ്ണോണം സ്ത്രീകളൂടെ നടുവൊടിക്കും. കുട്ടികളൊരുക്കിയ പൂക്കളത്തിന്റെ ഭംഗി ആസ്വദിക്കാനോ, പുരുഷന്മാരോടൊപ്പം വിനോദങ്ങളിലേര്‍പ്പെടാനോ, ടി വിയിലെ പുതിയ സിനിമ കാണാനോ പലപ്പോഴും പെണ്ണിന് സമയമുണ്ടാകില്ല.
പക്ഷെ, ചെറിയൊരു ശതമാനം പുരുഷന്മാര്‍ അടുക്കള ജോലിയടക്കം വീട്ടിലെ എല്ലാ ഉത്തരവാദിത്തങ്ങളും പങ്കുവെക്കുന്നവരാണ്. അവരോടെനിക്ക് ആദരവുണ്ട്. എങ്ങിനെ ഓണം സ്ത്രീകളൂടെയും കൂടി ഉത്സവമാക്കാന്‍ കഴിയും? അതിന് വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ പുരുഷന്മാരും കൂടി തുല്യമായി പങ്കുവെക്കണം. ഇത് ഓണത്തിന്റെ മാത്രം കാര്യമല്ല. എന്നും ജോലിക്ക് പോകുന്ന പുരുഷന്മാരെക്കാള്‍ മൂന്നിരട്ടി ജോലി ഭാരമാണ് ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കുള്ളത്. പുരൂഷന്മാര്‍ ഇത് മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ ജീവിതം ഉത്സവമാകും. എല്ലാ ഉത്സവങ്ങളും സ്ത്രീകള്‍ക്കുംകൂടി ആസ്വാദ്യവും മനോഹരവുമാകും. പൊന്നോണമല്ല പെണ്ണോണമാണ് എന്ന് ചിരിച്ചുകൊണ്ട് പറയാന്‍ സാധിക്കും.
ധന്യ നാരായണന്‍ നായര്‍ |
പെണ്ണിന് എന്താണ് ഓണം? ആരുടെ ആഘോഷമാണ് ഓണം?
ഓണമെന്നത് ആണ്‍പെണ്‍ ഭേദമില്ലാതെ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണെങ്കിലും അതിനെ ആവേശത്തോടെ വരവേല്‍ക്കുന്നത് സ്ത്രീകളാണ്. കര്‍ക്കിടക മാസത്തിലെ രാമായണ ശീലുകള്‍ അവസാനിക്കുന്ന ദിനം മുതല്‍, ഓണത്തെ വരവേല്‍ക്കാന്‍ വീടൊരുക്കി വെക്കുകയും, ഓണസദ്യയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ചു വെക്കാന്‍ തുടങ്ങുകയും ചെയ്യുന്നിടത്ത് പെണ്ണോണം തുടങ്ങുകയായി. തുമ്പിതുള്ളല്‍, തിരുവാതിരക്കളി, പൂപറിക്കല്‍, അത്തച്ചമയം, ഊഞ്ഞാലാട്ടം, ഓണപ്പുടവ, ഓണസദ്യ... ഇങ്ങനെ ഓണക്കാഴ്ചകളില്‍ നിറഞ്ഞു നില്‍ക്കു ന്നതൊക്കെയും പെണ്ണിടങ്ങളുടെ ബഹുലമായ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടാണ്. എങ്കിലും പെണ്ണോണമെന്നത് ഭൂരിഭാഗം സ്ത്രീകളെ സംബന്ധിച്ച് വച്ചും വിളമ്പിയും ഊട്ടിയും രുചികള്‍ക്കിടയിലൂടെ സദ്യവട്ടങ്ങള്‍ ഒരുക്കി ഏകോപിപ്പിച്ച് കടന്നുപോകുന്ന ഒന്നാണ്. ഒത്തുചേരലിന്റെയും സ്‌നേഹത്തിന്റെയും സംതൃപ്തി സ്ത്രീ അനുഭവിക്കുന്നത് ഒരുപക്ഷെ, തനിക്കു ചുറ്റുമുള്ളവരെ ഊട്ടുന്നതിലൂടെ ആകാം. അതുകൊണ്ട് കൂടിയാകാം, അവസാനവട്ട തയ്യാറെടുപ്പായ ഉത്രാടപ്പാച്ചിലില്‍ സ്ത്രീ സാന്നിധ്യം ഏറുന്നത്. ഒന്നും രണ്ടും മൂന്നും ഓണദിനങ്ങളില്‍ 'നിന്നുതിരിയാന്‍' ഇടയില്ലാത്ത വണ്ണം അടുക്കളയില്‍ ആകുമ്പോഴും അതുവഴിയുണ്ടാവുന്ന സംതൃപ്തിയിലാണ് പെണ്ണിന് ഓണം പൂര്‍ണമാകുന്നത്.
ഓണവുമായി ബന്ധപ്പെട്ട്, ഒന്നിലധികം ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും മഹാബലി ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടുള്ളതിന് തന്നെയാണ് പ്രചാരം ഏറെയുള്ളത്. ഐതിഹ്യകഥകളുടെ ശാസ്ത്രീയമായ അടിസ്ഥാനം എന്തുതന്നെ ആണെങ്കിലും, ഹൈന്ദവര്‍ ആഘോഷിച്ചിരുന്ന ഓണം പിന്നീട് കേരളത്തിന്റെ ദേശീയോല്‍ത്സവമായി മാറുകയും സവര്‍ണ-അവര്‍ണ ഭേദമില്ലാതെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. കാര്‍ഷിക വിളവെടുപ്പിന്റെ ആഘോഷമാണ് ഓണം പ്രതിനിധാനം ചെയ്യുന്നത് എന്ന വാദവും ചരിത്രകാരന്മാര്‍ ഉന്നയിച്ചിട്ടുണ്ട്. ഒരു പക്ഷെ, ഈ വാദമാകാം കര്‍ഷകരുടെ ഉത്സവമായി ഓണത്തെ ആഘോഷിക്കാനും, ഏറ്റവും താഴേക്കിടയിലേക്ക് പോലും ഓണം കടന്നു ചെല്ലുവാനും അവസരമൊരുങ്ങിയത്. ഐതിഹ്യവും ചരിത്രവും എന്തുതന്നെയായാലും ഇന്ന് ഓണം എന്നത്, കൂടി ചേരലിന്റെ, കൊയ്ത്തുപാട്ടിന്റെ, കാര്‍ഷിക വിളവെടുപ്പിന്റെ, സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ ആഘോഷം തന്നെയാണ്. കേരളത്തിലെ എല്ലാ ജനങ്ങളും ഒരേപോലെ കൊണ്ടാടുന്ന ദേശീയോത്സവം.
റീന ഫിലിപ്പ് |
കലാരൂപങ്ങള്‍ ആവട്ടെ, മറ്റ് ഉത്സവങ്ങള്‍ ആകട്ടെ, അതിനെക്കുറിച്ച് മനസിലാക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും അത് ഉണ്ടായ കാലവുമായി, ആ വ്യവസ്ഥിതിയുമായി, ആ മൂലധന ശക്തികളുമായി ബന്ധപ്പെടുത്തിയാണ്. അല്ലാതെ അതിനെ മാത്രം എടുത്തു മാറ്റി വേറിട്ട് ഒരു മനസ്സിലാക്കല്‍ സാധ്യമല്ല തന്നെ. ഓണത്തെക്കുറിച്ചും അതില്‍ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോഴും ഈ അഭേദ്യബന്ധം മുന്‍നിര്‍ത്തി തന്നെ അത് ചെയ്യേണ്ടതുണ്ട്.
ഓണം തീര്‍ച്ചയായും ബ്രാഹ്മണ്യത്തിന് എതിര് തന്നെയായിരുന്നു. അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന 'മാവേലി നാടുവാഴുന്ന' കാലത്തെക്കുറിച്ചുള്ള മിത്തില്‍, ആ കാലത്ത് നിലനിന്നിരുന്നത് പ്രാകൃത കമ്മ്യൂണിസം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗോത്രവര്‍ഗ സംസ്‌കാരവും ജീവിത രീതിയും ആയിരുന്നു.
