യത്തീമുകള്‍ക്ക് മത, ജാതി വ്യത്യാസം ആവശ്യമില്ല

മുസ്ലീം ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനാണെന്ന് പറയപ്പെടുന്ന യത്തീംഖാന, തിന്മയുടെ വിളനിലമാണ് എന്നൊരഭിപ്രായം ഇല്ല. പക്ഷെ,  ഹൈദരലി ശിഹാബ്തങ്ങള്‍ തന്നെ മുന്‍കൈയെടുത്ത്, അദ്ദേഹം അറിയാതെ എന്തെങ്കിലും തരികിടകള്‍ അവിടെ നടക്കുന്നുണ്ടോ, നടന്നിട്ടിണ്ടോ എന്ന് അന്വേഷിക്കണം. സര്‍ക്കാരിനെ കൊണ്ട് അന്വേഷിപ്പിക്കണം. എന്തിനാണ് കുട്ടികളെ ഇങ്ങനെ തേടിപ്പിടിച്ച് കൊണ്ടുവരുന്നത്? അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ എന്തിനാണ് ഏജന്റുമാര്‍? തുടങ്ങിയ സംശയങ്ങള്‍ക്കുള്ള മറുപടി അത്യാവശ്യമാണ്.

പോലീസ് കേസേടുത്താല്‍ രാഷ്ട്രീയമായി നേരിടുമെന്ന ഒരു പരാമര്‍ശം ഏതോ ഒരു ലീഗ് നേതാവ് പറഞ്ഞുകേട്ടു. അതാണോ വേണ്ടത്? പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അഭിപ്രായവും അത് തന്നെയാണോ?യത്തീമുകളുടെ അഭിപ്രായം അതായിരിക്കില്ല. കാരണം മുസ്ലീം ഹിന്ദു കൃസ്ത്യന്‍ യത്തീമുകളുടെ വേദനക്കും കണ്ണീരിനും വിശപ്പിനുമൊക്കെ ഒരേ രുചിയാണ്. ചോരയ്ക്ക് ഒരേ നിറവും.

അനാഥത്വം ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അനാഥാലയത്തിലെ കുട്ടികള്‍ അനാഥര്‍ ആവണമെന്ന് ആഗ്രഹിച്ച് അങ്ങനെ ആയവര്‍ അല്ല. അവരുടെ ആ ദയനീയമായ അവസ്ഥയ്ക്ക് പല കാരണങ്ങളും ഉണ്ടാവാം. ഒരു പരിധിവരെ ഭരണകൂടങ്ങള്‍ തന്നെയാണ് അനാഥത്വത്തിന്റെ കാരണക്കാര്‍.

കേരളത്തിന്റെ സാമൂഹ്യാവസ്ഥ പരിശോധിക്കുമ്പോള്‍ ഇവിടെ സാമൂഹ്യ ക്ഷേമം ദേശീയ ശരാശരിക്കും മുകളില്‍ പരിപാലിക്കപ്പെടുന്നുണ്ട്. അത്തരമൊരു കാലാവസ്ഥയില്‍ എന്തിനാണ് സ്വകാര്യ വ്യക്തികളെ അനാഥാലയം നടത്താന്‍ അനുവദിക്കുന്നത്? അനാധാലയങ്ങളെ ചുറ്റിപ്പറ്റിയുള്ള നിഗൂഡതയുടെ ആവരണം ആവശ്യമുള്ളതാണോ? അനാഥാലയങ്ങളിലേക്ക് വരുന്ന ഫണ്ടിനെ കുറിച്ച്, അവിടെ പഠിക്കുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച്, അവര്‍ അവിടെ നിന്നും പോയ വഴികളെ സംബന്ധിച്ച് ആര്‍ക്കും ഒരു വ്യക്തതയും ഇല്ലല്ലോ! പാലക്കാട് ഒരു അനാഥാലയത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ അവിടുത്തെ സംഘാടകരിലൊരാള്‍ ബലാല്‍സംഗം ചെയ്തപ്പോള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ഓര്‍ഫനേജുകളുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തമുള്ള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനോട് വിശദീകരണം ചോദിച്ചു. അവരുടെ കൈയില്‍ ഒരു വിശദാംശവും ഇല്ലായിരുന്നു. സംസ്ഥാനത്ത് 1107 അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പ്രാഥമിക വിവരം മാത്രമേ അവര്‍ക്കുള്ളു. ഫണ്ട്, കുട്ടികള്‍ തുടങ്ങിയ കാര്യങ്ങള്‍ പെണ്‍കുട്ടികളുടെ ജീവിതം പഠനം തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇവരുടെ കൈയിലില്ല. ഇത്തരം സംവിധാനങ്ങള്‍ പുനരാവിഷ്കരിക്കാനായില്ലേ? 

