നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

അവിടെ ഞാന്‍ പ്രതീക്ഷിച്ചത് കരഞ്ഞു കലങ്ങിയ മുഖവും നുറുങ്ങിയ ഗദ്ഗദവുമായിരുന്നു. അവള്‍ പുഞ്ചിരിച്ചുകൊണ്ടാണ് എന്നെ സ്വീകരിച്ചത്. എന്റെ കണ്ടുപിടിത്തങ്ങള്‍ അവിടെ തുടങ്ങുകയാണെന്നെനിയ്ക്കു തോന്നി. വെളിച്ചത്തിന്റെ കടന്നുകയറ്റത്തെ ചെറുത്തുകൊണ്ട് മുറിയിലെ ജനലുകളെല്ലാം കൊട്ടിയടച്ചിരിക്കുന്നു. കട്ടിലിന്റെ മുകളിലായി പരത്തിയിട്ട കുറെ പുസ്തകങ്ങള്‍ അതിനരികിലായി ഒരു ചെറിയ ടീപ്പോയ്. മുകളില്‍ പകുതി കടിച്ച ഒരു പേരയ്ക്കയും സൂക്ഷിച്ച് നോക്കിയാല്‍ റേഡിയോ ആണെന്ന് മനസ്സിലാക്കാവുന്ന ഒരു ഉപകരണവും മുറിയാകെ മാറാലകൊണ്ട് നിറഞ്ഞിരിയ്ക്കുന്നു. അതിലാണെങ്കില്‍ ഒരുപാടൊരുപാടെട്ടുകാലികളും. ഇതിനെല്ലാമിടയില്‍ ചിരിച്ചുകൊണ്ടിരിയ്ക്കുന്ന അഭിരാമി എന്ന പീഡനത്തിനിരയായ പെണ്‍കുട്ടി. ഈ ഒത്തുവരായ്കകള്‍ എന്റെ ആത്മവിശ്വാസം കൂട്ടിക്കൊണ്ടിരുന്നു.

ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കൂട്ടം ഓര്‍മ്മകളുടെ അടിയൊഴുക്കിലേയ്‌ക്കെന്നെ നിര്‍ദ്ദയം തള്ളിയിട്ട്, പത്രത്തിലെ നാലുകോളം വാര്‍ത്തയുടെ ഇന്‍സെറ്റിലിരുന്നവളങ്ങനെ മനോഹരമായി ചിരിച്ചു. അഭിരാമിയെ സംബന്ധിച്ചിടത്തോളം എണ്ണിയാലൊടുങ്ങാത്ത എട്ടുകാലികളുള്ള ആ മുറിയിലേക്ക് ഏതുസമയവും കടന്നുവന്നേക്കാവുന്ന അതിഥിമാത്രമായിരുന്നു മരണം. പുറത്തിവിടെ, അവളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ കാഴ്ചബംഗ്ലാവില്‍, മജ്ജയും മാംസവും, രക്തവും തിരിച്ചറിയാനാവാത്ത ഏതോ രസതന്ത്രകൂട്ടുകളില്‍ അലിഞ്ഞുചേര്‍ന്ന് അവളില്ലാതെയായത്, എന്നെയോ എന്റെ കൈയില്‍ ഈ പത്രം സമര്‍പ്പിച്ച്, ചെവി തുളയ്ക്കുമാറ് ചീത്തപറഞ്ഞുപോയ അടിയോടി സാറിനെയോ, ആവശ്യത്തിലധികം സാക്ഷരതയുള്ള കേരളത്തിലെ ജനലക്ഷങ്ങളെയോ ഞെട്ടിക്കാന്‍ തക്കവണ്ണം പ്രാധാന്യമുള്ളതായിരുന്നില്ല. പക്ഷെ വാര്‍ത്ത കൃത്യസമയത്ത് മരണമാണെങ്കില്‍ കാലന്‍ വരുന്നതും പോകുന്നതുമുള്‍പ്പെടെ, ഷൂട്ട് ചെയ്യാന്‍ കഴിയാതിരിക്കുക എന്നതില്‍പരം ഒരു അപമാനം, ഒരു 24ഃ7 വാര്‍ത്താചാനലിനെ സംബന്ധിച്ചിടത്തോളം വേറെയില്ലെന്നിരിക്കെ ഈ ചീത്ത വിളികളെല്ലാം തലകുലുക്കി കേള്‍ക്കാന്‍ ഞാനുള്‍പ്പെടുന്ന വാര്‍ത്താതൊഴിലാളികള്‍ തീര്‍ച്ചയായും ബാധ്യസ്ഥരാണ്.

കേരളവാര്‍ത്തയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായിരുന്ന കാലത്താണ് അവളെ ആദ്യമായി ഞാന്‍ കാണുന്നത്. ഏതാണ്ട് ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ നിന്നിങ്ങോട്ട് എനിയ്ക്കുണ്ടായ പ്രധാന മാറ്റം, ആവശ്യാനുസരണം വാര്‍ത്തകള്‍ 'ഉണ്ടാക്കിയെടുക്കുന്ന' കല്ലുവെച്ച നുണകളുടെ രൂക്ഷഗന്ധമുള്ള ആ നാലാംക്ലാസ് പത്രത്തിന്റെ ചുറ്റുമതിലു ചാടി രക്ഷപ്പെടാനായി എന്നതുമാത്രമാണ്. അതിനര്‍ത്ഥം ന്യൂസ്ചാനലിലെത്തിയതോടെ ഞാനങ്ങ് സുഖിയ്ക്കാന്‍ തുടങ്ങിയെന്നല്ല.... പഠിയ്ക്കുന്ന സമയത്ത് മാധ്യമപ്രവര്‍ത്തനം എന്നുപറഞ്ഞാല്‍ ഇത്ര കഷ്ടപ്പാടുള്ളതായിരിക്കുമെന്ന്, സത്യം പറയട്ടെ, ഞാന്‍ വിചാരിച്ചതല്ല. പുറമെ കാണുന്ന ഈ ഗ്ലാമറൊക്കെത്തന്നെയുള്ളൂ. പലരും, യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പൊതുജനങ്ങളോട് സംവദിയ്ക്കാനുള്ള വേദിയായിട്ടാണ് ന്യൂസ് ചാനലുകളെ ധരിച്ചുവെച്ചിരിക്കുന്നത്. കാര്യമെന്താണെന്നു വച്ചാല്‍, ഇവിടെ യാഥാര്‍ത്ഥ്യങ്ങളില്ല. സത്യങ്ങള്‍ മാത്രമേയുള്ളൂ. എല്ലാ ചാനലുകാരും ഓരോരോ സത്യങ്ങള്‍ പറയുന്നു. ആരു നന്നായി പറയുന്നുവോ അതാണ് ശരിയായ സത്യം. ഒരു വിധത്തില്‍ പറഞ്ഞാല്‍ ദി അള്‍ട്ടിമേറ്റ് ട്രൂത്ത് ഈസ് നത്തിങ്ങ് ബട്ട് ദി മോസ്റ്റ് പോപ്പുലര്‍ ട്രൂത്ത്!. ഞങ്ങളാണെങ്കില്‍ മരിക്കാന്‍ കിടക്കുന്നവനോട് പോലും 'താങ്കള്‍ക്കെന്താണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്' എന്നു ചോദിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ജീവനുള്ള ട്രാന്‍സ്മിഷന്‍ ആന്റിനകള്‍ മാത്രം!. ഇതൊക്കെയാണെങ്കില്‍ പോലും, മഞ്ഞക്കടലാസുകള്‍ക്കിടയിലുള്ള ആ മൂന്നാംകിട ജീവിതത്തെ അപേക്ഷിച്ച് ഇതെത്രയോ ഭേദമാണ്. ഒന്നുമില്ലെങ്കിലും ഞാനിവിടം ചെറുതായെങ്കിലും ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു.

