ടി ഒ സൂരജും ക്രോണി ക്യാപ്പിറ്റലിസവും
പ്രീജിത്ത് രാജ്
റവന്യു വകുപ്പ് സെക്രട്ടറിയായ ടി ഒ സൂരജിന്റെ, ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന അഴിമതി ഒരു കോര്‍പ്പറേറ്റ് ഭീമനുമായി ബന്ധപ്പെട്ടാണ് ആവിര്‍ഭവിക്കുന്നത്. അത് റിലയന്‍സ് ആണ്. ബൂര്‍ഷ്വാ രാഷ്ട്രീയ/ഭരണകൂടത്തിന്റെയും ബ്യൂറോക്രാറ്റുകളുടെയും കൂടെ റിലയന്‍സ് കൂടി ചേരുമ്പോള്‍ ശൃംഖല മൂര്‍ത്തമാവുന്നു. കോര്‍പ്പറേറ്റ് ഭീമന്റെ ലാഭം കുന്നുകൂട്ടുന്നതിന് വേണ്ടിയുള്ള സഹായമാണ് റവന്യു വകുപ്പ് സെക്രട്ടറിയായ ടി ഒ സൂരജും ബൂര്‍ഷ്വാ രാഷ്ട്രിയത്തിന്റെ/ഭരണകൂടത്തിന്റെ വക്താക്കളായ ഇബ്രാഹിംകുഞ്ഞും കുഞ്ഞാലിക്കുട്ടിയും നല്‍കുന്നത്. അത് ഈ കൂട്ടരുടെ താല്‍പ്പര്യമാണ്. ഈ അഴിമതിയിലും തെളിഞ്ഞുകാണുന്നത് ചങ്ങാത്തമുതലാളിത്തത്തിന്റെ ദൃഢതയാണ്. |
ആഗോളവത്കരണകാലത്ത് ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ കടന്നുവരുന്ന ഒരു വാക്കാണ് ക്രോണി ക്യാപ്പിറ്റലിസം. ചങ്ങാത്ത മുതലാളിത്തം എന്ന് മലയാളത്തില്‍ പറയാം. ചങ്ങാത്ത മുതലാളിത്തമെന്നത് രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രസിയും കോര്‍പറേറ്റുകളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ടാണ്. ഇതാണ് ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ തീരുമാനങ്ങളെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യയുടെ സവിശേഷത ഈ ചങ്ങാതിമാര്‍ക്കിടയില്‍ മാധ്യമങ്ങള്‍ കൂടി ഉണ്ടെന്നതാണ്. ക്ലാസിക്കല്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമമൊഴിച്ചുള്ള മറ്റു മൂന്നു പങ്കാളികളേ ഉള്ളൂ. ഇന്ത്യന്‍ സാഹചര്യത്തിലാണ് മോഡേണ്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമങ്ങള്‍ കടന്നുവരുന്നത്.
ചങ്ങാത്ത മുതലാളിത്തത്തിന്റെ ഒരു പ്രത്യേകത, ഇതിലെ പങ്കാളികള്‍ അവരുടെ സ്വന്തം റോളുകളില്‍മാത്രം നില്‍ക്കുന്നില്ല എന്നതാണ്. ഓരോരുത്തരും അവരുടെ പരിധി കടക്കുന്നു. രാഷ്ട്രീയക്കാര്‍ കോര്‍പറേറ്റാകുന്നു, മാധ്യമം നടത്തുന്നു, മാധ്യമക്കാര്‍ രാഷ്ട്രീയക്കാരാകുന്നു, കോര്‍പറേറ്റുകള്‍ രാഷ്ട്രീയക്കാരുമാകുന്നു. ബ്യൂറോക്രസിയും ഇതിലെല്ലാം കടന്നുകയറുന്നു. ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഒന്നുകില്‍ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ ബ്യൂറോക്രാറ്റുകള്‍ കടന്നുകയറുന്നു. റോളുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടേയിരിക്കുന്നു.
രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണ് ചങ്ങാത്തമുതലാളിത്തം. ടുജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരിപ്പാടം കുംഭകോണം തുടങ്ങി പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ആഗോളവത്കരണത്തിന്റെ ഭാഗമായുള്ള സ്വകാര്യവത്കരണ പ്രക്രിയകള്‍ക്ക് ചങ്ങാത്ത മുതലാളിത്തം ശക്തികൂട്ടുന്നു.
