|
ജനലഴികളിലൂടെ നോക്കുമ്പോൾ കടലിനിപ്പോൾ മഞ്ഞയും ചുവപ്പും നിറങ്ങളാണ്. അവ, മെല്ലെയിളകുന്ന ഓളങ്ങളെ തിളക്കമുള്ളതാക്കുന്നു. വടക്കോട്ടുള്ള കാറ്റിനെ, അനുസരണയുള്ള കുട്ടിയെപ്പോലേ കടൽ പിന്തുടർന്നു. ഞാനപ്പോൾ എന്റെ യൌവനത്തിനും മഹാസമുദ്രത്തിനും ഇടയിലായിരുന്നു. നിഗൂഡമായൊരു നിധി തേടി ആഴിയ്ക്കുള്ളിലേയ്ക്ക് വെളിച്ചം മറഞ്ഞിരിക്കുന്നു. ഇനി ഇരുട്ടാണ്, പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങൾ പ്രണയത്തിന്റെ ഹർഷങ്ങളാകുന്നയിടം. കടൽ, അതിപ്പോൾ എത്ര അപരിചിതമായിരിക്കുന്നു. തീരത്തേയ്ക്കെത്തുന്ന നുരഞ്ഞ തിരകൾക്ക് പേടിപ്പെടുത്തുന്ന ശബ്ദമാണിപ്പോൾ. തിരകൾക്കപ്പുറം കടലിപ്പോൾ ശൂന്യമാണ്. ഉറക്കത്തിന്റെ ഗാഡതയിലും രാത്രിയുടെ തിരകൾ ഏകാന്തതയുടെ ശത്രുവാകുന്നു. ഭയപ്പാടിന്റെ കാലൊച്ചകളോടെ അതെന്റെ കഴുത്ത് ഞെരിക്കുന്നു. |
പ്രക്ഷുബ്ധമായ ജീവിതത്തിന്റെ എല്ലാ വേലിയേറ്റങ്ങളും ഒരു തീരത്തിന്റെ മടിത്തട്ടിൽ അലസമായി വെയിൽ കായുമ്പോൾ ആകാശം, നീലനിറമുള്ള പകലിൽ നിന്നും ഇരുണ്ട വഴിയിലേയ്ക്ക് യാത്രയാകാനൊരുങ്ങുന്നു. വെളിച്ചത്തിന്റെ ഇടവേള, കറുത്ത നിഴലുകളിൽ വന്യമായ സൌന്ദര്യത്തിന്റെ നർത്തകരാകുന്നു. ആർത്തനാദം പോലുള്ള ശബ്ദങ്ങളാൽ കടലിൽ വെളുത്ത തിരകളുടെ സാന്നിധ്യം. ഈ രാവ്, സ്വപ്നങ്ങൾക്ക് മാത്രമാണെന്ന് ഒരു ഭ്രാന്തൻ കാറ്റിന്റെ ശീൽക്കാരത്തിൽ അവന്റെ നേർത്ത സ്വരം കഴുത്തിലെ ഇളംചൂടിൽ ചുംബനങ്ങളായി മാറുന്നതുപോലെ. തിരകൾ, എനിയ്ക്ക് മനസ്സിലാകാത്ത ഭാഷയിൽ പിന്നേയും തീരത്തേയ്ക്ക് ആഞ്ഞടിക്കുന്നു.
