പരനാറിയും ചെറ്റയും വ്യാഖ്യാന വിശാരദന്‍മാരും

ഭൂമിയുടെയും പാര്‍പ്പിടത്തിന്റെയും പേരിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ പരിഷ്‌കരണത്തിനൊപ്പം ശകാരവാക്കുകള്‍ ആരും പരിഷ്‌കരിച്ചില്ല. തെണ്ടിയും ചെറ്റയും നാറിയും നായിന്റെമോനുമൊക്കെ അതേ വിധത്തില്‍ തന്നെ നിലനിന്നു. അവര്‍ണനെ വിളിച്ച ശകാരവാക്കുകള്‍ സവര്‍ണനെ വിളിക്കാനായി പുതുക്കിയെടുക്കാന്‍ ഇന്നത്തെ വ്യാഖ്യാനവിശാരദന്‍മാരുടെ ഗുരുക്കന്‍മാരോ, അപ്പനപ്പൂപ്പന്‍മാരോ തുനിഞ്ഞില്ല. അവര്‍ക്ക് വിവരമുണ്ടായിരുന്നു. അവര്‍ ഉപയോഗിച്ചതും ഇതേ ശകാരവാക്കുകള്‍ തന്നെയായിരുന്നു. ശകാരങ്ങളില്ലാത്ത ഒരു നാളെ പുലരുന്നത് വരെ, ഏത് കാലാവസ്ഥയിലും അന്തരീക്ഷത്തിലും ജാതി-മത-വര്‍ണ വ്യത്യാസമില്ലാതെ ശകാരിക്കാന്‍ നിലവിലുള്ള ശകാരപദങ്ങള്‍ തന്നെ മതിയാവുമെന്ന് അവര്‍ക്കറിയാമായിരുന്നു. നവീകരിക്കപ്പെടേണ്ട ഒന്നല്ല ശകാരവാക്കുകളെന്നും അവയെ വര്‍ഗത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കേണ്ടതില്ലെന്നുമുള്ള മിനിമം ബോധം അവര്‍ക്കുണ്ടായിരുന്നു.

സവര്‍ണനായ നമ്പ്യാരെയോ, നായരെയോ, നമ്പൂതിരിയെയോ ചീത്തവിളിക്കേണ്ട സാഹചര്യമുണ്ടായാല്‍ അവര്‍ണനായ വ്യക്തി പുതിയ ശകാരപദാവലികള്‍ തേടിപ്പോയില്ല. നാറിയെന്നും ചെറ്റയെന്നും തന്നെയാണ് വിളിച്ചത്. വിളികേട്ട സവര്‍ണന്‍മാര്‍ ആ ശകാരവാക്കുകളില്‍ അപമാനിതരാവുകയും ശകാരവാക്കുകള്‍ നിര്‍വഹിക്കേണ്ട കടമ ഭംഗിയായി നിറവേറ്റപ്പെടുകയും ചെയ്തു. മുതലാളി വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന, സവര്‍ണ വിഭാഗത്തിലുള്ള പ്രേമചന്ദ്രന്‍നായരില്‍ പരനാറി എന്ന വാക്ക് ചാട്ടുള്ളിപോലെ കൊള്ളുമ്പോള്‍ അത് തൊഴിലാളി വര്‍ഗത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന ഒരുശകാരവാക്ക് തന്നെയായി മാറുകയാണ്.

