സ്ത്രീകള്‍ക്ക് നീതി വേണം

നെല്ല്. നെറ്റിന്റെ ഈ കവര്‍സ്റ്റോറിയിലൂടെ ജിഷയുടെ ക്രൂരമായ കൊലപാതകം മുന്‍നിര്‍ത്തി സ്ത്രീകള്‍ സംവാദത്തിലേര്‍പ്പെടുകയാണ്. ചര്‍ച്ചകള്‍ നടത്തുകയാണ്. സ്ത്രീസുരക്ഷയ്ക്ക് വേണ്ടി. നീതിക്ക്‌ വേണ്ടി. ഇതില്‍ ഇനിയും സ്ത്രീ സുഹൃത്തുക്കള്‍ക്ക് പങ്കാളിയാവാം.

കഴിഞ്ഞ ഏപ്രില്‍ 28ന് വൈകിട്ടാണ് പെരുമ്പാവൂര്‍ കുറുപ്പുംപടി കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറിവീട്ടില്‍, കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ രണ്ടാമത്തെ മകള്‍ മുപ്പത് വയസുള്ള ജിഷമോള്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ഇത്രയും ദിവസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം ഇരുട്ടില്‍ തപ്പുകയാണ്. ജിഷയുടെ മൃതദേഹം പരിശോധിച്ച ഫോറന്‍സിക് സര്‍ജന്‍, തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയും മൃഗീയമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ട ശരീരം ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. തലയ്ക്കും കഴുത്തിലും കമ്പിവടികൊണ്ടുള്ള അടിയും ശരീരത്തിന്റെ പലഭാഗങ്ങളിലും കത്തിപോലെ മൂര്‍ച്ചയേറിയ ആയുധംകൊണ്ടുള്ള മുപ്പതിലധികം മുറിവുകളും ആ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു. കൊലയാളി ജനനേന്ദ്രിയത്തിലേക്ക് കമ്പിപ്പാര കുത്തികയറ്റിയപ്പോള്‍ കുടല്‍മാല പുറത്തുചാടിയ ഭീകരത, ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കുന്നില്ല. ഏതു പാതകത്തിനായാണ് ഈ കൂട്ടര്‍ കാത്തിരിക്കുന്നത്?

സ്ത്രീകള്‍ക്ക് നീതിവേണം
വൃന്ദ കാരാട്ട്

ദാരിദ്ര്യത്തിന്റെ സ്‌ത്രൈണവല്‍ക്കരണമെന്ന ദുരിതാവസ്ഥയുടെ പ്രഭവകേന്ദ്രം ആഗോളീകരണമാണ്. അത് ധനികരും ദരിദ്രരും സമ്മിലുള്ള അസമത്വം വര്‍ധമാനമാക്കി. ജീവിത നിലവാരത്തിന്റെ തകര്‍ച്ചയും ഉപജീവന സുരക്ഷതയുടെ അപര്യാപ്തതകളും പൊതുസ്വഭാവമായി പരിഗണിക്കപ്പെടുമ്പോള്‍, സ്ത്രീകള്‍ ദുസഹമായ സാഹചര്യത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. ജിഷയുടെ കൊലപാതകം ആ അവസ്ഥയുടെ ഉദാഹരണമാണ്. സ്ത്രീ പീഡനങ്ങള്‍ ആര്‍ എസ് എസ് സംഘപരിവാരം ഭരിക്കുന്ന ഈ രാജ്യത്ത് കൂടിക്കൊണ്ടിരിക്കും. പുരുഷകേന്ദ്രിത സാമൂഹ്യവ്യവസ്ഥ നടപ്പിലാക്കണമെന്ന് കരുതുന്നവരാണ് സംഘപരിവാരം. സ്ത്രീയെ ചരക്കുമാത്രമായി പരിഗണിക്കുന്ന ഉദാരവത്കരണ-സ്വകാര്യവത്കരണ നയങ്ങളുടെ വക്താക്കള്‍ കൂടിയാണവര്‍. വര്‍ഗീയശക്തികളെ ചെറുത്തുതോല്‍പ്പിച്ചുകൊണ്ടേ ഈ അവസ്ഥയെ മറികടക്കാനാവൂ.

സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് ജാതി എന്നും ഒരുപകരണമായിരുന്നു. ജാതിപ്രത്യയശാസ്ത്രം കാഴ്ജാതിക്കാരും അയിത്തക്കാരുമായ എല്ലാവരുടെയും മേല്‍ അടിച്ചമര്‍ത്തലിന്റെ കിരാതരൂപങ്ങള്‍ അനുവദിക്കുന്നു. സ്ത്രീകളുടെമേല്‍ അതിന്റെ ആഘാതം ദുസഹമാണ്. അത് തുടരുക തന്നെയാണ്. ദളിത് സ്ത്രീകള്‍ മൂന്ന് അസമത്വങ്ങളുടെ ഭാരം പേറുന്നുണ്ട്. മി്ക്ക ദളിത് സ്ത്രീകളും ചൂഷകവര്‍ഗങ്ങളിലാകയാല്‍ അവരുടെ വര്‍ഗം, ജാതി, ലിംഗം എന്നിവയാണവ. അതുകൊണ്ട് ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീകളുടെ വിമോചനത്തിന് ജാതിഘടനയുടെ പ്രത്യയശാസ്ത്രപരവും ഭൗതികവുമായ അടിത്തറ പുഴക്കി എറിയേണ്ടിയിരിക്കുന്നു.

കേരളത്തിലെ യു ഡി എഫ് സര്‍ക്കാരിന് അഞ്ചുവര്‍ഷം ഭരിച്ചിട്ടും ജിഷയ്ക്കും അവരെപോലുള്ള നിരവധി ദളിത്‌സ്ത്രീകള്‍ക്കും പാര്‍പ്പിട സൗകര്യം ഒരുക്കികൊടുക്കാന്‍ സാധിക്കാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഉമ്മന്‍ചാണ്ടി അഞ്ചുവര്‍ഷം മുമ്പ് കൈയ്യില്‍ ഉയര്‍ത്തിപിടിച്ച തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്ലാവര്‍ക്കും വീട് എന്നൊരു വാഗ്ദാനമുണ്ടായിരുന്നു. എന്തുകൊണ്ടാണ് ആ വാഗ്ദാനം പാലിക്കാതിരുന്നത്? കേരളത്തില്‍ നീതി നിഷേധങ്ങളുടെ ഉത്സവകാലം സൃഷ്ടിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ക്രമസമാധാനത്തകര്‍ച്ചയുടെ ആഴമാണ് ജിഷയുടെ ഘാതകരെ പിടികൂടുന്നതിലെ അമാന്തം വ്യക്തമാക്കുന്നത്. ഒരു ദളിത് പെണ്‍കുട്ടി, കേരളം ഇന്നുവരെ കാണാത്ത വിധത്തില്‍ മൃഗീയമായി കൊലചെയ്യപ്പെട്ടിട്ടും കൊലപാതകിയെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുകയാണ് ഈ ഭരണകൂടം. ജിഷയുടെ കൊലപാതകം പുറംലോകമറിയാതെ മൂടിവെച്ചത്, തെരഞ്ഞെടുപ്പ് കാലത്ത് അതൊരു ചര്‍ച്ചയാകരുത് എന്ന യു ഡി എഫ് മനസിന്റെ മനുഷ്യത്വരാഹിത്യമാണ്. ഈ കൊലപാതകത്തില്‍ നിന്നും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന ഉമ്മന്‍ചാണ്ടി ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കണം. എന്തിനായിരുന്നു ആ കുട്ടിയുടെ കൊലപാതകത്തെ താങ്കള്‍ നിസാരവത്കരിച്ചത് ? എന്തിനായിരുന്നു കൊലനടന്ന വീട് ജനങ്ങള്‍ക്ക് കയറിയിറങ്ങാനുള്ള ഒരു വഴിയമ്പലം പോലെ തുറന്നിട്ടുകൊടുത്ത് തെളിുവകളെല്ലാം ഇല്ലാതാക്കിയത്? എന്തിനായിരുന്നു ആ കുട്ടിയുടെ കീറിപ്പറിഞ്ഞ ദേഹം നിയമാനുസൃതം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തയ്യാറാവാത്തത്? എന്തുകൊണ്ടാണ് കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ മാനിക്കാതെ അവളുടെ മൃതദേഹം എരിച്ചുകളഞ്ഞത്? ജനങ്ങള്‍ക്ക് മറുപടി ആവശ്യമാണ്.

