നിലമ്പൂരിലെ രാധയും ബിന്ദുകൃഷ്ണയും പിന്നെ കോണ്‍ഗ്രസും

സംസ്ഥാനത്ത് സ്ത്രീ സുരക്ഷാ യാത്ര നടത്തുന്ന മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ, കോണ്‍ഗ്രസുകാര്‍ ബലാല്‍സംഗം ചെയ്തുകൊന്ന രാധയുടെ വീട് സന്ദര്‍ശിക്കണം. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയക്കണം. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിക്കണം. സരിതാ നായരുടെയും ശാലുമേനോന്റെയും സാരിത്തുമ്പില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തൂക്കിക്കൊന്ന്, സ്ത്രീശരീരങ്ങളില്‍ കാമവെറി തീര്‍ക്കാന്‍ വെമ്പി നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് പൗരുഷങ്ങളെ കുറിച്ച് വിളിച്ചുപറയണം. പീതാംബര കുറുപ്പുമാരുടെ കൈയ്യെത്താ ദൂരത്ത് നില്‍ക്കാന്‍ കഴിയാത്ത രാധമാരുടെ ശരീരം ഇനിയും പൊട്ടക്കുളങ്ങളില്‍ പൊങ്ങുന്ന ഗതിവരുത്തരുത് എന്ന് കോണ്‍ഗ്രസ് അധ്യക്ഷയോട് വിലപിക്കണം. വി എം സുധീരനെ കൊണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിക്ക് കടുക്കചികിത്സ നടത്താന്‍ അഭ്യര്‍ത്ഥിക്കണം. ഇല്ലെങ്കില്‍ ഏതെങ്കിലും കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ നാളെ ബിന്ദുകൃഷ്ണയും അപമാനിക്കപ്പെട്ടേക്കാം. കേരളത്തിലെ മാധ്യമങ്ങള്‍ ആ കാഴ്ചയും കണ്ടില്ലെണ്ണ്‍ നടിച്ചേക്കാം. 

ഏതോ ഒരു കോണ്‍ഗ്രസുകാരന്റെ കാമഭ്രാന്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ട ഒരു സ്ത്രീ മാത്രമാണ് നിലമ്പൂര്‍ കോവിലകത്തുമുറി ചിറക്കല്‍ വീട്ടില്‍ രാധ എന്ന് നിസാരവത്കരിക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലെ മാധ്യമങ്ങള്‍. കോണ്‍ഗ്രസ് ഓഫീസില്‍ ഒരു പാവപ്പെട്ട സ്ത്രീ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി മരിക്കുന്നത് ഒരു ബ്രേക്കിംഗ് ന്യൂസുപോലുമാവാതെ, ഒന്നാം പേജിലെ പ്രധാന വാര്‍ത്തയാവാതെ മുക്കികളയുന്ന മാധ്യമ ബോധമാണ് കേരള പൊതു സമൂഹത്തില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത്. ഒരു പ്രധാനപ്പെട്ട വാര്‍ത്തയെ ഇത്തരത്തില്‍ കൊലചെയ്യുന്നത് തീര്‍ച്ചയായും പ്രത്യേക താല്‍പ്പര്യങ്ങള്‍ ഈ മാധ്യമങ്ങള്‍ക്ക് ഉള്ളതുകൊണ്ടാണ്. അത് വലതുപക്ഷത്തെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ സഹായിക്കുക എന്ന താല്‍പ്പര്യമാണ്. ഇപ്പോള്‍ മാധ്യമങ്ങള്‍ തങ്ങള്‍ വിജയശ്രീലാളിതരായി നില്‍ക്കുകയാണെന്നാണ് കരുതുന്നത്. അവര്‍ അഹങ്കരിക്കുന്നത് കേരളത്തിന്റെ വാര്‍ത്തകളുടെ അജണ്ടകള്‍ നിര്‍ണയിക്കുന്നത് തങ്ങളാണെന്നാണ്. പക്ഷെ, കേരള പൊതുസമൂഹം നിങ്ങളെ വിലയിരുത്തുന്നുണ്ട്. അവര്‍ കാര്‍ക്കിച്ച് തുപ്പുന്നത്, ഒമ്പതുമണിക്ക് ചര്‍ച്ചകള്‍ നയിക്കുന്ന കോട്ടിട്ട ജഡ്ജിമാരുടെ മുഖത്തേക്ക് തന്നെയാണ്. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് ചര്‍ച്ചകള്‍ നടത്തുന്നത്. നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് വാര്‍ത്തകള്‍ ഒരുക്കുന്നത്? നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് മാധ്യമധര്‍മത്തെ വ്യഭിച്ചരിക്കുന്നത്?

