മനോരമയുടെ ഫോര്‍ത്ത് എസ്റ്റേറ്റ് കിനാശേരി

മലയാള മനോരമയും വലതുപക്ഷവും തമ്മിലുള്ള ബന്ധം ഈച്ചയും വിസര്‍ജ്യവും തമ്മിലുള്ള ബന്ധം പോലെയാണ്. ഇവരെ തമ്മില്‍ ഒരിക്കലും അകറ്റുവാന്‍ സാധിക്കില്ല. കേരളത്തില്‍ വലതുപക്ഷത്തെ വളര്‍ത്തുന്നതിലും അവരുടെ നയങ്ങള്‍ തീരുമാനിക്കുന്നതിലും അവരെ സംരക്ഷിക്കുന്നതിലും മലയാള മനോരമയ്ക്ക് വലിയ പങ്കുണ്ട്. വലതുപക്ഷമാവട്ടെ, മലയാള മനോരമയെ എന്നും തങ്ങളുടെ സ്വന്തം പത്രമായാണ് കണ്ടത്. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എന്നും അവര്‍ നല്‍കിയിട്ടുണ്ട്. ദേശീയ പാരമ്പര്യമുള്ള പത്രമായ മാതൃഭൂമി, മനോരമയേക്കാള്‍ വലിയ വലതുപക്ഷ ഭക്തി പ്രകാശിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നെങ്കിലും മനോരമയെ വെല്ലാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. മനോരമയുടെയും മാതൃഭൂമിയുടെയും വലതുപക്ഷ ഭക്തി, സേവ, തടവല്‍ ഇതൊക്കെ വലതുപക്ഷം വരവ് വെക്കുന്നുണ്ട്. അതിനുള്ള പ്രതിഫലമാണ് ഭരണത്തിലിരിക്കുന്ന വലതുപക്ഷം അവര്‍ക്ക് പല രീതിയിലും ചെയ്ത് കൊടുക്കുന്നത്.

യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ മുഖത്തെ വായനക്കാരില്‍ നിന്ന് ഒളിച്ചുവെക്കുന്നതിനും പകരം സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍ ആഘോഷിക്കുന്നതിനുമുള്ള പ്രതിഫലമായിരുന്നു 2014 അവസാനം യു ഡി എഫ് സര്‍ക്കാര്‍ മലയാള മനോരമ, മാതൃഭൂമി പത്രങ്ങള്‍ക്ക് നല്‍കിയത്. മനോരമയുടെ മാനേജ്‌മെന്റും, മാതൃഭൂമി മുതലാളി

വീരേന്ദ്രകുമാറും യു ഡി എഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ സി ജോസഫും കൂടിയിരുന്ന് നടത്തിയ ആലോചനയുടെ പരിണിതഫലമായി മലയാളമനോരമയ്ക്കും മാതൃഭൂമിക്കും പബ്ലിക്ക് റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റ് പരസ്യതുക കൂട്ടി നല്‍കി.

ലോകത്തില്‍ ഒരു പത്രത്തിനും ഒരു സര്‍ക്കാരും ഇതുപോലുള്ള ഒരു സഹായം ചെയ്തുകൊടുത്തിട്ടില്ല. അമേരിക്കന്‍ സര്‍ക്കാര്‍ പോലും തങ്ങള്‍ക്ക് സേവ ചെയ്യുന്ന കുത്തക മാധ്യമങ്ങളുടെ നേരെ ഇത്തരത്തില്‍ സഹായ ഹസ്തം നീട്ടിയിട്ടില്ല. പി ആര്‍ ഡി അഡ്വര്‍ടൈസ്‌മെന്റ് താരിഫില്‍ 300 ശതമാനം വര്‍ധനവ്. മലയാളത്തിലെ രണ്ട് പത്രങ്ങള്‍ക്ക് മാത്രം. 10/9/2014ന് പുറത്തിറക്കിയ G.O.(Rt) No.288/14/I&PRD ഉത്തരവ് പ്രകാരം മലയാളത്തിലെ വലതുപക്ഷ കുത്തകപത്രങ്ങളായ മലയാള മനോരമയ്ക്കും മാതൃഭൂമിക്കും മാത്രം വലതുപക്ഷ സേവയ്ക്ക് പ്രത്യുപകാരം നല്‍കി. യു ഡി എഫിനെ സേവിച്ച ഹിന്ദു പത്രവും കേരള കൗമുദിയും മാധ്യമവും മംഗളവും ഭയഭക്തിയോടെ നോക്കി നില്‍ക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിക്കൊണ്ട്, യു ഡി എഫ് സര്‍ക്കാരിന്റെ കൂടെ ഈ മാധ്യമങ്ങള്‍ മാത്രം മതി എന്ന് കേരളത്തിലെ വലതുപക്ഷം ഉറക്കെ പ്രഖ്യാപിച്ചു.