സിപിഐ എം സംസ്ഥാന സെക്രട്ടറിയെ വാക്കുകള്‍ പ്രയോഗിക്കാന്‍ പഠിപ്പിക്കുന്ന ബുദ്ധിജീവികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഫേസ്ബുക്കിനകത്ത് കമ്യൂണിസ്റ്റ് കമ്മീസാര്‍മാരും ജമാഅത്തെ ഇസ്ലാമി വണിക്കുകളും തുടങ്ങി പലരും ഭാഷാപ്രയോഗത്തിലെ വര്‍ഗശാസ്ത്രത്തിന്റെ കുറ്റവും കുറവും പങ്കുവെക്കുന്നു. സിപിഐ എം സംസ്ഥാനസെക്രട്ടറി ഉപയോഗിച്ച 'പരനാറി', ചെറ്റ എന്നീ പദങ്ങളാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. പരനാറി എന്ന പദമാണ് കൊല്ലം ലോകസഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം എ ബേബിയുടെ പരാജയത്തിന് കാരണമായത് എന്നുവരെ വ്യാഖ്യാനിച്ച് രസിക്കുകയാണിവര്‍. ഇത്തരത്തിലുള്ള നോക്കികാണലുകളുടെ ആകെ തുക 'അഡ്വ.ജയശങ്കര്‍സിന്‍ഡ്രോം' ആണ്. ഇടതുപക്ഷമാണെന്ന് ഭാവിക്കുകയും സിപിഐ എമ്മിനെ വിശിഷ്യാ പിണറായി വിജയനെ വെറുക്കുകയും ചെയ്യുന്ന രോഗാതുരമായ മാനസികാവസ്ഥ. അത് സിപിഐ എമ്മിനെ വെറുക്കാനും ഒറ്റപ്പെടുത്താനും വേണ്ടിയുള്ളതാണ്. ഭാഷാപ്രയോഗങ്ങളില്‍ വരെ മലീമസമായ ഒരു സംസ്‌കാരം വച്ചുപുലര്‍ത്തുന്നവരാണ്, മുതലാളിവര്‍ഗ പദാവലികള്‍ സുലഭമായി ഉപയോഗിക്കുന്നവരാണ് സിപിഐ എംകാര്‍ എന്ന് സ്ഥാപിക്കാന്‍ വേണ്ടിയുള്ളതാണ്. 

വര്‍ഗബോധത്തിലധിഷ്ടിതമായ പ്രത്യയശാസ്ത്രവുമുയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോവുന്ന സിപിഐ എമ്മിനെ ഇകഴ്ത്തി കാട്ടുന്നതിന് വേണ്ടി മൂലധനശക്തികളും അവര്‍ പോറ്റി വളര്‍ത്തുന്ന സ്വത്വരാഷ്ട്രീയമടക്കമുള്ള സങ്കുചിത രാഷ്ട്രീയ ധാരകളുമാണ് 'പരനാറി', 'ചെറ്റ' എന്നീ പദങ്ങള്‍ ദളിത് വിരുദ്ധമാണ്, തൊഴിലാളി വിരുദ്ധമാണ് എന്ന് പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ മൂലധനശക്തികളുടെ അടിമകള്‍ ആയതുകൊണ്ടുമാത്രമാണ് 'പരനാറി' വിവാദത്തെ വിടാതെ പിന്തുടരുന്നത്. അത് ദളിതുകളോടും തൊഴിലാളികളോടുമുള്ള സ്‌നേഹം കൊണ്ടല്ല. സിപിഐ എംന്റെ നാവിലൂടെ വന്നതുകൊണ്ട് മാത്രമാണ്.