പത്രത്തില്‍ ജോലിചെയ്തിരുന്ന സമയത്ത്, അന്നത്തെ ധനമന്ത്രി പി.സി ഫിലിപ്പോസിന്റെ മകനെ കുറിച്ച് അവള്‍ നടത്തിയ ആരോപണങ്ങളെല്ലാം തന്നെ ശുദ്ധ അസംബന്ധങ്ങളാണെന്ന് 'കണ്ടുപിടിക്കാനാണ്' ആ എസ്‌ക്ലൂസീവ് അഭിമുഖത്തിന് അന്നു ഞാന്‍ നിയമിക്കപ്പെടുന്നത്. ഒരു ട്രെയിനിയെ എന്തുകൊണ്ട് ഇത്രയും പ്രധാനപ്പെട്ട ഒരു ദൗത്യത്തിന് നിയമിച്ചു എന്ന് ഞാനുള്‍പ്പെടെ എല്ലാവരും ചിന്തിച്ചതാണ്. എന്തോ, എന്റെ കഴിവില്‍ ചീഫിനുണ്ടായിരുന്ന അതിരുകടന്ന ആത്മവിശ്വാസമായിരിക്കണം അദ്ദേഹത്തെകകൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. പോരാത്തതിന് മനുഷ്യത്വമെന്നത് മധ്യവര്‍ഗ്ഗത്തിന്റെ വിലകുറഞ്ഞ സെന്റിമെന്റ്‌സ് സ്റ്റണ്ടുകളാണെന്നാണ് ഞാന്‍ വിശ്വസിച്ചുപോന്നത്. കുറ്റം പറയാനാവില്ല അന്നോളം ഞാന്‍ കരഞ്ഞത് കിട്ടിയ തല്ലുകള്‍ക്കും കിട്ടാതെ പോയ പ്രണയങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും വേണ്ടിമാത്രമായിരുന്നു.

ആ ഇന്റര്‍വ്യൂവിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്. പത്രത്തിന്റെ മേധാവി ഒരൂ മിസ്റ്റര്‍ തോട്ടത്തില്‍ ദിവാകരന്‍ തമ്പിയായിരുന്നു. പത്രത്തിന്റെ ഭൂരിഭാഗം ഷെയറുകളും കൈയ്യിലുണ്ട് എന്നതില്‍ കവിഞ്ഞ് മലയാളത്തില്‍ അക്ഷരമാല തന്നെ അനാവശ്യമാണെന്ന് വിശ്വസിച്ചിരുന്ന, തലനിറച്ചും ബുദ്ധിശൂന്യതയുള്ള ഒരു രാഷ്ട്രീയക്കാരന്‍. എല്ലാവിധത്തിലും അതൊരു പാര്‍ട്ടിപത്രമായിരുന്നു. പക്ഷെ ഏതുപാര്‍ട്ടിയുടെയെന്നത്, തമ്പിസാറിന്റെ ആദര്‍ശങ്ങള്‍ ആ കാലാവസ്ഥയില്‍ ഏതുപക്ഷത്തോടാണ് കൂടൂതല്‍ ചേര്‍ന്നു നില്‍ക്കുന്നത് എന്നതനുസരിച്ച് മാറിക്കൊണ്ടിരുന്നു. ആനുകാലികങ്ങളില്‍ ഉള്‍പ്പെടെ പത്രത്തിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളിലും അയാള്‍ പറയുന്നതുമാത്രം അച്ചടിയ്ക്കുക എന്നതാണ് സത്യസന്ധമായ പത്രധര്‍മ്മം എന്നാണ് ട്രെയിനികള്‍ ഉള്‍പ്പെടെ എല്ലാവരെയും അവര്‍കള്‍ പഠിപ്പിച്ചുവെച്ചിരുന്നത്. അദ്ദേഹം പ്രതിപക്ഷത്തായിരിക്കുന്ന സമയത്താണ് ധനമന്ത്രിയുടെ മകന്‍ ഉള്‍പ്പെടുന്ന ആ പീഡനക്കേസ് രജിസ്റ്റര്‍ചെയ്യപ്പെടുന്നത്. കേസ് ജനശ്രദ്ധയില്‍ കൊണ്ടുവന്നത് ഞങ്ങളുടെ പത്രമായിരുന്നു. ഞങ്ങള്‍ അതിനെക്കുറിച്ച് എക്‌സ്‌ക്ലൂസീവുകളെഴുതി, അബലയായ സ്ത്രീജനങ്ങള്‍ ആക്രമിക്കപ്പെടുന്നതിനെ  കുറിച്ച് മുന്‍പൊരിക്കലും ഇല്ലാത്ത വിധം സാമൂഹ്യപ്രതിബദ്ധത നിറഞ്ഞുതുളുമ്പുന്ന തുടര്‍ലേഖനങ്ങളെഴുതി. ഇതെല്ലാം ഗംഭീരമായി നടക്കുന്ന സമയത്താണ് പാര്‍ട്ടിയുടെ കാപട്യങ്ങളില്‍ 'മനംനൊന്ത്' തന്നില്‍നിന്നും 'പാര്‍ട്ടിയെ പുറത്താക്കുകയാണെന്ന്' പ്രഖ്യാപിച്ചുകൊണ്ട് തമ്പി അവര്‍കള്‍ ഭരണകക്ഷിയിലേക്ക് കൂറുമാറുന്നത്. തുടര്‍ന്ന് കുന്നത്തൂര്‍ പീഡനക്കേസ് കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന് 'കണ്ടെത്തണമെന്ന്' മുഖ്യമന്ത്രി അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെടുകയുണ്ടായത്രെ. ആ കര്‍ത്തവ്യമാണ്, അന്ന് ട്രെയിനിയെന്ന നിലയില്‍ തീര്‍ത്തും നിസ്സഹായനായ എന്നില്‍ നിക്ഷേപിക്കപ്പെട്ടത്.