ഉമ്മന്‍ചാണ്ടിയും രമേശ്‌ചെന്നിത്തലയും ഇപ്പോള്‍ രേഖാചിത്രങ്ങള്‍ വരക്കുകയാണ്. ഓരോ ദിവസവും പോലീസ് ഓരോ കഥകള്‍ പുറത്തിറക്കുന്നു. മാധ്യമപ്രവര്‍ത്തകരെ വിളിച്ചറിയിക്കുന്നു. പിറ്റേദിവസം അതൊരു നുണക്കഥയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാവും. അന്വേഷണം ആരുവരച്ച വഴിയിലൂടെയാണ് പോവുന്നത്? കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദര്‍ശധീരനാണെന്നല്ലോ കേള്‍വി. എവിടെപ്പോയി അദ്ദേഹം? സ്ത്രീകളുടെ രോദനം കേള്‍ക്കാന്‍ അദ്ദേഹത്തിനും ആ പാര്‍ട്ടിക്കും സാധിക്കുന്നില്ല. പ്രബുദ്ധ കേരളത്തില്‍ ഇവര്‍ക്കൊക്കെ എങ്ങിനെ തലയുയര്‍ത്തി നടക്കാന്‍ സാധിക്കുന്നു! ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നു!!

സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് ജാതി എന്നും ഒരുപകരണമായിരുന്നു. ജാതിപ്രത്യയശാസ്ത്രം കാഴ്ജാതിക്കാരും അയിത്തക്കാരുമായ എല്ലാവരുടെയും മേല്‍ അടിച്ചമര്‍ത്തലിന്റെ കിരാതരൂപങ്ങള്‍ അനുവദിക്കുന്നു. സ്ത്രീകളുടെമേല്‍ അതിന്റെ ആഘാതം ദുസഹമാണ്. അത് തുടരുക തന്നെയാണ്. ദളിത് സ്ത്രീകള്‍ മൂന്ന് അസമത്വങ്ങളുടെ ഭാരം പേറുന്നുണ്ട്. മി്ക്ക ദളിത് സ്ത്രീകളും ചൂഷകവര്‍ഗങ്ങളിലാകയാല്‍ അവരുടെ വര്‍ഗം, ജാതി, ലിംഗം എന്നിവയാണവ. അതുകൊണ്ട് ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീകളുടെ വിമോചനത്തിന് ജാതിഘടനയുടെ പ്രത്യയശാസ്ത്രപരവും ഭൗതികവുമായ അടിത്തറ പുഴക്കി എറിയേണ്ടിയിരിക്കുന്നു.

നമ്മളാണ് ഉത്തരവാദികള്‍
ഡോ.പ്രിയ കെ നായര്‍

ജിഷയെന്ന ദരിദ്രയായ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം വീണ്ടും വിരല്‍ചൂണ്ടുന്നത് സാക്ഷര കേരളത്തിന്റെ മരിച്ച മനസാക്ഷിയിലേക്കാണ്. പത്രമാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും സ്ത്രീ സംഘടനകളും കൊലപാതകിയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ പ്രതിഷേധിക്കുന്നു. കൊലപാതകിയെ കസ്റ്റഡിയിലെടുക്കും മുമ്പെ പലരും പരസ്പരം ചെളിവാരിയെറിയുന്നു. അതിനൊരു കാരണം മുന്നില്‍ ഒരു തെരഞ്ഞെടുപ്പുണ്ട് എന്നതാണ്. ജിഷയ്ക്ക് നീതി ലഭിക്കണമെങ്കില്‍ കൊലപാതകിയെ കണ്ടെത്തിയേ തീരു എന്നാണ് ആവശ്യം.

മരിച്ച ജിഷയ്ക്ക് ഒരിക്കലും നീതി ലഭിക്കാന്‍ പോകുന്നില്ല. കാരണം ജീവിച്ചിരിക്കുന്ന കാലത്ത് ആ കുട്ടിക്ക് വേണ്ടിയിരുന്ന സുരക്ഷ, അത് നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ നല്‍കിയില്ല. വളരെ എളുപ്പത്തില്‍ ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമായിരുന്നു ഇത്. കണ്ണും കാതും മനസും കൊട്ടിയടച്ചുകൊണ്ട് ഈ മരണത്തെ സ്വാഗതം ചെയ്യുകയായിരുന്നു കേരളം. 15 വര്‍ഷം യു ഡി എഫ് ഭരിച്ച ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ നവമ്പറില്‍ എല്‍ ഡി എഫ് അധികാരം പിടിച്ചെടുത്ത പഞ്ചായത്ത്. എന്തേ അമ്മയും മകളും അവിടെ ഒറ്റപ്പെട്ടുപോയി?

ഒരു വീ്ട്ടിനുള്ളില്‍, പകല്‍വെളിച്ചത്തിലാണ് ജിഷ പിടഞ്ഞുതീര്‍ന്നത്. എത്രയോ കാലമായി ചുറ്റുമുള്ളവര്‍ അകറ്റി നിര്‍ത്തുകയായിരുന്നു ആ അമ്മയെയും മകളെയും. അവരെ അകറ്റി നിര്‍ത്തിയ സമൂഹത്തിന്റെ മനോഭാവത്തെ മാറ്റാനാണ് പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കേണ്ടിയിരുന്നത്. സ്വയം ഉള്ളിലേക്ക് നോക്കി തിരുത്തുകയായിരുന്നു വേണ്ടിയിരുന്നത്. പ്രകടനക്കാര്‍ക്ക് വേണ്ടത് കൊലയാളിയെയാണ്. കൊലയാളിയെ കണ്ടുപിടിക്കണമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ജിഷയുടെ കൊലയാളി ഒരു രോഗലക്ഷണം മാത്രമാണ്. രോഗം ദളിതയായ ജിഷയെയും കുടുംബത്തെയും തിരിഞ്ഞുനോക്കാത്ത മാനസീകാവസ്ഥയാണ്. ആ രോഗത്തെ ചികിത്സിച്ച് ഭേദമാക്കാനുള്ള, അതിനെ മാറ്റിമറിക്കാനുള്ള പ്രകടനങ്ങളാണ് വേണ്ടത്. മെഴുകുതിരി കത്തിക്കേണ്ടത് ഓരോരുത്തരുടെയും മനസിലേക്കാണ്.