'പരനാറി' എന്ന പദം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വിചാരണയ്ക്ക് വിധേയമാവുന്നുണ്ട്. വളരെ 'മാന്യനായ പ്രേമചന്ദ്രന്' നേരെ ആ പദം പ്രയോഗിച്ചത് ശരിയായില്ല എന്നൊരു പൊതുവികാരവും 'നായര്‍വികാരവും' ഉണ്ടാക്കിയെടുക്കാന്‍ കുത്തകമാധ്യമങ്ങള്‍ മത്സരിച്ചു. ശശിതരൂര്‍ നായര്‍ സ്ത്രീകളെ കുറിച്ച് വ്യാഖ്യാനിച്ചെഴുതിയ പുസ്തകത്തിലെ ഉള്ളടക്കം മുക്കിയ മാധ്യമങ്ങളാണ് പ്രേമചന്ദ്രന്‍നായരെ പരനാറി എന്ന് വിളിച്ചത് ശരിയായില്ല എന്ന് പറഞ്ഞത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞു. പ്രേമചന്ദ്രന്‍ വിജയിച്ചു. എന്നിട്ടും 'പരനാറി' എന്ന പദത്തെ മാധ്യമങ്ങളും വിശാരദപടുക്കളും ഉപേക്ഷിക്കുന്നില്ല. അവര്‍ ആ പദത്തില്‍ ദളിത് നിന്ദ, തൊഴിലാളി നിന്ദ തുടങ്ങിയവ കണ്ടെത്താന്‍ മൈക്രോസ്‌കോപ്പ് പിടിപ്പിക്കുകയാണ്. വ്യാഖ്യാനിച്ച് പൊലിപ്പിക്കുകയാണ്. മണ്ണിന്റെ, ചേറിന്റെ നാറ്റവും പേറി നില്‍ക്കുന്ന തൊഴിലാളിയെ, ഭൂപ്രഭുവായ ജന്‍മി വിളിച്ച പദമാണ് നാറി എന്നും ഈ പദം സിപിഐ എമ്മിന്റെ നാവിലൂടെ പുറത്തുവരുമ്പോള്‍ സിപിഐ എം മുതലാളിപക്ഷത്താണെന്നുമാണ് ചില മാധ്യമങ്ങളും സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വ്യാഖ്യാന വിശാരദന്‍മാരും പറഞ്ഞുവെക്കുന്നത്. പരനാറി എന്നുള്ള പദത്തിന് ശബ്ദതാരാവലി അര്‍ത്ഥം പങ്കുവെക്കുന്നില്ല. പരനാരി എന്ന പദമുണ്ട്. അന്യസ്ത്രീ എന്നാണ് അര്‍ത്ഥം. നാറി എന്ന പദത്തിന്റെ അര്‍ത്ഥം നാറുന്നത്, നല്ലതും ചീത്തയുമായ മണം വമിക്കുന്നത്, ദുഷ്‌കീര്‍ത്തി പരത്തുന്നത് എന്നൊക്കെയാണ്. പിണറായി വിജയന്‍ ഈ പദം എങ്ങിനെ, ഏത് സാഹചര്യത്തില്‍ ആണ് ഉപയോഗിച്ചത് എന്നത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