കേരളത്തില്‍ ബ്യൂറോക്രാറ്റ് അഴിമതി എന്ന മഞ്ഞുമലയുടെ ഒരംശം ടി ഒ സൂരജ് എന്ന ഉദ്യോഗസ്ഥനിലൂടെ പുറത്ത് വന്നിരിക്കയാണ്. ഈ അഴിമതി ചങ്ങാത്ത മുതലാളിത്തം വഴി ഉണ്ടായതാണ്. ബാര്‍ കോഴയും സോളാര്‍ കുംഭകോണവും പ്ലസ്ടു കുംഭകോണവും മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ നേതൃത്വത്തില്‍ നടന്ന ഭൂമിതട്ടിപ്പുമൊക്കെ കേരളത്തില്‍ ക്രോണി ക്യാപിറ്റലിസത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതിനുള്ള തെളിവാണ്.
കേരളത്തെ സംബന്ധിച്ച് കോര്‍പ്പറേറ്റുകള്‍ ഇല്ലാത്തത് കൊണ്ട് ആ സ്വഭാവമുള്ള സമ്പന്നരുടെ ലാഭം കൂട്ടുന്നതിനുള്ള താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. ബാര്‍കോഴയുടെ കാര്യത്തില്‍ കാണാന്‍ സാധിക്കുന്നത് അതാണ്. ബിജു രമേശ് എന്ന വന്‍കിട മുതലാളി, കോഴ കൊടുത്തു എന്ന് വെളിപ്പെടുത്തുന്നത് അഴിമതി പുറത്തുകൊണ്ടുവരാനോ, ഇല്ലാതാക്കാനോ അല്ല. ആ മുതലാളി മദ്യ ബിസിനസിലൂടെ കുന്നുകൂട്ടുന്ന ലാഭം കുറയാതിരിക്കാന്‍ വേണ്ടിയാണ്. ഈ വിഷയത്തില്‍ ക്രോണി ക്യാപിറ്റലിസത്തിലെ പങ്കാളികളായ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്, ബിജു രമേഷ് മൊഴി മാറ്റിപ്പറഞ്ഞു എന്നാണ്. ഇവിടെ കോഴ വിവരം വെളിപ്പെടുത്തുന്നതും മൊഴി മാറ്റി പറയുന്നതും സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. കോഴയെ പറ്റി പറയുന്നത്, മദ്യ കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്ന ബാറുകള്‍ പൂട്ടുന്ന വേളയിലാണ്. ആ ബാറുകള്‍ തുറക്കാനുള്ള തുരുപ്പ് ചീട്ടായാണ് കോഴയെ പറ്റി വെളിപ്പെടുത്തുന്നത്. ഇതിലൂടെ യു ഡി എഫിന്റെ ബൂര്‍ഷ്വാ ഭരണകൂടവുമായി, സന്ധിയിലെത്തുവാനാണ് കോര്‍പ്പറേറ്റ് ഭാവമുള്ള അതിസമ്പന്നന്‍ ശ്രമിക്കുന്നത്. ഇവിടെ ഇടനിലക്കാരായി ടി ഒ സൂരജിനെ പോലുള്ള ബ്യൂറോക്രാറ്റുകള്‍ ഉണ്ട്.
ക്രോണി ക്യാപിറ്റലിസത്തിലെ പങ്കാളികളായ കോര്‍പ്പറേറ്റ് സ്വഭാവമുള്ള മുതലാളിയുടെയും ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ട്ടി/ഭരണകൂടത്തിന്റെയും ബ്യൂറോക്രാറ്റിന്റെയും താല്‍പ്പര്യങ്ങള്‍ ആണ് ഈ വിധത്തിലുള്ള അഴിമതികളിലൂടെ സംരക്ഷിപ്പെടുന്നത്. ബൂര്‍ഷ്വാ മാധ്യമങ്ങളും ഈ പ്രക്രിയയില്‍ സംതൃപ്തരാണ്. യു ഡി എഫ് സംരക്ഷിക്കപ്പെടുക തന്നെയാണ്.