തീര്‍ത്തും വ്യക്തിപരമായ ഒരനുഭവം എനിക്കുണ്ട്. വളരെ ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ചപ്പോള്‍, അമ്മയും ഞാനും തലശേരിയില്‍ തനിച്ചാണ് താമസിച്ചിരുന്നത്. മയക്കുമരുന്നിനടിമയായ ഒരു വ്യക്തി എന്നെ നിരന്തരം ശല്യം ചെയ്യും. അന്നെന്റെ രക്ഷക്കെത്തിയത് തലശേരിയിലെ കമ്യൂണിസ്റ്റുകാരായിരുന്നു. അതായിരുന്നു കമ്യൂണിസ്റ്റുകാരുടെ പൊതുസ്വഭാവം. ജാതിയോ, മതമോ, പണമോ, രാഷ്ട്രീയമോ പോലും മാനദണ്ഢമാക്കാതെ മറ്റൊരാള്‍ ബുദ്ധിമുട്ടുന്നിടങ്ങളില്‍ സഹായവുമായി അവരെത്തും. എന്റെ മുന്നില്‍ എത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഗുണ്ടകളെന്ന് വിളിച്ചാക്ഷേപിക്കുന്നവര്‍, പാര്‍ടി ഗ്രാമമെന്ന് പറഞ്ഞ് ആക്ഷേപിച്ച പ്രദേശങ്ങള്‍ എല്ലാം സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ള ഇടങ്ങള്‍ സൃഷ്ടിച്ചു. ആ പാര്‍ട്ടിയെ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് പലരും കരുതിക്കൂട്ടി മുദ്രകുത്തുമ്പോള്‍ എന്നെപോലുള്ളവര്‍ക്ക് വേറിട്ട അനുഭവങ്ങളുണ്ട്. അതുകൊണ്ടുതന്നെയാവാം കൂടുതല്‍ ഭൂരിപക്ഷത്തോടെ അവിടെ കമ്യൂണിസ്റ്റുകാര്‍ വിജയിക്കുന്നതും. പക്ഷെ, പെരുമ്പാവൂരില്‍ ഇവര്‍ക്കെല്ലാവര്‍ക്കും വീഴ്ച പറ്റി. അത് സമ്മതിക്കുന്നതാണ് മാന്യത. പോലീസ് നിഷ്‌ക്രിയരായിരിക്കാം. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്ക് വേണ്ടത്രപരിചയം ഇല്ലായിരിക്കാം. ആ നാട്ടിലെ പൊതുപ്രവര്‍ത്തകര്‍ എന്തേ നിശബ്ദരായി ഈ മരണത്തിനുവേണ്ടി കാത്തിരുന്നു? ഉത്തരം ലഭിക്കേണ്ട ചോദ്യമാണത്. സിപിഐ എം എന്ന പാര്‍ട്ടി മനനം ചെയ്യേണ്ട ഒരു ചോദ്യമാണത്. ഇത് സിപിഐ എംനോട് ചോദിക്കാന്‍ മാത്രമേ എന്നെപോലുള്ളവര്‍ക്ക് സാധിക്കുകയുള്ളു. ബാക്കിയെല്ലാ പാര്‍ട്ടികളും സ്ത്രീകളെ നോക്കി കാണുന്നത് പോലെയല്ല ആ പാര്‍ട്ടി കാണുന്നത്. ഈ ചോദ്യം ആ പാര്‍ട്ടിയില്‍ പ്രതീക്ഷയുള്ളതുകൊണ്ടും മറ്റുള്ളവരില്‍ പ്രതീക്ഷ ഇല്ലാത്തതുകൊണ്ടുകൂടിയാണ്.

ജിഷയുടെ കൊലപാതകത്തെ തുടര്‍ന്ന് ചില പ്രഹസനങ്ങളും അരങ്ങേറി. പ്രഖ്യാപിത പ്രതിഷേധക്കാര്‍ സ്ഥിരം ബുദ്ധിജീവി ജാഡകളുമായി തെരുവിലേക്കിറങ്ങി. അതിനെ പ്രതിഷേധ പ്രകടനമെന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മെഴുകുതിരി കത്തിച്ച് രാത്രിയിലായിരുന്നു ചിലരുടെ പ്രകടനം. നിര്‍ഭയ സംഭവം നടന്നപ്പോള്‍ ഇത്തരം പ്രകടനങ്ങള്‍ രാജ്യമാകെ നടന്നിരുന്നു. അതിന്റെ അനുകരണം മാത്രമായിരുന്നു ഇത്. നിര്‍ഭയ ആക്രമിക്കപ്പെട്ടത് രാത്രിയിലായിരുന്നു. ഒരു പൊതുസ്ഥലത്ത് നിന്നും വീട്ടിലേക്ക് ബസ് കയറിയപ്പോള്‍. ഇരുട്ടിലാണ് അക്രമികള്‍ ആ പെണ്‍കുട്ടിയെ പിച്ചിചീന്തിയത്. അതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ പൊതുസ്ഥലങ്ങള്‍ സ്ത്രീകള്‍ക്കുകൂടി സ്വന്തമാണെന്ന് സ്ഥാപിക്കാനുള്ളവയായിരുന്നു. പക്ഷെ, ഇവിടെ ഒരു വീ്ട്ടിനുള്ളില്‍, പകല്‍വെളിച്ചത്തിലാണ് ജിഷ പിടഞ്ഞുതീര്‍ന്നത്. എത്രയോ കാലമായി ചുറ്റുമുള്ളവര്‍ അകറ്റി നിര്‍ത്തുകയായിരുന്നു ആ അമ്മയെയും മകളെയും. അവരെ അകറ്റി നിര്‍ത്തിയ സമൂഹത്തിന്റെ മനോഭാവത്തെ മാറ്റാനാണ് പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കേണ്ടിയിരുന്നത്. സ്വയം ഉള്ളിലേക്ക് നോക്കി തിരുത്തുകയായിരുന്നു വേണ്ടിയിരുന്നത്. പ്രകടനക്കാര്‍ക്ക് വേണ്ടത് കൊലയാളിയെയാണ്. കൊലയാളിയെ കണ്ടുപിടിക്കണമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ജിഷയുടെ കൊലയാളി ഒരു രോഗലക്ഷണം മാത്രമാണ്. രോഗം ദളിതയായ ജിഷയെയും കുടുംബത്തെയും തിരിഞ്ഞുനോക്കാത്ത മാനസീകാവസ്ഥയാണ്. ആ രോഗത്തെ ചികിത്സിച്ച് ഭേദമാക്കാനുള്ള, അതിനെ മാറ്റിമറിക്കാനുള്ള പ്രകടനങ്ങളാണ് വേണ്ടത്. മെഴുകുതിരി കത്തിക്കേണ്ടത് ഓരോരുത്തരുടെയും മനസിലേക്കാണ്.

സൗമ്യയില്‍ നിന്ന് ജിഷയിലേക്കുള്ള ദൂരം വളരെ ചെറുതായിരുന്നു. ജിഷയില്‍ നിന്നും അടുത്ത പെണ്‍കുട്ടിയിലേക്കുള്ള ദൂരം അതിലും ചുരുങ്ങും. കാരണം യഥാര്‍ത്ഥ പ്രശ്‌നം ആരും ചര്‍ച്ച ചെയ്യുന്നില്ല. ദളിതരെ മാറ്റി നിര്‍ത്തുന്ന ദുസഹമായ കാലത്തെ പറ്റി ആരും വേവലാതിപ്പെടുന്നില്ല. സ്ത്രീകളെ വെറും ശരീരമായി വ്യാഖ്യാനിക്കുന്ന ഉപഭോഗ ഭ്രാന്തിനെപറ്റി ആരും പ്രതികരിക്കുന്നില്ല.

സ്ത്രീകള്‍ ജനിക്കുന്നതുമുതല്‍ മരിക്കുന്നതുവരെ പീഡിപ്പിക്കപ്പെടാനുള്ള അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പെണ്‍കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് സ്വയരക്ഷക്കുവേണ്ടിയുള്ള, ഈ സമൂഹത്തില്‍ ജീവിക്കാനുള്ള പ്രാപ്തി നേടുന്നതിനുള്ള കഴിവ് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സ്‌കൂള്‍ കരിക്കുലങ്ങള്‍ സ്ത്രീ സ്വത്വത്തെ പ്രത്യേകം തന്നെ നോക്കി കാണാന്‍ ശ്രമിക്കണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ കരിക്കുലങ്ങള്‍ അമ്മ എനിക്ക് പാലുതരും എന്നതിനപ്പുറം വളര്‍ന്നിട്ടില്ല.

ഇപ്പോഴും പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് വസ്ത്രധാരണത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചാണ്. ഇരുട്ടുന്നതിന് മുന്‍പ് വീടെത്തുന്നതിനെ കുറിച്ചാണ്. ജീന്‍സ് ധരിക്കുന്നതിലെ പ്രശ്‌നങ്ങളെ കുറിച്ചാണ്. വീട്ടിനുള്ളില്‍ അടച്ചിരിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചാണ്.