ഇന്നു വൈകീട്ടാണ് അവളുടെ ആത്മഹത്യാവാര്‍ത്ത ഒരു സായാഹ്ന പത്രം വഴി ഞങ്ങളറിയുന്നത്. ഇത്രയേറെ കവറേജുള്ള ചാനലായിരുന്നിട്ടും ഈ വാര്‍ത്ത മിസ്സായതെങ്ങനെയെന്നു ചോദിച്ച് എഡിറ്റര്‍ അവിടെ ഭരണിപ്പാട്ടുകച്ചേരി നടത്തുന്നതിനിടയ്ക്കാണ് ഞാന്‍ അവിടേയ്ക്ക് കയറിച്ചെല്ലുന്നത്. അദ്ദേഹം എന്നെയൊന്നു നോക്കി, പിന്നെ എന്റെ സീനിയര്‍ ബഹു. മി. ആനന്ദ് അടിയോടി സാറിനോട് എന്തോ പറഞ്ഞുകൊണ്ട് അദ്ദേഹം ക്യാബിനുള്ളിലേക്ക് കയറിപ്പോയി. അടിയോടി സാര്‍ എന്റെ അടുത്തേയ്ക്ക് വരുന്ന മുറയ്ക്ക് എന്റെ ഹൃദയമിടിപ്പ് ജ്യോമെട്രിക് പ്രൊഗ്രെഷനിലങ്ങനെ ഇരട്ടിച്ചുകൊണ്ടിരുന്നു. അദ്ദേഹം അടുത്തെത്തി മെല്ലെ പത്രം എന്റെ ഇടത്തേ കൈയ്യിലേയ്ക്കിട്ടുതന്നു.

'സതീശാ.. ഇപ്പൊതന്നെ പുറപ്പെടണം.. അന്‍വറിനേയും വിളിച്ചോ..'

ഞാന്‍ അപ്പോഴാണ് പത്ര കടലാസിലേയ്ക്ക് നോക്കുന്നത്. ആ വാര്‍ത്ത എന്നെ ഞെട്ടിച്ചില്ലെങ്കിലും ഒരിക്കല്‍ കൂടി ആ വീട്ടിലേയ്ക്ക് പോകണമെന്നോര്‍ത്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

'സാര്‍ അത്.'

'ഊം..?'

എനിക്ക് ഇത് കവര്‍ ചെയ്യാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്..'

അദ്ദേഹം എന്നെ മുഴുവനായൊന്നു നോക്കി.

'അങ്ങനെയാണേല്‍ ചീഫ് എഡിറ്ററെ വിടാം. സതീശന്‍ തെക്കേതൊടിയ്ക്ക് എഡിറ്ററുടെ പോസ്റ്റ് കൈകാര്യംചെയ്യാന്‍ ഈ പറഞ്ഞ മാനസികമായ ബുദ്ധിമുട്ടുണ്ടാകുമോ?

ഞാന്‍ ഒന്നും പറയാതെ തലതാഴ്ത്തിക്കൊണ്ടു നിന്നു.

'പണി കിട്ടുന്ന വരെ എന്താ പുകില്, ഞാനെന്തും ചെയ്യും, സത്യസന്ധമായ വാര്‍ത്തക്കുവേണ്ടി ചന്ദ്രനിലും പോകും. കിട്ടിയാലോ... എല്ലാ ക്ണാപ്പന്മാരും കൊള്ളാം..'

ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി. സത്യത്തില്‍ ഇവിടാര്‍ക്കും എന്നിലത്ര മതിപ്പൊന്നുമില്ല. അതുകൊണ്ടുതന്നെ സാധാരണനിലയില്‍ ക്യാമറ പിടിച്ചുകൊടുക്കാനും, അഭിമുഖങ്ങള്‍ക്ക് ചോദ്യങ്ങളെഴുതി കൊടുക്കാനും വിരളമായി കടലിലെ ചാകരയോ മറ്റോ റിപ്പോര്‍ട്ടുചെയ്യാനും മാത്രമാണ് എന്നോടാവശ്യപ്പെടാറ്. ബാക്കിയുള്ളവരെല്ലാം തെരഞ്ഞെടുപ്പു ചര്‍ച്ചകളുമായി പോയിരിക്കുന്നതുകൊണ്ടാണ് ഇന്നീ പണി എനിക്കു തന്നത്. എന്നിട്ടും ഞാന്‍ പറ്റില്ലെന്നു പറഞ്ഞത് ഒരിക്കല്‍ കൂടി ആ വീട്ടിലേയ്‌ക്കെനിക്ക് പോകാന്‍ കഴിയാത്തതുകൊണ്ടാണ്, വീണ്ടും ആ ഓര്‍മകളിലേയ്ക്ക് ഊളിയിടാന്‍ ധൈര്യമില്ലാഞ്ഞിട്ടാണ്.

ഞാന്‍ മെല്ലെ ഫോണെടുത്ത് അന്‍വറിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. പത്തു പതിനഞ്ച് മിനുട്ടുകള്‍ക്ക് ശേഷം അന്‍വര്‍ പ്രത്യക്ഷപ്പെട്ടു. കൂട്ടത്തില്‍ എനിക്കധികാരം കാണിക്കാന്‍ പറ്റുന്നത് ഇവനെപ്പോലുള്ള തൂക്കടാ ക്യാമറ അസിസ്റ്റന്‍സിന്റെ അടുത്ത് മാത്രമായിരിക്കെ ഞാന്‍ പിറകില്‍ ചാടിക്കയറി, തലയുയര്‍ത്തി, വണ്ടി വിടാന്‍ ആജ്ഞാപിച്ചു.

വണ്ടി, റോഡിന്റെ അവസാനലക്ഷണവും പിന്നിട്ടുകൊണ്ട് മുന്നോട്ട് നീങ്ങി. കുറച്ചുനേരത്തിനുശേഷം സ്പീഡോമീറ്ററിന് വിശ്രമമനുവദിച്ചുകൊണ്ട് വണ്ടി വഴിയരികില്‍ നിര്‍ത്തി, ഇല മുക്കാലും കരിഞ്ഞ ഒരു പൊടിയനി മരത്തിനടിയില്‍ ആവശ്യത്തിലധികം തണലുണ്ടെന്ന് സമാധാനിച്ചുകൊണ്ട് ഞാനും അന്‍വറും വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി, കുറ്റിക്കാടുകളുള്ള ആ വഴിവരമ്പിലൂടെ മുന്നോട്ടു നീങ്ങി. ഓര്‍മ്മയിലെവിടെയോ ചിതലരിച്ചുകിടക്കുന്ന ആ പഴയ യാത്ര എന്റെ ചിന്തകള്‍ക്കിടയിലേയ്ക്ക് തള്ളിക്കയറിക്കൊണ്ടിരുന്നു.