കടൽവെള്ളത്തിന്റെ തണുപ്പിൽ, ഒരു നിമിഷത്തിന്റെ ഏറ്റവും ചെറിയ സമയത്തിൽ, ഒരു കൌമാരക്കാരിയുടെ ലജ്ജ പോലെ ശരീരം കോരിത്തരിച്ചു. ഇരുട്ടിൽ ഞാൻ കണ്ട കടൽ ഇതായിരുന്നില്ല. പ്രഭാതം, തുടുത്ത കിരണങ്ങളാൽ എന്നെയുണർത്തി ലോകത്തിലെ ഏറ്റവും വലിയ മനോഹരമായ കാഴചയെന്ന പോലെ നീലക്കടലിന്റെ വശ്യതയിലേയ്ക്ക് എന്നെ പ്രലോഭിപ്പിച്ചു. കണ്ണുകൾക്ക് അപ്രാപ്യമായ ദൂരത്തിൽ അമൂല്യമായതെന്തോ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഒരു തോന്നൽ. പൊട്ടിയ ഒരു ശംഖിനെ മണലിൽ ഒളിച്ചിരുത്തി വെളുത്ത നിറമുള്ള തിര ഒരു പ്രകടനക്കാരനെപ്പോലെ പിറകിലേയ്ക്ക് പോയി. നനഞ്ഞ മണലിൽ ചെറിയ ദ്വാരങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരുന്നു, അടുത്ത തിരയെത്തും വരെ. വെളുത്തതും ഓറഞ്ച് നിറമുള്ളതുമായ ചെറിയ കക്കകൾ മണൽപ്പരപ്പിൽ അലങ്കോലമായി ചിതറിക്കിടക്കുന്നു. ദൂരേയ്ക്ക് ഓടിയകലുന്നവർ നീളം കുറഞ്ഞ മനുഷ്യരാകുന്നു. കുട്ടികൾ മണലിൽ തീർത്ത കൊട്ടാരങ്ങൾ, വീടുകൾ, വ്യത്യസ്തമായ ആകൃതികൾ എല്ലാം സമ്പന്നമായൊരു കുട്ടിക്കാലത്തിന്റെ ഭാവിയിലെ ഓർമ്മകളിലേയ്ക്ക് ചേക്കേറുന്നു. തിരകൾക്ക് മുകളിൽ പൊങ്ങുതടിപോലെ കിടക്കുന്ന കടലിന്റെ പരിചിതർ എന്നെയേറെ പ്രലോഭിപ്പിച്ചു. തിരയല്ലേ, കടലല്ലേ എന്നൊക്കെ കരുതി പതുക്കെ കാലുകൾ നീട്ടിവെച്ച് വെള്ളത്തിലേയ്ക്കിറങ്ങി. അരിശം തീർക്കാനെന്നപോലെ വലിയൊരു തിര കരയിലേയ്ക്കെടുത്തെറിഞ്ഞ് തിരികെ കടലിലൊളിച്ചു. തിരയുടെ ശക്തിയിൽ എന്തൊക്കെയോ ശരെരത്തിൽ പോറലുണ്ടാക്കിയിരിക്കുന്നു. ഉപ്പുവെള്ളം ആ മുറിവുകളിൽ നീറ്റലിന്റെ ലേപനം പുരട്ടി.കോപത്തിന്റെ ഒരു കുമിളപോലും പൊട്ടാതെ വീണ്ടും ആ തീരത്തിലൂടെ ഞാൻ നടന്നു.
ജനലഴികളിലൂടെ നോക്കുമ്പോൾ കടലിനിപ്പോൾ മഞ്ഞയും ചുവപ്പും നിറങ്ങളാണ്. അവ, മെല്ലെയിളകുന്ന ഓളങ്ങളെ തിളക്കമുള്ളതാക്കുന്നു. വടക്കോട്ടുള്ള കാറ്റിനെ, അനുസരണയുള്ള കുട്ടിയെപ്പോലേ കടൽ പിന്തുടർന്നു. ഞാനപ്പോൾ എന്റെ യൌവനത്തിനും മഹാസമുദ്രത്തിനും ഇടയിലായിരുന്നു. നിഗൂഡമായൊരു നിധി തേടി ആഴിയ്ക്കുള്ളിലേയ്ക്ക് വെളിച്ചം മറഞ്ഞിരിക്കുന്നു. ഇനി ഇരുട്ടാണ്, പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങൾ പ്രണയത്തിന്റെ ഹർഷങ്ങളാകുന്നയിടം. കടൽ, അതിപ്പോൾ എത്ര അപരിചിതമായിരിക്കുന്നു. തീരത്തേയ്ക്കെത്തുന്ന നുരഞ്ഞ തിരകൾക്ക് പേടിപ്പെടുത്തുന്ന ശബ്ദമാണിപ്പോൾ. തിരകൾക്കപ്പുറം കടലിപ്പോൾ ശൂന്യമാണ്. ഉറക്കത്തിന്റെ ഗാഡതയിലും രാത്രിയുടെ തിരകൾ ഏകാന്തതയുടെ ശത്രുവാകുന്നു. ഭയപ്പാടിന്റെ കാലൊച്ചകളോടെ അതെന്റെ കഴുത്ത് ഞെരിക്കുന്നു.
