ചന്ദ്രശേഖരനെ ഇനിയും മഴയത്ത് നിര്‍ത്തരുത് !
പ്രീജിത്ത് രാജ്
![]() |
ചന്ദ്രശേഖരനെ ഇങ്ങനെ മഴയത്ത് നിര്‍ത്തരുത് രമേ. നിങ്ങള്‍ ആ മനുഷ്യനോട് കാണിക്കുന്നത് നീതികേടാണ്. നിങ്ങളുടെ കൂടെ, ചന്ദ്രശേഖരനോടുള്ള സ്‌നേഹത്തിന്റെ പുറത്ത് കോഴിക്കോടുള്ള നിരവധിപേര്‍ ഐക്യദാര്‍ഡ്യവുമായി വന്നിരുന്നു. അവര്‍ പിരിച്ചെടുത്ത പതിനെട്ട് ലക്ഷം രൂപ നിങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. ഇന്ന് നിങ്ങള്‍ ചന്ദ്രശേഖരന്റെ മേല്‍വിലാസത്തില്‍ ഉമ്മന്‍ചാണ്ടിക്കും വലതുപക്ഷത്തിനും വേണ്ടി നാടകം കളിക്കുമ്പോള്‍ നിങ്ങളെ സഹായിക്കാന്‍ കൂടെ നിന്ന കോഴിക്കോട്ടുകാര്‍ ലജ്ജിക്കുകയാണ്. അന്ന് ആവേശത്തിന്റെ പുറത്ത്, കുത്തക മാധ്യമങ്ങളുടെ വ്യാഖ്യാനത്തിന്റെ പുറത്ത് നിങ്ങളുടെ കൂടെ നിന്നവര്‍ ഇന്ന് നിങ്ങളെ വെറുക്കുന്നു. ആര്‍ എം പി എന്ന മച്ചിത്തവള പാര്‍ട്ടിയോടൊപ്പം യു ഡി എഫിന്റെ ചെളിക്കുണ്ടില്‍ നുരക്കുന്ന കെ കെ രമ, ഒരു വിധവ എന്നതിനപ്പുറം തികഞ്ഞ രാഷ്ട്രീയ നാടകക്കാരി എന്ന തലത്തിലാണ് നില്‍ക്കുന്നത്. വിധവയുടെ നിസഹായത നിറഞ്ഞ കണ്ണുനീരും നെടുവീര്‍പ്പുകളും സങ്കടപെയ്ത്തുമല്ല നിങ്ങളില്‍ ഇപ്പോഴുള്ളത്. കുടിലബുദ്ധിയുള്ള ഒരു രാഷ്ട്രീയക്കാരിയുടെ കരുനീക്കങ്ങളാണ്. അപ്പോള്‍ നനയുന്നത് ചന്ദ്രശേഖരനാണ്. കെ കെ രമേ, ചന്ദ്രശേഖരനെ ഇനിയും മഴയത്ത് നിര്‍ത്തരുത്. |
ടി പി ചന്ദ്രശേഖരന്റെ കൊലപാതകം നിഷ്ഠൂരമായ ഒന്നായിരുന്നു. പൈശാചികം. ആ കൊലപാതകത്തെ ഒരിക്കലും ഒരു മനുഷ്യസ്‌നേഹിക്കും ന്യായീകരിക്കാന്‍ സാധിക്കില്ല. ചന്ദ്രശേഖരനെ മൃഗീയമായി കൊല ചെയ്തതിനെ അപലപിക്കുന്നതിനൊപ്പം ആ കൊലപാതകം കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള പരിശ്രമവും അപലപനീയമാണ്. ഒരു കൊലപാതകത്തെ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി പ്രയോഗിക്കുന്ന ആയുധമാക്കി മാറ്റുന്ന കാഴ്ചയാണ് ചന്ദ്രശേഖരന്റെ വധം കേരളസമൂഹത്തിന് കാണിച്ചുതന്നത്.
ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് വലതുപക്ഷവും തീവ്രവാദ സ്വഭാവമുള്ള വര്‍ഗീയ സംഘടനകളും സംഘപരിവാരവും അരാഷ്ട്രീയ ബുദ്ധിജീവികളും കുത്തക മാധ്യമങ്ങളും അടക്കമുള്ള ഒരു വലിയ മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണി സജീവമായി. ഇടതുപക്ഷ നാട്യത്തിന്റെ മുഖംമൂടികള്‍ അഴിച്ചുവെച്ച് അവര്‍ സിപിഐ എംനെതിരെ ആക്രോശിച്ചു. കുത്തക മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ച കള്ളക്കഥകള്‍ ഉരുവിട്ട് വെട്ടുവഴി കവിതകള്‍ വരെ പിറന്നുവീണു. പക്ഷെ, ഈ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ മഹാസഖ്യത്തെ സിപിഐ എം ധീരതയോടെ ചെറുത്തു. സ്‌പെഷ്യല്‍ കോടതിയുടെ വിധി, കമ്യൂണിസ്റ്റ് വിരുദ്ധര്‍ വിളിച്ചുപറഞ്ഞ പച്ചക്കള്ളങ്ങളെ തുറന്നുകാട്ടി. മോഹനന്‍ മാസ്റ്റര്‍ ജയില്‍മോചിതനായി.
ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എംന് പങ്കില്ല എന്നത് ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയംഗമായ വി എസ് അച്യുതാനന്ദന്റെ ചില വാക്കുകളും പ്രവൃത്തികളും പാര്‍ട്ടിയുടെ അറിവോടെയാണ് ആ കൊലപാതകം നടന്നത് എന്ന് സംശയിക്കാന്‍ പൊതു സമൂഹത്തെ നിര്‍ബന്ധിതമാക്കി. താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല എന്ന തിരിച്ചറിവ് കുറച്ച് വൈകിയാണെങ്കിലും വി എസ് അച്യുതാനന്ദന് വന്നു എന്ന് വേണം കരുതാന്‍. കാരണം കെ കെ രമ, ചന്ദ്രശേഖരന്റെ കൊലപാതകത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം കിടക്കുമ്പോള്‍ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്‍ അവിടം സന്ദര്‍ശിച്ചില്ല.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും നീതി തേടി സംഘടിപ്പിച്ച നിരാഹാര സമരത്തില്‍ സര്‍ക്കാരിന്റെ പ്രതിനിധികളായ മന്ത്രിമാരും എല്‍ എല്‍ എമാരും എത്തുകയും പ്രതിപക്ഷ നേതാവ് എത്താതിരിക്കുകയും ചെയ്യുമ്പോള്‍ ആ സമരം ഭരണത്തിലിരിക്കുന്ന വലതുപക്ഷത്തെ സഹായിക്കാനുള്ള ഗിമ്മിക്ക് മാത്രമാണെന്നത് വ്യക്തമായി.
യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ തങ്ങളാണെന്നാണ് കെ കെ രമയുടെ ആര്‍ എം പിയുടെ അവകാശവാദം. കമ്യൂണിസ്റ്റ് ഉത്തമത്വം അധികമായത് കൊണ്ടാവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുതല്‍ പി സി വിഷ്ണുനാഥ് വരെയുള്ള വലതുപക്ഷത്തെ ശകുനികള്‍ അവിടം നിരങ്ങിനടന്നത്. അവരുടെ ആശിര്‍വാദത്തില്‍, അഭിവാദ്യത്തില്‍ കോള്‍മയിര്‍ കൊള്ളുന്ന കെ കെ രമ, ആത്മപരിശോധന നടത്തി നോക്കണം. നിങ്ങളിലെ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ മരിച്ചിടത്ത് ഇപ്പോള്‍ കിളിര്‍ത്ത് വന്നിരിക്കുന്നത് വലതുപക്ഷം ആഹരിക്കുന്ന വിഷക്കൂണാണ്.