സഹോദരന്‍ അയ്യപ്പന്‍ തന്റെ പദ്യത്തില്‍ പറയുന്നത് പോലെ 'മാവേലി നാടുവാണിരുന്ന കാലത്തില്‍ മാനുഷരെല്ലാരും ഒന്നുപോലെയായിരുന്നു. തീണ്ടലുമില്ല തൊടീലുമില്ല, ജീവിയെകൊല്ലുന്ന യാഗമില്ല....' തുടങ്ങി ചൂഷണങ്ങളില്ലാത്ത, ഏവരും തുല്യരായുള്ള മാവേലി നാടില്‍ ഈര്‍ഷ്യ പൂണ്ട ബ്രാഹ്മണര്‍, ആ നാടിന്റെ നന്‍മകള്‍ കെടുത്തുവാന്‍ തുനിഞ്ഞിറങ്ങി. കൗശലമാര്‍ന്നൊരു വാമനനെ വിട്ട്, മാവേലിയെ തുരത്തി. ആ കഥ അദ്ദേഹം വിവരിക്കുന്നുണ്ട്.
മാവേലിയുടെ കേരളത്തില്‍ 'സ്ത്രീക്കും പുരുഷനും തുല്യമായി വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം' എന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. മിത്തുക്കള്‍ക്കൊപ്പം കൂടുതലും അവര്‍ണ്ണരാഘോഷിച്ചിരുന്ന ഓണം പിന്നീട് കേരളത്തിലെ കാര്‍ഷിക ഉത്സവമായും പൊതുഉത്സവമായും മാറുകയായിരുന്നു. ഇടതുമൂല്യങ്ങള്‍ ആഴത്തില്‍ തന്നെ വേരോടിയിരുന്ന കേരള സമൂഹം അതിനെ ഒരു മതേതര ഉത്സവമായി ഏറ്റെടുക്കുകയും ചെയ്തു.
ഇവിടെ ഓണം എന്ന ഉത്സവത്തില്‍ മാത്രമല്ല സ്ത്രീ വിരുദ്ധതയുള്ളത്. നേരത്തെ സൂചിപ്പിച്ചത് പോലെ പുരുഷാധികാര വ്യവസ്ഥിതിയില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളില്‍ സ്ത്രീ വിരുദ്ധതയുണ്ടാവുക സ്വാഭാവികമാണ്. പക്ഷെ, ഓണത്തിന്റെ കാര്യത്തില്‍ ബ്രാഹ്മണ്യത്തിന്റെ കെട്ടുപാടുകള്‍ ഇല്ലാത്ത ഉത്സവം എന്ന നിലയില്‍ സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന കൂടുതല്‍ ആയിരുന്നു താനും.
ഫ്യൂഡല്‍ കാലത്ത് ഓണാഘോഷങ്ങള്‍, സ്ത്രീകള്‍ക്ക് ഒരര്‍ഥത്തില്‍ അവര്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട നിയന്ത്രണങ്ങളില്‍ നിന്നും അടുക്കളയില്‍ തളച്ചിടപ്പെട്ട ജീവിതങ്ങളില്‍ നിന്നും ഒരു താല്‍ക്കാലിക മോചനമായിരുന്നു. ഓണത്തോടൊപ്പം വരുന്ന കൈ കൊട്ടിക്കളി തന്നെയായിരുന്നു അവരുടെ പ്രധാന ആഘോഷവും.ഐശ്വര്യപൂര്‍ണ്ണമായ ഒരു കുടുംബ ജീവിതത്തിന്റെ സാക്ഷാത്കാരം, സ്ത്രീകളുടെ ആത്മീയ പൂര്‍ണതയുടെ ഉത്സവം എന്നൊക്കെ പറഞ്ഞു കൊണ്ടാടുന്ന തിരുവാതിര, ചരിത്രപരമായി തന്നെ ഒരു സ്ത്രീവിരുദ്ധ സവര്‍ണ്ണ കലാരൂപം ആയിരുന്നു. സുമംഗലികള്‍ ഭര്‍ത്താവിനായും കന്യകമാര്‍ നോമ്പ് നോറ്റ്, ഭര്‍ത്താവിനെ കിട്ടാനും നടത്തുന്ന ഈ കൈ കൊട്ടിക്കളി, പച്ചയായ സ്ത്രീശരീര പ്രദര്‍ശനം തന്നെയായിരുന്നു എന്നതാണ് അടുക്കളയില്‍ നിന്നും 'വിമോചിക്കപ്പെട്ട' സ്ത്രീ എവിടെയാണ് എത്തിയത് എന്നതിലെ ക്രൂരമായ തമാശയും. പക്ഷെ, എല്ലാ കുറവുകളോട് കൂടെയും കെട്ടിയിടപ്പെട്ട ജീവിതങ്ങളില്‍ നിന്നും വ്യതസ്തമായ കുറച്ചു ദിവസങ്ങള്‍ അവര്‍ക്ക് ലഭിച്ചിരുന്നു.
മുകളില്‍ പറഞ്ഞത് വരേണ്യ വര്‍ഗത്തിലെ സ്ത്രീകളുടെ അവസ്ഥയാണ്. അതേ സമയം അവര്‍ണ്ണര്‍ അവരുടെ താരതമ്യേന കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഘടനയ്ക്ക് ഉള്ളില്‍ നിന്നായിരുന്നു ഓണത്തെ കാണുകയും ആഘോഷിക്കുകയും ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അതില്‍ സ്ത്രീകളുടെ പങ്കാളിത്തവും അധികമായിരുന്നു.
മതേതരകേരളം ആഘോഷിക്കുന്ന ഓണത്തെ ഒരു ഹിന്ദു ഉത്സവമാക്കി മാറ്റി, അതിനെ സവര്‍ണവത്കരിക്കാനുള്ള ശ്രമങ്ങള്‍ കുറച്ചു നാളുകളായി നടക്കുകയാണ്. ഒരു സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റ് സംഘടനയാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് എന്ന വസ്തുത ഈ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഓണത്തില്‍ സ്ത്രീകളുടെ പങ്ക് ഇനി എങ്ങിനെയായിരിക്കണം എന്ന് പരിശോധിക്കേണ്ടത് മാറിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്.
അടിച്ചമര്‍ത്തപ്പെട്ടവനെയും അടിച്ചമര്‍ത്തിയവനെയും ഒരേ തട്ടില്‍ നിര്‍ത്തി നടത്തുന്ന ആഘോഷം വെറും കണ്‍കെട്ടു വിദ്യ മാത്രമാണ്. വാമനനെക്കൂടി മാവേലിക്ക് ഒപ്പം ചേര്‍ത്ത് ആഘോഷിക്കുക വഴി ഓണം എന്ന ആഘോഷത്തെ ഹിന്ദു ഉത്സവമാക്കി സവര്‍ണ്ണവല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.
ഈ സവര്‍ണ്ണവല്‍ക്കരിക്കപ്പെട്ട ഓണത്തോടൊപ്പം അതില്‍ കമ്പോളം ഇടപെടുമ്പോള്‍ സ്ത്രീ ഒരു വാണിജ്യവസ്തു അഥവാ ഒരു കെട്ടുകാഴ്ചയായി മാറുന്നു. കേരളത്തിന്റെ പാരമ്പര്യം, സംസ്‌കാരം എന്നൊക്കെ പറഞ്ഞ് കേരള സാരിയും മുണ്ടും നേരിയതുമൊക്കെ ഇടുവിച്ച് കുറെ സ്ത്രീ ശരീരങ്ങളെ മുന്നോട്ടു വെച്ചു, അതാണ് കേരളീയ പാരമ്പര്യം എന്ന് പറയുമ്പോള്‍ എന്ന് മുതലാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് മാറ് മറക്കാന്‍ അനുവാദം കിട്ടിയത് എന്നും അതിനോട് അനുബന്ധിച്ചു നടന്ന ഐതിഹാസിക സമരങ്ങളെ കുറിച്ചും ഓര്‍മിക്കേണ്ടതുണ്ട്.
ഇനി ഓണത്തില്‍ സ്ത്രീയുടെ പങ്ക് എങ്ങിനെയായിരിക്കണം എന്ന ചോദ്യം. നേരത്തെ പറഞ്ഞ പോലെ ഈ പുരുഷാധിപത്യ മൂല്യങ്ങള്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതി സ്തീവിരുദ്ധം തന്നെയാണ്. അതിന്റെ അംശങ്ങള്‍ ഏറിയും കുറഞ്ഞും എല്ലായിടത്തും ഉണ്ടാവും. അവിടെ കേവലം ഒരു ഉത്സവത്തില്‍ മാത്രമായി ശാക്തീകരണം വരാനോ, സ്ത്രീ വിരുദ്ധത മുഴുവന്‍ തുടച്ചു കളയാനോ സാദ്ധ്യമല്ല. അത് വ്യവസ്ഥിതിയോടുള്ള സമഗ്രമായ പോരാട്ടത്തിലൂടെ മാത്രമേ കഴിയൂ. പക്ഷെ, അടിയന്തിരമായി ചെയ്യേണ്ടത് ഈ ആഘോഷങ്ങള്‍ ഹൈന്ദവവല്‍ക്കരിക്കാനോ, സവര്‍ണ്ണവല്‍ക്കരിച്ച് കമ്പോളവല്‍ക്കരിക്കാനോ അനുവദിക്കാതെ തിരിച്ചു പിടിക്കുക എന്നതാണ്. ആ പോരാട്ടം ഏറ്റെടുക്കാന്‍ ഇടതു പുരോഗമന ശക്തികള്‍ തന്നെ മുന്നോട്ടു വരേണ്ടതുണ്ട്.