വീടുപോലുള്ള ഒരു സങ്കല്‍പ്പത്തിനുള്ളില്‍, പെന്‍ക്യാമറയുടെ കണ്ണിന്റെ ബലത്തില്‍ ഒരമ്മയൊരുക്കിയ സുരക്ഷയെയാണ് ജിഷയെ കൊലചെയ്ത അക്രമി മറികടന്നത്. പട്ടാപ്പകല്‍. ജിഷ അലറികരഞ്ഞിട്ടും ആരും കേള്‍ക്കാത്തത്, കേട്ടിട്ടും അങ്ങോട്ട് വരാത്തത് വസ്ത്രധാരണത്തിന്റെ പിശകുകൊണ്ടല്ല, ജീന്‍സ് ധരിച്ചതുകൊണ്ടുമല്ല. വീടിനുപുറത്തായതുകൊണ്ടുമല്ല. ജിഷയുടെ ചുറ്റുവട്ടത്തിന്റെ മനസാക്ഷി മരിച്ചുപോയതുകൊണ്ടാണ്. പെണ്ണിനെ നിര്‍ഭയയാക്കുന്നതിനൊപ്പം മരിച്ചുപോയ മനസാക്ഷിയെ തിരിച്ചുപിടിക്കുകയും വേണം. കേരളത്തിന് ഒരു സ്ത്രീനവോത്ഥാന പ്രസ്ഥാനമാണ് ഇനി ആവശ്യം.

സദാചാരമതിലുകള്‍ പൊളിക്കാം  
ജാനറ്റ് തെരസ്

"പിതാ രക്ഷതി കൌമാരേ,
ഭര്‍ത്തോ രക്ഷതി യൌവനേ,
പുത്രോ രക്ഷതി വാര്‍ദ്ധക്യേ,
ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" മനുസ്മൃതി (IX.3)

വ്യക്തിയെന്ന നിലയില്‍ സ്ത്രീയുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതും, സ്ത്രീ സംരക്ഷിക്കപ്പെടെണ്ട/സ്വാതന്ത്ര്യം ലഭിക്കെണ്ടതില്ലാത്ത വെറും ഒരു വസ്തുവായി മാറ്റിയെടുക്കപ്പെട്ടതിന്റെ ചരിത്രം തിരഞ്ഞുപോയാല്‍ പൗരാണികകാലവും കടന്നു നാം പോകേണ്ടി വരും; ഹൈന്ദവ വിശ്വാസികളുടെ ആധികാരിക നിയമഗ്രന്ഥമായ മനുസ്മൃതി ഇക്കാര്യത്തില്‍ വളരെ അടുത്ത ഒരു ഉദാഹരണമായി കാണാം.

ഏറിവരുന്ന സ്ത്രീ പീഡനങ്ങള്‍ സ്ത്രീപുരുഷഭേദമെന്യേ സമൂഹത്തെ എന്നും ആശങ്കപ്പെടുത്തുന്നുണ്ട്. സ്ത്രീ(ലൈംഗീക)പീഡനങ്ങളില്‍ സ്ത്രീ ഇരയും, പുരുഷന്‍ വേട്ടക്കാരനും ആണ് എപ്പോഴും. എന്നാല്‍, വിവാഹലൈംഗീക ബന്ധങ്ങളില്‍ ഇരയെന്നോ വേട്ടക്കാരനെന്നോ സ്ത്രീയെയോ പുരുഷനെയോ ആരുംതന്നെ ലേബല്‍ ചെയ്യുന്നില്ല, കാരണം; വിവാഹലൈംഗീകതയ്ക്ക് സമൂഹം പവിത്രത കല്പിച്ചു നല്‍കിയിരിക്കുന്നു. രണ്ടു വ്യക്തികളുടെ സ്വകാര്യ വ്യവഹാരം ആയ ലൈംഗീകതയില്‍ സമൂഹം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ പുരുഷനേക്കാള്‍ കായിക ശക്തി കുറഞ്ഞവള്‍ ആയ സ്ത്രീക്ക് പുരുഷ സമൂഹത്തിന്റെ ലൈംഗീക താല്പര്യങ്ങളോടൊപ്പം സഞ്ചരിക്കേണ്ടി വന്നു.

ശിക്ഷയോ ഭയപ്പെടുത്തലോ കൊണ്ട് സ്ത്രീ പുരുഷ ലൈംഗീകതയ്ക്ക് അണകെട്ടാന്‍ കഴിയുകയില്ല. സ്ത്രീ പുരുഷ ലൈംഗീകതയെക്കുറിച്ചും ലൈംഗീകസ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും ആരോഗ്യകരമായ, ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ ഉള്ള സമൂഹത്തില്‍ ഗോവിന്ദച്ചാമിമാര്‍ ഉണ്ടാകില്ല, മുകേഷുമാര്‍ ഉണ്ടാകില്ല; ആന്തരികാവയവങ്ങളില്‍ കമ്പിപ്പാര കയറ്റി ലൈംഗീക സുഖം തേടുന്ന സെക്‌സ് മാനിയാക്കുകള്‍ ഉണ്ടാകില്ല, 'ജിഷ' മാരുടെ നീതിക്ക് വേണ്ടി നമുക്ക് കരയേണ്ടി വരില്ല , 'നിര്‍ഭയ'മാരുടെ ദുര്‍വിധിയില്‍ നമുക്ക് മെഴുകുതിരി തെളിച്ച് അനുശോചനം രേഖപ്പെടുത്തേണ്ടി വരില്ല, ഇനിയൊരു 'സൌമ്യ'മാര്‍ക്കും ഭയന്ന് വിറച്ചു പാതിരാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരില്ല. അതിനായി രാഷ്ട്രീയമായ ഇടപെടലുകളോ നിയമപരമായ സംരക്ഷണമോ മാത്രമല്ല വേണ്ടത്, പ്രത്യുത ഇന്നിന്റെ സമൂഹത്തിലെ ഓരോ സ്ത്രീയും പുരുഷനും സ്വയം പറഞ്ഞു പഠിക്കേണ്ടത്; അപരനെ, സ്വന്തം മക്കളെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ, വിദ്യാര്‍ഥികളെ, അണികളെ പറഞ്ഞു പഠിപ്പിക്കേണ്ടത് ഇത്ര മാത്രം: സ്ത്രീയും പുരുഷന്മാരും സമന്മാരായ വ്യക്തികള്‍ ആണ്, സ്ത്രീ ശരീരം ഒരു ഉപഭോഗ വസ്തുവല്ല.