പുലരാനിനിയും നേരമുണ്ട്. ജനലഴികൾക്കപ്പുറം ഒരു വനം! പല രൂപത്തിലുള്ള മരങ്ങൾ, അതിനു മുകളിൽ പക്ഷികൾ. കുറച്ചു നേരമതങ്ങനെത്തന്നെ നിന്നു. പിന്നെ മെല്ലെ ആകൃതി മാറിത്തുടങ്ങി. ചിലത് അപ്രത്യക്ഷമാകുന്നു, മറ്റു ചിലത് ഒന്നു രണ്ടായും, പത്തായും മാറുന്നു. കറുത്ത വനത്തിലൂടെ ആരോ ചൂട്ട് കത്തിച്ച് നടക്കുന്നു. കാഴ്ചകൾ പിന്നേയും മാറുന്നു. മരങ്ങൾ ചെറിയ ചെടികളാകുന്നു. ചൂട്ടിന്റെ വെളിച്ചം കുറയുന്നു. പക്ഷികൾ ചലനശേഷി പരീക്ഷിക്കാനെന്ന പോലെ പതുക്കെ പറക്കുന്നു. കിഴക്കിന്റെ വാതിൽ തുറന്ന് ഉദയം പിന്നേയും പിറന്നിരിക്കുന്നു. ഇടതൂർന്ന വനം ഒരു കടലായി എന്നെ നോക്കിച്ചിരിക്കുന്നു. ദൂരെ വലിയൊരു കപ്പൽ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു.
പ്രഭാതത്തിൽ ഈ തീരത്തിലൂടെ നടക്കാൻ എന്തു രസമാണ്. മത്സ്യങ്ങൾ വെള്ളത്തിന്നു മുകളിലൂടെ ചാടുന്നു. അവയെ തീറ്റയാക്കാൻ വരുന്ന കടൽപക്ഷികൾ എന്റെ തലയ്ക്കുമുകളിൽ വട്ടമിട്ടുകൊണ്ടിരുന്നു. വെള്ളനിറമുള്ള ചെറിയ പക്ഷികൾ തീരത്ത് എന്തൊക്കെയോ കൊത്തിപ്പറിക്കുന്നു. കടലിൽ നീന്തുന്നവർ എന്നെ മോഹിപ്പിച്ച് കൊണ്ടേയിരുന്നു. ഇവിടെ വന്നത്, ഈ തീരമാസ്വദിക്കാനോ കടൽ കാണാനോ അല്ല. എന്നിട്ടും ഇത്രയും നേരം ലക്ഷ്യം മറന്ന് ഒരുന്മാദിയെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു. ഈ കടലിന്റെ പുലരിയേക്കാൾ മനോഹരമായി മറ്റൊരിടമില്ല. അസാധ്യമായ ചില ഇഷ്ടങ്ങളുടെ പരിസമാപ്തികൾ, ലഹരിയുലച്ച മനസ്സിനെ ഭ്രാന്തനാക്കുന്നതുപോലെ എന്റെ കാലുകളെ ബന്ധിക്കാനൊരുങ്ങുന്നതിനു മുൻപ് ഒരിക്കലെങ്കിലും ജയിക്കണം. തിരകൾ വീണ്ടും ശരീരത്തിലേയ്ക്ക് ചെറിയ കല്ലുകളേയും ശംഖുകളേയും ആഞ്ഞുപതിപ്പിക്കുന്നു. ചുണ്ടിൽ, ഉപ്പുവെള്ളം മുറിവുണക്കുന്നു. മുടിയിഴകളെ നനച്ച് കടലാഴങ്ങളിലേയ്ക്ക് തിരകളെന്നെയാനയിക്കുന്നു. ഈ ആഴങ്ങളിലെവിടെയോ ഒരു കൊട്ടാരമുണ്ട്. മുത്തും പവിഴവും കാത്തുസൂക്ഷിക്കുന്ന കടൽനാഗങ്ങളുണ്ടവിടെ. എല്ലാത്തിനും കാവലായി എന്നെയെപ്പോഴോ മോഷ്ടിച്ച രാജകുമാരനും!