യു ഡി എഫ് സര്‍ക്കാരിന്റെ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത് വരെ ക്വാര്‍ട്ടര്‍പേജ് ബ്ലാക്ക് ആന്റ് വൈറ്റ് പരസ്യം പ്രസിദ്ധീകരിക്കുന്നതിന് മലയാളമനോരമയില്‍ 138000 രൂപയും മാതൃഭൂമിയില്‍ 94500 രൂപയും ആയിരുന്നു സര്‍ക്കാര്‍ ചെലവ്. ഇപ്പോള്‍ ഇതേ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്നത്, മലയാള മനോരമക്ക് 430000 രൂപയും മാതൃഭൂമിക്ക് 290000 രൂപയുമാണ്. ഈ പത്രങ്ങളെ പുതിയൊരു കാറ്റഗറി സൃഷ്ടിച്ച് പ്രതിഷ്ടിച്ചിരിക്കയാണ്. 'ഇ' കാറ്റഗറി. പത്ത് ലക്ഷം കോപ്പിക്ക് മുകളില്‍ സര്‍ക്കുലേഷന്‍ ഉള്ള പത്രങ്ങള്‍ ആയി ഇവയെ സര്‍ക്കാര്‍ അംഗീകരിക്കുന്നു! മനോരമയും മാതൃഭൂമിയും സര്‍ക്കുലേഷന്‍ കണക്ക്‌ ഉണ്ടാക്കാന്‍ അവലംബിക്കുന്ന കള്ളക്കളികള്‍ നാട്ടിലെല്ലാവര്‍ക്കും അറിയാം. 

മലയാള മനോരമയുടെ സര്‍ക്കുലേഷന്‍ നോക്കുന്ന സര്‍ക്കാര്‍, മലയാള മനോരമയുടെ ഉള്ളടക്കം നോക്കുന്നില്ല. ആ പത്രത്തില്‍ അച്ചടിക്കുന്നതില്‍ എഴുപത് ശതമാനത്തിലേറെയും പരസ്യമാണ്. മുപ്പത്‌ ശതമാനത്തില്‍ താഴെ മാത്രമേ വാര്‍ത്തകള്‍ ഉള്ളൂ. പരസ്യനോട്ടീസ്‌ പോലെ പുറത്തിറങ്ങുന്ന പത്രത്തിന്‍റെ നിലവാരമാനിക എന്താണ്? എല്ലാ കാര്യങ്ങളിലും കള്ളവും കന്നന്തിരിവും കാണിക്കുന്ന പത്ര മാധ്യമങ്ങള്‍ക്ക്, വലതുപക്ഷ സര്‍ക്കാര്‍ അംഗീകാരം നല്‍കുമ്പോള്‍ അത് മനോരമയുടെ പാത പിന്തുടരാന്‍ മറ്റ് പത്ര മാധ്യമങ്ങള്‍ക്കുള്ള ആഹ്വാനം കൂടിയാണ്.

മലയാളത്തിലെ എല്ലാ പത്ര മാധ്യമങ്ങള്‍ക്കും കോളം സെന്റിമീറ്റര്‍ അളവിലാണ് പി ആര്‍ ഡി വഴി സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മലയാള മനോരമയ്ക്കും മാതൃഭൂമിക്കും സ്‌ക്വയര്‍ സെന്റിമീറ്റര്‍ നിരക്കില്‍ പരസ്യം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെയും സംഘത്തെയും സംരക്ഷിച്ച് നിര്‍ത്തുന്നതിനുള്ള സമ്മാനമാണിത്.

ദേശീയ ഗെയിംസില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വലിയ അഴിമതി നടത്താനാണ് ലക്ഷ്യമിടുന്നത്. അഴിമതി മൂടിവെക്കാനും തിരുവഞ്ചൂരിന് വാഴ്ത്തുപാട്ട് പാടാനും മലയാളമനോരമ കൂടെയുണ്ടാവണം. അതുകൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മലയാള മനോരമയ്ക്ക് ദേശീയ ഗെയിംസില്‍ നിന്ന് 10.61 കോടി രൂപ നല്‍കുന്നത്. ദേശീയ ഗെയിംസിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിക്കുന്നതിനാണ് ഈ തുക. ഒരു കോടി ആള്‍ക്കാരെ മലയാള മനോരമ പങ്കെടുപ്പിക്കുമെന്നാണ് സര്‍ക്കാരും മനോരമയും തമ്മില്‍ ഏര്‍പ്പെട്ട കരാറില്‍ പറയുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ നിരത്തിലിറക്കിയാണ് മനോരമയുടെ കൂട്ടയോട്ടം സംഘടിപ്പിക്കുക. കുട്ടികള്‍ ഓടുന്നു, പണം മനോരമയ്ക്ക് നല്‍കുന്നു.

ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി നടത്തുന്ന 'റണ്‍ കേരള റണ്‍' കൂട്ടയോട്ടത്തിന്റെപേരില്‍ 'മലയാള മനോരമ'യ്ക്ക് 10.61 കോടി രൂപയുടെ കരാര്‍ നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. യു ഡി എഫിന് വേണ്ടി കള്ളകഥകള്‍ രചിച്ച മാധ്യമങ്ങള്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ച വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാവിഷന്‍, മാതൃഭൂമി ന്യൂസ് തുടങ്ങിയ ദൃശ്യമാധ്യമങ്ങളും കൗമുദി, മാധ്യമം, മാതൃഭൂമി, ദീപിക തുടങ്ങിയ പത്രങ്ങളും വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു. ഉമ്മന്‍ചാണ്ടിയെയും യു ഡി എഫിനെയും സംരക്ഷിക്കാന്‍ തങ്ങള്‍ അഹോരാത്രം പണിപ്പെട്ടിട്ടും മലയാള മനോരമയ്ക്ക് മാത്രം കോടികള്‍ ചൊരിയുന്നത് ഈ മാധ്യമങ്ങളെ തെല്ലൊന്നുമല്ല ശുണ്ഠിപിടിപ്പിച്ചിട്ടുള്ളത്.

ഒരുകോടി പേരെ പങ്കെടുപ്പിച്ച് സംസ്ഥാനത്തെ 7000 കേന്ദ്രങ്ങളില്‍ കൂട്ടയോട്ടം സംഘടിപ്പിക്കാനാണ് മനോരമയ്ക്ക് കരാര്‍ നല്‍കിയത്. വാര്‍ത്തയും പരസ്യവും നല്‍കി പരിപാടി വിജയമാക്കാനെന്നപേരിലാണ് കോടികള്‍ നല്‍കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജനകീയപിന്തുണയോടെ സംഘടിപ്പിക്കാവുന്ന കൂട്ടയോട്ടത്തിന്റെ സംഘാടനത്തിനായി കോടികള്‍ ചെലവഴിക്കുന്നതില്‍ ദുരൂഹതയുണ്ട്. കൂട്ടയോട്ടത്തിന് പശ്ചാത്തലമൊരുക്കാന്‍ 4.49 കോടിരൂപയും പ്രചാരണത്തിന് 6.12 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്. മറ്റ് മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാനുള്ള തുകയും ഇതില്‍പ്പെടുമെങ്കിലും മനോരമയുടെയും മാതൃഭൂമിയുടെയും പി ആര്‍ ഡി പരസ്യതുക ഉയര്‍ത്തിയതോടെ പരസ്യമിനത്തില്‍ ഉയര്‍ന്നവിഹിതം ലഭിക്കുന്നതും മനോരമയ്ക്കാവും.

ദേശീയ ഗെയിംസിന്റെ ഭാഗമായി മനോരമ സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തില്‍ ഒരു കോടി ആള്‍ക്കാര്‍ പങ്കെടുക്കുമെന്ന് മലയാള മനോരമയ്ക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉറപ്പാണോ? ഒരു കോടി ആളുകള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തില്ല എങ്കില്‍ മലയാള മനോരമ പത്ത് കോടി ആറ് ലക്ഷം രൂപ ഉപേക്ഷിക്കുമോ?

മലയാളമനോരമയ്ക്ക് അഴിമതിയെ കുറിച്ചും കുംഭകോണത്തെ കുറിച്ചുമൊക്കെ എഴുതാന്‍ ഇനി എന്താണ് അവകാശം? കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരായി മാറിയിരിക്കുകയാണ് മലയാള മനോരമ. ആര്‍ക്കുവേണേലും കള്ളം ചെയ്യാം അഴിമതി നടത്താം പക്ഷെ, വിഹിതം മനോരമ മാനേജ്‌മെന്റിന് ലഭിക്കണം എന്നുള്ള നിലയിലാണ് ഇപ്പോള്‍ മനോരമയുടെ നിലപാട്. ഇതായിരിക്കും മനോരമ സ്വപ്നം കാണുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് കിനാശേരി.

 

31-Dec-2014