ഫാസിസം ശീലമാകുന്നയിടങ്ങൾ

 
സൂര്യൻ അസ്തമിയ്ക്കുന്നു 
ചിലർ ജനിയ്ക്കുന്നു  
സൂര്യനുദിക്കുന്നു 
ആളുകൾ മരിയ്ക്കുന്നു  
ഇടയിലൊരു സമയം
പെട്ടന്നൊരു ദിവസം 
സഞ്ജീവ് ഭട്ട് തടവിലാക്കപ്പെടുന്നു
മഴവില്ല് നോക്കിക്കൊണ്ടിരിയ്ക്കേ 
കാഴ്ച നഷ്ടപ്പെട്ടതുപോലെ,
ഞാനദ്ദേഹത്തിന്റെ പ്രണയമായിരുന്നു.
അന്നേയ്ക്ക് മൂന്നാം നാൾ 
പെഹ്‌ലു ഖാൻ കൊല്ലപ്പെട്ടു 
കാരണമറിയാതെ മരിയ്ക്കുന്നവരാൽ 
ഭൂമി പൊള്ളിക്കൊണ്ടിരുന്നു 
ഞാനദ്ദേഹത്തിന്റെ മകളായിരുന്നു 
ലക്ഷ്മി, എന്റെ അയൽക്കാരി 
ഒരു സന്ധ്യക്കാണ് 
ഫാസിസം തലച്ചോർ തുളച്ചത് 
ഇരുട്ട് മിക്കപ്പോഴും 
ശത്രുക്കൾക്ക് വഴിതെളിയ്ക്കും 
 
പിന്നെയതങ്ങനെ തുടർന്നു,
കുമാർ 
ഷെഹല 
നിത്യ 
ഭട്ടാചാര്യ 
പേരുകൾ മാറി മാറി വന്നു 
പെട്ടന്നത് ശീലവുമായി 
 
ഒരാഴ്ച ശെരിയ്ക്കുറങ്ങിയില്ല 
നാലുദിവസം ഭക്ഷണം കുറഞ്ഞു 
ആറാം ദിവസം 
നല്ല വസ്ത്രങ്ങളണിഞ്ഞ് 
ദൈവത്തെ സൈന്യാധിപനാക്കി 
രാജ്യം സ്വാതന്ത്രമെന്ന് 
പറഞ്ഞുറപ്പിച്ച് 
മഴ പെയ്യാത്തതെന്താണെന്ന് 
ആലോചിച്ചങ്ങനെയിരുന്നു 
വേനൽ, ചേർന്നിരുന്നു
ജീവിക്കുന്നുവോ
മരിക്കുന്നുവോ
എന്നറിയാത്തവണ്ണം 
ഞാനഴുകിത്തുടങ്ങുന്നു.

15-Sep-2019

കവിതകൾ മുന്‍ലക്കങ്ങളില്‍

More