ഹേമാംബിക |
ഓണമെന്നത് ചവിട്ടി താഴ്ത്തപ്പെടുന്നവന്റെയും ചവിട്ടുന്നവന്റെയുമാണ്. ഇതിലെവിടെയും ചവിട്ടുന്നവന്റെയോ, ചവിട്ടേല്‍ക്കുന്നവന്റെയോ അമ്മയെയോ ഭാര്യയെയോ കുറിച്ച് കേട്ടിട്ടില്ല. ചവിട്ടുന്നതും ചവിട്ടേറ്റുവാങ്ങുന്നതും അവന്‍ മാത്രമാണ്. അവളില്ല. അതുകൊണ്ട് ഇതൊരു സ്ത്രീയാഘോഷം ആവാനും തരമില്ല. അങ്ങിനെയൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് വേറെ ചില ചിന്തകള്‍ ഉണര്‍ന്നുവന്നത്. ഓണത്തിനാരാ പൂക്കളമിടുന്നത്? ആരാ ഓണക്കോടി ഇടുന്നത്? ആരാ ഓണത്തിന് പാചകം ചെയ്യുന്നത്? പൂക്കളത്തിന് ചുറ്റും കൈകൊട്ടി ആടുന്നതാരാണ്? അതൊക്കെ പോട്ടെ, ഈ കണ്ട ഓണപരിപാടികള്‍ മുഴുവന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരസ്യങ്ങളില്‍ നിറഞ്ഞ് അഭിനയിച്ച് ഫലിപ്പിക്കുന്നത് ആരാണ്? ഓണമായാല്‍, സ്ത്രീകളും കുഞ്ഞുങ്ങളും (പട്ട് പാവാടയുടുത്ത പെണ്‍കുഞ്ഞുങ്ങള്‍) പൂക്കളം തീര്‍ത്തേ തീരൂ, പിന്നെ അതിനടുത്ത് നിന്ന് പോസ് ചെയ്യുകയും വേണം. ഓണം ഇങ്ങനെയൊക്കെ ആവണം എന്ന് തന്നെയാണ് ആണാധിപത്യം നിറഞ്ഞ എല്ലാ മീഡിയകളൂം പറയുന്നത്. അതുകൊണ്ട് നല്ലത് തന്നെ. ഇങ്ങനെയൊക്കെ പെണ്ണുങ്ങള്‍ക്ക് ആഘോഷിക്കാമല്ലൊ.
ഓണം ബുദ്ധന്‍മാരുടെ ആഘോഷമെന്നൊക്കെ വായിച്ചിട്ടുണ്ട്. ബുദ്ധന്‍മാര്‍ ഓണാഘോഷങ്ങള്‍ നൂറ്റാണ്ടുകളായി ആഘോഷിക്കുകയും ചെയ്തു പോന്നു. നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ കൃത്യമായി പറഞ്ഞാല്‍, എന്നെപ്പോലുള്ളവരുടെ ചെറുപ്പകാലത്ത് ദൃശ്യമാധ്യങ്ങള്‍ അധികം നിറയാതിരുന്ന കാലത്ത് ഓണം കുറച്ചു കൂടി വ്യത്യസ്തമായിരുന്നു. എല്ലാ ആഴ്ചപതിപ്പിന്റെ മുഖചിത്രങ്ങളും പൂക്കളവും അതിട്ട പെണ്ണുങ്ങളുടെയും കുട്ടികളുടെയും പടമായിരുന്നു അന്ന്. അതും വ്യത്യാസമായിരുന്നു.
എന്റെ ഓര്‍മയുള്ള ഓണങ്ങളില്‍ വീട്ടില്‍ എല്ലാവരും ഒത്തുചേര്‍ന്നിരുന്നു. ഓണപാചകം ആണ്‍ പെണ്‍ ഭേദമന്യേ ആയിരുന്നു. അന്നാണ് ഗജപോക്കിരികളായ എല്ലാ കേസരി ആണുങ്ങളും അടുക്കളയില്‍ കേറി, തറച്ചു മുറിച്ച് ഉപ്പേരി പപ്പടം മുതല്‍ പായസം വരെ ഉണ്ടാക്കിയിരുന്നത്. പെണ്ണാധിപത്യമില്ലാത്ത ഫെമിനിസം എന്തെന്ന് അറിയില്ലാത്ത പെണ്ണുങ്ങള്‍ ആണ്‍ പാചകക്കാര്‍ക്ക് വേണ്ട പാചക ഒത്താശകള്‍ ചെയ്തുകൊടുത്തു. പൂക്കളമിടുന്നത്, കുട്ടികളും യുവാക്കളും (പോക്കിരികളായിട്ടില്ലാത്ത) ചേര്‍ന്നായിരുന്നു. പൂക്കളം സദ്യ, ഊഞ്ഞാല്‍, സിനിമ തുടങ്ങിയ തുടര്‍ച്ചകളില്‍ ഓണവര്‍ഷങ്ങള്‍ കടന്നു പോയി. അങ്ങിനെയിരിക്കെ വനിതയെന്നൊരു മാസിക നാടെങ്ങും പ്രചാരത്തിലായി. ടെലിവിഷന്‍ ചാനലുകള്‍ കൂടി, കൂടി വന്നു. അവയെല്ലാം തന്നെ ഓണം സ്ത്രീകള്‍ ഏറ്റെടുക്കണമെന്ന നിലപാട് പരസ്യങ്ങളിലൂടെ പകര്‍ന്നുവെച്ചു. എന്തുകൊണ്ടാണ് മഹാബലിയുടെ കൂടെ ഭാര്യയോ, കാമുകിയോ വരാത്തത് എന്ന് നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു സ്ത്രീകളെ.
ഓണസ്ത്രീയെ, ആരാ ഈ ആണുങ്ങള്‍? അവര്‍ക്ക് വേണമെങ്കില്‍ പൂക്കളത്തിന്റെ അരികിലോ പുറകിലോ നിലയുറപ്പിക്കാം. പിന്നെ വൈകുന്നേരമായാല്‍ (വൈകുന്നേരം ആവണമെന്നില്ല, ഓണസദ്യ കഴിഞ്ഞാല്‍) നല്ല 'ഫിറ്റ്' ആയി ആടാം. ഇതാണിപ്പോള്‍ ആണോണം. ഇതാകണം ആണോണം എന്നാണ് പൊതുവില്‍ പടര്‍ത്തപ്പെടുന്നത്. എല്ലാ മാധ്യമങ്ങളും അങ്ങിനെ തന്നെയാണ് പറയാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് പെണ്ണോണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആ ഒരു തലത്തില്‍ ആണോണത്തെ അടയാളപ്പെടുത്താന്‍ സാധിക്കില്ല.
ഡെയ്‌സി ആന്റോ |
ഓണം കേരളീയരുടെ ദേശീയോത്സവമോ അതോ ഹിന്ദുക്കളുടെ ഉത്സവമോ എന്നതിനെ കുറിച്ച് ഇന്നും വാദങ്ങളും പ്രതിവാദങ്ങളും നടന്നു കൊണ്ടിരിക്കയാണ്. അതോടൊപ്പം ചിന്തിക്കേണ്ട മറ്റൊരു വിഷയമാണ് ഓണം എന്ന ആഘോഷത്തില്‍ സ്ത്രീകളുടെ പ്രാധാന്യം എന്താണ് എന്നത്.
'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്നൊക്കെ പാടാനും കേള്‍ക്കാനും രസമുണ്ടെങ്കിലും ഈ മാനുഷര്‍ എന്നതില്‍ സ്ത്രീകള്‍ പെടുമോ എന്നത് സംശയകരമാണ്. പുരുഷന്‍ എക്കാലത്തും അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം അതേ അളവില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്നു എന്ന് ഒരിടത്തും ഒരു കാലത്തും എഴുതപ്പെട്ടതായി കാണുന്നില്ല. മഹാബലിയുടെ കാലത്തും അതു തന്നെയായിരുന്നിരിക്കും അവസ്ഥ എന്ന് നിസ്സംശയം പറയാം.