ഇന്നേക്ക് ഏകദേശം ഒന്നൊന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, എങ്ങനെയൊക്കെയോ കണ്ടുപിടിച്ച അവ്യക്തമായ മേല്‍വിലാസത്തെ വിശ്വസിച്ചുകൊണ്ട്, ചുറ്റും പച്ചപ്പിന്റെ നൈര്‍മ്മല്യവും നിരക്ഷരതയുടെ നിഷ്‌കളങ്കതയുമുള്ള ഈ കൊച്ചു ഗ്രാമത്തിലേയ്ക്ക് അഭിരാമിയെ തേടി ഞാന്‍ പുറപ്പെടുന്നത്. ഏറെ നേരത്തെ അലച്ചിലിനു ശേഷമാണ്. അന്നാവീടെനിയ്ക്ക് കണ്ടുപിടിക്കാനായത്. നാട്ടുകാര്‍ക്കൊന്നും അങ്ങനെയൊരു അഭിരാമിയെ കുറിച്ചോ, അങ്ങനെയൊരു പീഡനക്കേസിനെ കുറിച്ചോ വലിയ ധാരണകളൊന്നുമുണ്ടായിരുന്നില്ല. ശരിയ്ക്കും അവളുടെ വീടും നാടുമെല്ലാം ടൗണിനടുത്താണെന്നറിയാന്‍ കഴിഞ്ഞു. എന്നിട്ട് ഇവിടെ ഈ കുറ്റിക്കാട്ടില്‍ വന്നു താമസിക്കുന്നതെന്തിനാണെന്നെനിക്ക് മനസിലായില്ല. പക്ഷേ ഞാന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. അന്ന്, ട്രെയിനിയെന്ന നിലയില്‍ ആദ്യമായി കിട്ടിയ പണിയായതുകൊണ്ട് അവള്‍ പറയുന്നതെല്ലാം കള്ളമാണെന്ന് തെളിയിക്കേണ്ടത് എന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരുന്നു. മാത്രമല്ല, ഭരണ കക്ഷിയെ അട്ടിമറിക്കാന്‍ പ്രതിപക്ഷം എല്ലാതരത്തിലുമുള്ള ആയുധങ്ങളും പുറത്തെടുത്തിറങ്ങിയ ആ സമയത്ത്, മുന്നണിയില്‍ കരുത്തനായ ധനമന്ത്രിയുടെ മകനെതിരെയുള്ള ഈ ആരോപണം കെട്ടിച്ചമച്ചതാവാനുള്ള സാധ്യതയും ഒട്ടും കുറവായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു പറ്റം നിഗൂഢതകളായിരുന്നു. ഞാനാണെങ്കിലൊരു ചാലക്കുടിക്കാരന്‍ ഷെര്‍ലക്ക് ഹോംസും!.

ശരിക്കും പറഞ്ഞാല്‍ പോകുന്ന വഴിയെ കുറിച്ചോ അതത്രയും ഞാന്‍ തിരിച്ചുനടക്കേണ്ടതാണെന്നതിനെ കുറിച്ചോ വലിയ ധാരണകളൊന്നും ഉണ്ടായിരുന്നില്ല. ധൃതിയായിരുന്നു കണ്ടുപിടിക്കാനുള്ള ആവേശമായിരുന്നു. റോഡില്‍ നിന്നും ഇറങ്ങി ഇരുവശവും കുറ്റിക്കാടുകള്‍ നിറഞ്ഞ ഒരു നടപ്പാതയിലൂടെ ആത്മവിശ്വാസത്തോടെ കുറെ ദൂരം നടന്നു. വഴിയില്‍ കാണുന്നവരോടെല്ലാം ചോദിച്ചു മിക്കവരും കൈമലര്‍ത്തി. ചിലര്‍ നാലുദിക്കുകളിലേയ്ക്കും വഴികാട്ടി. നടക്കുംതോറും വഴിയുടെ വീതി കുറഞ്ഞു വന്നു. എന്നിട്ടും നടന്നു. വിശ്വാസംകൊണ്ടു മാത്രം കാര്യം നടക്കില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് വഴി ചെറിയൊരു അരുവിയുടെ കരയില്‍പോയി അവസാനിച്ചപ്പോഴായിരുന്നു. എനിയ്ക്ക് വല്ലാത്ത സങ്കടം തോന്നി ഞാന്‍ വയറുനിറച്ച് വെള്ളം കുടിച്ച് അവിടെതന്നെയിരുന്നു. അവിടെയെങ്ങും ആരെയും കണ്ടില്ല. കുറെനേരത്തെ കാത്തിരിപ്പിനു ശേഷം എട്ടോ പത്തോ വയസ്സുള്ള ഒരു ചെറ്ക്കന്‍ മെല്ലെ എന്റെ അരികത്തൂടെ വെള്ളത്തിലേയ്ക്കിറങ്ങി. പോക്കറ്റില്‍ നിന്നും ഒരു പേരയ്ക്കയെടുത്തു കഴുകി തിരിച്ചുകയറി. എന്നെയൊന്നു നോക്കുകപോലും ചെയ്യാതെ അവന്‍ വന്ന വഴിയെ നടക്കാന്‍ തുടങ്ങി. ഞാന്‍ ചാടിയെഴുന്നേറ്റ് അവന്റെയടുത്ത് ചെന്നു.

'മോനീ അഭിരാമിയുടെ വീടേതാന്ന് അറിയ്യോ.. അവിടെ, താമസിയ്ക്കാന്‍ തുടങ്ങിയിട്ടധികമായിട്ടില്ല...അറിയ്യോ?..'

അവന്‍ ഒന്നും പറയാതെ മുന്നോട്ടു നടന്നു. ഞാന്‍ അവന്റെയൊപ്പം വച്ചുപിടിച്ചു.

'ഈ പേരക്കയൊക്കെ നീ തന്നെത്താന് പൊട്ടിച്ചതാണോ?

'ഉം' അവന്‍ കുറച്ച് അഹങ്കാരത്തോടെ മൂളി.

'അമ്പടാ... എന്ത് ധൈര്യം വേണം...'

'അതിലൊക്കെ നെര്‍ച്ചും പുളിയുറുമ്പാര്‍ന്ന്..' അവന്‍ മിണ്ടിത്തുടങ്ങി.

'എന്നിട്ട്?'

'ന്നിട്ടെന്താ...ഞാമ്പൊട്ടിച്ചു...'

'ഭയങ്കരന്‍ തന്നെ..' ഞാന്‍ ഒരു കൈ താടിയ്ക്കു താങ്ങാക്കിക്കൊണ്ട് പറഞ്ഞു.

ഞങ്ങളങ്ങനെ കുറച്ചുദൂരം നടന്നു.

'ആമിച്ചേച്ചി ന്റെ ചേച്ച്യാണ്..' കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം അവന്‍ പറഞ്ഞു.

'ആര് ആഭിരാമിയോ..?

'ഉം..'

തേടിയ വള്ളിയെതന്നെ ചുറ്റിയെടുത്തതില്‍ എനിക്ക് ആശ്വാസം തോന്നി. അവള്‍ ഞാനുദ്ദേശിക്കുന്ന അഭിരാമി തന്നെയായിരിക്കാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

'നിങ്ങളെത്ര കാലമായി ഇങ്ങോട്ട് മാറിയിട്ട്?'

'ഒരു മാസമായിട്ടുണ്ടാവ്വ്വോ..'

'എന്നോടാണോ ചോദിയ്ക്കുന്നത്?'