“കൊല്ലത്ത് പ്രേമചന്ദ്രനെ ഞാന്‍ പേരെടുത്ത് പറഞ്ഞിട്ടില്ല. ആര്‍എസ്പിയുടെ മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചത്. മൂന്ന് ആഴ്ചമുമ്പ് കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നുവെന്ന് പീതാംബരക്കുറുപ്പു തന്നെ വെളിപ്പെടുത്തിയ സാഹചര്യമാണ് വിശദീകരിച്ചത്്. വഞ്ചകന്മാരെ സമൂഹം അംഗീകരിക്കില്ല. ആ ബോധം വച്ചുതന്നെയാണ് പറഞ്ഞത്. അതുകൊണ്ടാണ് അത് സമൂഹം എറ്റെടുത്ത് പ്രേമചന്ദ്രന് പുതിയ പേര് ചാര്‍ത്തിക്കൊടുത്തത്.......
പ്രേമചന്ദ്രന്റെ തദ്ദേശ ഭരണതലം മുതലുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനം നമുക്കറിയാം. പാര്‍ലമെന്റംഗവും നിയമസഭാംഗവും മന്ത്രിയുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു. അങ്ങനെ പാര്‍ലമെന്ററിസ്ഥാനം ഇല്ലാതായി. ഇതാണ് കൊല്ലം സീറ്റില്‍ മത്സരിച്ചേ അടങ്ങൂ എന്ന വാശിക്ക് ഏക കാരണം. ആര്‍എസ്പിയുമായുള്ള സീറ്റുചര്‍ച്ചയില്‍ മുമ്പൊരിക്കല്‍ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ പ്രേമചന്ദ്രന്‍ മന്ത്രിയാണ്. അന്ന് സീറ്റ് വേണ്ടെന്ന് പറഞ്ഞതിനുപിന്നില്‍ ആരാണെന്ന് അന്നേ അറിയാം. ഞങ്ങള്‍ അത് വിളിച്ചുപറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണമായതിനാല്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയിട്ടില്ല. ആരെയും പേരെടുത്ത് ആക്ഷേപിച്ചിട്ടുമില്ല. ഒരു പരനാറി മത്സരിക്കുന്നുണ്ടെന്ന് പറഞ്ഞു. താന്‍ പരനാറിയാണ് എന്ന തോന്നല്‍ പ്രേമചന്ദ്രന് എങ്ങനെയുണ്ടായി. ആ വിശേഷണം പ്രേമചന്ദ്രന്‍ അര്‍ഹിക്കുന്നുണ്ടെന്ന് നാട് കരുതിക്കഴിഞ്ഞു. പലരും പറയുന്നത് യൂദാസ് എന്നോ, രാഷ്ട്രീയ വേശ്യ എന്നോ വിളിക്കണമെന്നാണ്. അതിനൊന്നും ഞാനില്ല.” കണ്ണൂരില്‍ ഏപ്രില്‍ ഒമ്പതിന് നടത്തിയ പത്രസമ്മേളനത്തിലൂടെ പിണറായി നല്‍കിയ ഈ വിശദീകരണത്തില്‍ എല്ലാമുണ്ട്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ 'പരനാറി' പ്രയോഗം തെറ്റായിപ്പോയോ എന്നാരാഞ്ഞപ്പോള്‍ പിണറായി "രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരെ ചെറ്റ എന്ന പദമുയപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്" എന്ന് പറയുകയുണ്ടായി. അതിനെ തുടര്‍ന്ന് വ്യാഖ്യാന വിശാരദന്‍മാര്‍ ആഘോഷിക്കുന്നത് 'ചെറ്റ' എന്ന പദത്തെ പൊക്കിപ്പിടിച്ചാണ്. ചെറ്റ എന്ന പദത്തിന് ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലി വിവിധ അര്‍ത്ഥങ്ങള്‍ പങ്കുവെക്കുന്നുണ്ട്. 1) വള്ളികൊണ്ടോ ഓലകൊണ്ടോ മിടഞ്ഞുണ്ടാക്കുന്ന വസ്തു. 2) പാവപ്പെട്ടവന്റെ വീട്. 'ചെറ്റക്കുടി'. 3) മറ, തട്ടി. 4) തീക്കൊള്ളി. 5) വയ്‌ക്കോല്‍. 6) ചീഞ്ഞോ ഉണങ്ങിയോ ചീത്തയായ വസ്തു. 7) ഹീനന്‍, നികൃഷ്ടന്‍. 8) ജാലപാദം. ഇത്രയും അര്‍ത്ഥങ്ങള്‍ ചെറ്റ എന്നുള്ള പദത്തിന്റേതായി ഉണ്ട്. പണ്ട് അവര്‍ണരെ, മണ്ണില്‍ നുരക്കുന്ന തൊഴിലാളികളെ വിളിക്കാന്‍, ശകാരിക്കാന്‍ സവര്‍ണന്‍ പ്രയോഗിച്ചിരുന്ന അതേ വികാരത്തിലും അര്‍ത്ഥത്തിലുമാണ് സിപിഐ എം സംസ്ഥാനസെക്രട്ടറി ചെറ്റ എന്നുള്ള പദം ഉപയോഗിച്ചത് എന്ന് വ്യാഖ്യാനിക്കുന്നത് എന്ത് താല്‍പ്പര്യത്തിന്റെ പുറത്താണ്? 'ചെറ്റ' പ്രയോഗത്തിലൂടെ പിണറായി ധ്വനിപ്പിക്കാന്‍ ശ്രമിച്ചത് 'ചെറ്റക്കുടി' എന്നാണെന്നും അത് ചാതുര്‍വര്‍ണവ്യവസ്ഥിതിയുടെ ജാതിനിന്ദയും തൊഴിലാളി നിന്ദയുമാണെന്നും വ്യാഖ്യാനിച്ച് പൊലിപ്പിക്കുന്ന വര്‍ഗ സാഹിത്യകാരന്‍മാര്‍ക്ക് നല്ല നമസ്‌കാരം.