രാധ എന്ന സ്ത്രീയെ കടിച്ചുകുടഞ്ഞ് കൊന്നത് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായ ബിജു നായരും സുഹൃത്തും ചേര്‍ന്നാണെന്നാണ് ചെന്നിത്തലയുടെ പോലീസ്പറയുന്നത്. അവര്‍ മാത്രമാണെന്ന് കരുതണം എന്ന കല്‍പ്പനയും ആ പറച്ചിലിനടിയില്‍ ഉണ്ട്. ആര്യാടന്‍ മന്ത്രിയുടെവിശ്വസ്തന്‍ ആയ ബിജു നായര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മറ്റി ഓഫീസിന്റെ ഓഫീസ് സെക്രട്ടറി കൂടിയാണ്. രാധയെ കൊന്നശേഷം കോണ്‍ഗ്രസ് ഓഫീസില്‍ രണ്ട് ദിവസം ആ മൃതദേഹം സൂക്ഷിച്ചുവെച്ചു. ആ സമയത്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെ വന്നു. ആര്യാടന്‍ മുഹമ്മദിനെ കാണാനും അദ്ദേഹത്തിനുള്ള നിവേദനങ്ങള്‍ കൊടുക്കാനും നിരവധി ആളുകള്‍ വന്നപ്പോള്‍ രാധയുടെ ഘാതകനും കോണ്‍ഗ്രസുകാരനുമായ ബിജു അവരെ സ്വീകരിച്ചു. നിരവധി തവണ അയാള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദുമായി ബന്ധപ്പെട്ടു. ആര്യാടന്‍ ഷൗക്കത്തുമായി ബന്ധപ്പെട്ടു. നിരവധി ജില്ലാ-സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു. ആ കൊലപാതകി കൊലപാതകത്തെ കുറിച്ച് ഇവരോടൊന്നും സംസാരിച്ചില്ല എന്ന് കരുതാന്‍ സാധിക്കുകയില്ല. കൊലപാതകം നടന്നതിന് ശേഷം കോണ്‍ഗ്രസ് ആഫീസിലെ ഫോണില്‍ നിന്നും പുറത്തേക്ക് പോയ ഫോണ്‍ കോളുകള്‍, ബിജു നായര്‍ക്ക് ആര്യാടന്‍ മുഹമ്മദ് അനുവദിച്ച മൊബൈല്‍ ഫോണില്‍ നിന്നും പുറത്തേക്ക് പോയ ഫോണ്‍കോളുകള്‍, അയാളുടെ മറ്റ് സ്വകാര്യ നമ്പറില്‍ നിന്നും വിളിച്ച കോളുകള്‍ എന്നിവ എന്തുകൊണ്ട് പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല എന്നത് സംശയമുണര്‍ത്തുന്നു. ആര്യാടന്‍ മുഹമ്മദിനെ സഹായിക്കാനെന്ന പോലെ കൊല നടന്ന കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ ബ്ലോക്ക് കമ്മറ്റി ഓഫീസ് സീല്‍ ചെയ്യാതെ തെളിവുകള്‍ നശിപ്പിക്കാന്‍ പാകത്തില്‍ തുറന്നിട്ടത് ഗൂഡാലോചനയുടെ ഭാഗമല്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. 

