ബി ജെ പി ഭരണത്തിനെതിരായി ജനാധിപത്യവാദികള്‍ കൈകോര്‍ക്കണം

ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഫാസിസത്തിന്‍റെ രീതിശാസ്ത്രം പല തലങ്ങളില്‍ പ്രയോഗവല്‍ക്കരിക്കുമ്പോള്‍ രാജ്യത്തിന്‍റെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയുമൊക്കെ പ്രതിസന്ധിയിലാവുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് ആര്‍ എസ് എസ് – ബി ജെ പി സംഘപരിവാരം ശ്രമിക്കുന്നത്. അതിനായി അവര്‍ മതത്തെയും ജാതിയേയുമൊക്കെ ആവശ്യത്തിന് ഉപയോഗിക്കുന്നു. ജനങ്ങളില്‍ സ്പര്‍ധ ഉണ്ടാക്കുന്നു. ഇത്തരുണത്തില്‍ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരായ, അവരുടെ രാഷ്ട്രീയ നീക്കങ്ങളെ അപ്രസക്തമാക്കാനുള്ള പ്രതിപക്ഷ കൂട്ടായ്മ ആവശ്യമാണ്.  പട്‌നയിലെ പ്രതിപക്ഷ കൂട്ടായ്മ അത്തരത്തിലുള്ള മുന്നേറ്റത്തിന്‍റെ ആദ്യപടിയായിരുന്നു.  2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്‌തവും പ്രതിപക്ഷത്തിന്‌ അനുകൂലവുമായ രാഷ്ട്രീയാന്തരീക്ഷമാണ്‌ രൂപപ്പെട്ടുവരുന്നതെന്ന്‌ ആ കൂട്ടായ്മയില്‍ വിലയിരുത്തലുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത്‌ ഉയർന്നുവന്ന പ്രതിപക്ഷ നീക്കത്തിന്‌ സമാനമായ രാഷ്ട്രീയ ചുവടുവയ്‌പായാണ്‌ പല മാധ്യമങ്ങളും പട്‌ന യോഗത്തെ വിലയിരുത്തിയത്‌.

 

ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ ക്ഷണമനുസരിച്ച്‌ 15 രാഷ്ട്രീയ പാർടിയാണ്‌ ജൂൺ 23ന്‌ പട്‌നയിൽ യോഗം ചേർന്നത്‌. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യസ്വഭാവം നിലനിർത്തണമെങ്കിൽ മോദി സർക്കാരിനെ അധികാരത്തിൽനിന്നും പുറത്താക്കണമെന്ന സുചിന്തിതമായ അഭിപ്രായമാണ്‌ പട്‌ന യോഗത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ നേതാക്കളും പങ്കുവച്ചത്‌. ബിജെപിക്ക്‌ എതിരായ വോട്ടുകൾ പരമാവധി ഭിന്നിക്കാതിരിക്കാൻ പ്രതിപക്ഷ പാർടികൾ സംസ്ഥാനാടിസ്ഥാനത്തിൽ ചർച്ച തുടങ്ങേണ്ടതുണ്ട്. പട്ന യോഗത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആ അഭിപ്രായം മുന്നോട്ടുവെക്കുകയുണ്ടായി. അതിന് പ്രധാന കാരണം ബിജെപിയെ തോൽപ്പിക്കാനുള്ള രാഷ്ട്രീയ സംവിധാനവും സാഹചര്യവും ഓരോ സംസ്ഥാനത്തും വ്യത്യസ്‌തമാണ്‌ എന്നതിനാലാണ്‌.

 

ഉദാഹരണത്തിന്‌ കേരളം തന്നെയെടുക്കാം. ഇവിടെ മത്സരം സിപിഐ എം നയിക്കുന്ന  എൽഡിഎഫും കോൺഗ്രസ്‌ നേതൃത്വം നൽകുന്ന യുഡിഎഫും തമ്മിലാണ്‌. എന്നാൽഈ മത്സരംകൊണ്ട്‌ ബിജെപിക്ക്‌ ഗുണമുണ്ടാകില്ലെന്നു മാത്രമല്ലഅവർക്ക്‌ തീരെ വിജയസാധ്യത ഇല്ലതാനും. തമിഴ്‌നാട്ടിലും ബിഹാറിലും മഹാരാഷ്ട്രയിലും  ഇപ്പോൾത്തന്നെ  ശക്തമായ ബിജെപി വിരുദ്ധ മുന്നണിയുണ്ട്‌. ഈ രീതിയിലുള്ള സഖ്യവും ധാരണയും എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കാനായാൽ മോദിയെ പരാജയപ്പെടുത്താൻ കഴിയും. ബദൽ സർക്കാർ രൂപീകരണം തെരഞ്ഞെടുപ്പിനുശേഷം നടക്കേണ്ട രാഷ്ട്രീയ പ്രക്രിയയായാണ്‌. അതിന്‌ വഴിയൊരുക്കാൻ വലിയ പ്രയാസമൊന്നുമുണ്ടാകില്ല എന്നതാണ്‌ മുൻ അനുഭവങ്ങൾ വ്യക്തമാക്കുന്നത്‌.

 

ഇതോടൊപ്പംമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രചാരണവും പ്രക്ഷോഭവും വളർത്തിക്കൊണ്ടുവരാനും പ്രതിപക്ഷ കൂട്ടായ്‌മ തയ്യാറാകണം. ജൂലൈ രണ്ടാം വാരം ഹിമാചൽപ്രദേശ്‌ തലസ്ഥാനമായ സിംലയിൽ ചേരുന്ന പ്രതിപക്ഷ പാർടികളുടെ രണ്ടാമത്തെ യോഗം ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ഏതായാലും സമകാലിക ഇന്ത്യയിൽ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കമാണ്‌ പട്‌നയിലെ പ്രതിപക്ഷ പാർടികളുടെ യോഗം.