'ണ്ടാവും.. അവിടാമ്പോ എന്ത് രസാര്‍ന്ന്. കൊറേ പേര്ണ്ടാര്‍ന്നു കളിക്കാനൊക്കെ. ഇവിടെപ്പോ ചേച്ചീംകൂടെ ന്നോട് മിണ്ടാറില്ല. അമ്മ്യാണേല്‍ പ്പളും കരയും. വെറ്‌തെ ന്നെ അടിക്കും..'

'കളിക്കാനാണോ വിഷമം. ഈ നാട്ടിലും ഇഷ്ടംപോലെ കുട്ടികളില്ലേ?'

'ആരോടും മിണ്ടര്ത് ന്നാ അമ്മ പറഞ്ഞിരിക്കണേ..'

'അതെന്താ..'

'അറിയില്ല്യാ...ആമ്യേച്ചിക്ക് പേരയ്‌ക്കോ മാങ്ങ്യോ പൊട്ടിക്കാന്‍ മാത്രമേ ഞാന്‍ പൊറത്തെറങ്ങാറുള്ളൂ... ഉസ്‌ക്കൂളീ പോയിട്ടും കൊറേ ആയി...'

'എത്താറായോ..'

'കൊറച്ച്ണ്ട്..'

'അങ്ങനെ ഓരോന്ന് പറഞ്ഞ് കുറെയേറെ ദൂരം നടന്നതിനു ശേഷമാണ് ആ വീട്ടിലേയ്ക്ക് ഞങ്ങളെത്തുന്നത്. അവന്റെ അമ്മ ഉമ്മറത്തു തന്നെ നില്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ ആ കണ്ണുകളില്‍ അമ്പരപ്പ് തള്ളിക്കയറുന്നത് ഞാന്‍ ശ്രദ്ധിച്ചു.

അവന്‍ വീടിനുള്ളിലേയ്ക്ക് ഓടിക്കയറി. അമ്മ മെല്ലെ മുറ്റത്തേയ്ക്കിറങ്ങിവന്നു.

'ആരാ..'

'അഭിരാമീടെ വീട്..'

'ആ..രാ..?'

'അഭിരാമി..'

'അതല്ല..  നിങ്ങളാരാ..?'

'ഞാന്‍ പത്രത്തില്‍ നിന്നാണ്...അഭിരാമിയുടെ വീടിതല്ലേ..'

'അല്ല...' അവര്‍ മെല്ലെ തിരിഞ്ഞ് ഉമ്മറത്തേയ്ക്ക് കയറാന്‍ ഭാവിച്ചു.

'പ്ലീസ്.. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ വരുന്നത്...ഒരു അരമണിക്കൂര്‍ സംസാരിക്കണം അത്രേ വേണ്ടൂ..'

'ഇത് നിങ്ങളുദ്ദേശിക്കുന്ന വീടല്ല കുട്ടീ...' അവര്‍ ഗൗരവം ഒട്ടും വിടാതെ മറുപടി പറഞ്ഞു. എനിക്കാകെ നിരാശതോന്നി.

'ആരാമ്മേ അത്...?' ഉള്ളില്‍ നിന്നും ആരോ വിളിച്ചു ചോദിച്ചു.

'ആരൂല്ല്യാ... ആരോ വഴിതെ...'

'ഞാന്‍ പത്രത്തില്‍ നിന്നാണ്.. അഭിരാമിയെ കാണാന്‍..' ഞാന്‍ ഇടയ്ക്കു കയറി പറഞ്ഞു.

'അമ്മപറഞ്ഞതു സത്യമാണ്, ഞാനിവിടെയില്ല്യാ, വിശ്വസി ക്കൂ...' അകത്തുനിന്നും അവള്‍ വിളിച്ചു പറഞ്ഞു.

'വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്...'

'എന്നാല്‍ പോരൂ...' ഞാന്‍ ചെരുപ്പഴിച്ച് മെല്ലെ അകത്തേയ്ക്ക് കയറി. അമ്മ എന്നെയങ്ങനെ മിഴിച്ചു നോക്കിക്കൊണ്ടിരുന്നു. ഞാന്‍ ശബ്ദം കേട്ട മുറിയിലേയ്ക്ക് മെല്ലെ നീങ്ങി.

അവിടെ ഞാന്‍ പ്രതീക്ഷിച്ചത് കരഞ്ഞു കലങ്ങിയ മുഖവും നുറുങ്ങിയ ഗദ്ഗദവുമായിരുന്നു. അവള്‍ പുഞ്ചിരിച്ചുകൊണ്ടാണ് എന്നെ സ്വീകരിച്ചത്. എന്റെ കണ്ടുപിടിത്തങ്ങള്‍ അവിടെ തുടങ്ങുകയാണെന്നെനിയ്ക്കു തോന്നി. വെളിച്ചത്തിന്റെ കടന്നുകയറ്റത്തെ ചെറുത്തുകൊണ്ട് മുറിയിലെ ജനലുകളെല്ലാം കൊട്ടിയടച്ചിരിക്കുന്നു. കട്ടിലിന്റെ മുകളിലായി പരത്തിയിട്ട കുറെ പുസ്തകങ്ങള്‍ അതിനരികിലായി ഒരു ചെറിയ ടീപ്പോയ്. മുകളില്‍ പകുതി കടിച്ച ഒരു പേരയ്ക്കയും സൂക്ഷിച്ച് നോക്കിയാല്‍ റേഡിയോ ആണെന്ന് മനസ്സിലാക്കാവുന്ന ഒരു ഉപകരണവും മുറിയാകെ മാറാലകൊണ്ട് നിറഞ്ഞിരിയ്ക്കുന്നു. അതിലാണെങ്കില്‍ ഒരുപാടൊരുപാടെട്ടുകാലികളും. ഇതിനെല്ലാമിടയില്‍ ചിരിച്ചുകൊണ്ടിരിയ്ക്കുന്ന അഭിരാമി എന്ന പീഡനത്തിനിരയായ പെണ്‍കുട്ടി. ഈ ഒത്തുവരായ്കകള്‍ എന്റെ ആത്മവിശ്വാസം കൂട്ടിക്കൊണ്ടിരുന്നു.

'ജേര്‍ണലിസ്റ്റ്..?'

'നോട്ട് അക്ച്വലി, ട്രെയിനിയാണ്..'

'ഓഹോ..' അവളുടെ കണ്ണുകളൊന്ന് തിളങ്ങി 'എനിയ്ക്കിനിയുമൊരു നാലുകോളം വാര്‍ത്തക്കുള്ള സ്‌കോപ്പുണ്ടോ'

'എന്താ അങ്ങനെ ചോദിച്ചത്..'

'ഒന്നുമില്ല..' ഇരിക്കുന്നതിനെകുറിച്ച്?..