ആ വഴികള്‍ ഇങ്ങനെ ആയിരുന്നിരിക്കാം : കൂട്ടായ സാമൂഹികജീവിതം ആരംഭിക്കുന്നതിന് മുന്നുള്ള യുഗങ്ങളില്‍ സ്ത്രീയും പുരുഷനും ഒരേപോലെ വേട്ടയാടിയും യുദ്ധംചെയ്തും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും തുല്യരായി കഴിഞ്ഞു പോന്നു. മനുഷ്യകുലചരിത്രത്തിന്റെ ഏതോ സന്ധിയില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടെ എണ്ണത്തേക്കാള്‍ കുറവ് വരികയും, സ്ത്രീ തനിക്ക് പ്രാപ്യരായ പുരുഷന്മാരില്‍ കായികമായി ഏറ്റവും കേമനായവനെ തിരഞ്ഞെടുക്കാനോ, ഒന്നിലധികം ഇണകളുമായി ചേരാനോ തുടങ്ങി. എന്നാല്‍, സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തോട് കൂടി പുരുഷന് അവന്റെ സ്വത്ത് അവന്റെ മാത്രം സന്തതിക്ക് ലഭിക്കണം എന്ന സ്വാര്‍ഥതയുണ്ടായി, വിവാഹം എന്ന സാമൂഹിക സ്ഥാപനത്തെ സ്ഥാപിച്ചു അംഗീകരിക്കുകയും അതുവഴി സ്ത്രീയുടെ ഉടമസ്ഥനായി അവളുടെ പിതാവ്, സഹോദരന്‍, ഭര്‍ത്താവ്, മകന്‍ എന്നീ അധികാര സ്ഥാനങ്ങള്‍ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തു. പുരുഷന്റെ തല്‍വിധമായ ഭാവങ്ങളിലെ സാമൂഹിക അന്തസ് അവന്റെ കുടുംബത്തിലെ സ്ത്രീയുടെ മാനത്തെ (ലൈംഗീക വിശുദ്ധിയെ) ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നുമുള്ള സാമൂഹിക വിലക്കും ഉണ്ടാക്കി. സ്ത്രീയുടെ ജൈവീകധര്‍മം ആയ പ്രത്യുല്പാദനത്തിനായി സ്ത്രീ മെച്ചപ്പെട്ട കായിക ശേഷിയുള്ള പുരുഷനെ തിരഞ്ഞെടുക്കും എന്ന് ഭയന്ന പുരുഷ സമൂഹം സ്ത്രീയും പുരുഷനും ഒത്തുവരാന്‍ സാധ്യതയുള്ള എല്ലാ അവസരങ്ങളും ബോധപൂര്‍വ്വം ഒഴിവാക്കാന്‍ തുടങ്ങി. ലൈംഗീകത വിശുദ്ധമാണ്, വിവാഹപൂര്‍വ/വിവാഹേതര ലൈംഗീകത പാപമാണ്, ചാരിത്ര്യം, പാതിവൃത്യം ദൈവീകമാണ് എന്ന പ്രമാണങ്ങള്‍ മതവിശ്വാസത്തിന്റെ മറവിലൂടെ സ്ത്രീയില്‍ കുത്തിനിറച്ചു, ഒപ്പം സ്ത്രീത്വത്തെയും മാതൃത്വത്തെയും മഹത്വവല്ക്കരിച്ചുകൊണ്ട് പുരുഷാധിപത്യസമൂഹം സ്ത്രീയെ വരുതിയിലാക്കി. സമൂഹം അംഗീകരിക്കാത്ത ലൈംഗീകതയില്‍ സ്ത്രീ ഏര്‍പ്പെടുക വഴി അവളുടെ കുടുംബത്തിന്റെ, പ്രത്യേകമായും കുടുംബത്തിലെ പുരുഷന്മാരുടെ അഭിമാനം നഷ്ടമാകുന്നു എന്ന മിഥ്യാചിന്ത സ്ത്രീയില്‍ വളര്‍ത്തിയെടുക്കുകയും അത് സ്ത്രീകള്‍ അവരറിയാതെ തന്നെ അവരുടെ അടുത്ത തലമുറയിലെ സ്ത്രീയിലേക്കും പുരുഷന്മാരിലേക്കും കൈമാറ്റം ചെയ്യുകയും ചെയ്തുവന്നു. സ്ത്രീയുടെ ചാരിത്ര്യം ആണ് ഒരു പുരുഷന്റെ സ്വത്ത് എന്ന് ധരിച്ചിരിക്കുന്ന പുരുഷന്മാര്‍ അവന്റെ ശത്രുവായ മറ്റു പുരുഷന്മാരെ ജയിക്കാന്‍ അവന്റെ അധീനതയിലുള്ള സ്ത്രീകളുടെ ലൈംഗീകത കവരുക എന്നത് ഏറ്റവും നല്ല മാര്‍ഗ്ഗമായി കണ്ടു. ഇങ്ങനെ ലൈംഗീകവേഴ്ചയ്ക്ക് ഇരയാകുന്ന സ്ത്രീകള്‍ പിന്നീട് സമൂഹത്തിനു വിലയില്ലാത്തവരായി മാറി, മാനം നഷ്ടപ്പെട്ടവരായി കണക്കാക്കി. അങ്ങനെ സ്ത്രീയുടെ മാനം/വ്യക്തിത്വം എന്നത് ലൈംഗീക വിശുദ്ധിയിലേക്ക് ചുരുക്കപ്പെട്ടു. ശാസ്ത്രീയ സ്വതന്ത്ര ചിന്തകളാല്‍ നവീകരണം സംഭവിച്ച ആധുനിക സമൂഹം ലൈംഗീകത എന്നത് വിശപ്പും ദാഹവും പോലെ വെറും ഒരു ജൈവീക ചോദനയായി തിരിച്ചറിയുകയും മനുഷ്യന്റെ ലൈംഗീകതയില്‍ പ്രത്യുല്പാദനം/വംശം നിലനിര്‍ത്തല്‍ എന്നീ ധര്‍മങ്ങള്‍ക്ക് പുറമേ വൈകാരിക സംതൃപ്തികൂടെ അടങ്ങിയിരിക്കുന്നതിനാല്‍ സ്ത്രീയുടെയും പുരുഷന്റെയും ലൈംഗീക താല്പര്യങ്ങള്‍ തികച്ചും വ്യക്തിപരവും സ്വതന്ത്രവും എന്ന് വാദിക്കുകയും ചെയ്തു. എന്നാല്‍, മതബോധത്തില്‍ അധിഷ്ടിതമായ പുരുഷാധിപത്യസമൂഹം തീര്‍ത്ത ലൈംഗീകതയുടെ അതിര്‍വരമ്പുകള്‍ സ്ത്രീകള്‍ ലംഘിക്കാതിരിക്കാനായി അവരുടെ വസ്ത്രത്തിലും, സംസാരത്തിലും, സഞ്ചാരത്തിലും എന്തിനേറെ ഭക്ഷണതാല്‍പര്യങ്ങളില്‍പ്പോലും കൂച്ച് വിലങ്ങുകളിട്ടു.

പുരുഷന്‍ തന്റെ അധികാരവും ആധിപത്യവും സ്ത്രീ ലൈംഗീകതയില്‍ അടിച്ചേല്‍പ്പിച്ചു. പുരുഷനും സ്ത്രീയും ഒത്തുവരാന്‍ സാധ്യതയുള്ള എല്ലായിടങ്ങളും വേലികെട്ടിതിരിച്ചു. സമൂഹത്തിന്റെ വലിയ പതിപ്പായ രാഷ്ട്രം ഈ സാമൂഹിക വിലക്കുകളെ ദൃഡപ്പെടുത്തും വിധം നിയമ നിര്‍മാണങ്ങളും ഭരണനിര്‍വഹണവും നടത്തുന്നു. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ഗതാഗതസൗകര്യങ്ങള്‍, വിനോദകേന്ദ്രങ്ങള്‍ ഇങ്ങനെ എവിടെയൊക്കെ സ്ത്രീയും പുരുഷനും ഒരുമിച്ചു വരാന്‍ സാധ്യതയുണ്ടോ, അവിടെയെല്ലാം അവര്‍ക്ക് വെവ്വേറെ ക്യൂവും, സീറ്റുകളും സേവനങ്ങളും സംവരണവും റെസ്റ്റ് റൂമും സജ്ജമാക്കി ഇവരെ ബദ്ധശത്രുക്കളായ രണ്ടു മനുഷ്യജാതികളായി അകറ്റി നിര്‍ത്തി. പാരമ്പര്യവാദികള്‍ ഈ ഐസോലേഷനെ സദാചാരത്തിന്റെ മേലാപ്പ് കൊണ്ട് അലങ്കരിച്ചു. അനന്തരഫലമായി ലൈംഗീക തൃഷ്ണ എന്ന ജൈവീക ചോദന സംതൃപ്തമാക്കാന്‍ കഴിയാത്ത സ്ത്രീ പുരുഷന്മാര്‍ അനുവാദം തേടാതെ തന്നെ അപരനില്‍നിന്ന് ലൈംഗീക സംതൃപ്തി കിട്ടുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു, അവ പ്രകൃതിവിരുദ്ധവും, മനുഷ്യത്വരഹിതവും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റവും ആയി; അത് കാരണം തന്നെ അവ പുരോഗമന സമൂഹത്തില്‍ നിയമവിരുദ്ധവും ആയി.