ധര്‍മ്മവും നീതിയും അനുസരിച്ച് സമത്വസുന്ദരമായ ഭരണം നടത്തിയ അസുരനായിരുന്നു മഹാബലി. അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തില്‍ അസൂയ പൂണ്ട് മഹാവിഷ്ണു വാമന രൂപത്തില്‍ വന്നുവെന്നതൊക്കെ ഐതിഹ്യം. എന്നാല്‍ ഓണത്തെ കുറിച്ചുള്ള മിത്തുകളില്‍ എവിടെയും ഒരു സ്ത്രീക്ക് പോലും സ്വാധീനമില്ല തന്നെ. വാമനന്‍ മഹാബലിയെ ചവിട്ടി താഴ്ത്തിയ ശേഷം പ്രജകളെ കാണാന്‍ വരുന്നതാണ് ഓണം എന്നും അതല്ല വിഷ്ണുവിന്റെ ജന്മദിനമാണ് ഓണം എന്നും പറയപ്പെടുന്നുണ്ടെങ്കിലും ശ്രീരാമന്റെ ഭാര്യ സീതയുടെ ജന്മദിനമാണ് ചിങ്ങത്തിലെ ഓണം എന്നത് എത്ര പേര്‍ കേട്ടിട്ടുണ്ടാവും? ഒരു സ്ത്രീ ആയതു കൊണ്ട് മാത്രം പരാമര്‍ശിക്കപ്പെടാതെ പോവുകയല്ലേ ആ പേര്?
പുരാതന ഇറാക്കിലെ അസിറിയയില്‍ നിന്നുള്ളവര്‍ ഭാരതത്തില്‍ എത്തുകയും അസിറിയക്കാര്‍ പിന്നീട് അസുരന്മാര്‍ ആയി ലോപിച്ചുവെന്നും അവരുടെ സിഗുറായ് ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടുള്ള ആചാരം ഓണമായി തീര്‍ന്നുവെന്നുമുള്ള ചരിത്രവിവരണങ്ങള്‍ക്കാണ് ഓണത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും പ്രസക്തി. ഈ ക്ഷേത്രങ്ങളുടെ രൂപമാതൃകയിലാണ് തൃക്കാക്കരയപ്പനെ കേരളീയര്‍ ഉണ്ടാക്കി പ്രതിഷ്ടിക്കുന്നത്. ഓണം യഥാര്‍ഥത്തില്‍ ഭൂമിയുടെ ഉര്‍വ്വരതയുടെ ഉത്സവമാണ്. ഉര്‍വ്വരത സ്ത്രീക്ക് മാത്രം അവകാശപ്പെടാനാകുന്ന ഒന്നായതിനാല്‍ ഭൂമിയെ സ്ത്രീയായും ഓണത്തെ സ്ത്രീകളുടെ ഉത്സവമായും കണക്കാക്കേണ്ടതാണ്. എന്നാല്‍, മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളുടെ (എല്ലാം ആണ്‍) പേരില്‍ പത്തു നിലയില്‍ പൂക്കളമിടുകയും അടുക്കളയില്‍ നിരവധി ഭക്ഷണവസ്തുക്കള്‍ തയ്യാറാക്കുകയും ചെയ്യുന്നതില്‍ ഒതുങ്ങി പോകുന്നു സ്ത്രീയുടെ ഓണം.
ഓണത്തോട് അനുബന്ധിച്ചുള്ള മറ്റെല്ലാ സന്തോഷങ്ങളും പുരുഷന് മാത്രം അവകാശപ്പെട്ടതാണ്. ഓണക്കളികള്‍ ആണല്ലോ ഓണം എന്ന ഉത്സവത്തെ മറ്റുള്ള ആഘോഷങ്ങളില്‍ നിന്ന് വേറിട്ട് നിറുത്തുന്നത്. ഓണത്തല്ല്, പുലികളി മുതലായവയില്‍ സ്ത്രീ സാന്നിധ്യം എന്നെങ്കിലും കണ്ടിട്ടുണ്ടോ? കാരകളി, പന്തുകളി, ചതുരംഗം, ഓണക്കുമ്മാട്ടിക്കളി, ഓണക്കളി എന്നിങ്ങനെ ഓണത്തോട് അനുബന്ധിച്ചുള്ള ഒരു കളികളിലും സ്ത്രീകള്‍ക്ക് യാതൊരു പങ്കുമില്ല. വേലന്‍ തുള്ളല്‍ എന്നൊരു കലാരൂപം നിലവില്‍ ഉണ്ടായിരുന്നുവെങ്കിലും പത്തു വയസ്സിനു താഴെയുള്ള ഒരു പെണ്‍കുട്ടിയും ഒരു പുരുഷനുമാണ് ഇതില്‍ തുള്ളിയിരുന്നത്. എന്നു വെച്ചാല്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ വീടിനുള്ളില്‍ ഇരുന്നു കൊണ്ടുള്ള ഓണമൊക്കെ ആഘോഷിച്ചാല്‍ മതിയെന്നു തന്നെ. കൈകൊട്ടിക്കളി വീടിന്റെ മുറ്റത്തോ നടുത്തളത്തിലോ നടത്തപ്പെടുകയും സ്ത്രീയുടെ ആകാരഭംഗി പുരുഷന് ചുളുവില്‍ കണ്ടാസ്വദിക്കാനുള്ള മാര്‍ഗമായി അത് മാറ്റപ്പെടുകയും ചെയ്തു.
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്നൊക്കെ സ്ത്രീകളെ വാഴ്ത്തി പാടുന്നുണ്ട് എങ്കിലും എത്ര മാത്രം സ്ത്രീകള്‍ ആ നിലയിലേക്ക് എത്തി ചേര്‍ന്നു എന്നത് ചിന്തനീയമാണ്. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് മുന്‍കാലങ്ങളിലെ സ്ത്രീകളെക്കാള്‍ ജോലിഭാരം ഏറ്റുകയല്ലേ ഓണം? ലഭിക്കുന്ന അവധി ദിവസം മുഴുവന്‍ വെക്കലും വിളമ്പലുമായി അടുക്കളയിലും പരിസരത്തുമായി ചെലവഴിച്ചുകൊണ്ട് ഇന്നും ഓണം ആഘോഷിക്കുന്നു(?) കേരളീയ സ്ത്രീ. ബീവറേജസിലും കളിത്തട്ടിലും ഇലക്ക് മുന്‍പിലുമായി പുരുഷനും. കേരളത്തിലെ ഏതൊരു ഉത്സവവും ആഘോഷവും പെരുന്നാളും എന്ന പോലെ ഓണവും സ്ത്രീക്ക് ജോലിഭാരവും അസ്വാതന്ത്ര്യവും ഒപ്പം പ്രഖ്യാപിച്ചു കൊണ്ട് വന്നു ചേരുന്നു. 'മാനുഷരെല്ലാരുമൊന്നു പോലെ' എന്ന വാചകം വാച്യാര്‍ത്ഥത്തില്‍ സ്ത്രീകള്‍ അടക്കമുള്ള മാനുഷര്‍ ആയി തീരും കാലം പ്രതീക്ഷിച്ചു കൊണ്ട് എല്ലാവര്‍ക്കും ഓണാശംസകള്‍.
രേഖാ രാജ് |
നമ്മളെല്ലാം പല കാലങ്ങളില്‍ ജീവിക്കുന്ന പോലെ ഓണവും പലതരത്തിലുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവസരത്തിനൊത്ത് ഡോ.അംബേദ്കറിനെ ഉദ്ധരിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ പലകാലം ഉണ്ട് എന്നും ചിലര്‍ പതിനാറാം നൂറ്റാണ്ടില്‍ ജീവിക്കുന്നു എന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ നിരീക്ഷണം കൂടുതല്‍ പ്രസക്തമാകുന്നു. കേരളത്തിലെ പ്രബല സമുദായങ്ങളും ദളിത് ആദിവാസി വിഭാഗങ്ങളും തമ്മിലുള്ള സാമുഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ അന്തരം ഈ നിരീക്ഷണത്തിന്റെ സമകാലിക പ്രസക്തിയെ അന്വര്‍ത്തമാക്കുന്നു. കേരളമെന്ന ശ്രേണിബദ്ധമായ സമൂഹത്തിന്റെ വ്യത്യസ്തമായ കാല-ദേശങ്ങള്‍ക്കിടയില്‍ ഒരേ സമയം കടന്നു പോകുന്ന പലതരം ഹിംസാത്മകമായ അന്യവല്‍ക്കരണങ്ങളും അത് സമ്മാനിക്കുന്ന പ്രതിസന്ധികളും അനുഭവിക്കാതെ ഒരു ദളിതയും/നും കടന്നു പോകുന്നില്ല എന്ന് കാണാം. ഇത്തരം വഴുക്കലുകള്‍ ഏറെ നിറഞ്ഞ ഒരു സാംസ്‌കാരിക സന്ദിഗ്ധതയില്‍ ആണ് ഓണം എന്നതുപോലുള്ള വിവിധ ഉത്സവങ്ങളെയും സമീപിക്കണ്ടത് എന്ന് തോന്നുന്നു. ധാരാളം ഉള്‍പ്പിരിവുകള്‍ നിറഞ്ഞവയാണ് ഒണാഖ്യാനങ്ങളും ഓണാഘോഷങ്ങളും.