വായുവില്‍ താളം പിടിച്ചുകൊണ്ട് അവളെന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. അതിനു തയ്യാറാണ് എന്ന അര്‍ത്ഥത്തില്‍ ഞാന്‍ നാലുപാടും നോക്കി തലയാട്ടിക്കൊണ്ടിരുന്നു. സത്യത്തില്‍, അതിനുപറ്റിയ ഒരു മരകുറ്റി പോലും ആ കുടുസുമുറിയിലെവിടെയും ഉണ്ടായിരുന്നില്ല. ആവുന്നത്ര ദയനീയതയോടെ ഞാനവളുടെ മുഖത്തേയ്‌ക്കൊന്നു നോക്കി. ആ കണ്ണുകളിലെ കുട്ടിത്തമെന്റെ വെകിളിത്തരങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്നതായെനിക്കു തോന്നി. അവള്‍ കാലുകള്‍ സാവധാനം മടക്കിവച്ചു. അവളെ തൊടുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഞാന്‍ കട്ടിലിന്റെ അരികിലായി ഇരിപ്പുറപ്പിച്ചു.

'ഈ സ്ഥലം കണ്ടുപിടിക്കാന്‍ തീരെ ബുദ്ധിമുട്ടിയില്ലെന്നു തോന്നുന്നു' എന്റെ നെറ്റിയില്‍ നിന്നും ഊര്‍ന്നൊഴുകുന്ന വിയര്‍പ്പുതുള്ളികളെ നോക്കിക്കൊണ്ടവള്‍ ചോദിച്ചു'

'കുറച്ച്' ഞാന്‍ പോക്കറ്റില്‍ നിന്നും മുഷിഞ്ഞ കര്‍ച്ചീഫെടുത്ത് മുഖമൊന്ന് അമര്‍ത്തി തുടച്ചു.

'എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഒളിത്താവളമാണ്. അതുകൊണ്ടത് ഹൈവെയുടെ ഓരത്താകാന്‍ നിവൃത്തിയില്ലല്ലോ..'

'ആ നിലയില്‍ ഇതത്രമെച്ചമുള്ളതാണെന്നു തോന്നുന്നില്ല. വിചാരിച്ചാല്‍ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ' ഞാന്‍ കര്‍ച്ചീഫ് ഭംഗിയായി മടക്കുന്നതിനിടയില്‍ പറഞ്ഞു.

'ഉണ്ണിക്കുട്ടനെയെവിടുന്ന് കിട്ടി..?'

'നിങ്ങള്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് കഥകേള്‍ക്കാന്‍ ഇഷ്ടമായിരിക്കുമെന്ന് വിചാരിക്കുന്നു. അല്ലേ?'

എന്റെ നാവുകള്‍ ആമാശയത്തിനത്തേയ്ക്കു വഴുതിവീണതായി തോന്നി.

'ചെറുപ്പത്തില്‍ എന്റെ വീട്ടിലൊരു പൂച്ചക്കുട്ടിയുണ്ടായിരുന്നു. ചിറുമി എന്നോ മറ്റോ ആണതിനെ വിളിച്ചോണ്ടിരുന്നത്. അതങ്ങനെ സദാ സമയവും ഓടിച്ചാടി നടക്കും. വീട്ടിലെ ഒരാളെ പോലെതന്നെ. ജനിച്ച് ഒരാഴ്ച തികയുന്നതിനു മുമ്പെ ഞങ്ങടെ അടുത്തെത്തിയതാണ്. അതിനോടെല്ലാവര്‍ക്കും പ്രത്യേകിച്ചെനിക്ക്, വല്ലാത്തൊരു വാത്സല്യമായിരുന്നു.

അങ്ങനെയിരിക്കുമ്പോ, ഒരു ദിവസം രാവിലെ തുറന്നു നോക്കിയപ്പോഴുണ്ട് അതുമ്മറത്തങ്ങനെ ചോരയൊലിപ്പിച്ചു കിടക്കുന്നു. പട്ടികളോ മറ്റോ കൂടെ ആകെ മാന്തിക്കീറി കൊല്ലാറാക്കീട്ടുണ്ടാരുന്നു. ഞാന്‍ എല്ലാവരെയും വിളിച്ചുകൊണ്ട് വന്നു. എല്ലാവരും അയ്യോ പാവം, കഷ്ടമായിപ്പോയി എന്നിങ്ങനെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ആരം അതിനെ വീട്ടില്‍ കേറാന്‍ സമ്മതിച്ചില്ല. ഞാന്‍ വാശിപിടിച്ചു കരഞ്ഞുകൊണ്ട് നില്‍ക്കുമ്പോ ആരോ വന്നു പറഞ്ഞു 'ചിറുമ്യേ നമുക്കിനി വേണ്ട കുട്ട്യേന്ന്. എന്തൊ അതൊന്നും എനിക്കു മനസ്സിലായില്ല. ഞാന്‍ നിര്‍ത്താതെ നിലവിളിച്ചുകൊണ്ടിരുന്നു. പക്ഷേ അന്നും...ഇന്നും ഞാന്‍ ആലോചിച്ചിട്ട് പിടികിട്ടാത്ത ഒരു സംഗതിയുണ്ട്, അത്രയും കാലം അതിനെ സ്‌നേഹിച്ചവരാരും എന്തുകൊണ്ടായിരിക്കും അതിന്റെ മുറിവു കെട്ടാനോ തിരിച്ച് പഴയ പോലെ വീട്ടില്‍ കേറ്റാനോ തയ്യാറാവാതിരുന്നത്?, പണ്ടത്തെ പോലെ ശാന്തമായൊരു ജീവിതം പിന്നെയുമുണ്ടാവണം എന്നത് ആഗ്രഹിച്ചിരിക്കില്ലെ?...അതു ചെയ്ത തെറ്റെന്തായിരുന്നു?..അതിനു പിന്നെ എന്തു സംഭവിച്ചിരിക്കും?, നിങ്ങള്‍ക്കെന്തു തോന്നുന്നു?

ഞാനാകെ സ്തംഭിച്ചിരിക്കുകയായിരുന്നു. അവള്‍ക്കു മുമ്പിലിരിക്കുന്ന ഓരോ നിമിഷവും ഞാന്‍ കൂടുതല്‍ കൂടുതല്‍ അപഹാസ്യനായി പോകുന്നതുപോലെയെനിക്കു തോന്നി. അവളുടെ ഓരോ വാക്കും സൂചിത്തുമ്പുകണക്കിന് ഹൃദയത്തിനകത്ത് ഒരായിരം സുഷിരങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.

'സോറി..'

'ഇത് എന്റെ ഏത് ചോദ്യത്തിനുള്ള ഉത്തരമാണ്. മിസ്റ്റര്‍ ജേര്‍ണലിസ്റ്റ്?'

'ക്ഷമിയ്ക്കൂ അഭിരാമീ, ഞാന്‍ മൊത്തമായി തന്നെ ഒരു തെറ്റായിരുന്നു, ഞാനത് മനസ്സിലാക്കുന്നുണ്ട്..'