ശിക്ഷയോ ഭയപ്പെടുത്തലോ കൊണ്ട് സ്ത്രീ പുരുഷ ലൈംഗീകതയ്ക്ക് അണകെട്ടാന്‍ കഴിയുകയില്ല. സ്ത്രീ പുരുഷ ലൈംഗീകതയെക്കുറിച്ചും ലൈംഗീകസ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും ആരോഗ്യകരമായ, ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ ഉള്ള സമൂഹത്തില്‍ ഗോവിന്ദച്ചാമിമാര്‍ ഉണ്ടാകില്ല, മുകേഷുമാര്‍ ഉണ്ടാകില്ല; ആന്തരികാവയവങ്ങളില്‍ കമ്പിപ്പാര കയറ്റി ലൈംഗീക സുഖം തേടുന്ന സെക്‌സ് മാനിയാക്കുകള്‍ ഉണ്ടാകില്ല, 'ജിഷ' മാരുടെ നീതിക്ക് വേണ്ടി നമുക്ക് കരയേണ്ടി വരില്ല , 'നിര്‍ഭയ'മാരുടെ ദുര്‍വിധിയില്‍ നമുക്ക് മെഴുകുതിരി തെളിച്ച് അനുശോചനം രേഖപ്പെടുത്തേണ്ടി വരില്ല, ഇനിയൊരു 'സൌമ്യ'മാര്‍ക്കും ഭയന്ന് വിറച്ചു പാതിരാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരില്ല. അതിനായി രാഷ്ട്രീയമായ ഇടപെടലുകളോ നിയമപരമായ സംരക്ഷണമോ മാത്രമല്ല വേണ്ടത്, പ്രത്യുത ഇന്നിന്റെ സമൂഹത്തിലെ ഓരോ സ്ത്രീയും പുരുഷനും സ്വയം പറഞ്ഞു പഠിക്കേണ്ടത്; അപരനെ, സ്വന്തം മക്കളെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ, വിദ്യാര്‍ഥികളെ, അണികളെ പറഞ്ഞു പഠിപ്പിക്കേണ്ടത് ഇത്ര മാത്രം: സ്ത്രീയും പുരുഷന്മാരും സമന്മാരായ വ്യക്തികള്‍ ആണ്, സ്ത്രീ ശരീരം ഒരു ഉപഭോഗ വസ്തുവല്ല, സ്ത്രീയും പുരുഷനും ഒരുമിച്ചു സഞ്ചരിച്ചാലോ, ഭക്ഷണം കഴിച്ചാലോ, സംസാരിച്ചാലോ, സിനിമ കാണാന്‍ പോയാലോ ഒരു സദാചാര മേലാപ്പും പൊഴിഞ്ഞു വീഴില്ല, ലൈംഗീകത എന്നത് ദൈവീകമല്ല, അത് ജൈവീകമാണ്, വ്യക്തിതാല്‍പര്യങ്ങളെ ആശ്രയിച്ചുള്ളതാണ്, അതുകൊണ്ട് തന്നെ അനുവാദം കൂടാതെ കവര്‍ന്നെടുക്കാനുള്ളതുമല്ല. അപരന്റെ വ്യക്തിത്വത്തെ ബഹുമാനിച്ചാല്‍ ആക്രമണങ്ങളും പീഡനങ്ങളും ലൈംഗീക കൊലപാതകങ്ങളും ഉണ്ടാകില്ല.

വീണ്ടും ഇന്ത്യക്കൊരു മകള്‍
ശാരിക ജി എസ്

നിര്‍ഭയ കേസിനെ ആസ്പദമാക്കി ബി ബി സി നിര്‍മ്മിച്ച 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചപ്പോള്‍ അതിനുകാരണമായി ഉന്നയിച്ച ഒരു പ്രശ്‌നം ക്രമസമാധാനം തകര്‍ക്കപ്പെടും എന്നതായിരുന്നു. ആ ഡോക്യുമെന്ററി കണ്ട ഒരു വ്യക്തി എന്നനിലയില്‍, അതിലെ ഉള്ളടക്കങ്ങള്‍ ഉണ്ടാക്കിയ മനോവിഷമത്തേക്കാള്‍ ഏറെ അലട്ടിയത്, എന്തുകൊണ്ട് നിര്‍ഭയക്ക് വേണ്ടി പ്രതിഷേധിച്ചുകൊണ്ട് ഇറങ്ങിയ അതേ തീവ്രതയില്‍ ആരും പെണ്ണുങ്ങള്‍ക്ക് അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമയത്തിന്റെയും അതിര്‍വരമ്പുകള്‍ നിശ്ചയിച്ച ആണത്ത്വത്തിനെതിരെ തെരുവിലിറങ്ങിയില്ല, ക്രമസമാധാനം തകര്‍ത്തില്ല എന്നതായിരുന്നു ? അതായിരുന്നു വേണ്ടിയിരുന്നത് എന്നാണ് ക്രൂരതകള്‍ വീണ്ടും തുടരുമ്പോള്‍ തോന്നുന്നത്.
ഒരു നിര്‍ഭയയുടെയോ, സൗമ്യയുടെയോ, ജിഷയുടേയോ ഘാതകരെ ശിക്ഷിച്ചു കഴിഞ്ഞാല്‍, അറബ് രാജ്യങ്ങളിലെ ശിക്ഷാരീതികള്‍ നടപ്പിലാക്കിയാല്‍ ബലാല്‍സംഗം എന്ന കുറ്റകൃത്യം ഇല്ലാതാവുമോ? സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പോരാടുന്നവര്‍ തന്നെ തങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ക്ക് വേണ്ടി കേഴുന്നതെന്തിനാണ് ? സ്ത്രീക്ക് സംരക്ഷണം മറ്റുള്ളവരാല്‍ ലഭിക്കേണ്ട ഒന്നാണെന്ന് ഊട്ടി ഉറപ്പിക്കുന്നതെന്തിനാണ്?
ആണധികാരത്തിന്റെ പുറമ്പോക്കില്‍ത്തന്നെയല്ലേ ഇപ്പോഴും ഈ സമൂഹം പെണ്ണിനെ നിര്‍ത്തിയിരിക്കുന്നത്? കുടുംബത്തില്‍, സമൂഹത്തില്‍ ഒക്കെയും ചോദ്യങ്ങള്‍ കുടുതലും ഉയരുന്നത് പെണ്ണിന് നേരെയല്ലേ? മകളുടെ മൊബൈല്‍ ഫോണിന് കാവലിരിക്കുന്ന എത്ര മാതാപിതാക്കള്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ ആ 'ഉത്തരവാദിത്തം' പ്രകടിപ്പിക്കുന്നുണ്ട്? അവരുടെ പിറകെ നടക്കാറുണ്ട്? അവരുടെ സ്വാതന്ത്ര്യങ്ങളെ, ചെയ്തികളെ ചോദ്യം ചെയ്യാറുണ്ട്? എല്ലാ വിലക്കുകള്‍ക്കുമൊടുവില്‍ ഒന്ന് പ്രതികരിക്കാന്‍ പോലും ശേഷിയില്ലാത്ത ഒരു പെണ്‍ തലമുറയെ എന്തിനു വളര്‍ത്തിക്കൊണ്ടു വരണം?

'ഇന്ത്യാസ് ഡോട്ടര്‍' തയ്യാറാക്കിയ ലെസ്ലി അഭിമുഖം നടത്തിയത് നിര്‍ഭയയുടെ ഘാതകരെ മാത്രമല്ല. അതിലൊരു അഞ്ചുവയസ്സുകാരിയെ ക്രുരമായി പീഡിപ്പിച്ചു കൊന്ന വ്യക്തിയോട് 'നിങ്ങള്‍ ഇതെന്തിന് ചെയ്തു?' എന്ന് ചോദിച്ചപ്പോള്‍ ഉത്തരം, 'അവള്‍ ഒരു യാചകന്റെ മകളാണ്, അവളുടെ ജീവന് ഒരു വിലയുമില്ല' എന്നാണ്. ദരിദ്രരുടെ അവര്‍ണരുടെ മക്കള്‍ ബലാല്‍സംഗം ചെയ്യപ്പെടാനുള്ളവരാണോ? ഉടുക്കുന്ന തുണിയുടെ അളവുകോലുകളും, പുറത്തിറങ്ങുന്ന സമയവും ഒക്കെയാണോ സത്യത്തില്‍ ബലാല്‍സംഗം ചെയ്യപ്പടാനുള്ള മാനദണ്ഡം? അങ്ങനെയെങ്കില്‍ അങ്ങനെ നിലവിളിക്കുന്നവരില്‍ എത്രപേര്‍ രാത്രിയില്‍ പുറത്തിറങ്ങുന്ന, അല്‍പ വസ്ത്രധാരികളായ പെണ്ണുങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്? ഇങ്ങനെ വിലപിക്കുന്നവരും നിര്‍ഭയയുടെ ഘാതകരും തമ്മില്‍ എന്താണു വ്യത്യാസം? അവരും പറഞ്ഞത് തെറ്റുകാരി അവളാണെന്നാണ്.