രാധ എന്ന പാവപ്പെട്ട സ്ത്രീയുടെ ജീവിതത്തിന് കേരളത്തിലെ മാധ്യമങ്ങള്‍ എന്തുകൊണ്ട് വിലകല്‍പ്പിക്കുന്നില്ല. അവരുടെ മുഷിഞ്ഞ, ദാരിദ്ര്യംകൊണ്ട് പിഞ്ഞിപ്പോയ ശരീരത്തില്‍ കോണ്‍ഗ്രസ് വേട്ടനായ്ക്കള്‍ അവരുടെ ഭരണഘടന ഉരുക്കഴിച്ചപ്പോള്‍ നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു? കേരളം കണ്ടതാണ് നിങ്ങള്‍ നടത്തിയ ആഘോഷങ്ങള്‍. എല്ല് കടിച്ചുപിടിച്ചും പിടിക്കാതെയും നിങ്ങള്‍ തീര്‍ത്ത വാര്‍ത്തകളുടെ, നിങ്ങളുടെ അന്വേഷണ ചാതുര്യത്തിന്റെ നീണ്ട നാളുകള്‍ ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് കേരളം കണ്ടു. ഇന്നും നിങ്ങള്‍ അമ്പത്തിയൊന്ന് വെട്ടിന്റെ നിഷ്ഠൂരതയെ കുറിച്ച് വാചാലരാവുമ്പോള്‍, അത് വേണ്ടെന്നല്ല പറയുന്നത്. അതിന് പകരം ഇത് പറയൂ എന്നുമല്ല പറയുന്നത്. വായിലുള്ള എല്ലിന്റെ നന്ദി നിങ്ങള്‍ കാണിച്ചോളൂ. അതിനൊപ്പം നിങ്ങള്‍ കേരളത്തിലെ സമൂഹത്തെ മാനിക്കണം. രാധയെ പോലുള്ള പാവങ്ങള്‍ ഇനിയും കൊല്ലപ്പെടാന്‍ പാടില്ല. അവരുടെ കടിച്ചുപറിച്ച ശരീരങ്ങള്‍ ഇനിയും പൊട്ടകുളങ്ങളില്‍ ഉയര്‍ന്നുവരാന്‍ പാടില്ല. അതിനാല്‍ നിങ്ങളുടെ കണ്ണുകള്‍ രാധമാരുടെ ശരീരത്തില്‍ ദ്രംഷ്ടകളാഴ്ത്തുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ തുറന്നുവെച്ചേ മതിയാവു.

വീരേന്ദ്രകുമാര്‍ എന്ന മാധ്യമവണിക്കിന് പിണറായി വിജയന്‍ എന്ന സിപിഐ എം സെക്രട്ടറിയോടുള്ള വിദ്വേഷത്തിന്റെ കണക്ക് തീര്‍ക്കുവാനുള്ളതല്ല മലയാളത്തിന്റെ മാധ്യമങ്ങളുടെ വര്‍ത്തമാനം. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ എത്ര ലാഘവത്തോടെയാണ് വലിച്ചെറിയുന്നത്. അവരുടെ ജീവിതത്തെ എത്ര പരിഹാസ്യതയോടെയാണ് വീക്ഷിക്കുന്നത്. ഓട്ടോറിക്ഷക്കാരന്റെ സമരം വേണ്ടെന്ന് വിധിയെഴുതുകയും എണ്ണവില വര്‍ധന വാര്‍ത്തയാക്കാതെ മൂടിവെക്കുകയും ചെയ്യുന്ന നിങ്ങളുടെ കുത്തകകളോടുള്ള താല്‍പ്പര്യം തന്നെയാണോ, ഈ കൊലപാതകത്തിന് പിന്നില്‍ പോവാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരണയാവുന്നത്?