ഒരു ആരോപണത്തിലൂടെ ക്രോണിക്യാപ്പിറ്റലിസ്റ്റ് സംവിധാനത്തെ ഇല്ലാതാക്കാനല്ല, അതിലെ ഒരു വിഭാഗത്തിനുണ്ടാവുന്ന തളര്‍ച്ചയെ മറികടക്കാനാണ് ശ്രമിക്കുന്നത്. അതിനുവേണ്ടി ബൂര്‍ഷ്വാ ഭരണകൂടത്തെ നിര്‍ബന്ധിക്കുവാനാണ് ഈ ആരോപണം ഉയര്‍ത്തിയിട്ടുള്ളത്. ഇതില്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികള്‍ സംതൃപ്തരാവുന്നത് അവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാവുന്നത് കൊണ്ടാണ്. ആ സാമ്പത്തിക നേട്ടത്തെ പറ്റി യു ഡി എഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്. കോര്‍പ്പറേറ്റ് ഭാവമുള്ള ബാര്‍ ഉടമകള്‍ ഇരുപത് കോടി രൂപ പിരിച്ച്, ബൂര്‍ഷ്വാ പാര്‍ട്ടികളുടെ/ഭരണകൂടത്തിന്റെ നേതൃത്വത്തെ ഏല്‍പ്പിച്ചു എന്നാണ് പി സി ജോര്‍ജ്ജ് പറഞ്ഞത്. തീര്‍ച്ചയായും ഈ കൊടുക്കല്‍ വാങ്ങലിനിടയില്‍ ബ്യൂറോക്രാറ്റുകളും ഉണ്ടാവുമെന്നതില്‍ സംശയം വേണ്ട.
റവന്യു വകുപ്പ് സെക്രട്ടറിയായ ടി ഒ സൂരജിന്റെ, ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന അഴിമതി ഒരു കോര്‍പ്പറേറ്റ് ഭീമനുമായി ബന്ധപ്പെട്ടാണ് ആവിര്‍ഭവിക്കുന്നത്. അത് റിലയന്‍സ് ആണ്. ബൂര്‍ഷ്വാ രാഷ്ട്രീയ/ഭരണകൂടത്തിന്റെയും ബ്യൂറോക്രാറ്റുകളുടെയും കൂടെ റിലയന്‍സ് കൂടി ചേരുമ്പോള്‍ ശൃംഖല മൂര്‍ത്തമാവുന്നു. കോര്‍പ്പറേറ്റ് ഭീമന്റെ ലാഭം കുന്നുകൂട്ടുന്നതിന് വേണ്ടിയുള്ള സഹായമാണ് റവന്യു വകുപ്പ് സെക്രട്ടറിയായ ടി ഒ സൂരജും ബൂര്‍ഷ്വാ രാഷ്ട്രിയത്തിന്റെ/ഭരണകൂടത്തിന്റെ വക്താക്കളായ ഇബ്രാഹിംകുഞ്ഞും കുഞ്ഞാലിക്കുട്ടിയും നല്‍കുന്നത്. അത് ഈ കൂട്ടരുടെ താല്‍പ്പര്യമാണ്. ഈ അഴിമതിയിലും തെളിഞ്ഞുകാണുന്നത് ചങ്ങാത്തമുതലാളിത്തത്തിന്റെ ദൃഢതയാണ്.
ഒരു വര്‍ഗീയപാര്‍ട്ടി എന്നത് പോലെ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് ബി ജെ പി. നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്ന ബ്യൂറോക്രാറ്റുകളും കോര്‍പ്പറേറ്റ് ഭീമനായ അദാനിയും നടത്തുന്ന കൊള്ളയടി ക്രോണി ക്യാപിറ്റലിസത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസും മറ്റ് പ്രാദേശിക ബൂര്‍ഷ്വാപാര്‍ട്ടികളും ക്രോണി ക്യാപിറ്റലിസത്തിന്റെ ചിറകിനടിയില്‍ തന്നെയാണുള്ളത്.
കേരളത്തില്‍ ഈ കൊള്ളയടി, നിര്‍ബാധം തുടരുമെന്നാണ് യു ഡി എഫ് പ്രഖ്യാപിച്ചത്. കെ എം മാണിക്ക് നല്‍കിയ പിന്തുണ അതിന്റെ ഭാഗമായുള്ളതാണ്. കൊള്ളയടിക്കുള്ള പിന്തുണയാണ് അത്. കോര്‍പ്പറേറ്റ് ഭാവമുള്ള അതി സമ്പന്നരെ സംരക്ഷിക്കുന്നതും അവര്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള അന്തരീക്ഷം ഒരുക്കി കൊടുക്കുന്നതുമാണത്. ബ്യൂറോക്രാറ്റുകള്‍ക്ക് നിര്‍ബാധം അഴിമതി നടത്താനുള്ള വേദികള്‍ ഇതുവഴി ഉണ്ടാവുന്നുമുണ്ട്. ബൂര്‍ഷ്വാ മാധ്യമങ്ങളുടെ താല്‍പ്പര്യവും ഇതിലൂടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ചങ്ങാത്തമുതലാളിത്തത്തെ തിരിച്ചറിയാനും പ്രതിരോധിക്കുവാനും കേരളം തയ്യാറാവേണ്ടിയിരിക്കുന്നു.
24-Nov-2014
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്