ആരെയാണ് തിരുത്തേണ്ടത്, എവിടെനിന്നാണ് മാറ്റം അനിവാര്യം. 'ഇന്ത്യാസ് ഡോട്ടര്‍' തയ്യാറാക്കിയ ലെസ്ലി അഭിമുഖം നടത്തിയത് നിര്‍ഭയയുടെ ഘാതകരെ മാത്രമല്ല. അതിലൊരു അഞ്ചുവയസ്സുകാരിയെ ക്രുരമായി പീഡിപ്പിച്ചു കൊന്ന വ്യക്തിയോട് 'നിങ്ങള്‍ ഇതെന്തിന് ചെയ്തു?' എന്ന് ചോദിച്ചപ്പോള്‍ ഉത്തരം, 'അവള്‍ ഒരു യാചകന്റെ മകളാണ്, അവളുടെ ജീവന് ഒരു വിലയുമില്ല' എന്നാണ്. ദരിദ്രരുടെ അവര്‍ണരുടെ മക്കള്‍ ബലാല്‍സംഗം ചെയ്യപ്പെടാനുള്ളവരാണോ? ഉടുക്കുന്ന തുണിയുടെ അളവുകോലുകളും, പുറത്തിറങ്ങുന്ന സമയവും ഒക്കെയാണോ സത്യത്തില്‍ ബലാല്‍സംഗം ചെയ്യപ്പടാനുള്ള മാനദണ്ഡം? അങ്ങനെയെങ്കില്‍ അങ്ങനെ നിലവിളിക്കുന്നവരില്‍ എത്രപേര്‍ രാത്രിയില്‍ പുറത്തിറങ്ങുന്ന, അല്‍പ വസ്ത്രധാരികളായ പെണ്ണുങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്? ഇങ്ങനെ വിലപിക്കുന്നവരും നിര്‍ഭയയുടെ ഘാതകരും തമ്മില്‍ എന്താണു വ്യത്യാസം? അവരും പറഞ്ഞത് തെറ്റുകാരി അവളാണെന്നാണ്.

വസ്ത്രത്തിന്റെ അളവുകോലുകള്‍ നിശ്ചയിക്കപ്പെടുന്നത് പോലെ തന്നെ അശ്ലീലമാണ് പോണ്‍ നിരോധിക്കാനുള്ള നിലവിളി, ആ സ്ഥാനത്ത് എന്തുകൊണ്ട് ലൈംഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കാന്‍ ആരും ആവശ്യപ്പെടുന്നില്ല? സമൂഹത്തില്‍, ആരാധനാലയങ്ങളില്‍ ഒക്കെയും പെണ്ണിന് മാത്രമാണ് വിലക്കുകള്‍. മാനഭംഗമെന്ന വാക്ക് ഇരക്കല്ല കുറ്റവാളിക്കാണ് ചേരുക എന്ന് ഇനിവരുന്ന തലമുറയ്‌ക്കെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം. പെണ്ണിനെ ബഹുമാനിക്കാന്‍ ആണ്‍മക്കളെ പഠിപ്പിക്കണം, സ്ത്രീയെന്നതിലുപരി ഒരു വ്യക്തിയെന്ന നിലയില്‍ അവളെ പരിഗണിക്കാന്‍ പഠിപ്പിക്കണം സ്ത്രീകളെ തരം താണവരായും അധീനപ്പെട്ടവരുമായിക്കാണുന്ന സമൂഹത്തില്‍ നിങ്ങള്‍ നിങ്ങളുടെ ആണ്‍മക്കളെ ഉപദേശിച്ചു തന്നെ വളര്‍ത്തണം.

മരിക്കുമ്പോള്‍, ഇരയായി മാറുമ്പോള്‍ മാത്രം നീതി, മരണത്തിന് മുന്നുള്ള ജീവിതത്തില്‍ പോരാടുന്നവള്‍ ഒരു ചീത്തയാണ്. ജിഷമാരോട് മിണ്ടാത്തവര്‍, കൂട്ടുകൂടാത്തവര്‍, അകറ്റി നിര്‍ത്തിയിരുന്നവരൊക്കെ ഇന്ന് മെഴുകുതിരി കത്തിക്കാന്‍ മത്സരിക്കുന്നു. ജിഷയുടെ അമ്മയെക്കാണാന്‍ ഒരുപാട് പേര്‍ ചെന്നു. പ്രധാനമന്ത്രിയും ഈ പെണ്‍കുട്ടിയുടെ കൊലപാതകത്തെ കുറിച്ച് പ്രതികരിച്ചു എന്നറിയുന്നു. നരേന്ദ്രമോഡിയോട് ആരെങ്കിലും 'സൂര്യനെല്ലി' എന്നറിയപ്പെടുന്ന ഒരു പെണ്‍കുട്ടി കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറയണം. ജീവിച്ചിരിക്കുന്നു എന്നൊരു തെറ്റുകൊണ്ട് മാത്രം നീതി ലഭിക്കാതെപോയ ഒരു പെണ്‍കുട്ടി. ജിഷയുടെ അമ്മയെക്കാണാന്‍ ക്യാമറാമാനെയും കൂട്ടി പോയി ലെന്‍സിലേക്ക് നോക്കി പൊട്ടിക്കരയുന്ന സെലിബ്രിറ്റികളോടും പറയണം ക്യാമറക്ക് മുന്നില്‍ വരാന്‍ ഭയക്കുന്ന ഒരു അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടെന്ന്.

ജിഷയുടെ തട്ടിയാല്‍ തുറക്കുന്ന വാതിലുള്ള വീടിനെക്കുറിച്ച് വേവലാതിപ്പെടുമ്പോള്‍, അടച്ചിട്ട ഉരുക്കുവാതിലിന് പിന്നില്‍ പീഡനത്തിന് വിധേയയാവുന്നവള്‍ വേശ്യയല്ലെന്ന് മനസ്സിലാക്കണം. 'റേപ്പ് അറ്റ് റോസ്ഹൗസ്' എന്നെഴുതിയ സരിതനായരുടെ കുറിപ്പിലെ റോസ്ഹൗസ് ഒരു മന്ത്രിമന്തിരമാണെന്നും അവിടെ ബലാല്‍സംഗം നടന്നുവെന്നും ആരും അതിനെതിരെ മിണ്ടിയില്ല എന്നതും കൂട്ടിവായിക്കണം. ഇത്തരത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി തെരുവുകളില്‍ പ്രതിഷേധങ്ങള്‍ ഉയരണം. എല്ലാത്തിനെക്കാളുമുപരി, എനിക്കൊന്നുമിതില്‍ ചെയ്യാനില്ലെന്ന ഭാവം മാറ്റി രണ്ടു വരിയിലെങ്കിലും എല്ലാ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പ്രതികരിക്കുകയെങ്കിലും വേണം. ദുരന്തങ്ങള്‍ നമ്മുടെ വാതിലില്‍ വന്നു മുട്ടിവിളിക്കുന്നിടത്തോളം മൗനമവലംബിക്കരുത്.

ഹര്‍ത്താല്‍ വിവാദമാകുന്നത് 
സീത പുലയി

എവിടെതിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ദളിത് സംരക്ഷകര്‍ മാത്രമെന്ന് കവിവാക്യം തിരുത്തേണ്ടി വരുമോ? ദളിത് യുവതിയായ ജിഷയുടെ ക്രൂരമായ കൊലപാതകത്തിന് ശേഷമാണ് ചില ദളിത് സ്‌നേഹികള്‍, ദളിത് ജീവിതങ്ങളെ കാണാന്‍ തുടങ്ങിയത് എന്നതാണ് അശ്ലീലം. ദളിതുകള്‍ ഇവിടെ പണ്ടേ ഉണ്ടായിരുന്നു. അവര്‍ക്ക് ദുരിതവും ഉണ്ടായിരുന്നു. ഇപ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദളിതുകള്‍ക്ക് നേരെയുള്ള പലരുടെയും മനോഭാവം ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ അധിഷ്ടിതവുമാണ്. ജിഷയുടെ ജീവിത പരിസരത്തേക്കാള്‍ മോശമായ ജീവിത സാഹചര്യത്തില്‍ ജീവിതം പുലര്‍ത്തുന്നവര്‍ ഇവിടെ ഇപ്പോഴും ഉണ്ട്. 'ദളിത്ഹര്‍ത്താ'ലിന്റെ പേരില്‍ വിപ്ലവം പുലമ്പുന്നവരുടെ ദളിത് സ്‌നേഹം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ വേണ്ടത് സംസ്ഥാനത്തെ ദുരിതമനുഭവിക്കുന്ന ദളിതരെ കണ്ടെത്തുക എന്നതാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ സര്‍വ്വെ നടത്താമല്ലൊ. പക്ഷെ, അതിന് ഹര്‍ത്താല്‍ നടത്തുന്നതിനേക്കാള്‍ ജോലിഭാരം കൂടും. അതിന് ഒരാഹ്വാനം മാത്രം മതിയാവില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ 14 ജില്ലകളിലും ജീവിതം നരകിച്ച് തീര്‍ക്കുന്ന നിരവധി ജിഷമാരെ നിങ്ങള്‍ക്ക് ര്‍വ്വേയിലൂടെ കണ്ടെത്താനാവും. അതിന് തയ്യാറുണ്ടോ? എന്നിട്ടവരുടെ കണ്ണീരൊപ്പാനുള്ള ഇച്ഛാശക്തിയുണ്ടോ? വിവരാവകാശ നിമയവും സേവനാവകാശനിയമവുമൊക്കെ ഉപയോഗിച്ച് അവര്‍ക്ക് മണ്ണും വീടും വെച്ചുകൊടുക്കാനുള്ള മുന്നേറ്റത്തില്‍ നിങ്ങള്‍ക്കേര്‍പ്പെടാമോ? ദളിതര്‍ക്ക് വേണ്ടത് അത്തരത്തിലുള്ളൊരു ഐക്യദാര്‍ഡ്യമാണ്. അല്ലാതെ ഹര്‍ത്താലിനുള്ള പിന്തുണയല്ല.

ജാതിമതിലുകളില്ലാത്ത കേരളത്തില്‍ സ്ത്രീപ്രശ്‌നങ്ങളെ ജാതി സ്വത്വത്തിന്റെ ആവരണമിട്ട് നോക്കി കാണുന്നതും പ്രതിഷേധങ്ങള്‍ ആ രൂപത്തില്‍ സംഘടിപ്പിക്കുന്നതും പ്രതിരോധ മുഖത്തുള്ള സ്ത്രീശക്തിയെ ദുര്‍ബലപ്പെടുത്താന്‍ മാത്രമാണ് ഉപകരിക്കുക. സ്ത്രീകള്‍ക്കെതിരായ അക്രമണത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകള്‍ അണിനിരക്കേണ്ടത് ജാതിസ്വത്വത്തിന്റെ മതിലുകള്‍ കെട്ടിയല്ല. ഒറ്റക്കെട്ടായാണ്. 

കേരളത്തിലെ ദളിത് സ്വത്വം ചിതറി കിടപ്പാണ്. പുലയമഹാസഭയില്‍ പറയനില്ല. മലയനില്ല. വണ്ണാനില്ല. പാണനില്ല... അങ്ങനെ പലരുമില്ല. മറ്റ് സഭകളില്‍ പുലയനുമില്ല. ഓരോരുത്തരുടെയും സംഘടനകള്‍ ചെറുഗ്രൂപ്പുകളാണ്. ഇവര്‍ തമ്മിലുള്ള ബന്ധം അത്ര ആരോഗ്യകരവുമല്ല. ഈ സ്വത്വ പ്രസ്ഥാനങ്ങള്‍ ദളിതരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കിയിട്ടേയുള്ളു. ഇതിനൊരു മാറ്റം വേണമെന്നുള്ളതുകൊണ്ടാവാം പട്ടികയിലുള്ള ജാതികളെയെല്ലാം കൂട്ടിചേര്‍ത്ത് സിപിഐ എംന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി ക്ഷേമസമിതി ആരംഭിച്ചിട്ടുണ്ടാവുക. ക്ഷേമസമിതിയില്‍ എല്ലാ ദളിത് വിഭാഗങ്ങള്‍ക്കും പ്രവേശനമുണ്ട്. പാണനും പറയനും മലയനും പുലയനുമെല്ലാം അവിടെ ഒന്നിക്കാം, കൈകോര്‍ക്കാം. ദളിത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് പങ്കാളിയാവാം. 

ജിഷ പീഡിപ്പിക്കപ്പെട്ടത് ഒരു ദളിതയായതുകൊണ്ടുമാത്രമല്ല. കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെല്ലാം ദളിതകളുമല്ല. പീഡനം, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ദളിത്‌സ്വത്വം നേരിടുന്ന പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്. എന്നാല്‍, കേരളത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീസ്വത്വം പൊതുവില്‍ നേരിടുന്ന ഒരു വെല്ലുവിളിയാണത്. ജാതിമതിലുകളില്ലാത്ത കേരളത്തില്‍ സ്ത്രീപ്രശ്‌നങ്ങളെ ജാതി സ്വത്വത്തിന്റെ ആവരണമിട്ട് നോക്കി കാണുന്നതും പ്രതിഷേധങ്ങള്‍ ആ രൂപത്തില്‍ സംഘടിപ്പിക്കുന്നതും പ്രതിരോധ മുഖത്തുള്ള സ്ത്രീശക്തിയെ ദുര്‍ബലപ്പെടുത്താന്‍ മാത്രമാണ് ഉപകരിക്കുക. സ്ത്രീകള്‍ക്കെതിരായ അക്രമണത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകള്‍ അണിനിരക്കേണ്ടത് ജാതിസ്വത്വത്തിന്റെ മതിലുകള്‍ കെട്ടിയല്ല. ഒറ്റക്കെട്ടായാണ്. അവിടെ ജാതി വിവേചനം ആവശ്യമില്ലാത്ത ഒന്നാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജാതിയും പൊക്കി വരുന്നത് സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളാണ്. അവരുടെ മുതലെടുപ്പ് രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകതന്നെ വേണം.

കേരളത്തില്‍ ദളിത്‌സ്ത്രീകള്‍ മാത്രമല്ല ദുരിതമനുഭവിക്കുന്നത്. പട്ടിണി നിറഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കുന്നത്. ഭൂമിയും പാര്‍പ്പിടവുമില്ലാത്ത എത്രയോ സ്ത്രീകള്‍ മറ്റ് സമുദായങ്ങളിലുണ്ട്. എല്ലാ സ്ത്രീകളുടെയും ദുരിതം മാറണം. ഏത് സമുദായത്തിലുള്ളവളാണെങ്കിലും സ്ത്രീ ഒരു തരത്തിലുള്ള പീഡനത്തിനും ഇരയാവാന്‍ പാടില്ല. അതായിരിക്കണം പ്രതിഷേധക്കാരുടെ മനസിലുണ്ടാവേണ്ട ലക്ഷ്യം. അങ്ങനെയല്ലാത്ത പ്രതിഷേധങ്ങള്‍ സ്ത്രീകള്‍ക്ക് ഗുണം ചെയ്യുന്നതാവില്ല. സംഘാടകര്‍ക്ക് മാത്രം ഗുണമുള്ളവയാവും. അത് തിരിച്ചറിയപ്പെടുക തന്നെ വേണം.

10-May-2016

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More