രാധ എന്ന ഈ പാവപ്പെട്ട സ്ത്രീ, അവര്‍ മരണപ്പെടുന്നത് തീര്‍ത്തും യാദൃശ്ചികമായല്ല. കാമാര്‍ത്തിപ്പിടിച്ച് പിച്ചി ചീന്തുന്നതിനപ്പുറത്ത് അവരിലെ ചില രഹസ്യങ്ങളെ നിശബ്ദമാക്കുകയായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയം. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സ്ത്രീവിരുദ്ധമായ സംസ്‌കാരത്തിന്റെ ഇരകൂടിയാണ് രാധ. ബിജുനായര്‍ വഴിയാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. നിരവധി സ്ത്രീകള്‍ പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദിനെ സമീപിക്കാറുണ്ട്. അവരെ വശീകരിച്ചും പ്രലോഭിപ്പിച്ചും കാമദാഹം തീര്‍ക്കാന്‍ ഉപയോഗിച്ചത് ഈ പേഴ്‌സണല്‍ സ്റ്റാഫംഗം മാത്രമാണോ? ഈ ചോദ്യത്തിനുള്ള ഉത്തരം കേരള സമൂഹത്തിന് കൊടുക്കാനുള്ള ബാധ്യത കേരളത്തിലെ നിഷ്പക്ഷ വേഷം കെട്ടിയാടുന്ന മാധ്യമങ്ങള്‍ക്കില്ലേ? നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന, ഒരു പ്രകാശന്‍ ഓഫീസിലേക്ക് വിളിച്ച ഒരു അധ്യാപികയോട് ലൈംഗീകമായി ബന്ധപ്പെടാന്‍ സമ്മതിച്ചാല്‍ എല്ലാ കാര്യങ്ങളും സാധിച്ചുതരാം എന്ന് പറഞ്ഞ കാര്യം ലോകം മുഴുവന്‍ പരസ്യമായതാണ്. ടി സിദ്ദിക്കിന്റെ പ്രധാന അനുചരനായ പ്രകാശനെ സിദ്ദിക്ക് സംരക്ഷിച്ചു. ഇപ്പോഴും പ്രകാശന്‍ സിദ്ദിക്കിന്റെ കൂടെയാണ്. ഇത്തരത്തിലാണ് എല്ലാ കോണ്‍ഗ്രസ് നേതാക്കളുടെയും അവസ്ഥയെന്ന് തോന്നുന്നു. ഈ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വി എം സുധീരനെ കെ പി സി സി പ്രസിഡന്റായി കൊണ്ടുവന്നത് എന്നാണ് ചില കോണ്‍ഗ്രസുകാര്‍ പറയുന്നത്. പക്ഷെ, മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ 350 കോടിയുടെ ഭൂമിതട്ടിപ്പില്‍ നിന്ന് ആരംഭിക്കാന്‍ വി എം സുധീരന് സാധിക്കാത്തിടത്തോളം കാലം സുധീരന്‍ വെറും തോല്‍പ്പാവ മാത്രമാണ്.

നിലമ്പൂരില്‍ കോണ്‍ഗ്രസുകാര്‍ ബലാല്‍സംഗം ചെയ്ത് കൊലചെയ്ത രാധ, കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മറ്റി ഓഫീസില്‍ മാത്രമല്ല തൂപ്പുജോലിക്ക് പോവുന്നത്. നിലമ്പൂരിലുള്ള ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസിലും ആര്യാടന്‍ മുഹമ്മദിന്റെ സഹോദരപുത്രന്‍ അഡ്വ.ആസാദിന്റെ വീട്ടിലും ജോലിക്ക് പോവുന്നുണ്ട്. ഇവിടെ എവിടെയൊക്കെയോ നടന്ന പല നിഗൂഡരഹസ്യങ്ങളും രാധയ്ക്ക് അറിവുണ്ട്. അതില്‍ വിവാദങ്ങളായേക്കാവുന്ന അവിഹിത ബന്ധങ്ങളുണ്ട്. ആ കഥകള്‍ പുറംലോകം അറിഞ്ഞാല്‍ മലപ്പുറത്തെ മുസ്ലീം ലീഗിനെ അങ്കത്തിന് വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ആര്യാടന് പിന്നെ ബാല്യങ്ങള്‍ ബാക്കിയുണ്ടാവില്ല. ആ തിരിച്ചറിവില്‍ നിന്നാണ് ഈ കൊലപാതകം ഉണ്ടായതെന്നാണ് ഇപ്പോള്‍ സംശയമുയരുന്നത്. രാധയെ കൊലചെയ്ത, ആര്യാടന്‍മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവും കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായ ബിജു നായര്‍ക്ക് പോലീസ് നല്‍കുന്ന വി ഐ പി പരിഗണന ആ സത്യത്തില്‍ നിന്ന് ഉണ്ടാവുന്നതാണ്.

