പുണ്യത്തിനൊരു തുളസിയും കാശിയാത്ര കൊതിക്കുന്നൊരു തുമ്പയും ചുവന്നുകൊഴുത്തമുറുക്കാന്‍തുപ്പലില്‍ കുളിച്ചുകിടന്നൊരു നാലുമണിയമ്മയുടെ, കുഞ്ഞിലക്കൈകള്‍ രണ്ടെണ്ണം ചുരുട്ടി കാറ്റിനെയിടിച്ചു കളിക്കുന്ന മൂന്നു കുഞ്ഞുങ്ങളും… കരുണകിട്ടാതെ മുരടിച്ച മന്ദാരവും കടന്നല്‍ക്കൂടിനുറ്റൊരു ചട്ടിയില്‍ അറത്ത് തിന്നാല്‍ കരച്ചില്‍ വന്നാലോ എന്നുകരുതി നിറുത്തിയ ചെഞ്ചീരകളായ വൃദ്ധദമ്പതികളും.
(പിന്നെ, ഈ വലയങ്ങള്‍ക്കുള്ളില്‍ രഹസ്യമായി ഞാന്‍ നട്ടുനനയ്ക്കുന്ന മധുരപ്രതികാരങ്ങളുടെ നല്ലസ്സല്‍ കൊടിത്തൂവക്കാടും!)
ഒരിക്കല്‍ വടക്കുന്നെങ്ങോ കൊണ്ട് വാതില്‍ക്കല്‍ വച്ച പനിനീര്‍ റോസ. വല്ലാതെ പടര്‍ന്നു പൂത്തുലഞ്ഞ് ഒടുവില്‍ വേരുചീഞ്ഞുകരിഞ്ഞു മുള്‍ക്കൂടായി നിന്നവള്‍ - ഇനി തളിര്‍ക്കില്ലെന്നുറച്ചും വളച്ചുചുറ്റി നെറ്റിയില്‍ ചൂടാന്‍ ഒരു കിരീടമാക്കാന് നിറുത്തിയതാണ്.
നടക്കുന്ന നടപ്പില്‍ അലസം കൈനീട്ടി മൂളിപ്പാട്ട് പോലും മുറിയാതെ കടയോടെയത് പറിച്ചെറിഞ്ഞ വഴിയാത്രക്കാരാ, പൂക്കളുടെ ഓര്‍മഗന്ധവും നീ അക്ഷരം ചുഴറ്റി എറിയുമെന്ന് വാഗ്ദാനം ചെയ്ത കാറ്റെടുത്ത് പോയ്ക്കൊള്ളുമല്ലോ, അല്ലെ?