പരമ ദയനീയമായ അനാഥത്വം എന്ന അവസ്ഥയെ കച്ചവടവല്‍ക്കരിക്കുന്നത് ശരിയാണോ? ഏറണാകുളത്തെ ഒരു അനാഥാലയം നാട് നീളെ ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിരിക്കുന്നു, സിനിമാ താരങ്ങളുടെ കൂടെ, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ കൂടെയൊക്കെ അനാഥ കുട്ടികള്‍ നിന്നുള്ള ഫോട്ടോ! പണം പിരിവിനുള്ള മാര്‍ക്കറ്റിംഗ്. കുട്ടികളുടെ എണ്ണം കൂട്ടാനുള്ള ഗിമ്മിക്ക്. ഈ അനാഥാലയത്തില്‍ ആണെങ്കില്‍ സിനിമയില്‍ അഭിനയിക്കാം എന്ന ഒരു 'ഗുണം' അനാഥര്‍ക്ക് ഉണ്ട് എന്ന വിളംബരം വരെ ഉണ്ടാവുന്നു. അനാഥാലയത്തിന്‍റെ സംഘാടകന്‍ സിനിമ നിര്‍മിക്കുന്നു. സംവിധാനം ചെയ്യുന്നു. അനാഥര്‍ അഭിനയിക്കുന്നു. വേറൊരു അനാഥാലയം ടെലിവിഷന്‍ പരസ്യത്തിലൂടെ അനാഥത്വത്തെ കച്ചവടവല്‍ക്കരിക്കുന്നു. 

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇഷ്ടം പോലെ ഫണ്ട്, വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. രാജ്യത്തിന് പുറത്ത് നിന്നും അകത്ത് നിന്നും. മുതലാളിത്തം 'കുന്നുകൂട്ടുന്ന ലാഭം' ആഗോളവല്‍ക്കരണ കാലത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നുണ്ട്. ചോര ഊറ്റി, ജീവിതങ്ങള്‍ തകര്‍ത്ത് ലാഭം ഉണ്ടാക്കുന്നതിലെ ഹൃദയ രാഹിത്യത്തെ ഈ ഭിക്ഷയിലൂടെ മറികടക്കാന്‍ ശ്രമിക്കുകയാണ് മുതലാളിത്തം. എന്നാല്‍, ഈ ഫണ്ട് ചെന്നെത്തുന്നത് ആവശ്യമുള്ളവരിലേക്കാണോ, ഇടനിലകളില്‍ അത് അപഹരിക്കപ്പെടുന്നുണ്ടോ എന്നതൊന്നും കൊടുക്കുന്നവര്‍ അന്വേഷിക്കുന്നില്ല. വിനിയോഗത്തെ സംബന്ധിച്ച നല്ലൊരു റിപ്പോര്‍ട്ട് ലഭിച്ചാല്‍ അവര്‍ക്കത് ധാരാളം മതിയാവും. ഈ സാഹചര്യമാണ് ചാരിറ്റിയെ കച്ചവടം ആക്കുന്നത്. കച്ചവടം വരുമ്പോള്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവും. അതിന് മറയിടാന്‍ ആണ് മതം, വിശ്വാസം, സെലിബ്രിറ്റി സ്‌പോണ്‍സറിംഗ് തുടങ്ങിയ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്.

മുസ്ലീം ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനാണെന്ന് പറയപ്പെടുന്ന യത്തീംഖാന, തിന്മയുടെ വിളനിലമാണ് എന്നൊരഭിപ്രായം ഇല്ല. പക്ഷെ,  ഹൈദരലി ശിഹാബ്തങ്ങള്‍ തന്നെ മുന്‍കൈയെടുത്ത്, അദ്ദേഹം അറിയാതെ എന്തെങ്കിലും തരികിടകള്‍ അവിടെ നടക്കുന്നുണ്ടോ, നടന്നിട്ടിണ്ടോ എന്ന് അന്വേഷിക്കണം. സര്‍ക്കാരിനെ കൊണ്ട് അന്വേഷിപ്പിക്കണം. എന്തിനാണ് കുട്ടികളെ ഇങ്ങനെ തേടിപ്പിടിച്ച് കൊണ്ടുവരുന്നത്? അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ എന്തിനാണ് ഏജന്റുമാര്‍? തുടങ്ങിയ സംശയങ്ങള്‍ക്കുള്ള മറുപടി അത്യാവശ്യമാണ്.

പോലീസ് കേസേടുത്താല്‍ രാഷ്ട്രീയമായി നേരിടുമെന്ന ഒരു പരാമര്‍ശം ഏതോ ഒരു ലീഗ് നേതാവ് പറഞ്ഞുകേട്ടു. അതാണോ വേണ്ടത്? പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അഭിപ്രായവും അത് തന്നെയാണോ?

യത്തീമുകളുടെ അഭിപ്രായം അതായിരിക്കില്ല. കാരണം മുസ്ലീം ഹിന്ദു കൃസ്ത്യന്‍ യത്തീമുകളുടെ വേദനക്കും കണ്ണീരിനും വിശപ്പിനുമൊക്കെ ഒരേ രുചിയാണ്. ചോരയ്ക്ക് ഒരേ നിറവും.

03-Jun-2014