ചാതുര്‍വര്‍ണ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗത്തെ പ്രതിനിധീകരിച്ച് നിന്ന സവര്‍ണന്‍, മണ്ണില്‍ നുരക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധിയായ അവര്‍ണനോട് പ്രയോഗിച്ച പദങ്ങള്‍ ആ കാലത്ത് തിരികെ പ്രയോഗിക്കാന്‍ സ്വപ്നത്തില്‍ പോലും സാധിക്കുമായിരുന്നില്ല. അവര്‍ണര്‍ക്ക് നേരെ നടത്തിയ ക്രൂരതകളും ചൂഷണങ്ങളും വിവരണാതീതമായ തലത്തിലുള്ളതായിരുന്നു. ആ വവ്യവസ്ഥിതിയെ മാറ്റി മറിക്കാന്‍ യത്‌നിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമാണ്. ജാതീയതക്കും അയിത്തത്തിനുമെതിരെ നിരവധി പോരാട്ടമുഖങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായി. തീണ്ടിക്കൂടാത്ത സവര്‍ണന്റെ മുഖത്തേക്ക് നോക്കി 'പോടാ ചെറ്റേ...' എന്ന് ആട്ടിക്കൊണ്ട് തന്റെ വഴിയിലൂടെ നട്ടെല്ലുയര്‍ത്തി നടക്കുവാനുള്ള പ്രാപ്തി അവര്‍ണന് പകര്‍ന്ന് നല്‍കിയത് പിണറായി വിജയന്റെ പിന്‍മുറക്കാരാണ്.

സവര്‍ണരായ ഭൂപ്രഭുക്കന്‍മാരും ജന്‍മികളും കൈയടക്കിവെച്ചിരുന്ന ഭൂമി പിടിച്ചെടുത്ത് ഭൂപരിഷ്‌കരണം നടപ്പിലാക്കിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെയായിരുന്നു. ഭൂപരിഷ്‌കരണത്തോടൊപ്പം സാസ്‌കാരിക അവബോധത്തിലും സാമൂഹിക കെട്ടുപാടുകളിലും കൂടി പരിഷ്‌കരണം നടക്കുകയുണ്ടായി. സവര്‍ണര്‍ അടക്കിപ്പിടിച്ച പേരുകള്‍ പോലും പരിഷ്‌കരണത്തിന് വിധേയമായി. മാതിയും കിട്ടനും എച്ച്മിയും മാധവിയും കോരനുമൊക്കെയായി പഞ്ചപുച്ഛമടക്കി നിന്ന അവര്‍ണന്‍, കൃഷ്ണനും ലക്ഷ്മിയും കുമാരനും ഞങ്ങളുടേത് കൂടിയാണ് എന്ന് ഉറക്കെ പറഞ്ഞു. പേരുകള്‍ ഒരുപോലെയായപ്പോഴാണ് ഇപ്പോള്‍ സവര്‍ണന്‍മാര്‍ വാലുകള്‍ പേരിനൊപ്പം ചേര്‍ക്കുന്നത്. 

ഭൂമിയുടെയും പാര്‍പ്പിടത്തിന്റെയും പേരിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ പരിഷ്‌കരണത്തിനൊപ്പം ശകാരവാക്കുകള്‍ ആരും പരിഷ്‌കരിച്ചില്ല. തെണ്ടിയും ചെറ്റയും നാറിയും നായിന്റെമോനുമൊക്കെ അതേ വിധത്തില്‍ തന്നെ നിലനിന്നു. അവര്‍ണനെ വിളിച്ച ശകാരവാക്കുകള്‍ സവര്‍ണനെ വിളിക്കാനായി പുതുക്കിയെടുക്കാന്‍ ഇന്നത്തെ വ്യാഖ്യാനവിശാരദന്‍മാരുടെ ഗുരുക്കന്‍മാരോ, അപ്പനപ്പൂപ്പന്‍മാരോ തുനിഞ്ഞില്ല. അവര്‍ക്ക് വിവരമുണ്ടായിരുന്നു. അവര്‍ ഉപയോഗിച്ചതും ഇതേ ശകാരവാക്കുകള്‍ തന്നെയായിരുന്നു. ശകാരങ്ങളില്ലാത്ത ഒരു നാളെ പുലരുന്നത് വരെ, ഏത് കാലാവസ്ഥയിലും അന്തരീക്ഷത്തിലും ജാതി-മത-വര്‍ണ വ്യത്യാസമില്ലാതെ ശകാരിക്കാന്‍ നിലവിലുള്ള ശകാരപദങ്ങള്‍ തന്നെ മതിയാവുമെന്ന് അവര്‍ക്കറിയാമായിരുന്നു. നവീകരിക്കപ്പെടേണ്ട ഒന്നല്ല ശകാരവാക്കുകളെന്നും അവയെ വര്‍ഗത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കേണ്ടതില്ലെന്നുമുള്ള മിനിമം ബോധം അവര്‍ക്കുണ്ടായിരുന്നു.