ഓണത്തെ കുറിച്ചുള്ള ടിവി ചാനല്‍ നിര്‍മിത ഓണാഘോഷ പ്രകടനവും സിനിമകളും ഇതര പൈങ്കിളി സ്‌കൂപ്പുക്കളുമൊക്കെ ചേര്‍ന്നുണ്ടാക്കിയ ഒരു ഓണാഘോഷമുണ്ട്. അതിന് പ്രചുര പ്രചാരവും ഉണ്ട്. എന്നാല്‍, കേരളം പല തരത്തിലുള്ള (സാമുദായികവും പ്രാദേശികവും ആയ കാരണങ്ങളാലും ഇവ രണ്ടും കൂടിക്കുഴഞ്ഞ കാരണങ്ങളാലും) ഓണം അനുഭവിക്കുന്നു എന്നതാണ് എന്റെ ഉറച്ചവിശ്വാസം. ഓണാഘോഷത്തിലുള്ള സാമുദായിക വ്യത്യാസങ്ങള്‍ പരിഗണിച്ചാല്‍ പല ജാതിയിലുള്ള ആളുകള്‍ തങ്ങളുടെ ഓണാനുഭവത്തെ കുറിച്ച് എഴുതുമ്പോള്‍ ഉണ്ടായേക്കാവുന്ന വ്യത്യാസങ്ങള്‍ ഒരു പക്ഷെ രണ്ടാഘോഷങ്ങള്‍ തമ്മിലുണ്ടാകുന്നതിന് സമാനമായിരിക്കാന്‍ ഇടയുണ്ട്.
ഓണം മിത്തിന്റെ കീഴാള വിരുദ്ധതയെ തത്വത്തില്‍ അംഗീകരിക്കുമ്പോള്‍ തന്നെ ഓണം എന്ന സാമുഹ്യ ഉത്സവത്തിനെ ദളിതരും ഇതര കീഴാള ജാതിക്കാരും പ്രബല മാതൃകയ്ക്ക് പുറത്തു വ്യതിരക്തമായി ആഘോഷിച്ചിരുന്നു, ആഘോഷിച്ചു കൊണ്ടിരിക്കുന്നു എന്ന് കാണാം. ഓണം ആഘോഷവുമായി ബന്ധപ്പെട്ട ഇത്തരം കീഴാള ഇടങ്ങളെ കണ്ടെടുക്കുക എന്നത് പ്രധാനമാണ്. മാവേലി നാടുവാണീടും കാലം എന്ന പാട്ട് സഹോദരന്‍ അയ്യപ്പന്‍ എഴുതിയതാണ് എന്ന് കേട്ടിട്ടുണ്ട്. നമ്മുടെ കീഴാള നവോത്ഥാന പ്രസ്ഥാനങ്ങളില്‍ ഓണത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കേരളമെന്ന ഭൂവിഭാഗത്തെ പരിഗണിച്ചാല്‍ ഓണം എന്ന ഉത്സവത്തിന് ഇന്ന് കാണുന്നത് പോലുള്ള സമാനതകള്‍ ഉണ്ടായിരുന്നില്ല എന്ന് കാണാന്‍ കഴിയും. വടക്കേ മലബാറില്‍ ഓണത്തിനേക്കാള്‍ പ്രാധാന്യം വിഷുവിനാണ് എന്ന് കേട്ടിട്ടുണ്ട്. ഓണസദ്യ ഇന്ന് പറയപ്പെടുന്ന പോലെ സസ്യാഹാര സമൃദ്ധമായിരുന്നില്ല. ചിക്കനും മീനും കൂട്ടി ഓണസദ്യ ഉണ്ണാറുള്ള കാലത്തെക്കുറിച്ച് അസ്സല്‍ തലശ്ശേരി തീയ്യത്തിയായ എന്റെ ഒരു കൂട്ടുകാരി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. അപ്പോള്‍ പിന്നെ ഓണത്തെ ഇപ്രകാരം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരുപോലെ ആക്കി മാറ്റുന്നതില്‍ വിപണിയുടെയും മാധ്യമങ്ങളുടെയും പങ്ക് നിര്‍ണായകം ആണല്ലോ. ഓണം എന്നത് മലയാളികളുടെ ഉത്സവം എന്നൊക്കെ കൊട്ടി ഘോഷിക്കാറുണ്ടെങ്കിലും അതിന്റെ ഒരു നായര്‍ ആഘോഷത്തെയാണ് ദൃശ്യ മാധ്യമങ്ങള്‍ കാഴ്ചപ്പെടുത്താറുള്ളത്. അതിലേയ്ക്കുള്ള പ്രയാണമായി മാറുന്നു ഇതര സമുദായങ്ങളുടെ ഓണാഘോഷങ്ങള്‍. ഇത്തരം സോഷ്യല്‍ മിമിക്രികള്‍ ചേര്‍ന്ന് 'ഒറിജിനല്‍' തന്നെയില്ല എന്ന ഉത്തരാധുനിക നിലയില്‍ നമ്മള്‍ എത്തി തീര്‍ന്നിരിക്കുന്നു എന്ന മട്ടിലായി കാര്യങ്ങള്‍.
ഈ ഒരു സന്ദര്‍ഭത്തില്‍ എന്റെ ഓണാനുഭാവങ്ങളെ കുറിക്കാനാണ് ഇവിടെ ശ്രമം. എന്റെ ഓര്‍മയിലെങ്ങും സെറ്റ് മുണ്ടുടുത്ത് തിരുവാതിര കളിക്കുന്ന സ്ത്രീകളെയോ, ഓണത്തിന് വലിയ വീട്ടില്‍ പോയി കാഴ്ച വാങ്ങുന്നവരെയോ, ഉത്രാടത്തിന് തലേ ദിവസം ഓടി നടക്കുന്ന സ്ത്രീകളെയോ കണ്ടിട്ടില്ല. ഞാന്‍ കണ്ടിട്ടുള്ളത് ഉത്രാടത്തിന് ഉച്ച തിരിഞ്ഞു ചന്തയില്‍ പോയി അത്യാവശ്യ സാധനങ്ങള്‍ ചന്തയില്‍ നിന്നും വാങ്ങി ചെറിയ വിലയ്ക്ക് ഉടുപ്പുകള്‍ വാങ്ങി, (വാങ്ങാതിരിക്കുന്നവരും ഉണ്ട്) വീട്ടില്‍ വെച്ച ശേഷം നാട്ടില്‍ ആളുകള്‍ ഒത്തു ചേരുന്ന സ്ഥലത്ത് വന്നു കളികളില്‍ പങ്കെടുക്കുന്ന സ്ത്രീ പുരുഷന്മാരെയാണ്. ഞാന്‍ ഓണത്തിന് പൂ വിളിയുമായി പൂക്കള്‍ തിരഞ്ഞു ഒരു കുന്നിന്‍ മുകളിലും പോയിട്ടില്ല. കാരണം എന്റെ നാട്ടില്‍ കുന്നുണ്ടായിരുന്നില്ല. പൂവിടല്‍ ഉയര്‍ന്ന ജാതിക്കാര്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഓണത്തിന് മൂന്നാല് ദിവസം മുന്‍പാണ് പൂക്കളം ഇടുക, ചെമ്പരത്തിയും തെച്ചിയും ഏതെങ്കിലും വെള്ളപ്പൂവും ചേര്‍ത്ത് ഒരു പൂക്കളം. എന്റെ ജന്മനാടായ കല്ലറയെ കുറിച്ച് പറയാതെ എനിക്ക് ഓണത്തെക്കുറിച്ച് പറയാനാകില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കപിക്കാട്. കോട്ടയം ജില്ലയിലെ നീണ്ടൂരിനും കടുത്തുരുത്തിയ്ക്കും ഇടയ്ക്ക്് കിടക്കുന്ന ഒരു അപ്പര്‍ കുട്ടനാടന്‍ ഗ്രാമം. എന്റെ വീടിരിക്കുന്ന ഭാഗം കല്ലുപുര എന്നാണ് അറിയപ്പെടുന്നത്. കൂടുതല്‍ ദളിതുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. സുറിയാനി ക്രിസ്ത്യാനികളും കുറച്ചു ഈഴവരും വളരെ കുറച്ചു നായന്മാരും പിന്നെ വിരലില്‍ എണ്ണാവുന്ന വിശ്വകര്‍മ്മജരും ആണ് അവിടെ പാര്‍ത്തു വരുന്നത്. ഏതാണ്ടെല്ലാ ജാതിയില്‍ പെടുന്നവര്‍ക്കും ഒരു കാര്‍ഷിക-കര്‍ഷക തൊഴിലാളി ജീവിതം ഉണ്ടാകാതെ തരമില്ലാത്ത ഭൂമിസമുഹ്യശാസ്ത്രമാണ് ഇവിടെ നിലവിലുള്ളത്. ഓണം അതുകൊണ്ട് തന്നെ ഒരു പ്രധാന ആഘോഷം ആണ്. ഞാന്‍ താമസിക്കുന്ന സ്ഥലം ഒരു ദളിത് ഭൂരിപക്ഷ പ്രദേശമാണ്. ഇത് ജനസംഖ്യ അടിസ്ഥാനത്തില്‍ ഞാന്‍ പറയുന്നതല്ല. അവിടുത്തെ ആളുകള്‍ പൊതുവേ പുലര്‍ത്തുന്ന ജാതിയോടുള്ള ഒരു ജൈവ നിഷേധം, ആ നാട് ജന്മം നല്‍കിയ ഒട്ടേറെ ദളിത് ബുദ്ധിജീവികള്‍ കലാകാരന്മാര്‍, എന്നിങ്ങനെ സാംസ്‌കാരികമായ സവിശേഷതകളും ഉണ്ട് അതിന് പിന്നില്‍.