സംസ്ഥാനത്ത് സ്ത്രീ സുരക്ഷാ യാത്ര നടത്തുന്ന മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ, കോണ്‍ഗ്രസുകാര്‍ ബലാല്‍സംഗം ചെയ്തുകൊന്ന രാധയുടെ വീട് സന്ദര്‍ശിക്കണം. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയക്കണം. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിക്കണം. സരിതാ നായരുടെയും ശാലുമേനോന്റെയും സാരിത്തുമ്പില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തൂക്കിക്കൊന്ന്, സ്ത്രീശരീരങ്ങളില്‍ കാമവെറി തീര്‍ക്കാന്‍ വെമ്പി നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് പൗരുഷങ്ങളെ കുറിച്ച് വിളിച്ചുപറയണം. പീതാംബര കുറുപ്പുമാരുടെ കൈയ്യെത്താ ദൂരത്ത് നില്‍ക്കാന്‍ കഴിയാത്ത രാധമാരുടെ ശരീരം ഇനിയും പൊട്ടക്കുളങ്ങളില്‍ പൊങ്ങുന്ന ഗതിവരുത്തരുത് എന്ന് കോണ്‍ഗ്രസ് അധ്യക്ഷയോട് വിലപിക്കണം. വി എം സുധീരനെ കൊണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിക്ക് കടുക്കചികിത്സ നടത്താന്‍ അഭ്യര്‍ത്ഥിക്കണം. ഇല്ലെങ്കില്‍ ഏതെങ്കിലും കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ നാളെ ബിന്ദുകൃഷ്ണയും അപമാനിക്കപ്പെട്ടേക്കാം. കേരളത്തിലെ മാധ്യമങ്ങള്‍ ആ കാഴ്ചയും കണ്ടില്ലെണ്ണ്‍ നടിച്ചേക്കാം. 

വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ദിവസം അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടാക്കേണ്ടതില്ല എന്ന് കരുതിയാവണം മലയാള മനോരമ അകത്തെ പേജില്‍ രണ്ട് കോളങ്ങളിലൊതുക്കി രാധയുടെ കൊലപാതക വാര്‍ത്ത നിസാരവല്‍ക്കരിച്ചിരിക്കുന്നു. സുധീരന്റെ സ്ഥാനാരോഹണത്തെ വലിയ ആനക്കാര്യമായി മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. ആദര്‍ശധീരനായ സുധീരന്‍ തുടങ്ങേണ്ടത് രാധയുടെ കൊലപാതകത്തില്‍ നിന്നുമാണ്. ഏതൊക്കെ കോണ്‍ഗ്രസുകാര്‍ക്ക് ആ കൊലപാതകത്തില്‍ പങ്കുണ്ട് എന്നത് സുധീരന്‍ അന്വേഷിക്കണം. നേരത്തെ കെ പി സി സി പ്രസിഡന്റ് പദവിയിലിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പോലീസ് ഈ കൊലപാതകം അന്വേഷിക്കുന്നതില്‍ കാണിക്കുന്ന 'രക്ഷിക്കാനുള്ള ത്വര' അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കണം. കൊലപാതകത്തിന് പിന്നിലുള്ള ഉന്നതരുടെ നേര്‍ക്ക് അന്വേഷണത്തിന്റെ കുന്തമുന തിരിക്കാനുള്ള ആര്‍ജ്ജവം കെ പി സി സി പ്രസിഡന്റിന് ഉണ്ടോ എന്നതുതന്നെയാണ് പ്രധാനപ്പെട്ട ചോദ്യം.

 

 

11-Feb-2014