'ഹാ ഹ.. നോ മിസ്റ്റര്‍, തെറ്റ് തീര്‍ച്ചയായും നിങ്ങളുടെയല്ല, അത് നമ്മളെയെല്ലാം കെട്ടിയിട്ടിരിയ്ക്കുന്ന സമൂഹം എന്ന കാഴ്ചബംഗ്ലാവിന്റേതാണ്....ഇവിടെ പെണ്ണിന് ജീവനോ മാനത്തിനോ കൂടുതല്‍ വില? ഉറപ്പായും മാനത്തിനുതന്നെ. തീര്‍ച്യായും, മരണത്തേക്കാള്‍ പേടിയ്‌ക്കേണ്ടത് സ്വന്തം ശരീരത്തെ തന്നെയാണ്. ക്യാന്‍സര്‍ വന്നവരോട് അവര്‍ ചിരിക്കാന്‍ പറയും. പീഡനത്തിനിരയായവള്‍ ചിരിച്ചാല്‍ അതിലെന്തോ പന്തികേടുണ്ടെന്ന് കണ്ടെത്തുകയും ചെയ്യും!..'

'ആദ്യമൊക്കെ, ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ മാത്രം എന്നെന്നും വെറുക്കപ്പെടേണ്ടവരായിതീര്‍ന്ന ഒരേയൊരു കൂട്ടത്തിന്റെ ഭാഗമായിങ്ങനെയിരിക്കുന്നതിലുള്ള അപരിചിതത്വം, അല്ലെങ്കില്‍ തിരിച്ചുവരണമെന്നു പറഞ്ഞ് നീട്ടിയതത്രയും നോക്കുകുത്തികളുടെ ഉണങ്ങിയ വൈക്കോല്‍കൈകളാണെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന അമര്‍ഷം, എല്ലാമെന്നെ ഒരുപാടങ്ങ് കരയിപ്പിച്ചിരുന്നു. ഇപ്പോള്‍ പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു തരം തമാശയാണ്. കാഴ്ചബംഗ്ലാവിലെ ജീവിതം മാത്രമല്ല, തമാശകളും വ്യത്യസ്തമാണ് അല്ലേ?...'

'ഒന്നു ചോദിച്ചോട്ടെ, ആത്മാര്‍ത്ഥമായി ഉത്തരം പറയണം, എന്നെയേയൊ ശാരിയേയൊ പോലെ നിങ്ങള്‍ കേട്ട് മനപ്പൂര്‍വ്വമൊ അല്ലാതെയൊ മറന്നുകളഞ്ഞ ഏതെങ്കിലും ഒരു പെണ്‍കുട്ടി ഒന്നും സംഭവിക്കാത്ത പോലെ ജീവിതം

'ആ അരുവിയുടെ അടുത്തുവച്ച്...' ഞാന്‍ ടീപ്പോയില്‍ വച്ചിരിയ്ക്കുന്ന പകുതികടിച്ച പേരയ്ക്ക കഷ്ണത്തെ നോക്കിക്കൊണ്ട് പറഞ്ഞു

'അപ്പോള്‍ ഭാഗ്യമുണ്ട്..'

'ഉണ്ടാകാനും മതി..'

'പറയൂ, ഇത്രയും കാലം നിങ്ങളെല്ലാം കൂടെ എഴുതിയതൊന്നുമല്ലാതെ ഇനിയെന്താണ് ഞാന്‍ പറയേണ്ടത്...'

'എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്..'

'ചോദിക്കാം'

'കുട്ടിയെ പീഡി...' അപ്പോഴേയ്ക്കും ഉള്ളില്‍ നിന്നും ഉണ്ണിക്കുട്ടന്റെ നിലവിളി പൊങ്ങി. തുരുതുരായുള്ള അടിയുടെ ശബ്ദവും അമ്മയുടെ ആക്രോശവും കേട്ടു.

'സാരാക്കേണ്ട, നിങ്ങളെ കയറ്റിയതിലുള്ള  ദേഷ്യാ...അടിമേടിയ്ക്കാന്‍ നിങ്ങളും തയ്യാറായാല്‍ കുട്ടന്‍ രക്ഷപ്പെട്ടേക്കും. തയ്യാറുണ്ടോ..?അവള്‍ പുരികമുയര്‍ത്തിക്കൊണ്ട് ചോദിച്ചു. ഞാന്‍ ചിരിച്ചെന്നു വരുത്തി.

'തുടര്‍ന്നോളൂ..'

'കുട്ടിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ബഹുമാനപ്പെട്ട ധനമന്ത്രിയുടെ മകനുണ്ടായിരുന്നെന്ന് എത്രത്തോളം ഉറപ്പുണ്ട്?'

'എത്രത്തോളം?'

'അത് ഞങ്ങള്‍ ജേര്‍ണലിസ്റ്റുകളുടെ ഒരു ശൈലിയാണ്'

'ഞാന്‍ ഉത്തരം പറയേണ്ടത് ഏതളവുകോലു വച്ചിട്ടാണെന്നുകൂടി പറഞ്ഞുതരൂ..'

'ഞാനുദ്ദേശിച്ചത്...'

'സുഹൃത്തേ, നിങ്ങള്‍ക്കെന്നെ കുറിച്ച് എന്തൊക്കെയറിയാം?

'കഴിഞ്ഞ മൂന്നുമാസം മുമ്പ് നടന്ന കുന്നത്തൂര്‍ പീഡനക്കേസിനെ സംബന്ധിച്ച് ഒരുമാതിരിപ്പെട്ട വിവരങ്ങളൊക്കെ ഞാന്‍ കളക്ട് ചെയ്തിട്ടുണ്ട്..' ഞാന്‍ തല ആവുന്നത്ര ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു.

'ഓഹോ?, എന്റെ അമ്മ കുറച്ചുകാലം മുമ്പുവരെ മനോഹരമായി ചിരിക്കാറുണ്ടായിരുന്നു എന്നറിയാമോ?

ഞാന്‍ സ്തബ്ധനായി അവളുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് നിന്നു.

'ജീവിതത്തില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നിട്ടുണ്ടോ...എപ്പോഴെങ്കിലും? കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവള്‍ ചോദിച്ചു.

ഞാന്‍ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.

തുടരാനൊരുമ്പെട്ടാല്‍ നിങ്ങളെങ്ങനെയായിരിക്കും പ്രതികരിക്കുക?. ഒരു പക്ഷെ നിങ്ങള്‍ക്കു സഹിച്ചെന്നുവരില്ല. കാരണം എന്റെ ജീവിതത്തേക്കാള്‍ മൂല്യം, എനിക്കു നഷ്ടപ്പെട്ട വേറെന്തിലോ നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. അല്ലേ മിസ്റ്റര്‍ ജേര്‍ണലിസ്റ്റ്?'