ഓണം എന്ന് കേള്‍ക്കുമ്പോഴേ എനിക്ക് ഒരു തരം കൈവിട്ടുപോകലുണ്ട്. ഒരു നിലം തൊടാത്ത അവസ്ഥ. ചെറുപ്പം മുതലേ ഓണം എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നിറവായി തുടരുന്നത് എന്ന് ഞാന്‍ അനേകം തവണ ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. കാരണം ഞാന്‍ തന്നെ കണ്ടെത്തി. ആളുകള്‍ക്ക് സന്തോഷിക്കാന്‍ ഇഷ്ടമാണ്, എനിക്ക് പ്രത്യേകിച്ചും. കര്‍ക്കിടമാസത്തില്‍ വെള്ളപ്പൊക്കം വന്ന് വീടും പരിസരങ്ങളും മുഴുവന്‍ വെള്ളം നിറഞ്ഞ് പട്ടിണിയും പരിവട്ടവും ആവും വീടിനുള്ളില്‍ തട്ടടിച്ചോ, അല്ലെങ്കില്‍ അടുത്തുള്ള സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലോ ആവും ജീവിതം. ചിങ്ങത്തിലെ പത്ത് ഉണക്ക് കൊണ്ട് വീണ്ടും മെച്ചപ്പെടുന്ന ജീവിതവും പരിസരവും. മേടത്തിലെ വിത്തിട്ട് കര്‍ക്കിടകം ആദ്യം കൊയ്തുമെതിച്ച് ഉണ്ടാക്കുന്ന നെല്ല് അരിയായി ചോറായി മാറുന്ന കാലം. ഈ കാലത്ത് മനുഷര്‍ക്ക് ഒന്ന് ആഘോഷിക്കാന്‍ തോന്നുമ്പോള്‍ ഓണവും എത്തുന്നു ഈ മട്ടിലായിരുന്നു എന്റെ നാട്ടില്‍ ഓണം. ഇനിയിപ്പോള്‍ അതിന് ക്രിസ്മസ് എന്നാണ് പേരെങ്കിലും ഞങ്ങള്‍ക്ക് വലിയ അഭിപ്രായ വ്യത്യാസം ഉണ്ടാകില്ലായിരുന്നു.
എന്നാല്‍, ചില കാര്‍ന്നോന്മാര്‍ പറയുന്നത് പോലെ പറയുകയാണ് എങ്കില്‍ പണ്ടത്തെ ഓണത്തോളം വരില്ല ഇന്നത്തെ ഓണം. കാരണം പണ്ട് ഓണത്തിന് മീനും ഇറച്ചിയും ഉണ്ടായിരുന്നു ഞങ്ങള്‍ ദളിതരെ സംബന്ധിച്ച്. നല്ല ചെമ്മീനും വരാലും തോട്ടില്‍ സുലഭം. മുറ്റത്ത് കൂടി ഓടി നടക്കുന്ന കോഴി, കറിയായി മാറും. ഇതൊക്കെ കൂടാതെ ഒന്നുരണ്ട് പച്ചക്കറി വിഭവങ്ങള്‍. പായസം. ഇതെല്ലാം കൂടി അയാള്‍ ഓണം കുശാലായി. പായസമാണ് ഓണത്തെ അതാക്കി മാറ്റിയിരുന്നത്. അതിനേക്കാള്‍ പ്രധാനമായിരുന്നു അത്തം മുതല്‍ പത്തു ദിവസമുള്ള വട്ടക്കളി. അത്തം തുടങ്ങുന്ന അന്ന് വൈകുന്നേരം തൊട്ടടുത്ത വീടുകളില്‍ നിന്ന് കൊണ്ട് വരുന്ന രണ്ടോ മൂന്നോ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ നേരം പുലരുവോളം പാട്ട് പാടി, കൈകൊട്ടി കളിക്കും. രാത്രിയില്‍ പെണ്ണിനെ തരുവോ എന്ന കളിയും ഉണ്ട്. ഓണക്കാലത്ത് കിളിത്തട്ട് കളി രാത്രി വരെ നീളും. തുമ്പി തുള്ളല്‍, മുടിയാട്ടം എന്നിവയും ഉണ്ടാകും. ഞങ്ങള്‍ കുട്ടികള്‍ക്ക്, ഒപ്പം മുതിര്‍ന്നവര്‍ക്കും ഒരു പാട് രഹസ്യ സന്തോഷങ്ങള്‍ ഉണ്ടാകുന്ന കാലം കൂടിയാണ് ഇത്. രാത്രി നാട്ടിലും വീട്ടിലും ഉള്ളവര്‍ എല്ലാവരും വട്ടക്കളി കളിക്കുന്ന സ്ഥലത്തായിരിക്കുമ്പോള്‍ അല്ലറ ചില്ലറ മോഷണം, രാത്രിയുള്ള സ്വതന്ത്രമായ നടപ്പ് എന്നിവയായിരുന്നു കുട്ടികളുടെ സന്തോഷം. ഏതെങ്കിലും ഒരു വീടിനെ ചുറ്റി പറ്റി സാറ്റ് കളി നടത്തും കുട്ടികള്‍. എല്ലാ പകല്‍ക്കളികളേയും രാത്രിയിലേയ്ക്കുള്ള സവിശേഷ നിയമങ്ങളുണ്ടാക്കി ഞങ്ങള്‍ രാത്രി കളികളാക്കും.
കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഹരം കുറവില്ല. ചെറിയ പ്രേമകഥയിലെ നായകര്‍ക്ക് രാത്രി മുഴുവന്‍ കമിതാക്കളുടെ ഒപ്പം ചിലവഴിക്കാം. ഇരുട്ടിന്റെ ആനുകൂല്യത്തില്‍ ചുംബനാദി ആലിംഗനങ്ങളില്‍ ഏര്‍പ്പെടാം. ഇത്തരം ഒരുപാട് ചൂടന്‍ രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നത് എന്റെ കുട്ടിക്കാല രഹസ്യങ്ങളില്‍ ഒന്ന്. രാവിന്റെ കാല്‍പ്പനിക മായികതയില്‍, അരണ്ട വെളിച്ചത്തില്‍ പരസ്പരം നോട്ടമെറിഞ്ഞു ഇടകലര്‍ന്നു തിമിര്‍ത്തു കളിച്ച്; 'സ്വന്തമായി ഇത്തിരി മണ്ണ് വാങ്ങിയതില്‍ കൊച്ചൊരു കൂരയും കെട്ടി മാനമായി നിന്നെ ഞാന്‍ കൊണ്ട് പോകില്ലയോ താലിയും മാലയും ചാര്‍ത്തി' എന്ന് തിരുനെല്ലൂര്‍ കരുണാകരനെ ക്വാട്ട് ചെയ്ത് ഇംഗിതം വെളിപ്പെടുത്താം അല്ലെങ്കില്‍ കാര്യങ്ങള്‍ ഒന്ന് കൂടി ഉറപ്പിക്കാം. എന്നെ പോലുള്ളവര്‍ക്ക് അജ്ഞാതനായ ഏതോ ഒരു കാമുകനെ മനസ്സില്‍ ധ്യാനിച്ച് 'പാല്‍ക്കടലില്‍ ഓളങ്ങളില്‍ തള്ളി നീക്കി നീ വരുമ്പോള്‍ സമ്മാനമായി നിനക്കൊരു വെള്ളാമ്പല്‍ പൂവ് തരാം' എന്ന് പൂത്തുലയാം.