കെ എം ഷാജഹാന്‍, എസ്. സുശീലന്‍ തുടങ്ങി സിപിഐ എംല്‍ നിന്ന് വിഭാഗീയതയുടെ ഭാഗമായി പുറത്തായവര്‍ തങ്ങള്‍ ആരോ നിയോഗിച്ച ദൂതന്‍മാരാണ് എന്ന കള്ള പ്രചരണവുമായി നിരാഹാരസമര സംഘാടകരായി ജനങ്ങളെ പറ്റിക്കാന്‍ നോക്കി. അപ്പുക്കുട്ടന്‍ വള്ളിക്കുന്നായിരുന്നു നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്നതിനപ്പുറം അപ്പുക്കുട്ടന് പാകമായ വേറൊരു വിശേഷണമില്ല. സിപിഐ എം വിരുദ്ധ പ്രവൃത്തികള്‍ കൊണ്ട് ആ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കെ എസ് ഹരിഹരന്‍, ആസാദ് തുടങ്ങി നിരവധി പേര്‍ ഉമ്മന്‍ചാണ്ടിയുടെ ചിറകിന് ശക്തിപകരാന്‍ കമ്യൂണിസം എന്ന പദത്തെ വ്യഭിചരിച്ചുകൊണ്ടിരുന്നു. ബി ആര്‍ പി ഭാസ്‌കറിനെ പോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച തല്‍പ്പരകക്ഷികള്‍ രമയോട് ചേര്‍ന്നിരുന്ന് ഫോട്ടോയ്ക്ക് മുഖം കാട്ടി. ആം ആദ്മിയായ സാറാ ജോസഫും മാധ്യമ പരിലാളന മോഹിച്ച് രമയുടെ അരികിലെത്തി.
മാതൃഭൂമി എം ഡിയായ എം പി വീരേന്ദ്രകുമാറാണ് ആര്‍ എം പി സമരത്തിന്റെ അപ്രഖ്യാപിത പി ആര്‍ ഒ. സമര പന്തല്‍ സന്ദര്‍ശിക്കാനും രമയ്ക്ക് ഐക്യദാര്‍ഡ്യം പകരാനും സാഹിത്യ-സാംസ്‌കാരിക നായകരെ വീരേന്ദ്രകുമാറിന്റെ ശിങ്കിടികള്‍ ആഹ്വാനം ചെയ്‌തെങ്കിലും നിരാഹാര സമരത്തിന്റെ രാഷ്ട്രീയ ലക്ഷ്യം മനസിലാക്കിയ ബഹുഭൂരിപക്ഷവും നിലപാടെടുത്ത് മാറി നിന്നു. അവര്‍ കെ കെ രമയെ കാണാന്‍ വന്നില്ല. മാതൃഭൂമിയ്ക്ക് പിണറായി വിജയനോടുള്ള വൈരം വീരേന്ദ്രകുമാര്‍ എം ഡിയായിരിക്കുന്നത് കൊണ്ടാണ്. ഇടതുപക്ഷത്ത് നിന്നും ഇറങ്ങിനടന്ന്, ഗാട്ടും കാണാ ചരടും എന്ന സ്വന്തം പുസ്തകം കോട്ടും കോണോ ചരടും എന്ന് തിരുത്തിയെഴുതേണ്ട ദുര്‍ഗതിയില്‍ സമനില തെറ്റിയ രാഷ്ട്രീയക്കാരനാണ് വീരേന്ദ്രകുമാര്‍. മാതൃഭൂമി ചാനലും പത്രവും സിപിഐ എം-പിണറായി വിരുദ്ധ ജ്വരവുമായാണ് ഉറഞ്ഞുതുള്ളിയത്. മറ്റ് കുത്തക മാധ്യമങ്ങള്‍ ഭരണത്തിലിരിക്കുന്ന വലതുപക്ഷത്തെ സഹായിക്കാനുള്ള ഒരു പരിപാടി എന്ന നിലയില്‍ നിരാഹാര സമരത്തെ കൊണ്ടാടുന്നു. പക്ഷെ, തങ്ങളുടെ വാര്‍ത്തകള്‍ കാണുന്ന പൊതുജനങ്ങള്‍ അരിയാഹാരം കഴിക്കുന്നവരാണെന്നത് ഈ മാധ്യമങ്ങള്‍ മറന്നുപോയി. കമ്യൂണിസത്തിന്റെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ എന്നും ശ്രമിച്ചിട്ടുള്ള വലതുപക്ഷ നേതാക്കള്‍ നിരങ്ങുന്ന തിണ്ണയില്‍ കമ്യൂണിസം ഒരിക്കലും പച്ചപിടിക്കില്ല എന്ന് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ റേഷനരി കഴിച്ചാലും ഉണ്ടാവും. യു ഡി എഫ് സ്‌പോണ്‍സര്‍ ചെയ്യുന്ന സമരമാണ് കെ കെ രമയുടെ നിരാഹാര സമരം എന്ന് വെളിപ്പെടുത്തിയ വാര്‍ത്താ ചാനലുകളുടെ ലൈവ് വാര്‍ത്തകള്‍ വലതുപക്ഷത്തിനേക്കാള്‍ ഗുണം ചെയ്തത് സിപിഐ എംനാണ്.
കെ കെ രമ, ഇപ്പോള്‍ കാണിക്കുന്നത് തികഞ്ഞ രാഷ്ട്രീയ നാടകമാണ്. അത് ലാഭം പ്രതീക്ഷിച്ചുള്ളതാണ്. വലതുപക്ഷം എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍ കഷണത്തിനുവേണ്ടിയുള്ള ആക്രാന്തമാണ് ഈ നിരാഹാര സമരത്തിന് പിറകിലുള്ളത്. സിപിഐ എംലെ ഉന്നതര്‍ക്ക് ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കുണ്ട്. അത് പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് ഇപ്പോള്‍ പറയുന്ന കെ കെ രമ, കോടതിയില്‍ കൊടുത്ത 165 പേജുള്ള മൊഴിയില്‍ ഉന്നതരെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. കോടതിയില്‍ നേരിട്ട് ഹാജരായ രമയ്ക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് അവിടെ പങ്കുവെക്കാമായിരുന്നു, അറിയാവുന്ന കാര്യങ്ങള്‍. എന്നാല്‍, അതിനൊക്കെ ശേഷം നടന്ന ഗൂഡാലോചനയിലൂടെയാണ് ഈ തരത്തിലുള്ള ആരോപണം ഉയര്‍ത്തിയാല്‍ രാഷ്ട്രീയ നേട്ടമുണ്ടാവുമെന്നതിലേക്ക് രമയും കൂട്ടരും എത്തിയിട്ടുണ്ടാവുക.
ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ചന്ദ്രശേഖരന്റെ കൊലപാതകത്തെയും അദ്ദേഹത്തിന്റെ ശവശരീരത്തെയും വ്യഭിചരിച്ച ഈ കൂട്ടങ്ങളെ കുറിച്ച് അന്വേഷണം നടത്തുക എന്നതാണ്. ചന്ദ്രശേഖരനെ അവസാനം വിളിച്ച ഫോണ്‍കോള്‍ ആരുടേതാണ് എന്നത്. ചന്ദ്രശേഖരന്റെ മരണത്തെ തുടര്‍ന്ന് വളരെ അടുത്തൊരു ബന്ധു എന്തുകൊണ്ട് വിദേശത്തേക്ക് പോയി എന്നത്. കെ സി രാമചന്ദ്രനും ചന്ദ്രശേഖരനും തമ്മില്‍ വ്യക്തിവിരോധം ഉണ്ട് എങ്കില്‍ അതിനുള്ള കാരണമെന്താണ് എന്നത്. അത്തരത്തിലുള്ള കാര്യങ്ങളിലൂടെ അന്വേഷണം പോകുമ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നം പുറത്തുവരും. അത് പുറത്തുവരണം. തുടര്‍ന്ന് ചന്ദ്രശേഖരന്റെ കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ നടത്തിയ ഗൂഡാലോചനയും പുറത്തുകൊണ്ടുവരണം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മരണത്തെ, ശവശരീരത്തെ ഉപയോഗിക്കുന്ന നെറികെട്ട രീതി ഇതോടെ അവസാനിക്കണം. ലോകമറിയണം ഈ നെറികേടുകളുടെ യാഥാര്‍ത്ഥ്യങ്ങള്‍. കരയുന്ന മുഖം മൂടികള്‍ക്ക് പിന്നിലുള്ള ആര്‍ത്തിപിടിച്ച കണ്ണുകളെ ലോകം മനസിലാക്കട്ടെ.
ചന്ദ്രശേഖരനെ ഇങ്ങനെ മഴയത്ത് നിര്‍ത്തരുത് രമേ. നിങ്ങള്‍ ആ മനുഷ്യനോട് കാണിക്കുന്നത് നീതികേടാണ്. നിങ്ങളുടെ കൂടെ, ചന്ദ്രശേഖരനോടുള്ള സ്‌നേഹത്തിന്റെ പുറത്ത് കോഴിക്കോടുള്ള നിരവധിപേര്‍ ഐക്യദാര്‍ഡ്യവുമായി വന്നിരുന്നു. അവര്‍ പിരിച്ചെടുത്ത പതിനെട്ട് ലക്ഷം രൂപ നിങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. ഇന്ന് നിങ്ങള്‍ ചന്ദ്രശേഖരന്റെ മേല്‍വിലാസത്തില്‍ ഉമ്മന്‍ചാണ്ടിക്കും വലതുപക്ഷത്തിനും വേണ്ടി നാടകം കളിക്കുമ്പോള്‍ നിങ്ങളെ സഹായിക്കാന്‍ കൂടെ നിന്ന കോഴിക്കോട്ടുകാര്‍ ലജ്ജിക്കുകയാണ്. അന്ന് ആവേശത്തിന്റെ പുറത്ത്, കുത്തക മാധ്യമങ്ങളുടെ വ്യാഖ്യാനത്തിന്റെ പുറത്ത് നിങ്ങളുടെ കൂടെ നിന്നവര്‍ ഇന്ന് നിങ്ങളെ വെറുക്കുന്നു. ആര്‍ എം പി എന്ന മച്ചിത്തവള പാര്‍ട്ടിയോടൊപ്പം യു ഡി എഫിന്റെ ചെളിക്കുണ്ടില്‍ നുരക്കുന്ന കെ കെ രമ, ഒരു വിധവ എന്നതിനപ്പുറം തികഞ്ഞ രാഷ്ട്രീയ നാടകക്കാരി എന്ന തലത്തിലാണ് നില്‍ക്കുന്നത്. വിധവയുടെ നിസഹായത നിറഞ്ഞ കണ്ണുനീരും നെടുവീര്‍പ്പുകളും സങ്കടപെയ്ത്തുമല്ല നിങ്ങളില്‍ ഇപ്പോഴുള്ളത്. കുടിലബുദ്ധിയുള്ള ഒരു രാഷ്ട്രീയക്കാരിയുടെ കരുനീക്കങ്ങളാണ്. അപ്പോള്‍ നനയുന്നത് ചന്ദ്രശേഖരനാണ്. കെ കെ രമേ, ചന്ദ്രശേഖരനെ ഇനിയും മഴയത്ത് നിര്‍ത്തരുത്.
06-Feb-2014
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്