സവര്‍ണനായ നമ്പ്യാരെയോ, നായരെയോ, നമ്പൂതിരിയെയോ ചീത്തവിളിക്കേണ്ട സാഹചര്യമുണ്ടായാല്‍ അവര്‍ണനായ വ്യക്തി പുതിയ ശകാരപദാവലികള്‍ തേടിപ്പോയില്ല. നാറിയെന്നും ചെറ്റയെന്നും തന്നെയാണ് വിളിച്ചത്. വിളികേട്ട സവര്‍ണന്‍മാര്‍ ആ ശകാരവാക്കുകളില്‍ അപമാനിതരാവുകയും ശകാരവാക്കുകള്‍ നിര്‍വഹിക്കേണ്ട കടമ ഭംഗിയായി നിറവേറ്റപ്പെടുകയും ചെയ്തു. മുതലാളി വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന, സവര്‍ണ വിഭാഗത്തിലുള്ള പ്രേമചന്ദ്രന്‍നായരില്‍ പരനാറി എന്ന വാക്ക് ചാട്ടുള്ളിപോലെ കൊള്ളുമ്പോള്‍ അത് തൊഴിലാളി വര്‍ഗത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന ഒരുശകാരവാക്ക് തന്നെയായി മാറുകയാണ്.

അസംതൃപ്തികളും ചതിയും വഞ്ചനയും അസമത്വവും നിലനില്‍ക്കുന്ന കാലത്തോളം ശകാരവാക്കുകളും ഉണ്ടാവും. ദേഷ്യവും കോപവും കുടഞ്ഞെറിയുന്നതിന് ചെറ്റയും നാറിയും പകരുന്ന സേഫ്റ്റിവാള്‍വ് ഇഫക്ട് മറ്റ്പദങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ല. ഈ വാക്കുകള്‍ക്ക് പകരം ആഗോളവത്കരണത്തോടൊപ്പം കടന്നുവന്ന 'ഷിറ്റും' 'ഫക്കും' പകരം വെക്കാനായിരിക്കും സ്വത്വവാദക്കാരും കുത്തക മാധ്യമങ്ങളും 'പരനാറി' വിവാദത്തിലൂടെ ശ്രമിക്കുന്നത്.

ശകാരപദങ്ങള്‍ വിളിക്കാനുള്ളതുതന്നെയാണ്. മുതലാളിത്തത്തിന്റെ ദത്തുപുത്രനെതിരെ ശകാരപദമുയരുമ്പോള്‍ ആ പദത്തിന്റെ വര്‍ഗപരിസരം പരിശോധിക്കണം എന്ന് കല്‍പ്പിക്കുന്നവര്‍ ആദ്യമുണ്ടാക്കേണ്ടത് തൊഴിലാളി വര്‍ഗത്തിന് വിളിക്കുവാനുള്ള ശകാരപദാവലിയാണ്. നിങ്ങളുടെ മടിക്കുത്തില്‍ മുതലാളി വര്‍ഗത്തിന് വിളിക്കാനായി സൂക്ഷിച്ച ശകാരപദാവലികളുടെ കൂടെ പരനാറിയും ചെറ്റയും കൂടി പെറുക്കി വെച്ചോളൂ. പക്ഷെ, ആ മടിക്കുത്തഴിച്ച് ശകാരവാക്കുകളെടുത്ത് തെഴിലാളി വര്‍ഗം പ്രയോഗിക്കുക തന്നെ ചെയ്യും.

20-May-2014