ഹരം അതിന്റെ നെറുകയില്‍ എത്തുക ഉത്രാടത്തിന്റെ അന്ന് രാവിലെ സ്ഥലത്തെ ക്ലബ്ബിന്റെ ഭാരവാഹികള്‍ ഉച്ചഭാഷിണിയുമായി എത്തുമ്പോഴാണ്. അതത് സമയത്തെ ഹിറ്റ് ഗാനങ്ങള്‍ ഒരു പതിനൊന്ന് മണിയോടെ കേള്‍ക്കുകയായി. കുട്ടികള്‍ മൈക്കിന് ചുറ്റും ഓടി നടക്കും. വലിയവര്‍ പണിതിരക്കിന്റെ ഇടയില്‍ പാട്ടു കേള്‍ക്കും. ഒരു വലിയ പ്രദേശമാകെ പാട്ടിന്റെ ഒച്ച കേള്‍ക്കാം. ചിലപ്പോള്‍ വി ഡി രാജപ്പന്റെ കഥാപ്രസംഗം ആയിരിക്കും. സ്ത്രീകളും ചെറുപ്പക്കാരും രാജപ്പന്റെ തമാശകള്‍ കേട്ട് അത്യുച്ചത്തില്‍ പൊട്ടിചിരിക്കും. സന്ധ്യയാകുന്നതോടെ സ്‌റ്റേജ് കെട്ടി തീര്‍ക്കുന്നു. പിന്നെ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, പാട്ടുകള്‍, വലിയവരുടെ ഗാനമേള. കൂലി പ്പണിക്കാരനും നാട്ടിലെ ഗുണ്ടയുമൊക്കെ 'കറുത്ത പെണ്ണെ' എന്ന് റൊമാന്റിക് ആകുന്നു. 'ചക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ' പ്രേമാര്‍ത്തിയായി പെണ്ണുങ്ങള്‍ പാടുന്നു.
ഇടയ്ക്കിടയ്ക്ക് ഓരോ സെറ്റ് വട്ടക്കളി നടക്കും. കള്ളുകുടിച്ച ആണുങ്ങള്‍ വട്ടക്കളി വേദി കൈയ്യടക്കി കൂടുതല്‍ അഗ്രസീവ് ആയി കളിക്കുന്നു. ഉടനെ പെണ്ണുങ്ങള്‍ വാശി മൂത്ത് ഇടയ്ക്ക് കയറി അതേ സ്പീഡിലും രൗദ്ര താളത്തിലും കളിച്ച് ആണുങ്ങളോട് ഇടിച്ചിടിച്ചു നില്‍ക്കുന്നു. കളിയ്ക്കായി ദുരവസ്ഥയും, നാടന്‍ പാട്ടും, വിപ്ലവ ഗാനവും, മാപ്പിളപ്പാട്ടും, ഇടനാടന്‍ പാട്ടുമൊക്കെ ഉണ്ടാകും. ഇതൊക്കെ പോരാഞ്ഞ് കലാഭവന്‍ മണിയുടെ പാട്ടുകള്‍ വരെ പാടി തിമിര്‍ക്കും ഇപ്പോള്‍ ചെറുപ്പക്കാര്‍.
ഓണമെന്നാല്‍ അതത് സമയത്തെ പ്രബല രാഷ്ട്രീയ സംവാദങ്ങളും ദൃശ്യ രൂപമാകുന്ന കാലം കൂടിയാണ്. നാടകങ്ങള്‍, ബ്രേക്ക് ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ കലാ രൂപങ്ങള്‍. നാടകത്തില്‍ ഒരാനയും കുറെ പാപ്പാന്മാരും, തീന്മേശയിലെ ദുരന്തം പോലുള്ളവ അരങ്ങേറി. കുറച്ച് കഴിഞ്ഞപ്പോള്‍ നാടകം മാറി, സിനിമ വന്നു.
മുതിര്‍ന്നപ്പോള്‍ ക്ലബ് ആഘോഷത്തിന്റെ ഹരത്തില്‍ നിന്ന് പുതിയ ഹരങ്ങളായി എനിക്ക്. ഓണത്തിന്റെ തിരക്കിനിടയില്‍ കിട്ടുന്ന രഹസ്യ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുമായി സമീപ പ്രദേശങ്ങളില്‍ അലഞ്ഞു നടക്കുക, രണ്ടും മൂന്നും കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളിലെ ചായക്കടകളില്‍ പോയി ചായ കുടിക്കുക, കൂട്ടുകാരിയുടെ കാമുകന്റെ വീടന്വേഷിച്ച് പോകുക തുടങ്ങിയ കുറച്ച് റിസ്‌കുള്ള കൃത്യങ്ങളില്‍ ഏര്‍പ്പെട്ടു. മുറുക്കല്‍, അല്‍പ്പം കള്ളുകുടി എന്നിവയായി പിന്നീടുള്ള അധോ ലോകങ്ങള്‍. കുറച്ചു കാലങ്ങള്‍ കൊണ്ടുതന്നെ എന്നെ ഒരു അംഗീകൃത കുടിയത്തിയാക്കി എന്റെ കൊച്ചച്ചന്മാരും ഡാഡിയും സര്‍ട്ടിഫിക്കറ്റ് തന്നു. അംഗീകാരം ലഭിച്ചതോടെ രഹസ്യ സഞ്ചാരങ്ങള്‍ വേണ്ടാതായി. പൂരാടം മുതല്‍ കണക്കിന് കള്ളുകുടിച്ചും പാട്ടുപാടിയും രാഷ്ട്രീയം ചര്‍ച്ച ചെയ്തും ഹരം കയറിയും ഓണം കൂടുതല്‍ മനോഹരമായി മാറി. ഇതിനിടയില്‍ ജീവിതത്തിലേയ്ക്ക് വന്ന രേണുവേട്ടന്‍ എന്റെ മദ്യാസക്തിയെ അങ്ങ് പ്രോത്സാഹിപ്പിച്ചു തന്നു. അതോടെ ജീവിതവും ഓണവും ഒരു കൂട്ടുത്സവമായി.