പ്രതിപക്ഷനീക്കം കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെ വല്ലാതെ ഉലച്ചിട്ടുണ്ടെന്ന്‌ പ്രധാനമന്ത്രിയുടെയും മറ്റും വാക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം മധ്യപ്രദേശിൽ പാർടി പ്രവർത്തകരോട്‌ സംസാരിക്കവേ രാജ്യത്ത്‌ ഏക സിവിൽ കോഡ്‌ നടപ്പാക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടിരിക്കുകയാണ്‌. ആർഎസ്‌എസും ബിജെപിയും വർഷങ്ങളായി ഉയർത്തുന്ന മൂന്ന്‌ പ്രധാന വിഷയത്തിൽ രണ്ടെണ്ണം ജമ്മു കശ്‌മീരിന്‌ പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കലും അയോധ്യയിൽ രാമക്ഷേത്ര നിർമാണവും  ലക്ഷ്യം കണ്ടു. മൂന്നാമത്തേതാണ്‌ ഏക സിവിൽ കോഡ്‌. 2024ലെ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ വർഗീയധ്രുവീകരണം കൂടുതൽ ശക്തമാക്കുകമാത്രമാണ്‌ ബിജെപിക്ക്‌ മുമ്പിലുള്ള മാർഗം. അത്രമാത്രം ജനരോഷമാണ്‌ മോദി സർക്കാരിനെതിരെ ഉയരുന്നത്‌. പ്രതിപക്ഷ പാർടികളിലെ ഐക്യംപോലും ഈ ജനരോഷത്തിന്റെ പ്രതിഫലനമാണ്‌. ഈ സാഹചര്യത്തിൽ ബിജെപിക്ക്‌ എതിരെ ഒന്നിക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ ബിജെപി ഏക സിവിൽ കോഡ്‌ വിഷയം വീണ്ടും സജീവമാക്കുന്നത്‌.

കഴിഞ്ഞ ദിവസമാണ്‌ ലോ കമീഷൻ എക സിവിൽ കോഡ്‌ സംബന്ധിച്ച ചർച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്ന്‌ ഇതുസംബന്ധിച്ച്‌ അഭിപ്രായം തേടിയിരിക്കുകയാണ്‌ ലോ കമീഷൻ. കേന്ദ്ര നിയമ മന്ത്രാലയം ഈ വിഷയത്തെക്കുറിച്ച്‌ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലും വ്യത്യസ്‌ത മതവിഭാഗങ്ങൾക്ക്‌ വ്യത്യസ്‌തമായ സിവിൽ കോഡുകൾ നിലനിൽക്കുന്നത്‌ രാജ്യത്തിന്റെ ഐക്യത്തിന്‌ എതിരായ ആക്രമണമാണെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു. സമാനമായ അഭിപ്രായംതന്നെയാണ്‌ പ്രധാനമന്ത്രി മോദിയും ഭോപാലിൽ ആവർത്തിച്ചത്‌. ഏകീകൃത സിവിൽ കോഡ്‌ സമത്വം സ്ഥാപിക്കാൻ അനിവാര്യമാണെന്ന ആഖ്യാനമാണ്‌ ബിജെപിയും മോദിയും നടത്തുന്നത്‌. എന്നാൽബിജെപി വരുത്താൻ പോകുന്ന ഈ എകീകരണം സമത്വത്തിനു തുല്യമാകുമെന്ന അഭിപ്രായം പുരോഗമന പ്രസ്ഥാനത്തിനില്ല. വിവിധ സമുദായങ്ങളിലെ സ്‌ത്രീ പുരുഷന്മാരുടെ ജനാധിപത്യപരമായ പങ്കാളിത്തത്തോടെയാണ്‌ നടപ്പുനിയമങ്ങളിലും വ്യക്തി നിയമങ്ങളിലും മാറ്റംവരുത്തേണ്ടത്‌. ഇന്നത്തെ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ്‌ അത്യാവശ്യമോ അഭിലഷണിയമോ അല്ലെന്ന 2018ലെ ലോ കമീഷന്റെ അഭിപ്രായമാണ്‌ ശരി. ബിജെപിയും മോദിയും ഇപ്പോൾ എകീകൃത സിവൽ കോഡിനെക്കുറിച്ച്‌ പറയുന്നത്‌ ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട്‌ പെട്ടിയിലാക്കാനാണ്‌. രാജ്യത്തെമ്പാടുംപ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ചെറുതും വലുതുമായ വർഗീയ കലാപങ്ങൾക്ക്‌ തിരികൊളുത്തിയതും ഇതേ ലക്ഷ്യംവച്ചാണ്‌. വികസനത്തെക്കുറിച്ചോക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചോ ഒന്നും പറയാനില്ലാത്തതിനാലാണ്‌ വർഗീയധ്രുവീകരണ അജൻഡയിൽ ബിജെപി കേന്ദ്രീകരിക്കുന്നത്‌.

ആര്‍ എസ് എസ് – ബി ജെ പി സംഘപരിവാരത്തിന്‍റഎ രാഷ്ട്രീയത്തെയും അവരുടെ ഹിഡന്‍ അജണ്ടകളേയും തിരിച്ചറിഞ്ഞുകൊണ്ട് കേന്ദത്തില്‍ നിന്നും ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പടിയിറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തത്തോടെ പങ്കാളികളാവുക എന്നതാണ് നാടിന്‍റഎ നിലനില്‍പ്പ് ആഗ്രഹിക്കുന്ന ഓരോ ജനാധിപത്യവാദിയുടെയും കടമ.  

07-Jul-2023

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More