'ഞാന്‍ തല താഴ്ത്തിയിരുന്നു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

'ഒരു ജേര്‍ണലിസ്റ്റിനെയിങ്ങനെ ഉത്തരം മുട്ടിയ അവസ്ഥയില്‍ കാണാനാകുമെന്നു വിചാരിച്ചതല്ല. ഇനി എനിയ്‌ക്കൊരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. സമൂഹത്തിന്റെ മുന്‍പിലൊരു കൗതുകകാഴ്ചയാകാതെ ബാക്കിയുള്ള ജീവിതമങ്ങ് ഇതുപോലെ,  ഈ ഇരുട്ടുമുറിയില്‍, സുഖിച്ചു തീര്‍ക്കണം. കരയാതെ, എപ്പോഴും ചിരിച്ച്, ചിരിച്ച്, നിര്‍ത്താതെ പൊട്ടിച്ചിരിച്ച്...നിങ്ങളെന്നെ ഒറ്റുകൊടുക്കില്ലല്ലൊ ല്ലേ..?'

'ഞാന്‍ ഇല്ലെന്ന് തലയാട്ടി

ഞാനൊരു രഹസ്യം കൂടെ പറയാം. എന്റെ മരണം ഒരു ആത്മഹത്യയായിരിയ്ക്കും, പക്ഷെ ഞാനായിട്ടൊരിയ്ക്കലുമത് ചെയ്യുകയില്ല' അവള്‍ ഭ്രാന്തമായി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു

ഞാന്‍ മെല്ലെ എഴുന്നേറ്റ് അവളെ നോക്കി. അവളപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. എനിക്കെത്രയും വേഗം അവിടെനിന്നും പോകണമെന്നായി.

'ഞാന്‍ പോകുന്നു..' ഞാന്‍ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു

'ഇത്രവേഗമോ..'

'വേറെ ചിലയിടങ്ങളിലും പോകേണ്ടതുണ്ട്..'

'സുന്ദരമായ കള്ളം ..' അല്ലെങ്കിലും നിങ്ങള്‍ ജേര്‍ണലിസ്റ്റുകള്‍ കള്ളം പറയാന്‍ മിടുക്കന്മാരാണല്ലോ..'

'ഞാനതില്‍ ശരാശരിക്കാരനാണ്..' ഞാന്‍ ചിരിച്ചെന്നു വരുത്തി മറുപടി പറഞ്ഞു.

'നല്ലത്, കുട്ടന്‍ വരും റോഡുവരെ...' അവള്‍ കുട്ടനെ വിളിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവന്‍ ഹാജരായി. പോകുന്നതിനുമുമ്പ് ഞാന്‍ അവളുടെ മുഖത്തേക്കൊന്ന് നോക്കി, മനോഹരമായ മുഖത്ത് മുത്തുമണികള്‍ പോലെയുള്ള കണ്ണുകള്‍ അപ്പോഴും തിളങ്ങിക്കൊണ്ടിരുന്നു. ഞാനും കുട്ടനും കൂടി മെല്ലെ പുറത്തേയ്ക്കിറങ്ങി. അമ്മയപ്പോഴും എന്നെ അമ്പരപ്പോടെ നോക്കിക്കൊണ്ടിരുന്നു. ആ മുഖത്തും കണ്ണീര്‍ചാലുകളൊഴുകുന്നത് ഞാന്‍ കണ്ടു.

ഞാന്‍ തിരികെ പത്രമോഫീസിലെത്തി ചീഫിനോട് എനിയ്‌ക്കെഴുതാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു. അദ്ദേഹം നിസ്സാരമട്ടില്‍ വേറൊരു ട്രെയിനിയെ വിളിച്ച് എന്തൊക്കെയോ പറഞ്ഞേല്പിച്ചു. അതില്‍ നിന്നും മൂന്നാം ദിവസം അഭിരാമിയെന്ന പെണ്‍കുട്ടി കെട്ടിച്ചമച്ചുണ്ടാക്കിയ പീഡനകഥയെ കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ വന്നു. അതെഴുതിയത് ഏതോ ഒരു സദാശിവനായിരുന്നു. അദ്ദേഹം കുറെയധികം ന്യായങ്ങളും തെളിവുകളും അക്കമിട്ടു നിരത്തിക്കൊണ്ട് അഭിരാമി വെറുമൊരു അഴിഞ്ഞാട്ടക്കാരിയായിരുന്നുവെന്ന് സ്ഥാപിച്ചെടുത്തു. എനിയ്ക്ക് ചിരിയ്ക്കാനാണ് തോന്നിയത്. അവള്‍ പറഞ്ഞപോലെ കാഴ്ചബംഗ്ലാവിലെ മറ്റൊരു തമാശ.

പോകുന്ന വഴിയില്‍ ഒരിക്കല്‍കൂടി ഞാനാ സായാഹ്ന പത്രമെടുത്ത് നിവര്‍ത്തി. അവളിപ്പൊഴും പത്രക്കടലാസിന്റെ മൂലയിലിരുന്ന് ഞാനുള്‍പ്പെടുന്ന ഒരു പറ്റം മുഖംമൂടികളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ആ ഇരുട്ടുതിന്ന മൂലയില്‍ കിടന്ന് കാക്കത്തൊള്ളായിരം എട്ടുകാലികളോട് കഥകള്‍ പറഞ്ഞ് നിര്‍ത്താതെ പൊട്ടിച്ചിരിച്ച് അവള്‍ കാഴ്ചബംഗ്ലാവിലെ ദുര്‍ഗന്ധങ്ങളോട് അലിഞ്ഞു ചേര്‍ന്നില്ലാതെയായിരിക്കുന്നു.

കുറെ നേരത്തെ നടത്തത്തിനു ശേഷം ഞങ്ങള്‍ ആ വീട്ടിലെത്തിച്ചേര്‍ന്നു. മുറ്റത്ത് ആവശ്യത്തിലധികം റേഞ്ച് കിട്ടുന്ന ഒരു മൂലയില്‍ ഞങ്ങള്‍ നിലയുറപ്പിച്ചു. ഞാന്‍ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി കയറ്റിക്കൊണ്ട് ചാനലില്‍ നിന്നുമുള്ള കോള്‍ അറ്റന്റുചെയ്തു.

സതീശ്...പറയൂ എന്താണവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്...എന്താണവിടുത്തെ ഒരവസ്ഥ?

കരഞ്ഞുതളര്‍ന്ന കണ്ണുകളുമായി കുട്ടന്‍ മെല്ലെ കോലായില്‍ നിന്നും മുറ്റത്തേക്കിറങ്ങി പുറത്തേക്ക് നടന്നു. അകത്തളത്തില്‍ ആരൊക്കെയോ നിശബ്ദമായി നിലവിളിച്ചുകൊണ്ടിരുന്നു.

റീഡറുടെ ശബ്ദം വീണ്ടും ചെവികളില്‍ തള്ളിക്കയറി.

'സതീശ് ...നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ..?'

ചിന്തകളുടെ ഭ്രാന്തമായ ശൂന്യതയില്‍ കിടന്ന്, ജീവിതത്തോടുള്ള നിലക്കാത്ത അഭിനിവേശത്തോടെ, വേറെയാരോ നിര്‍ത്താതെ ചോദിച്ചുകൊണ്ടിരിക്കുന്നു. 'നിങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നോ..?'

 

https://www.facebook.com/malayath

 

10-Dec-2013

കഥകൾ മുന്‍ലക്കങ്ങളില്‍

More