കഴിഞ്ഞ രണ്ടു ദശകങ്ങളായി ഈ അവസ്ഥകളാകെ മാറി, ഇറച്ചിയും മീനും ഓണത്തിന് പടി കടന്നു. ചില മീന്‍ കൊതിയന്മാര്‍ മാത്രം മീന്‍ നിലനിര്‍ത്തി. ഓണം മിതമായി ആഘോഷിച്ചു സമുദായ പരിപാടികള്‍ വിപുലമാക്കി തുടങ്ങി. ഓണമില്ലേലും പായസം കുടിക്കാം എന്ന നില വന്നു. അതോടെ എന്റെ വീട്ടിലെ അനിയത്തിമാര്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് പുതിയ ഡ്രസ്സ് എന്ന നിത്യ ഹരിതമായ ഹരമല്ലാതെ മറ്റൊന്നും ഓണത്തിന് കൊടുക്കാന്‍ കഴിയുന്നില്ല എന്നായി. അപ്പോഴും ആളുകള്‍ ഒന്നിച്ചു കൂടുകയും പായസം വെയ്ക്കുകയും ചെയ്തുവരുന്നു. ഇന്നിപ്പോള്‍ നാടിന്റെ കൂട്ടുത്സവം എന്നതില്‍ കവിഞ്ഞ് അതൊരു ഹിന്ദു ഓണം ആയി വരുന്നു. ഇറച്ചിയും മീനും പടിയിറങ്ങി. ഓണക്കോടി ഇല്ലാതിരുന്ന ആളുകള്‍ക്ക് ഓണക്കോടി ഉണ്ടാകുന്ന അവസ്ഥയിലേക്കെത്തിയപ്പോള്‍ സാമുദായിക സംഘടനകള്‍ അവര്‍ക്ക് കൈയ്യില്‍ സെറ്റ് മുണ്ടും സമുദായത്തിന്റെ കൊടിയുടെ നിറമുള്ള ബ്ലൗസും നല്‍കി. അതും ധരിച്ച് പെണ്ണുങ്ങള്‍ വഴിയിലിറങ്ങി വിശാല ഹിന്ദുത്വത്തിന് ശക്തി നല്‍കി. സദ്യയുടെ ഐറ്റം കൂടി, പായസങ്ങള്‍ പലതായി. വട്ടക്കളിയുടെ വേദി നാടിലെ പൊതുവഴിയില്‍ നിന്ന് സമുദായ കെട്ടിടത്തിലേക്ക് മാറി. എങ്കിലും ഓട്ടമത്സരങ്ങളും തുമ്പിതുള്ളലും കിളിത്തട്ടുകളിയുമായി ഒരു നാട്ടിലെ ജനങ്ങള്‍ ഇളകി മറിയുമ്പോള്‍, കാഴ്ചക്കാരില്ലാത്ത ആര്‍ക്കും പങ്കാളിയായി മാറാവുന്ന, വട്ടക്കളി കളിക്കുന്ന പാട്ട് ദൂരെ നിന്നും കേള്‍ക്കുമ്പോള്‍ ഒരാവേശം എന്റെ കാലുകളിലും വരുന്നു. ആ സംഘത്തിലേയ്ക്ക് ഞാനും ചേരുന്നു. മണിക്കൂറുകള്‍ ക്ഷീണമില്ലാതെ കളിക്കുന്നു. ആണും പെണ്ണും കളിക്കുന്നു. പെണ്ണും ആണും കളിക്കുന്നു. വ്യത്യാസമില്ലാതെ മത്സരിച്ച് കളിക്കുന്നു. ഇത് പെണ്ണോണമല്ല. പൊന്നോണമാണ്. ഞങ്ങള്‍ക്ക് മാത്രമേ ഇത്തരം പൊന്നോണമുള്ളു.
സുഗതകുമാരി |
എന്നുടെ നാട്ടില്‍ വിരിഞ്ഞു മണത്തു
വീണ്ടും തുമ്പകള്‍ അരളികള്‍ മുല്ലകള്‍
കണ്ണാന്തളികളിലഞ്ഞികള്‍ തെച്ചികള്‍
നൂറു നിറങ്ങളിലോണപ്പൂക്കള്‍
നിങ്ങള്‍ പൊലിക്കിന്‍ പൂവുകളേ, മിഴി
മിന്നി വിടര്‍ന്നു ചിരിക്കുവാനെന്നുടെ
കണ്ണില്‍ നിലാവും തളിക്കുവിനേതോ
പഴയ കിനാവുകള്‍ കാട്ടിത്തരുവിന്‍.
ഓണത്തെ കുറിച്ച് ഇങ്ങനെ എഴുതുവാനേ സാധിക്കുകയുള്ളു. കാരണം ഓരോ ഓണവും സമ്മാനിക്കുന്നത് ഓര്‍മകളാണ്. ആ ഓര്‍മകളില്‍ സന്തോഷമാണ് നിറഞ്ഞിരിക്കുന്നത്. പ്രകൃതിയോട് അടുത്ത് നില്‍ക്കുന്ന ഉത്സവം. ഇന്ന് ആ നാളുകള്‍ സ്വപ്നങ്ങളാണ്. പഴയ കിനാവുകള്‍ ചിലപ്പോഴൊക്കെ കാട്ടി തരുന്നതിനുള്ള ഓര്‍മദിനങ്ങള്‍ മാത്രമാണ്. തമിഴന്റെ പൂക്കള്‍ വന്നില്ലെങ്കില്‍ മലയാളിക്ക് ഓണപൂക്കളമില്ല. തമിഴന്റെ പച്ചക്കറി ഇല്ലെങ്കില്‍ നമുക്ക് ഓണ സദ്യയുമില്ല. ഉപഭോക്തൃ സംസ്‌കാരത്തിന്റെ പിടിയില്‍ ഒന്ന് കുതറി മാറാന്‍ പോലും സാധിക്കാതെ അകപ്പെട്ടിരിക്കുകയാണ് മലയാളി. പട്ടിണിയുടെ ഓണം കൂടിയാണ് ഇന്ന്. പണ്ട് എത്ര ദരിദ്രരനായാലും ഓണത്തിന്റെ നിറവ് ഉണ്ടാവുമായിരുന്നു. ഇന്നതില്ല. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന നാട്ടില്‍ എങ്ങിനെയാണ് നിറവുണ്ടാകുക. തൊടിയിലെ പച്ചപ്പുകള്‍ വെട്ടിക്കളഞ്ഞ് സിമന്റ് പൂശുന്ന മലയാളിയുടെ മണ്ണില്‍ എങ്ങിനെയാണ് പൂത്തുമ്പി വിരുന്നെത്തുക?
മറ്റെല്ലാ സങ്കല്‍പ്പങ്ങളുമെന്നതുപോലെ ഓണമെന്ന സങ്കല്‍പ്പവും നല്ലത് തന്നെയാണ്. 'മാനുഷരെല്ലാരുമൊന്നുപോലെ' എന്നത് എത്ര മനോഹരമായ കാഴ്ചപ്പാടാണ്. ആണും പെണ്ണും തുല്യരായി നില്‍ക്കുവാനാണ് ഓണം പറയുന്നത്. ലോകത്തിന്റെ ഭംഗികൂട്ടാനുള്ള സങ്കല്‍പ്പങ്ങളില്‍ വരെ കണ്ണീര്‍ കോരിയൊഴിക്കുകയാണ് പുതിയ സംസ്‌കാരം. കണ്ണീരുണങ്ങാത്ത അകത്തളങ്ങളാണ് ഇന്ന് വീടുകള്‍ക്കുള്ളത്. സീരിയലുകളിലിരുന്ന് കരഞ്ഞുകൂട്ടുകയാണ് സ്ത്രീകള്‍. കരയാനുള്ളവരാണ് സ്ത്രീകള്‍ എന്ന് അമ്മൂമ്മമാരും അമ്മമാരും ചേച്ചിമാരും കുഞ്ഞുങ്ങളെ കൂടെയിരുത്തി പഠിപ്പിക്കുകയാണ്. കാണിച്ചുകൊടുക്കുകയാണ്. മലയാള സീരിയലിലെ സ്ത്രീകള്‍ ആര്‍ക്കുള്ള ഗുണപാഠമാണ്? ഒരു സ്ത്രീ ചിരിക്കുന്ന, കളിക്കുന്ന, സന്തോഷിക്കുന്ന, ജയിക്കുന്നൊരു സീരിയല്‍ ആരെങ്കിലും പ്രക്ഷേപണം ചെയ്യുന്നുണ്ടോ? സ്ത്രീത്വത്തെ ചരക്കാക്കി മാറ്റുന്ന ഈ സംസ്‌കാരത്തില്‍ നിന്ന് നല്ലൊരോണം പ്രതീക്ഷിക്കുക സാഹസമാണ്. അരുത്. ഇത്തരം കാഴ്ചകള്‍ നമ്മുടെ വരും തലമുറയ്ക്ക് പകര്‍ന്നുകൊടുക്കരുത്.
പെണ്ണിന് നുകം കല്‍പ്പിക്കുന്ന ഒരു സമൂഹമായി നമ്മുടെ സമൂഹം വളരുകയാണ്. പുരോഗമനത്തിന്റെ, വികസനത്തിന്റെ വായ്ത്താരികള്‍ ചുറ്റും മുഴങ്ങുമ്പോഴും അതിന്റെ പശ്ചാത്തലത്തില്‍ ഒരു പെണ്ണിന്റെ നിലവിളി കേള്‍ക്കാം. തെറ്റുകളുടെ വായു ഇനിയും ശ്വസിക്കരുത്. പൊന്നോണം പെണ്ണോണമായി മാറുന്നത് പെണ്ണിന്റെ കണ്ണീരുപ്പ് പടരുമ്പോഴാണ്. അങ്ങനെയല്ലെങ്കില്‍ ആണിനും പെണ്ണിനും കൂടി പൊന്നോണമേ കാണുകയുള്ളു. അതുമതി. അതിനായാവണം ആഘോഷങ്ങള്‍.
27-Aug-2015
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര് പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്